ഈ കഴിഞ്ഞ ഫെബ്രുവരി 21ന്‍ ഞാനവിടെ പോയിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര! അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന, ഭാരതത്തിന്റെ തെക്കേ അറ്റത്തെ മുനമ്പ്. അവിടെയുള്ള കുമരി ദേവിയുടെ ക്ഷേത്രം, ശിവക്ഷേത്രം, ശങ്കര സ്മാരകം, ഗാന്ധിസ്മാരകം, വിവേകാനന്ദപാറയും സ്മാരകവും, വല്യൊരു കൃസ്തീയദേവാലയവും, പിന്നെ തിരുവള്ളുവര്‍ പ്രതിമയും – ഒക്കെ കാണേണ്ട കാഴ്ച്ചകള്‍ തന്നെ. അവിടുത്തെ സുനാമി സ്മാരകം ആരുടെയുള്ളിലും ഒരു നൊമ്പരമുണര്‍ത്തും.
നാഗര്‍കോവിലില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് കന്യാകുമാരിക്ക്. പരശുരാമന്‍ പ്രതിഷ്ഠിച്ച ശക്തിദേവതാ ക്ഷേത്രമാണ് കന്യാകുമാരി ദേവീക്ഷേത്രം. ശുചീന്ദ്രത്തെ പരമശിവനെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന നിത്യകന്യകയായി തപസ്സനുഷ്ഠിക്കുന്ന ദേവിയെ ആണ് കന്യാകുമാരി ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.
വിവേകാനന്ദകേന്ദ്രത്തിലെ ധ്യാനമണ്ഠപം നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. മുന്‍പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, ഭാഷാ അടിസ്ഥാനത്തില്‍ സ്ഥലങ്ങള്‍ വിഭജനം ചെയ്യപ്പെട്ടപ്പോള്‍ തമിഴ്നാട്ടിലായി.
കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമനവും മനസ്സില്‍ നിന്നൊരിക്കലും മായില്ല.
പുതിയ അഭിപ്രായങ്ങള്‍