ശശി ഒറ്റത്തടിയാണ്. അച്ഛനും അമ്മയും മരിച്ചുപോയി. സ്വന്തമെന്നുപറയാൻ ഒരു ഓലപ്പുരയും അത് നിൽക്കുന്ന 4 സെന്റ് വസ്തുവും ഉണ്ട്. രണ്ടാം ക്ലാസ്സായപ്പഴേക്കും ആവശ്യമുള്ളത്ര വിദ്യാഭാസവും “എക്സ്പോഷറും” കിട്ടിയെന്ന് പുള്ളി മനസ്സിലാക്കിയതുകൊണ്ട് സ്വയം പഠിപ്പ് നിർത്തി. ആർക്കും ചിലവിന് കൊടുക്കണ്ടന്നുള്ളതുകൊണ്ട് പണിക്ക് പോണമെന്ന് ഒരു “മൂഡ്“ തോന്നുമ്പഴേ പുള്ളിക്കാരൻ പണിക്ക് പോകൂ. കൂലിപ്പണിയൊക്കെ ചെയ്യും. ഇടയ്ക്ക് പുള്ളി പെയിന്റിംഗിനു പോകും. ഇടയ്ക്ക് മേശൻ (കൊത്തുമേസ്തിരി) പണിക്ക് പോകും.ഇടയ്ക്ക് ത്യാഗൻമാസ്റ്ററുടെ ചായക്കടയിൽ വന്നിരുന്ന് ബീഡി തെറുക്കും (അത് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പറ്റ് കണക്ക് കവർ ചെയ്യാനാണ്). ചിലപ്പോൾ കള്ളടിച്ച് കരയോഗം കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്നുറങ്ങും – ഇതുവരെ പുള്ളി ആർക്കും യാതൊരു ശല്യവുമുണ്ടാക്കിയിട്ടില്ല. ആരും പുള്ളിക്കാരനെ കുറിച്ചൊരു പരാതിയും പറഞ്ഞിട്ടുമില്ല.
പക്ഷേ, ലോകത്തുള്ള എല്ലാ ആണുങ്ങളെ പോലെയും പുള്ളിക്കും ഒരു വീക്ക്നെസ്സ് ഉണ്ടായിരുന്നു – നന്ദൻ എന്ന ആന. കൂടപ്പിറപ്പുകൾ ഇല്ലാത്ത ശശി, നന്ദനാനയെ സ്വന്തം കൂടപ്പിറപ്പിനെപോലെ ശശി സ്നേഹിച്ചു. നന്ദനാന കൂപ്പിലെ പണിയൊക്കെ കഴിഞ്ഞ് തിരികെ ഉടമസ്ഥൻ കണക്കന്റെ വീട്ടിൽ എത്തികഴിഞ്ഞാൽ അത് തിരികെ പോകുന്നതുവരെ “വെള്ളിയാഴ്ച്ച” എന്നറിയപ്പെടുന്ന പാപ്പാൻ കരുണന്റെ സഹായിയായി ശശിയും കൂടും. ശശിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം നന്ദന് തിന്നാൻ വാഴക്കുലകൾ മേടിക്കാനായി യാതൊരുമടിയുമില്ലാതെ പുള്ളി ചിലവാക്കി. പൊതുവേ ശാന്തസ്വഭാവിയായ ശശി ചൂടാകുന്നത് നന്ദന്റെ കാര്യം പറയുമ്പം മാത്രമാ. കാർത്തികേയൻ ഭാഗവതരുടെ ഇളയസന്താനവും തലതിരിഞ്ഞവനുമായ പാക്കരനെപ്പോലെയുള്ളവർ ശശിയെ ചൂടാക്കാനായിട്ട് മാത്രം നന്ദനാനയെ കുറ്റം പറയും. അതുകേട്ട് ശശി വയലന്റാകും.ആ ടെൻഷൻ തീർക്കാൻ വൈദ്യരെന്നറിയപ്പെടുന്ന സുധാകരന്റെ ഷാപ്പിൽ പോയി കള്ളു കുടിക്കും. ശശി കള്ളുകുടിക്കുന്നത് ശ്രീനിവാസൻ വടക്കുനോക്കിയന്ത്രത്തിൽ “ഒരു ഗ്ലാസ്സ് ബ്രാണ്ടി“ വേണമെന്നും പറഞ്ഞ് ഗ്ലാസ്സുനിറയെ ബ്രാണ്ടി മേടിച്ച് ഒറ്റവലിക്ക് കുടിച്ചിറക്കുന്നതുപോലെയാണെന്ന് വൈദ്യർ പറഞ്ഞ് കേട്ടിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം, ദൂരെയെവിടെയോ ഉള്ള ഒരു കൂപ്പിലെ സീസൺ പണി കഴിഞ്ഞ് തിരികെ ഉടമയുടെ വീട്ടിലേക്ക് നാഷണൽ ഹൈവേ വഴി നടന്ന് വരികയായിരുന്ന നന്ദനെ ഒരു സൂപ്പർഫാസ്റ്റ് ബസ്സ് ആലപ്പുഴയ്ക്കടുത്തുവച്ച് ഇടിച്ചു. നന്ദന്റെ ഒരു കൊമ്പ് ഒടിഞ്ഞു. നന്ദൻ റോഡരികിൽ വീണു. കണക്കന്റെ വീട്ടിലെ ഫോൺ ചത്തിരിക്കുകയായിരുന്നതുകൊണ്ട് പാപ്പാനായ വെള്ളിയാഴ്ച്ച അപ്പഴ് തന്നെ ഈ വിവരം നാട്ടിലുള്ള തന്റെ അനിയൻ ഉണ്ണിയെ ഫോൺ ചെയ്ത് അറിയിച്ചു.
കണക്കനോട് ഈ വിവരം പറയാൻ പോണ വഴിക്ക് പാക്കരനെ കണ്ടപ്പോൾ, പാക്കരന്റെ കൂട്ടുകാരനായ ഉണ്ണി ഈ വിവരം പാക്കരനോട് പറഞ്ഞു. പാക്കരൻ അത് കേട്ട പാതി കേൾക്കാത്ത പാതി വാർത്ത “ബ്രേക്ക്” ചെയ്യാനായി ത്യാഗൻമാസ്റ്ററുടെ ചായക്കടയിലേക്ക് ഓടി. വാർത്ത കാട്ടുതീ പോലെ പടർന്നു. ത്യാഗൻമാസ്റ്ററുടെ കടയുടെ മുന്നിൽ ആളു കൂടി. വൈദ്യരുടെ ഷാപ്പിൽ നിന്ന് നന്നായി മിനുങ്ങിയിട്ട് കരയോഗത്തിന്റെ തിണ്ണയിൽ ഒരു ഉറക്കത്തിന്റെ വട്ടം കൂട്ടുകയായിരുന്ന ശശിയും ആൾക്കൂട്ടം കണ്ട് ത്യാഗൻമാസ്റ്ററുടെ കടയുടെയടുത്ത് ചെന്നു. ആന മരണവെപ്രാളം കാണിക്കുകയാണെന്നറിഞ്ഞ് ശശി വയലന്റായി.
“എന്റെ നന്ദനെ വണ്ടിയിടിച്ചേ…..അയ്യോ……” അതൊരലർച്ചയായിരുന്നു. ശശിക്ക് വട്ടിളകി.
ശശി റോഡരികിൽ കിടന്ന ഒരു പാറക്കഷണമെടുത്ത് ത്യാഗൻമാസ്റ്ററുടെ ചായക്കടയുടെ മുൻവശത്തെ റോഡരികിൽ പാർക്ക് ചെയ്തിട്ടിരുന്ന “മുള്ളുവാള” എന്നറിയപ്പെടുന്ന ഡ്രൈവിംഗ് സ്കൂൾ മുതലാളി ചന്ദ്രസേനന്റെ ആശാൻ “ആശാൻ ബസ്സിന്റെ” ചില്ല് എറിഞ്ഞ് പൊട്ടിച്ചിട്ട് മുന്നോട്ട് ഓടാൻ തുടങ്ങി. കടയിൽ ചായകുടിച്ചുകൊണ്ടിരികുകയായിരുന്ന മുള്ളുവാള ഇതുകണ്ട് ഞെട്ടി എഴുന്നേറ്റ്,
“അവനെ പിടിയെടാ, അവന് ഭ്രാന്തായടാ…” എന്ന് വിളിച്ചുകൂവി. നാട്ടുകാരെല്ലാരും കൂടെ ശശിയെ പിടിക്കാനായി ശശിയുടെ പുറകേ ഓടാൻ തുടങ്ങി.
“ആഹാ.., ഞാനിപ്പം കാണിച്ചു തരാം” എന്നും പറഞ്ഞ് ശശി ഓടി ചെന്ന് തൊട്ടടുത്തുണ്ടായിരുന്ന പങ്കിയമ്മയുടെ പുരയിടത്തിലെ കിണറ്റിലേക്ക് ശശി എടുത്ത് ചാടി. പുറകേയുണ്ടായിരുന്ന നാട്ടുകാരും, തൊട്ടടുത്ത് നടക്കുകയായിരുന്ന കെട്ടിടം പണി സൈറ്റിലെ പണിക്കാരെല്ലാരും കൂടെ കിണറ്റിനുചുറ്റും ഓടികൂടി കിണറ്റിനുള്ളിലേക്ക് നോക്കി.
കിണറ്റിൽ വീണ ശശി മരിച്ചില്ല. ഒരു കൈ ഉയർത്തി കിണറ്റിന്റെ ഉറയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകണ്ട പാക്കരൻ “ശശിയണ്ണൻ മരിച്ചില്ലേ….” എന്ന് വിളിച്ചു കൂവി.
“അവനെ കെട്ടിക്കയറ്റെടാ…”, ത്യാഗൻമാസ്റ്റർ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. “ശശീ, നീ വിഷമിക്കണ്ട, കസേര ഇറക്കിതരാം, നീ അതിൽ കയറ്”.. കിണറ്റിലേക്ക് നോക്കി ത്യാഗൻമാഷ് വിളിച്ചു പറഞ്ഞു.
പെട്ടന്നു തന്നെ ആരോ എവിടുന്നോ ഒരു കയർ ഒപ്പിച്ചോണ്ട് വന്നു. ആരോ പങ്കിയമ്മയുടെ വീട്ടീന്ന് ഒരു കസേര എടുത്തോണ്ട് വന്ന് അതിന്റെ 2 കൈകളിലും കയറിൽ കെട്ടി അത് കിണറ്റിലേക്ക് പെട്ടന്നിറക്കി കൊടുത്തു.ശശി വല്ലച്ചാദീം ആ കസേരയിൽ കയറി ഇരുന്നു. നാട്ടുകാരെല്ലാരും കൂടെ അത് പതുക്കെ വലിച്ച് മുകളിൽ കയറ്റി. കസേര പതുക്കെ പതുക്കെ പൊങ്ങി മുകളിലേക്ക് വന്നു. ശശി ചിരിച്ചോണ്ട് ആളുകളെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ലിഫ്റ്റ് പൊങ്ങുന്നതുപോലെ കസേര മുകളിലെത്തി.
ശശിയെ കിണറ്റിന്റെ അരികത്തേക്ക് അടുപ്പിക്കാൻ തുടങ്ങിയപ്പഴേക്കും കെട്ടി കയറ്റിയ കസേരയുടെ ഒരു വശത്തെ കെട്ട് അഴിഞ്ഞ് പോയി.
ശശി താഴോട്ടുള്ള വീഴ്ച്ചയിൽ കിണറ്റിന്റെ പടികളിൽ അവിടെയും ഇവിടെയും “പടക്ക് പടക്ക്“ എന്ന് ഇടിച്ച് നേരെ കിണറ്റിൽ വീണ് ചത്തു പോയി.
അയ്യോ കലേഷേ, ഈ ആളുകളേ ഒക്കെ “ചത്തു പോയീ”ന്നു പറയാമോ? പാവം ഇന്നാലും, ശശിയേ അങ്ങനെ ചെയ്യരുരുതായിരുന്നു. പാവം ശശി.
ഓഫ് റ്റൊപ്പിക് : പണ്ടു ഗുജറാത്തിലെ ഭൂമി കുലുക്കത്തിൽ, കെട്ടിടത്തിന്റെ അടിയിൽ, ദൈവ ക്രപയാൽ മൂന്നു ദിവസം ജീവിച്ച് ഇരുന്നു ഒരു സ്ത്രി, ഈ മൂന്നു ദിവസവും, ചുറ്റുമുള്ള ആളുകൽ റ്റ്യൂബ് വഴി വെള്ളം ഒക്കെ കൊടുത്തിരുന്നു. ബുൾ ഡോസർ വഴിയൊക്കെ ശരിയാക്കി ഈ വീണ കെട്ടിടത്തിന്റെ അരികിൽ വന്നു, ബീം പൊക്കി, എല്ലാർക്കും സന്തോഷമായി, ഈ സ്ത്രീ രക്ഷപെട്ടൂന്ന് കരുതി. ഒരു നിമിഷത്തിൽ ഈ പൊക്കിയ ബീം, ബുൾടൊസരുടെ പിടിയിൽ നിന്ന് തെന്നി പിന്നേയും ഈ സ്ത്രീയുടെ മേലിൽ വീണു. തിർന്നു. ഒരു നിമിഷത്തിൽ എല്ലാം.
തിരക്കു കഴിഞ്ഞ സ്ഥിതിക്കു ഇനിയും എഴുതൂ.
കലേഷ് Final Destination എന്ന ഹോളിവുഡ് ചിത്രം കണ്ടിട്ടുണ്ടോ? ഒരു കഥാപാത്രം ഇപ്പോള്‍ ചാവും എന്നു് നമ്മളു് അന്താളിച്ചിരിക്കുമ്പോള്‍ പഹയരു്‍ ചാവില്ല. ഹാവൂ ചത്തില്ലാന്നു് കരുതുമ്പോഴേക്കും ആളു് ചത്തിട്ടുണ്ടാവും. ആ ചലച്ചിത്രത്തിനു് രണ്ടു് ഭാഗങ്ങള്‍ ഉണ്ടായിരുന്നു, രണ്ടാമത്തേതാണു് ഞാന്‍ കണ്ടിട്ടുള്ളത്: IMDB Link
രസിച്ച് രസിച്ച് വായിച്ചു വായിച്ചു വന്ന് അവസാനം….. പാവം ശശി..
ഫൈനൽ ഡസ്റ്റിനെഷൻ ഞാനും കണ്ടതാ… ഒന്നാം ഭാഗമാണോ രണ്ടാം ഭാഗമാണോ എന്നോർക്കുന്നില്ല (ഗോഡ്ഫാദർ part II വിന്റെ CD part I ഉം part II ഉം കണ്ട് ആകപ്പാടെ വട്ടു പിടിച്ചതാ. ആ പടത്തിൻ പല പാർട്ട് ഉണ്ടെന്ന് അപ്പോ അറിയാൻമേലായിരുന്നു. ഒരു CD യിൽ part II, part I, മറ്റേതിൽ part II, part II. ആകപ്പടെ പ്രാന്തായി)
കഷ്ടമായിപ്പോയി ശശിയുടെ കാര്യം
)
മുള്ളുവാള ശശിയുടെ ഫീലിങ്ങ് മനസിലാക്കി മാപ്പുകൊടുത്ത് ‘ആനന്ദനെ’ കാണിക്കാനൊക്കെ കൊണ്ടുപോകുന്ന ഒരു പരിണാമഗുപ്തി വായിക്കാനിരുന്നിട്ട്, കലേഷും ഷോക്‍ട്രീറ്റ്മെന്റ് വിഭാഗത്തിലേയ്ക്കു മാറിയെന്ന ഞെട്ടല്‍ മാത്രം ബാക്കി. (നടന്നത് ഷോക്കിങ് ആയത് കലേഷിന്റെ കുറ്റമല്ല എന്നറിയാം
എന്റെ ഞെട്ടൽ ഞാനും രേഖപ്പെടുത്തുന്നു.
പീരങ്കിയുടെയും വെട്യുണ്ടയുടെയും നടുവിൽ കിടന്ന പട്ടാളക്കാരൻ നാട്ടിലെത്തുമ്പോൾ ചിലപ്പോൾ വീട്ടിലെ തെങ്ങിൽ നിന്ന് തേങ്ങവീണായിരിക്കും മരിക്കുക എന്ന് ഏതോ സിനിമയിൽ മോഹൻലാൽ കഥാപാത്രം പറയുന്നത് ഓർമ്മവരുന്നു.
കലേഷ്, മുദീർ കഥകളിൽ നിന്നുള്ള ബ്രേക്കണോ ഇത്?
കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ !!!! ഞെട്ടിച്ച് കളഞ്ഞല്ലോ കലേഷേ!!!
ശശിയുടെ വീസ തീര്‍ന്നു… അല്ലതെന്ത് പറയാന്‍ ???
ഒരു കൂടുമാറ്റമാണോ കലേഷേ?.
നന്നായിരിക്കുന്നു, രംഗബോധമില്ലാത്ത കോമാളിയുടെ ഈ രംഗ പ്രവേശം.
കലേഷേ,
ഈ കൊല വേണമായിരുന്നോ?
“ശശി താഴോട്ടുള്ള വീഴ്ച്ചയിൽ കിണറ്റിന്റെ പടികളിൽ അവിടെയും ഇവിടെയും “പടക്ക് പടക്ക്“ എന്ന് ഇടിച്ച് നേരെ കിണറ്റിൽ വീണ് ചത്തു പോയി.”
തവള ചത്തു എന്നൊക്കെ പറയും പോലെ..
ശശി ചത്തേ..
ശശി ചത്തേ..
എന്നും നിലവിളിച്ച് പിന്നെ ആരെങ്കിലും കിണറ്റിൽ ചാടിയോ..??
ഇങ്ങനെ കുറെ അളുകളുണ്ടായിരുന്നു.ജീവിതം ചില ഭ്രമങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍. അവരൊക്കെ ‘ചത്തു പോയി’.ഇപ്പോ ഒരേ അച്ചില്‍ വാര്‍ത്ത കൂറെ രൂപങ്ങള്‍ നന്നായി ജീവിച്ച് ‘അന്തരിക്കുക’ മാത്രം ചെയ്യുന്നു
പ്രിയ അതുല്യേച്ചീ, ഈ അന്തരിച്ചു, കാലം ചെയ്തു, നാടുനീങ്ങി, മരണപ്പെട്ടു, മരിച്ചു, ഔട്ടായി, വടിയായി, പുകയായി, തട്ടിപ്പോയി,പൊകഞ്ഞു … എന്നൊക്കെ പറയുന്നതിലും നല്ലത് ചത്തുപോയി എന്ന് പറയുന്നതാണ് എന്നെനിക്ക് തോന്നിയിട്ടല്ല, അപ്പഴ് തലയിൽ അതൊന്നും ഉദിച്ചില്ല. സത്യമായിട്ടും “പോസ്റ്റിടെടാന്ന്“ ഇന്നലെ രാവിലെ ചേച്ചി എന്നോട് വിളിച്ച് പറഞ്ഞിട്ടാ ഞാനിതെഴുതിയത്.
പ്രിയ രാജ്, ഞാനാ പടം കണ്ടിട്ടില്ല. ഇനി തീർച്ഛയായും കാണും. നന്ദി!
പ്രിയ വക്കാരി, ഇത് ശരിക്ക് നടന്ന സംഭവമാ. കഥാപാത്രങ്ങളിൽ 90% പേരും ജീവിച്ചിരിക്കുന്നവരുമാണ്. നന്ദി!
പ്രിയ അനിലേട്ടാ, അന്നാ ആൾക്കൂട്ടത്തിൽ വള്ളിനിക്കറിട്ട കലേഷും ഉണ്ടായിരുന്നു. എന്റെ കണ്മുന്നിൽ നടന്ന സംഭവമാ ഇത്. നന്ദി!
പ്രിയ ആദിത്യൻ, എന്റെ നാട് മുഴുവനും ഞെട്ടിയ ഒരു സംഭവമായിരുന്നു ഇത്! നന്ദി!
പ്രിയ കുമാർ, ആശയദാരിദ്ര്യം ആണ് പ്രശ്നം! മുദീർ കഥകളിൽ നിന്ന് ബ്രേക്കൊന്നുമല്ല. പുതിയൊരു മുദീർ കഥയുമായി ഞാൻ വീണ്ടുമെത്താം!നന്ദി!
പ്രിയ കുട്ട്യേട്ടത്തീ, സത്യം. വിസാ തീർന്നാൽ ഔട്ടായേ പറ്റു.ഒറ്റത്തടിയായോണ്ട് സാരമില്ല .. നന്ദി!
പ്രിയ ഇബ്രൂസ്, നന്ദി! കൂടുമാറ്റമൊന്നുമല്ല. എന്നെകൊണ്ടതിനൊന്നും ആകത്തുമില്ല.
പ്രിയ സൂ, നന്ദി! ആ ചോദ്യം ഞാനങ്ങോട്ട് ചോദിക്കട്ടേ? ഞങ്ങളെയൊക്കെ ചിരിപ്പിച്ച് വശം കെടുത്തുന്നയാൾ ഇടയ്ക്കിടയ്ക്ക് ഓരോന്നെഴുതി ഞങ്ങളെയൊക്കെ ടെൻഷനടിപ്പിക്കുന്നതെന്തിനാ?
ഇതൊരു നടന്ന സംഭവമാ സൂ.. കയറു പൊട്ടി താഴെ വീണപ്പഴ് ആളുകൾ ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു!
പ്രിയ വർണ്ണ മേഘങ്ങളേ, അത് പിന്നെങ്ങനെയാ വർണ്ണിക്കുക?
ഇങ്ങനെയായാലോ?“അശാന്ത നിശബ്ദത ജനസഞ്ചയത്തിന്റെ നൊമ്പരം പോലെ കറുത്ത നിറത്തിൽ തളം കെട്ടി കിടക്കുന്ന ഉൾഭോളകങ്ങളുള്ള കിണറ്റിന്റെ വിരിമാറിലേക്ക് ഒരു മാടപ്രാവിനെ പോലെ, ഒരു കൂപ മണ്ഡൂകത്തിന്റെ ആത്മാവിൽ നിന്നുൽഭവിക്കുന്ന വിസ്ഭോടനങ്ങളുടെ നീറ്റലിൽ ശശി കുതിച്ചു“
എന്റെ പൊന്നു ചേട്ടാ, എന്നെകൊണ്ട് അങ്ങനെയൊന്നും എഴുതാനുള്ള കഴിവില്ല. ഞാനൊരു സാധാരണക്കാരനല്ലേ? എനിക്ക് സാധാരണക്കാരന്റെ ഭാഷയേ വഴങ്ങൂ…
ശശി ചത്തേ…ന്നും വിളിച്ചോണ്ട് ആരും ചാടിയില്ല.
നന്ദി!
പ്രിയ തുളസീ, സത്യം. എന്റെ മനസ്സിലുണ്ടായിരുന്നത് വളരെ നന്നായി അവതരിപ്പിച്ചു! വർണ്ണമേഘങ്ങളേ, എനിക്ക് പറയാനുള്ളത് തുളസിയുടെ വാക്കുകളാണ് നന്ദി പ്രിയ തുളസി!
കലേഷേ..
എനിയ്ക്ക് ക്ലൈമാക്സ് പ്രയോഗം ‘ക്ഷ’ പിടിചൂട്ടോ..!
ശശിയെ കെട്ടി പൊക്കി മണ്ട വരെ എത്തിച്ചു എന്ന് വയിച്ചപ്പോൾ പാവം രക്ഷപെട്ടല്ലോ എന്നു കരുതി ആശ്വസിച്ചതാ..
അപ്പോ ദാ കിടക്കുന്നു ശശി പിന്നെയും കിണറ്റിൽ,അതും ഞൊടിയിടക്കുള്ളിൽ ചത്ത്…!
വിജയശ്രീലാളിതനെപ്പ്പ്പോലെ കൈ വീശി പൊങ്ങി വന്ന ശശിയെ പെട്ടാന്ന് കൊന്നുകളഞ്ഞ നിരാശയ്ക്കാ തവള ചത്തെന്നു പറയും പോലെ എന്നു പറഞ്ഞത്
ചുമ്മാ ഒരു രസത്തിന്..!
സാധാരണക്കാരന്റെ ഭാഷ തന്നെയാ എപ്പൊഴും നല്ലത്..
അതിനൊരു സുഖമുണ്ടാകും..!
പ്രിയ വർണ്ണമേഘങ്ങളേ, ആ ക്ലൈമാക്സിനു കാരണക്കാരൻ ഞാൻ മനസ്സുകൊണ്ട് ഗുരുസ്ഥാനം കൊടുത്തേക്കുന്ന ഒരു ബ്ലോഗർ ആണ്. അദ്ദേഹത്തിന്റെ പേരിവിടെ പറയുന്നില്ല. ക്ലൈമാക്സിൽ കഥ നിർത്തിക്കോണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ഞാൻ ശിരസാവഹിക്കുകമാത്രമാണ് ചെയ്തത്.
)
ഇത് ശരിക്കും എന്റെ കന്മുന്നിൽ നടന്ന ഒരു സംഭവമാ!
ഞാനീ എഴുതുന്നത് എന്റെ “Level Best” ആണ്. താങ്കളെപ്പോലെയും രാജിനെപോലെയും വിശ്വേട്ടനെപോലെയും ഏവൂരാനെപോലെയും സ്വാർത്ഥനെപോലെയും സൂ വിനെ പോലെയും അതുല്യേച്ചിയെപോലെയും പോളിനെ പോലെയും വിശാലനെപോലെയും അനിലേട്ടനെപോലെയും ഒക്കെ എല്ലാരേ കൊണ്ടും എഴുതാൻ കഴിയുമോ? (അതിലുള്ള ഒരു ചെറിയ അസൂയ കൂടെയുണ്ടെന്നു കരുതിക്കോ !
നല്ല വാക്കുകൾക്ക് നന്ദി!