വിപിന്റെ കൺഫ്യൂഷൻ

21 02 2006

കൊച്ചു വിപിന് ആകെപ്പാടെ കൺഫ്യൂഷനായി!

പത്താംക്ലാസ്സിൽ പഠിക്കുന്ന അയലത്തെ മണികണ്ഠൻ ചേട്ടൻ “ചേച്ചിക്ക് കൊടുക്ക്” എന്നും പറഞ്ഞ് തന്ന എഴുത്ത് ആർക്കാ കൊടുക്കുക? അമ്മച്ചിയെ കമല ചേച്ചീ എന്നല്ലേ മണികണ്ഠൻ ചേട്ടൻ വിളിക്കുന്നത്? ചിലപ്പം അമ്മച്ചിക്കായിരിക്കും. അതോ ഇനി എന്റെ പെങ്ങൾ വിസ്‌മയ ചേച്ചിക്കാണോ? ആയിരിക്കില്ല. അങ്ങനെയെങ്കിൽ വിസ്‌മയയ്ക്ക് കൊട് എന്നല്ലേ മണികണ്ഠൻ ചേട്ടൻ പറയൂ? കൂലിയായി കാഡ്‌ബറീസ് ചോക്കളേറ്റാ മണികണ്ഠൻ ചേട്ടൻ തന്നത്. എഴുത്ത് കൊടുത്തില്ലേൽ മോശമാ. എന്തായാലും എഴുത്ത് അമ്മച്ചിക്ക് തന്നെ കൊടുത്തേക്കാം!

അങ്ങനെ വിസ്‌മയയ്ക്ക് വേണ്ടി മണികണ്ഠൻ എഴുതിയ, “എന്റെ കരളേ” എന്നു തുടങ്ങുന്ന ആദ്യ പ്രേമ ലേഖനം സാങ്കേതിക തകരാറുമൂലം വിലാസം തെറ്റി ആളുമാറി വിസ്‌മയയുടെ അമ്മയുടെ കൈകളിലെത്തി.

പിന്നെയുണ്ടായ പുകില് പറയണോ ? എന്തിനേറെ പറയുന്നു ! വെറുമൊരു നിസ്സാര പ്രേമ ലേഖനത്തിന്റെ ശക്തി മണികണ്ഠനെ ബോംബെ വരെ എത്തിച്ചു!

(ഈ പോസ്റ്റ് സമർപ്പിക്കുന്നത് ഇതെന്നെ എഴുതാൻ പ്രേരിപ്പിച്ച ദുബൈയിലുള്ള എന്റെ പ്രിയപ്പെട്ട ശാന്തി ചേച്ചിക്ക്)


Actions

വിവരങ്ങള്‍

30 പ്രതികരണങ്ങള്‍

21 02 2006
rocksea

യ്യോ! ഇതില്‍ വിപിന്‍ ആണോ മണികണ്ഠന്‍ ആണോ കലേഷ്??

പേരുമാറ്റി എഴുതിയാല്‍ അറിയില്ലെന്ന് കരുതിയോ, കൊച്ചുകള്ളന്‍!! :D

21 02 2006
[കലേഷ്‌][kalesh]

പ്രിയ റോക്സീ, കഥയിൽ ചോദ്യമില്ല! :)

21 02 2006
ചില നേരത്ത്..

ശാന്തചേച്ചിയെ വിട്ട് പിടി..വിസ്മയക്ക് സമര്‍പ്പിക്കാമായിരുന്നു. അവള്‍ക്കല്ലെ കിട്ടേണ്ടത് കിട്ടാതെ പോയത്..:)

21 02 2006
സാക്ഷി

സംഭവം കഴിഞ്ഞപ്പോള്‍ വിപിന് മണികണ്ഠന്‍റെ കയ്യില്‍ നിന്നും എത്ര കാഡ്ബറീസ് കിട്ടി

21 02 2006
[കലേഷ്‌][kalesh]

പ്രിയ ഇബാൻ, :)
അയ്യോ‍…ശാന്ത ചേച്ചിക്കല്ല “ശാന്തി“ ചേച്ചിക്കാ സമർപ്പണം!
പ്രിയ സാക്ഷീ, പാവം മണികണ്ഠൻ ആ ഒരൊറ്റ എഴുത്തിന്റെ പവ്വറിൽ ബോംബേയിലെത്തിയില്ലേ!

21 02 2006
അതുല്യ :: atulya

റീമാ നീ അറിയുന്നുവോ….

ഈ കഥയെങ്ങാനും ആദ്യ രാത്രീലു പറഞേക്കല്ലേ…. ശ്രീനിവാസൻ സ്റ്റൈലിലു ഞാൻ ഒരു തമാശ പറയാംന്ന് പറഞ്ഞ്…

കലേഷിനേ കാത്തോളണേ…

21 02 2006
കലേഷ്‌ | kalesh

അതുല്യേച്ചീ , അതെനിക്കിഷ്ടപ്പെട്ടു! :) )
അപ്പോൾ തമാശകൾ കേട്ട് കേട്ട് തഴമ്പിച്ച കാതുകളുമായി ജീവിക്കുന്ന, ചേച്ചി വാ തുറന്ന് എന്തേലും പറയാൻ തുടങ്ങും മുൻപ് തന്നെ അത് തമാശയായിരിക്കുമെന്ന് കരുതി പൊട്ടി ചിരിക്കാൻ തുടങ്ങുന്ന പാവം ശർമ്മാജിയുടെ കാര്യമോ?
പാവം ശർമ്മാജിയെ കാത്തോണേ ഈശ്വരന്മാരേ…

21 02 2006
ഡ്രിസില്‍

മണികണ്‍ഠന്‍ ബൊംബെയിലെത്തിയിട്ടും ഒരു പ്രേമലേഖനം കൊടുത്തുവത്രെ. ആ പ്രേമലേഖനത്തിന്റെ ശക്തിയില്‍ മണികണ്‍ഠന്‍ ഇപ്പോള്‍ ഉമ്മുല്‍ ഖുവൈനിലെത്തി. ഇനി അവിടെ നിന്ന് എങ്ങടാണാവോ എത്തിപ്പെടുക..

21 02 2006
Thulasi

എന്നിട്ട്‌ ആ മണികണ്ഠന്‍ പാവപെട്ട ഒരു പണക്കാരനായി തിരിച്ചു വന്നു.കൊട്ടാരം പോലുള ഒരു വീടു കെട്ടി ചുവന്ന പെയിന്റടിപ്പിച്ചു.കാണാന്‍ വരുന്നവര്‍ക്കെല്ലാം നൂറു രൂപ വെച്ചു കൊടുത്തു. കരയോഗത്തിന്റെ വക സ്വീകരണം സ്വന്തം ചിലവില്‍ നടത്തിപ്പിച്ചു. “എന്റെ കരളേ….” എന്ന കത്ത്‌ വീണ്ടുമെഴുതുമ്പോള്‍ മണികണ്ഠന്‍ ഒന്നു തീരുമാനിച്ചുറച്ചിരുന്നു, ഈ കത്ത്‌ താന്‍ തന്നെ വിസ്മയയുടെ കയ്യില്‍ കൊടുക്കും എന്ന കാര്യം. അങ്ങനെ ഒരു ദിവസം രാവിലെ കത്തുമെടുത്ത്‌ കരളിനെ തേടി പോയ മണികണ്ഠനെ കാത്തിരുന്നത്‌ വിസ്മയയിപ്പോള്‍ ദുബായില്‍ ആര്‍ക്കോ വേണ്ടിപുട്ടും കടലയും ഉണ്ടാക്കുകയാണെന്ന വാര്‍ത്തയായിരുന്നു. അതുകേട്ട്‌ ഒരു സ്‌ക്രൂ ഇളകിയ മണികണ്ഠന്‍ ഇപ്പോ രാവും പകലും പുന്നമടക്കായയില്‍ വെണ്ണിലാകിണ്ണം കയ്യോണ്ടു കോരിയ്യെടുക്കാന്‍ ശ്രമിച്ചു സമയം കളയുന്നു.

കലേഷ്‌, ശാന്തി ചേച്ചി പകുതിയേ പറഞ്ഞു തന്നുള്ളു ,ല്ലേ?

21 02 2006
വിശാല മനസ്കൻ

പാവം മണികണ്ഠൻ. നല്ല പോസ്റ്റ്‌.

രണ്ടുദിവസായിട്ട്‌ ഒരു രക്ഷയുമില്ലാത്ത ജോലിത്തിരക്കാണ്‌. വായിക്കാൻ ഒരുപാട്‌ ബാക്കിയുണ്ട്‌…!

21 02 2006
സു | Su

:)

21 02 2006
കലേഷ്‌ | kalesh

പ്രിയ ഡ്രിസിൽ, പ്രിയ തുളസീ – പാവം എന്റെ കുഞ്ഞു കഥയെ നിങ്ങൾ രണ്ടുപേരും കൂടെ എവിടെ വരെ എത്തിച്ചു???

പ്രിയ ചരിത്രകാരാ, നന്ദി!
പ്രിയ സൂ, നന്ദി!

23 02 2006
യാത്രാമൊഴി

ഈ വിപിന്റെ, അതോ മണികണ്ഠന്റെയോ? കണ്‍ഫ്യൂഷനൊക്കെ ഉടനെ തീരില്ലെ….
ആള്‍ ദി ബെസ്റ്റ് കേട്ടാ..

23 02 2006
സന്തോഷ്

ഇപ്പോ ആരില്‍നിന്ന് രക്ഷപ്പെടാനാ ഈ പടം മാറ്റം? ബള്‍ബിന്‍റെ പടം വച്ചാല്‍ ആരും തിരിച്ചറിയില്ലന്നു കരുതിയോ!

സസ്നേഹം,
സന്തോഷ്

23 02 2006
Navaneeth

കല്യാണം കഴിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതിനു ശേഷം കലേഷിനു ബോധോദയം ഉണ്ടായി എന്നു കാണിക്കാനാണൊ ആ ബള്‍ബ്‌?

23 02 2006
കലേഷ്‌ | kalesh

പ്രിയ യാ‍ത്രാമൊഴി, നന്ദി! എനിക്ക് കൺഫ്യൂഷനൊന്നുമില്ല ! :)
പ്രിയ സന്തോഷ്, പ്രിയ നവനീത്, നന്ദി! എന്റെ പടം മാറ്റാൻ കാ‍രണമെന്താ‍ന്ന് ചോദിച്ചാൽ, കവിൾ വീർത്തിരിക്കുന്നത് കൊള്ളില്ലന്ന് ഒരാൾ എന്നോട് പറഞ്ഞു. എന്റെ ഏത് പടം ഇട്ടാലും അതിൽ കവിൾ വീർത്ത് തന്നെയിരിക്കും എന്ന് അപ്പഴാണെനിക്ക് ബോധോദയം ഉണ്ടായി. എന്നാ പിന്നെ നവനീത് പറഞ്ഞപോലെ ബൾബ് ഇടാമെന്ന് കരുതി!ഞാൻ കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചത് ഞാനല്ല നവനീതേ, എന്റെ അച്ഛൻ ഒരുത്തനാ!

23 02 2006
Navaneeth

കലേഷിന്റെ കല്യാണം എന്നൊക്കെ കേട്ടപ്പോള്‍ എന്റെ പഴയ ബ്ലോഗനേയും ഒന്നു കെട്ടിക്കാമെന്നു തീരുമാനിച്ചു. അതിന്റെ ഫലങ്ങള്‍ എന്റെ ബ്ലോഗില്‍ ഉണ്ട്‌.

16 03 2006
Umesh P Nair

കലേഷ്,

“സാംസ്കാരികം” ബ്ലോഗില്‍ ഒരു കമന്റിടാന്‍ നോക്കിയിട്ടു പറ്റിയില്ല. ചുഴിഞ്ഞു നോക്കിയപ്പോഴല്ലേ, അതു കലേഷിന്റെ പ്രൊഫൈലിലുമില്ല! അപ്പോള്‍ പ്രൈവറ്റ് ബ്ലോഗുകളെയും ഏവൂരാന്റെ പാതാളകരണ്ടി പൊക്കുന്നുണ്ടല്ലേ. എന്റീശോയേ, ഇപ്പോള്‍ ഒന്നും രഹസ്യമായി സൂക്ഷിക്കാന്‍ പറ്റില്ലെന്നോ?

ഇതിനു ശേഷം ഒന്നും കണ്ടില്ലല്ലോ. കലേഷിന്റെ കഥകളും മറ്റു കൃതികളും വായിക്കാറുണ്ടു് – ഒന്നിലും കാര്യമായി കമന്റു ചെയ്യാന്‍ പറ്റിയില്ലെങ്കിലും.

പെന്‍ഡിംഗീലുള്ള ചില കാര്യങ്ങള്‍ കൂടി പറഞ്ഞോട്ടേ:

അഭിനന്ദനങ്ങള്‍: ഏറ്റവും നല്ല മലയാളം ബ്ലോഗിനുള്ള സമ്മാനം ലഭിച്ചതില്‍.

അഭിനന്ദനങ്ങള്‍: വിവാഹനിശ്ചയം കഴിഞ്ഞതില്‍.

അപേക്ഷ: കല്യാണം കഴിഞ്ഞാല്‍ എഴുതാന്‍ സമയം കുറയും. അതുകൊണ്ടു് ഇപ്പോള്‍ ധാരളം എഴുതുക.

അല്ലെങ്കില്‍ റീമയെയും ബ്ലോഗിങ്ങിലേക്കു കൊണ്ടുവരിക. ആരറിഞ്ഞു, ജീവിതം മുഴുവന്‍ വലിയ പത്രങ്ങളില്‍ എഴുതിയെഴുതി തഴമ്പിച്ച മഞ്ജിത്തിന്റെ ബ്ലോഗുകളെ നിഷ്പ്രഭമാക്കിക്കൊണ്ടു് ഒരു ദിവസം കുട്ട്യേടത്തി ഒരലക്കലക്കിയതുപോലെ, “ഇനി ‘റീമയുടെ ലോകം’ വായിച്ചിട്ടു സമയമുണ്ടെങ്കില്‍ ‘കലേഷിന്റെ ലോകം’ വായിക്കാം” എന്നു ഞങ്ങളൊക്കെ വിചാരിക്കുകയില്ല എന്നു്? :-)

സസ്നേഹം,

- ഉമേഷ്

P.S.: ഇതെന്താ ഈ കമന്റുകളില്‍ പകുതി വഴിക്കു് ഉജാല കലേഷും പിന്നീടു് ബള്‍ബു കലേഷും? ഈ ബ്ലോഗീശ്വരന്റെ ഓരോ ലീലാവിലാസങ്ങളേയ്….

16 03 2006
കലേഷ്‌ | kalesh

പ്രിയ ഉമേഷേട്ടാ,
നന്ദി! നന്ദി! നന്ദി!
വിശദമായി എഴുതിയതിന് പ്രത്യേക നന്ദി.

സാംസ്കാരികത്തെ കുറിച്ച് :
സാംസ്കാരികം ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു. നന്ദി! :)
സാംസ്കാരികം ബ്ലോഗ് സത്യം പറഞ്ഞാല്‍ കോപ്പീറൈറ്റുകാരെ പേടിച്ച് പേടിച്ചാ ഓടിച്ചോണ്ട് പോകുന്നത് ഞാന്‍. (സാംസ്കാരികം എന്റെ പ്രൊഫൈലില്‍ ഡിസ്പ്‌ളൈ ചെയ്യിക്കാതിരിക്കുന്നതും അതിന്റെ ഭാഗമായിട്ടാരുന്നു).ഏതായാലും ഞാന്‍ കമന്റ് എനേബിള്‍ ചെയ്യാം. രാജും ഈയിടയ്ക്ക് എന്നോടിത് പറഞ്ഞിരുന്നു.

എന്റെ ബ്ലോഗിനെ കുറിച്ച് :

സത്യം പറഞ്ഞാല്‍ ഒന്നും എഴുതാനുള്ള ധൈര്യമില്ല ഉമേഷേട്ടാ. രാജ്, ഉമേഷേട്ടന്‍, സൂ, ദേവന്‍, വിശാലന്‍, അതുല്യേച്ചി, സന്തോഷ്, സ്വാര്‍ത്ഥന്‍,മഞ്ജ്ജിത്ത്, കുട്ട്യേടത്തി, കുമാര്‍, വര്‍ണ്ണമേഘങ്ങള്‍, ഇബ്രാന്‍,അരവിന്ദന്‍, അങ്ങനെ എത്രപേര്‍ അതിമനോഹരമായ ഭാഷയില്‍ എഴുതുന്നു…
ഈ പുലികളുടെയൊക്കെ മുന്നില്‍ എന്തിനാ വെറുതേ…
കാക്ക കുളിച്ചാല്‍ കൊക്കാകിലെന്ന് ഉത്തമ ബോധ്യമുണ്ട് ഉമേഷേട്ടാ! (ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഒന്നുമല്ല കേട്ടൊ! :) )

ഏറ്റവും “നല്ല“ മലയാളം ബ്ലോഗല്ല ഉമേഷേട്ടാ – ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ മലയാളം ബ്ലോഗ് അല്ലേ? എല്ലാരുടെയും സ്നേഹത്തിന് നന്ദി! അവാ‍ര്‍ഡിന് അര്‍ഹര്‍ എത്രയോ പേരുണ്ട് – ഉമേഷേട്ടനടക്കം. അവാര്‍ഡ് അടുത്ത വര്‍ഷം മുതല്‍ അര്‍ഹതയുള്ളവര്‍ക്ക് കിട്ടട്ടേ!

വിവാഹനിശ്ചയം കഴിഞ്ഞു! കല്യാണം മെയ് 10 നാണ്. എല്ലാരേയും ക്ഷണിച്ചോണ്ട് ഞാനൊരു പോസ്റ്റ് ഉടന്‍ തന്നെ ഇടുന്നുണ്ട്!

റീമ അവാര്‍ഡ് പടമാ ഉമേഷേട്ടാ. മര്യാദയ്ക്ക് മെയില്‍ പോലും അയക്കാത്തവള്‍ ബ്ലോഗ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല! തീര്‍ച്ഛയാ‍യും ഞാനവളോട് പറയാം. (വാലന്റൈന്‍ ഡേയ്ക്ക് ഒരു കാര്‍ഡ് അയച്ചപ്പം അതിന്റെ കൂടെ യുണീകോഡിനെ കുറിച്ചും മലയാളം ബ്ലോഗുകളെ കുറിച്ചുമൊക്കെ ഞാന്‍ പ്രിന്റൌട്ടുകള്‍ വച്ചിരുന്നു – അത് അവള്‍ വായിച്ചു കാണുമോ എന്തോ!) കുട്ട്യേടത്തിയുമാ‍യൊന്നും കമ്പാരിസണ്‍ നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല ലക്ഷണങ്ങള്‍ കണ്ടിട്ട്! :)

ഉജാല കലേഷ് – ഒരു അബദ്ധമായിരുന്നു – ഫോട്ടോഷോപ്പില്‍ പറ്റിയ ഒരു അബദ്ധം. അത് പിന്നെ അങ്ങനെ തന്നെ ഇരിക്കട്ടെയെന്ന് കരുതി. പിന്നെ നീലത്തില്‍ വീണെന്നൊക്കെ കേട്ടു തുടങ്ങിയപ്പഴാ അത് മാറ്റിയത്. പറ്റിയ പടമൊന്നും കിട്ടാഞ്ഞോണ്ട് ഒരു ബള്‍ബിട്ടു! (നിശ്ചയം കഴിഞ്ഞപ്പഴേക്ക് ബോധോദയമുണ്ടായി എന്ന് അതിന്‍ കമന്റ് വന്നു!)

സസ്നേഹം

കലേഷ്

16 03 2006
Shaniyan

ചേട്ടായി, റീമ കാണണ്ട, ചിലപ്പൊ ചേട്ടായിയെ പടമാക്കാനുള്ള ‘കപ്പാക്കുറ്റി’ അവിടെ കാണും.. പൊട്ടാന്‍ പോണ ബോംബ്‌ അലറി വിളിച്ച്‌ പേടിപ്പിക്കാറില്ല.. സമയമാവുമ്പോള്‍ അതങ്ങ്‌ പൊട്ടിക്കോളും ;-) . മിണ്ടാപ്പൂച്ചകള്‍ കലമുടയ്ക്കാന്‍ മിടുക്കരാണ്‌.

16 03 2006
Umesh P Nair

കലേഷേ,

“സാംസ്കാരികം” അങ്ങനെ തന്നെ നില്‍ക്കട്ടേ. കോപ്പിറൈറ്റുള്ള സാധനങ്ങളല്ലേ, ആരുമറിയാതെതന്നെ കിടക്കട്ടേ.

അപ്പോ, വാലന്റാഇന്‍സ് ഡേയൊക്കെ തുടങ്ങി അല്ലേ? കൊച്ചു-അല്ല-വലിയ കള്ളന്‍! എന്നാലും അതു നശിപ്പിച്ചു. വാലന്റൈന്‍സ് ഡേ കാര്‍ഡിന്റെ കൂടെയാ യൂണിക്കോഡിനെപ്പറ്റി എഴുതുന്നതു്?

ഗണിതശാസ്ത്രത്തില്‍ ഒരു പുലിയായിരുന്ന ഒരു സുഹൃത്തു് ആദ്യരാത്രിയില്‍ “മൂന്നു വെളുത്ത തൊപ്പിയും രണ്ടു കറുത്ത തൊപ്പിയും കാണിച്ചിട്ടു മൂന്നു പേരുടെ തലയില്‍ വെളുത്ത തൊപ്പി വെച്ചാല്‍ അവര്‍ എങ്ങനെ തൊപ്പീടെ കളര്‍ കണ്ടുപിടിക്കും” എന്ന ക്ലാസ്സിക് ലോജിക് പ്രോബ്ലം ചോദിച്ചപ്പോള്‍ “ഇങ്ങേരെന്തോന്നു തൊപ്പിയാ പറയുന്നതു്” എന്നു നവവധു പരിഭ്രമിച്ച കഥ കേട്ടിട്ടുണ്ടു്. അതുപോലായല്ലോ ഇതു്?

യൂണിക്കോഡും ചില്ലക്ഷരവുമൊക്കെ നമുക്കു സാവധാനത്തില്‍ പറയാം. കാരണോന്മാരുടെ നേരു കൊണ്ടു് അവസാനം ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതാണു്. അതിനെ ഇപ്പോഴേ വെരട്ടല്ലേ! :-)

17 03 2006
വക്കാരിമഷ്ടാ

എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ പെണ്ണുകാണാൻ പോയി. പതിവുള്ള ആചാര ഉപചാര ആഹാര മര്യാദകൾക്കുശേഷം, “എന്നാൽ ഇനി നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോ” എന്നും പറഞ്ഞ് മാതാപിതാവമ്മാവനമ്മായിമാർ സ്ഥലം കാലിയാക്കി. പെണ്ണുകാണൽ ചടങ്ങിൽ വലിയ എക്സ്‌പീരിയൻസ് ഇല്ലാതിരുന്ന അണ്ണൻ പെണ്ണിന് പത്താം ക്ലാസ്സിൽ കിട്ടിയ മാർക്ക്, പ്രീഡിഗ്രിയുടെ മാർക്ക്, ഡിഗ്രിയുടെ മാർക്ക്, ഇതൊന്നും പോരാഞ്ഞ് ഡിഗ്രിക്ക് ഫിസിക്സിന്റെ മാർക്ക്, കണക്കിന്റെ മാർക്ക് ഇതൊക്കെ ചോദിച്ച് സായൂജ്യമടഞ്ഞു.

പാവം ചെറുക്കൻ…..

17 03 2006
Adithyan

ആ ‘പാവം ചെറുക്കൻ‘ എന്നു വക്കാരി പറഞ്ഞത് കലേഷിനെ ഉദ്ദേശിച്ചാണ്, കലേഷിനെ തന്നെ ഉദ്ദേശിച്ചാണ്, കലേഷിനെ മാത്രം ഉദ്ദേശിച്ചാണ്…
:-)

17 03 2006
Anonymous

‘എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്‍’ എന്നു വക്കാരി പറയുമ്പോള്‍ അതു വക്കാരി തന്നെയല്ലേ എന്നു വര്‍ണ്ണ്യത്തില്‍ ആശങ്ക.(നാട്ടില്‍ ഒക്കെ പോയിട്ടു വന്നതല്ലെ, തള്ളിക്കളയാന്‍ പറ്റില്ല)

ബിന്ദു

17 03 2006
Umesh P Nair

അതു ശരിയാണല്ലോ ബിന്ദൂ. “എന്റെ അളിയന്റെ അളിയന്‍” ഞാനാണല്ലോ.

വക്കാരീ, വളച്ചുകെട്ടിപ്പറഞ്ഞാല്‍ പറ്റിക്കാം എന്നു കരുതി, അല്ലേ. അതിരിക്കട്ടേ, പെണ്ണിനു ഫിസിക്സിനു് എത്രയാ മാര്‍ക്കു്?

17 03 2006
വക്കാരിമഷ്ടാ

ശ്ശോ എനിക്കു വയ്യ….

17 03 2006
Anonymous

ദേ…. വക്കാരിക്കു നാണം വന്നേ…..(അപ്പൊ സംഗതി സത്യം തന്നെ?)

ബിന്ദു

18 03 2006
സാക്ഷി

വക്കാരീടെ(കൂട്ടുകാരന്‍റെ കൂട്ടുകാരന്‍റെ?) പെണ്ണുകാണല്‍ കഥ വായിച്ചപ്പോഴാണ് എന്‍റെയൊരു കൂട്ടുകാരന്‍റെ (സത്യമായും എന്‍റെയല്ല)പെണ്ണുകാണല്‍ ഓര്‍മ്മ വന്നത്. ഇവിടെയും പരിചയക്കുറവായിരുന്നു പ്രശ്നം. പഠിപ്പു കഴിഞ്ഞ ഉടന്‍ ഉപ്പയ്ക്ക് അവനെ പെണ്ണുകെട്ടിക്കണം. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ അവന്‍ ഞങ്ങളേയും കൂട്ടി പോയി പെണ്ണുകാണാന്‍ തീരുമാനിച്ചു. എന്താ പേര്?, ഏതുവരെ പഠിച്ചു? എവിടാ പഠിച്ചത്? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ പറഞ്ഞുപഠിപ്പിച്ചിരുന്നു. ഒന്നു രണ്ടു റിഹേഴ്സലും എടുത്തു. ഒരു പരിഭ്രമവുമില്ലാതെ കൂളായി ചോദിക്കുന്നുണ്ട്. എല്ലാം പെര്‍ഫെക്ട്. അങ്ങനെ ഞങ്ങള്‍ പെണ്ണുകാണാന്‍ പോയി. പെണ്‍കുട്ടിയുടെ വാപ്പയും മാമയുമായി കുറച്ചുനേരം കത്തിവെച്ചു. പിന്നെ വാപ്പ അകത്തേക്കു നോക്കി “എടീ, മോളെയിങ്ങ് വിളിക്ക്” എന്നു പറഞ്ഞതോടെ ഇവന്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. സാരിയൊക്കെയുടുത്ത് തട്ടമിട്ട് കയ്യില്‍ ട്രേയുമായി പെണ്‍കുട്ടി വന്നു. എടുത്ത ചായ പകുതിയും തുളുമ്പി അവന്‍റെ ഷര്‍ട്ടിലൊക്കെ വീണു.
“എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ”-മാമ. അടുത്തിരുന്ന് ഞങ്ങള്‍ കയ്യും കാലുമൊക്കെ കാണിച്ചിട്ടും ഇവനൊരു അനക്കോമില്ല. ചായയുടെ ഭംഗിയും ആസ്വദിച്ച് താഴെനോക്കിയിരുപ്പാണ്. അവസാനം തൊട്ടടുത്തിരുന്ന ചങ്ങാതി ചെവിട്ടില്‍ പറഞ്ഞു. “എടാ ചളമാക്കാതെ പേരെങ്കിലും ചോദിക്ക്. എന്നിട്ട് തലയൂരാം”. ഇത്രേയുള്ളൂ കാര്യം ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ഞങ്ങളോരോരുത്തരേയും നോക്കി. ഷര്‍ട്ടൊന്നു വലിച്ചു നേരെയിട്ടു. പെണ്‍കുട്ടിയുടെ മുഖത്തുനോക്കി. ശേഖരിച്ച ധൈര്യം മുഴുവന്‍ ഒറ്റയടിക്ക് പോയി അവന്‍ പിന്നേം കാറ്റുപോയ ബലൂണ്‍ പോലെയായി. പിന്നെ ഏറുമുഴുവന്‍ അകത്തേക്ക് വലിച്ച് മസിലൊക്കെ പിടിച്ച് ഒറ്റ ചോദ്യം
“ഇത്താ, ഇത്തേടെ പേരെന്താ?”
പെണ്‍കുട്ടി ഞെട്ടി കണ്ണു ചിമ്മിത്തുറന്നുനോക്കുമ്പോള്‍ കസേരകളില്‍ ചയ ഗ്ലാസ്സുകള്‍ മാത്രമിരിപ്പുണ്ട്.

19 03 2006
GANDHARVAN

സ്വയംവരമങ്കള സുദിനങ്ങള്‍ ഇനി ബാക്കി. മെയിലിനും മെസ്സേജിനും കത്തുകള്‍ക്കും വഴിതെറ്റാതിരിക്കട്ടെ. ബ്ളോഗില്‍ പഴയ ഉഷാറ്‍ കാണുന്നില്ല.
എന്നെ പറ്റി ആള്‍കാറ്‍ പറയുന്നതു പോലെ കലേഷും ആവല്ലെ. “അവന്‍ പെണ്ണുകെട്ടിയതില്‍ പിന്നെ…..” ബാകി പറയാന്‍ കൊള്ളില്ല. ഞാന്‍ എന്തായലും ഇങ്ങിനെ ആയിപ്പോയി. കലേഷ്‌ (അങ്ങിനെ ആയിക്കോളു) ബ്ളോഗില്‍ വന്നു ഞാനിവിടെയുണ്ടേ എന്നു വിളിചു പറയു. ജീവിക്കാനുള്ള ഒരു നാടന്‍ മരുന്നാണേ. ചേട്ടനെ തെറ്റിദ്ദ്ധരിക്കല്ലെ.
spelling mistakes regretted

20 03 2006
ഉമേഷ്

അതുശരി, കല്യാണത്തിനു മുമ്പുതന്നെ ലോകമൊക്കെ ഉണ്ടാക്കി, അല്ലേ? ഇതു ശരിയല്ല കേട്ടോ.

മുഖക്കുറിപ്പിലുള്ള “അക്ഷരാച്ചക ബൂലോകം” എന്താണെന്നു പിടികിട്ടിയില്ല.

ഒരാള്‍ കൂടി ബ്ലോഗറ് വിട്ടു വേര്‍ഡ്പ്രെസ്സിലേക്കു്….

ഒരു അഭിപ്രായം ഇടൂ