മുദീറൊഴിച്ച് മറ്റ് ആരും എഴുന്നേറ്റിട്ടില്ല. ഇന്നലെ 4 1/2 മണിക്കാ കിടന്നത്. രാജീവണ്ണനും ശശിയണ്ണനും ഗോപുവണ്ണനും ഇന്നലെ ന്യൂഇയർ തകർത്തതിന്റെ ക്ഷീണത്തിൽ കൂർക്കംവലിയുടെ സംസ്ഥാനതല മത്സരമാണ് നടക്കുന്നതെന്ന് തോന്നിക്കുന്ന രീതിയിൽ കൂർക്കം വലിച്ചുറങ്ങുകയാണ്. ഞാൻ ഉറക്കമുണർന്നുവെങ്കിലും പുതപ്പിനുള്ളിൽ മൂടിപുതച്ച് കിടക്കുകയാണ്. ഇന്നലെ രാത്രി കതക് അടയ്ക്കാൻ മറന്നുപോയി – കതകടയ്ക്കാൻ ആർക്കേലും തോന്നണ്ടേ? ബെഡ്ഷീറ്റ് പുതച്ചിട്ടും രക്ഷയൊന്നുമില്ല – അതുപോലത്തെ തണുപ്പ്.
മുദീർ രാവിലെ ദുബൈയിൽ പോകാനുള്ള തയാറെടുപ്പിലാണ്. ബ്ലാക്ക് ലേബലിന്റെ 4 1/2 ലിറ്ററിന്റെ “ഊഞ്ഞാൽ“ എന്നുവിളിക്കുന്ന കുപ്പി പകുതിയായി.
“നല്ലോരു ന്യൂ ഇയറായിട്ട് ഇന്നെങ്ങും പോകണ്ടണ്ണാ… ആ ബ്ലാക്ക് ലേബൽ തീർക്കണ്ടേ, ഇന്നലെ ലുലൂന്ന് മേടിച്ച ആ നെയ്‌മീൻ “ഷാപ്പ്” സ്റ്റൈലിൽ ഒന്ന് കറി വയ്ക്കാമെന്നൊക്കെ ഇന്നലെ പറഞ്ഞത് മറന്നോ? അത് കഴിക്കാൻ ജോസച്ചായനേയും അനുവിനെയുമൊക്കെ വിളിച്ചത് മറന്നോ? നമ്മുക്ക് ഇന്ന് ഇവിടെ പൊളിക്കാം അണ്ണാ…” ഞാൻ ഉറക്കച്ചവടിൽ മുദീറിനോട് പറഞ്ഞു.
“എടാ ഉത്തരവാദിത്വമില്ലാത്ത കഴുതേ, നിനക്ക് വല്ലോം അറിയണോ? നീ ജോയിന്റ് സെക്രട്ടറിയാണെന്നു പറഞ്ഞിട്ട് എന്താടാ കാര്യം? അന്നേ നീ ഒഴിഞ്ഞവനല്ലേ?പോത്ത് പോലെ കിടന്നുറങ്ങ്. നിനക്കും കൂടെ വന്ന് അടിച്ചുപൊളിക്കാനുള്ള സ്ഥലം കൊള്ളാമോന്ന് നോക്കാനാടാ ഞാൻ രാവിലെ പോകുന്നത്.” മുദീർ പറഞ്ഞു.
മുദീർ ജനറൽ സെക്രട്ടറിയായിരിക്കുന്ന സംഘടനയുടെ ഫാമിലി പിക്ക്നിക്കിന് എങ്ങോട്ട് പോകണമെന്ന കാര്യത്തിൽ നടന്ന ചർച്ചയിൽ, ദുബൈയിൽ സബീലിൽ ട്രെയ്ഡ് സെന്ററിന്റെയടുത്തായി ഈ അടുത്ത് തുറന്ന പുതിയ പാർക്കിൽ പോകാമെന്ന് ഒരഭിപ്രായം വന്നു. ആ പാർക്കിൽ മുദീറും, പ്രസിഡന്റും , ട്രഷററും, ജോയിന്റ് ട്രഷററും കൂടെ ഇന്ന് രാവിലെ (അതായത് ജനുവരി ഒന്നാം തീയതി) പോയി കണ്ട് അവിടെ ഫാമിലികൾക്ക് പോയിരിക്കാനും മറ്റുമൊക്കെയുള്ള സൌകര്യങ്ങൾ ഉണ്ടോന്ന് വിലയിരുത്തിയിട്ട് അതെ കുറിച്ച് തീരുമാനിക്കാമെന്ന് നേരത്തെ തീരുമാനിച്ചതാ. അതിനു വേണ്ടിയാണ് ന്യൂഇയറായിട്ടും പാവം മുദീർ രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായത്.
“അണ്ണാ, നമ്മുക്ക് നാളെ പോകാമണ്ണാ, അല്ലേൽ ഇന്ന് വൈകിട്ടെങ്ങാനും പോകാമണ്ണാ… ആ പാർക്ക് ആരും കട്ടോണ്ടൊന്നും പോകത്തില്ലല്ലോ.. അതവിടെ തന്നെ കാണില്ലേ… ഇന്ന് രാവിലെ തന്നെ അണ്ണനു പോകണോ?” ഞാൻ ചോദിച്ചു.
“നിനക്കറിയാമോ, ഞാൻ 5 സംഘടനകളിൽ പ്രവർത്തിക്കുന്നവനാണ്. ഒരു കാര്യം ഏറ്റാൽ അത് ഉത്തരവാദിത്വത്തോടെ നടത്തണം” എന്നായി മുദീർ.മുദീർ 5 സംഘടനകളുടെ തലപ്പത്തിരിക്കുന്ന ആളാണ്. ഒന്നിന്റെ ജനറൽ സെക്രട്ടറി, ഒന്നിന്റെ നോർത്തേൺ എമിരേറ്റ് കോർഡിനേറ്റർ, ഒന്നിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ഒന്നിന്റെ സ്ഥാപക-മുഖ്യ ഗുണാണ്ടർ, ഒന്നിന്റെ മാനേജിംഗ് കമ്മിറ്റി അംഗം.
ഏതേലും സംഘടനയുടെ എന്തേലും മീറ്റിംഗ് കാണും മിക്ക വ്യാഴാഴ്ച്ചകളിലും ള്ളിയാഴ്ച്ചകളിലും. ഒന്നടിച്ചുപൊളിക്കാൻ വേണ്ടി മുദീറിന്റെ “മട“യിൽ വ്യാഴാഴ്ച്ചകളിൽ വരുന്ന ഞങ്ങൾക്ക് നിരാശയായിരിക്കും ഫലം. കാരണം പുള്ളിക്കാരൻ മീറ്റിംഗിന് പോകും.
“പ്രസിഡന്റും ട്രഷററും ഇന്നലെ വൈകിട്ട് ഒരു ഊഞ്ഞാൽ റെഡ് ലേബലും ഒരു ആടിനെയും മേടിച്ചത് മറന്നോ? അവരുടെ തല പൊങ്ങിയിട്ടുവേണ്ടേ ഇന്ന് പോകാൻ? അണ്ണന്റെ ഇഷ്ടം പോലെ ചെയ്യ്. ഇനി മേലാൽ ഞാനിവിടെ വരില്ല. നല്ലൊരു ന്യൂഇയറുമായിട്ട് രാവിലെ തന്നെ നാടു തെണ്ടൽ തുടങ്ങ്…” എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞുകിടന്നു.
മുദീർ ഡ്രസ്സൊക്കെ ചെയ്ത് പ്രസിഡന്റിനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. ട്രഷററിനെ വിളിച്ചു. പുള്ളിയുടെ മൊബൈൽ സ്വിച്ച്ഡ് ഓഫ്.
ജോയിന്റ് ട്രഷററെ വിളിച്ചു. പുള്ളിക്കാരൻ ഉറക്കച്ചുവടോടെ ഫോൺ എടുത്തു.
“ഹലോ ബാബൂ, ഹാപ്പി ന്യൂ ഇയർ!“
“ഹാപ്പീ ന്യൂ ഇയർ മുദീറേ. നിങ്ങൾ ഇത്ര നേരത്തെ എഴുന്നേറ്റോ?” (ഞാൻ വിളിക്കുന്നത് കേട്ട് നാട്ടുകാരെല്ലാം അണ്ണനെ മുദീർ എന്നാ വിളിക്കുന്നത്)
“ബാബൂ ദുബൈയിൽ പോകണ്ടേ? നീ റെഡിയായില്ലേ?”
“ദുബൈയിലോ, എന്താ നാട്ടീന്ന് ആരേലും വരുന്നോ?”
“രാവിലെ നിനക്ക് ബോധമില്ലേടേ? ദുബൈയിൽ പോയി പാർക്ക് നോക്കാമെന്ന് പറഞ്ഞത് മറന്നോ?“
“അത് അന്ന് അടിച്ച് പെരുത്തിരുന്നപ്പം പറഞ്ഞതല്ലേയണ്ണാ, നമ്മുക്ക് നാളെ പോയാലോ?“
“എന്താടാ മനുഷ്യനെ കളിയാക്കുന്നോ? **@#@&^%*&()()!@#@#+|@!#$“
മുദീർ ഫോൺ കട്ട് ചെയ്തു.
മുദീർ ചീത്ത വിളിക്കുന്നത് കേട്ട് ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്റെ ചിരി കേട്ട് അടുത്ത് കിടന്ന ഗോപുവണ്ണൻ ഉണർന്നു. “എന്താടാ രാവിലെ ചിരിക്കുന്നത്? നിനക്ക് കുറവില്ലേടാ? അല്ല അണ്ണൻ രാവിലെ എങ്ങോട്ടാ?“ഗോപുവണ്ണൻ ചോദിച്ചു.
“ഉത്തരവാദിത്വമില്ലാത്ത കഴുതകൾ! #$!@#$#@*$&#&@“ മുദീർ ചൂടായി.
ഗോപുവണ്ണൻ മുദീറിന്റെ ചീത്തപറച്ചിൽ കേട്ട് അന്തംവിട്ടിരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു, “അണ്ണാ, ദുബൈയിലെ ആ പുതിയ പാർക്ക് ഇന്നലെ ആരോ അടിച്ചോണ്ട് പോയി, അതുകൊണ്ട് മുദീറിന്റെ പദ്ധതികളെല്ലാം രാവിലെ ചീറ്റി, അതിന്റെ ദേഷ്യത്തിലാ“.
____________________________________________________________________________________
എല്ലാ ബൂലോഗർക്കും എന്റെയും മുദീറിന്റെയും ഗ്യാംഗിന്റെയും ഹൃദയംഗമമായ പുതുവത്സരാശംസകൾ!
എനിക്ക് ഓഫീസിൽ നല്ല തിരക്കാണ്. അതുകൊണ്ട് ഒന്ന് മര്യാദയ്ക്ക് കമന്റെഴുതാൻ പോലും സമയം കിട്ടുന്നില്ല. എല്ലാവർക്കും സുഖമാണെന്നു കരുതുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
പുതിയ അഭിപ്രായങ്ങള്