പുട്ട് കീ ജയ് !

15 12 2005

അഖില ലോക പുട്ടന്മാരേ പുട്ടികളേ, നിങ്ങളിലൊരുവനാണീ‍ ഞാനുമെന്ന് പറയാനെനിക്ക് അഭിമാനമുണ്ട്.

പുട്ടിന്റെ ഉത്പാദനരീതി – സ്റ്റീൽ/അലുമിനിയം/പിത്തള/മുള കുറ്റിയിലായായും, ചിരട്ടയിലായാലും, ഉപ്പുമാവുണ്ടാ‍ക്കുന്നതുപോലെയാ‍യാലും (അതെങ്ങിനാന്ന് എന്റെ അമ്മച്ചിക്കേ അറിയൂ) എങ്ങനെയാണേലും, എനിക്ക് അത് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളിലൊന്നാണ്. വീ‍ട്ടിൽ വച്ച് “പുട്ട്+പയർ+പഴം+പപ്പടം+പഞ്ചസാര+നെയ്യ് “ ആയിരുന്നു എന്റെ ഫേവറൈറ്റ് കോമ്പിനേഷൻ. അല്ലേൽ പുട്ടും മുളപ്പിച്ച കടലക്കറിയും. “പുട്ട് + പോത്ത് കറി + ഏത്തക്കായപ്പം“, “പുട്ട്+ ചിക്കൻ ചാപ്സ്“ , “പുട്ട് + മീൻ കറി“ , “പുട്ട് + പീസ് മസാല(or)കുറുമ+ താറാവിൻ മുട്ട ബുൾസ് ഐ“ , “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ “ എന്നീ പുട്ടിന്റെ മറ്റ് വണ്ടർഫുൾ നോൺ‌വെജ് കോമ്പിനേഷനുകളെ കുറിച്ച് ഞാൻ മനസ്സിലാ‍ക്കിയത് ഡിഗ്രിക്ക് പഠിക്കാനായി തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പഴാ. അവസാനം പറഞ്ഞ “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ“ കോമ്പിനേഷൻ എറണാകുളം കെ.എസ്.ആർ.റ്റി.സി ബസ്സ്സ്റ്റാൻഡിനടുത്തുള്ള ലൂസിയ ഹോട്ടലിലെ “സാഹ്‌യാന” എന്ന രാത്രി റെസ്റ്റോറന്റിൽ ഇപ്പഴും കിട്ടും.

കുട്ട്യേട്ടത്തിയുടെ കേരളത്തിന്റെ സ്വന്തം പുട്ട് വായിച്ചപ്പോഴേ കരുതിയതാ പുട്ടിനെ കുറിച്ച് എന്തേലുമൊക്കെ പോസ്റ്റ് ചെയ്യണമെന്ന്. അതിൽ വന്ന കമന്റുകളും, അതിന്റെ കൂടെ അനിലേട്ടന്റെ പുട്ട് പോസ്റ്റും അതിൽ വന്ന കമന്റുകളും കൂടെയായപ്പം എന്റെ ക്ഷമ കെട്ടു. കുട്യേട്ടത്തി പറഞ്ഞത് ശരിയാ. നമ്മുടെ തനത് ഐറ്റമായ പുട്ട് പോലത്തെ സംഗതികൾ ശരിക്ക് മാർക്കറ്റ് ചെയ്തിരുന്നേൽ …..

പെരിങ്ങോടരുടെ കരാമയിലെ “കീർത്തി“ റെസ്റ്റോറന്റിന്റെ (ദുബൈക്കാർക്കു വേണ്ടിയുള്ള) ടിപ്പ് കണ്ടപ്പം എനിക്ക് തോന്നി ഇവിടെ ഉം അൽ കുവൈനിലെ “അൽ ഗവാസ്”നെ കുറിച്ച് പറയണമെന്ന്.

ഇവിടെ ഉം അൽ കുവൈനിൽ, വാ‍മനപുരത്തുകാരൻ സദാ‍നന്ദൻ ചേട്ടൻ കഴിഞ്ഞ 5 വർഷമായി നടത്തുന്ന “അൽ ഗവാസ്“ എന്ന ഒരു റെസ്റ്റോറന്റുണ്ട്. ഈ അൽ ഗവാസിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിട്ട് ഒരുപാടുനാളായി. “കുഴിക്കട“ എന്നാണത് ഇവിടുത്തെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഉം അൽ കുവൈൻ ബസാറിന്റെ അങ്ങേയറ്റത്താണ് അത് സ്ഥിതി ചെയ്യുന്നത്. ഒരു “കഫറ്റീരിയ“യുടെ ഗണത്തിൽ പെട്ടതല്ല അത്. ആവശ്യത്തിനു സ്ഥലമുണ്ട് അകത്ത്. പക്ഷേ, 10-12 പേർക്കിരിക്കാനുള്ള കസേരകളും മേശകളുമേയുള്ളു. അവിടെ 2 സ്റ്റാഫേയുണ്ടായിരുന്നുള്ളു. സദാനന്ദൻ ചേട്ടനും ബിനുവും. സദാനന്ദൻ ചേട്ടനാണ് ഷെഫ്-കം-ഓണർ. സദാനന്ദൻ ചേട്ടന്റെ അസ്സിസ്റ്റന്റ്-കം-വെയിറ്റർ-കം-ക്യാഷ്യർ ആണ് ബിനു. വരുന്ന എല്ലാരോടും സദാനന്ദൻ ചേട്ടൻ കുശലം പറയും. സ്വന്തം പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ സദാ സമയും പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ബിനുവും അതുപോലെ തന്നെ എപ്പഴും പുഞ്ചിരിച്ചോണ്ടിരിക്കും. സദാനന്ദൻ ചേട്ടൻ താമസിക്കുന്ന മുറിയും ഹോട്ടലിനോട് ചേർന്ന് തന്നെയാണ്.

ഉം അൽ കുവൈനിൽ മലയാളികൾ നടത്തുന്ന ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷേ, അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി, അൽ ഗവാസിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ, അവിടുത്തെ ഭക്ഷണത്തിന്റെ രുചിയും, വൃത്തിയും, വെടിപ്പും, ന്യായ വിലയും, ബിനുവിന്റെയും സദാനന്ദൻ ചേട്ടന്റെയും ഹൃദ്യമായ പെരുമാറ്റവുമാണ്. അന്നന്ന് മേടിക്കുന്ന മീനും പച്ചക്കറിയും വച്ച് ഫ്രെഷായിട്ടുണ്ടാ‍ക്കുന്ന ഭക്ഷണം മാത്രമാണവിടെ കിട്ടുക. “റീസൈക്ലിംഗ്“ എന്നൊരു സംഗതി ഇല്ല. അവിടെ ചെന്ന് ഭക്ഷണം ഓർഡർ ചെയ്താൽ ഇത്തിരി നേരം ഇരിക്കേണ്ടി വരും. മുഷിഞ്ഞിട്ട് കാര്യമില്ല. കാരണം ഊണൊഴിച്ച് മറ്റുള്ള സാധനങ്ങൾ അപ്പഴ് തന്നെ ഉണ്ടാക്കി തരികയാണ് ചെയ്യുക. ചൂടോടെ തിന്നാം. ഉണ്ടാക്കി വയ്ക്കുന്നത് തീരുമ്പഴത്തേക്ക് കച്ചവടം നിർത്തുകയും ചെയ്യും. പിന്നെ, സമയത്ത് ചെന്നില്ലെങ്കിൽ ഭക്ഷണം കിട്ടത്തുമില്ല. അതുകൊണ്ട് ഒരു കൃത്യമായ സമയക്രമം ഒന്നുമില്ല അൽ ഗവാസ് റെസ്റ്റോറന്റിന്. ചില ദിവസം അത് അടച്ചിട്ടേക്കുന്നത് കാണാം. അന്ന് ഭക്ഷണമില്ല. തോന്നുമ്പം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നിയതുകൊണ്ടാകും സദാനന്ദൻ ചേട്ടൻ ഒരു അസ്സിസ്റ്റന്റ് കുക്കിനെ നാട്ടിൽ നിന്നു വരുത്തി ഈ അടുത്തയിടയ്ക്ക്. എന്നാലും കറികളൊക്കെ വയ്ക്കുന്നത് സദാനന്ദൻ ചേട്ടൻ തന്നെ. അസ്സിസ്റ്റന്റ് കുക്കിനെ അപ്പോയിന്റ് ചെയ്തത് ദോശ ചുടാ‍നും ചപ്പാത്തിയുണ്ടാക്കാനും ചോറ് വയ്ക്കാനും പൊറോട്ടയടിക്കാനുമൊക്കെയാണ്.

അവിടുത്തെ കറികൾക്കൊരു പ്രത്യേക സ്വാദ് തന്നെയാണ്. ഇല്ലാത്ത രുചിയുണ്ടാ‍ക്കാൻ എണ്ണ കോരിയൊഴിച്ച് ചുമ്മാതെ മസാലയും പ്രിസർവേറ്റീവ്സും ഒക്കെ ഇട്ടിളക്കി കുളമാക്കിയവയല്ല അവയൊന്നും തന്നെ-എല്ല്ലാം പാ‍കത്തിന്. കൈപുണ്യമെന്നൊക്കെ കേട്ടിട്ടില്ലേ? ആ അനുഗ്രഹം സിദ്ധിച്ചയാളാ പുള്ളിക്കാരൻ എന്ന് പറയാം. ചില വെള്ളിയാഴ്ച്ചകളിൽ ഞാനവിടെ ഉണ്ണാൻ പോകും. മിക്കവാറും ഒരു തനി നാടൻ കറി ഊണിന്റെ കൂടെയുണ്ടാകും. കഴിഞ്ഞ തവണ ചെന്നപ്പോൾ മുരിങ്ങയില തോരൻ ഉണ്ടായിരുന്നു! ഹോട്ടലിനകവും പുറവും അടുക്കളയും എപ്പഴും വൃത്തിയായും വെടിപ്പായും അവർ സൂക്ഷിക്കുന്നു. ദുബൈയേയും ഷാർജ്ജയേയും അബുദാബിയേയുമൊക്കെ വച്ച് നോക്കുമ്പോൾ അൽ ഗവാസിലെ ഭക്ഷണസാധനങ്ങളുടെ വിലനിലവാരം വളരെ ‘റീസണബിൾ’ ആണ്. സാധാരണക്കാരന്റെ ഹോട്ടലാണ് അൽ ഗവാസ്. ദുബൈയിൽ നിന്നൊക്കെയുള്ള എന്റെ സുഹൃത്തുക്കൾ അവിടെ വന്ന് ഭക്ഷണം കഴിച്ചിട്ട് അത്ഭുതം കൂറിയിട്ടുണ്ട് – വിലയും രുചിയും കണ്ട്! സിമ്പിൾ എക്കണോമിക്സ് ആണ് രഹസ്യം. അവിടെ ഓവർഹെഡ്സ് കുറവാണ്. 3 സ്റ്റാഫ്, തറ വാടക ഇല്ല, ആഡംബരങ്ങളില്ല. അതുകൊണ്ട് പുള്ളിക്കാരന് വില കുറച്ച് നഷ്ടമില്ലാതെ തന്നെ ഭക്ഷണം കൊടുക്കാം. അവിടെ വല്യ എലാബറേറ്റായിട്ടുള്ള ഒരു സ്ഥിരം മെന്യു ഒന്നുമില്ല. ചുരുക്കം ചില സാധനങ്ങൾ – പക്ഷേ എല്ലാം ഇടിവെട്ട് ഐറ്റംസാ – ഹോട്ട് & ഫ്രെഷ്. മീൻ കറികൾ അന്നന്ന് കിട്ടുന്ന നല്ല മീൻ അനുസരിച്ച് ആയിരിക്കും.

അൽ ഗവാസ് റെസ്റ്റോറന്റിലെ ഒരു സ്പെഷ്യാലിറ്റിയാണ് പുട്ട്. ഞാനിന്നലെ അത്താഴത്തിന് കഴിച്ച് പുട്ടിന്റെ പടം ഇതാ :
നെയ്‌മീൻ (ഐക്കൂറ) തലക്കറി + സലാഡ് + ആവി പറക്കുന്ന ചൂടൻ പുട്ട് -
ഈ കോമ്പിനേഷന് വില 3 ദിറഹം.

മലയാളികളെ രണ്ടായി തരം തിരിക്കാം- പുട്ട് ഉണ്ടാ‍ക്കാനറിയാവുന്നവർ, പുട്ട് ഉണ്ടാക്കാനറിയാത്തവർ എന്നിങ്ങനെ. പുട്ട് ഉണ്ടാക്കാനറിയാത്തവർക്കായി ഇതാ പുട്ടിന്റെ സിമ്പിൾ റെസീപ്പി:

കുറ്റിപ്പുട്ട്
ഇതുണ്ടാ‍ക്കാൻ പുട്ട് കുറ്റിയും പുട്ട് കുടവും വേണം.

പുട്ടിന്റെ പൊടി : 4 കപ്പ്
വെള്ളം : ഒരു കപ്പ്
പൊടിയുപ്പ് : അര ടീസ്പൂൺ
തിരുമ്മിയ തേങ്ങ: ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
പുട്ടിന്റെ പൊടിയിൽ, ഉപ്പ് ചേർത്ത വെള്ളം കുറേശ്ശെ തളിച്ച് പൊടി കട്ടകെട്ടാതെ കൈവിരൽ കൊണ്ട് നനയ്ക്കുക. വളരെ ബലം ഉപയോഗിക്കരുത്.നനച്ച പൊടി തട്ടി പൊത്തി അരമണിക്കൂർ കുതിരാൻ വയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട് നനച്ച പൊടിയും തിരുമ്മിയ തേങ്ങയും ഇടവിട്ട് വാരിയിട്ട് ആവി വരുന്ന പുട്ടുകുടത്തിന്റെ മീതെ വച്ച് പുഴുങ്ങുക. പെട്ടന്നു വെന്തുകിട്ടാൻ കുറ്റിയുടെ മേൽ ഒരു ചെറിയ തട്ടം കൊണ്ട് മൂടുക. മൂന്ന്-നാല് മിനിട്ട് കഴിയുമ്പോൾ കുറ്റി ഈരിയെടുത്ത് തുടിപ്പോ, തവിയുടെ വാലോ വച്ച് പാത്രത്തിലേക്ക് പുട്ട് തള്ളിയിറക്കുക. ചൂടോടെ ഉപയോഗിക്കുക.
(കോമ്പിനേഷനുകൾ നിങ്ങളുടെ ഇഷ്ടാ‍നുസരണം)





ശശിയുടെ കിണറ്റിൽ ചാട്ടം

14 12 2005

ശശി ഒറ്റത്തടിയാണ്. അച്ഛനും അമ്മയും മരിച്ചുപോയി. സ്വന്തമെന്നുപറയാൻ ഒരു ഓലപ്പുരയും അത് നിൽക്കുന്ന 4 സെന്റ് വസ്തുവും ഉണ്ട്. രണ്ടാം ക്ലാ‍സ്സായപ്പഴേക്കും ആവശ്യമുള്ളത്ര വിദ്യാഭാ‍സവും “എക്സ്പോഷറും” കിട്ടിയെന്ന് പുള്ളി മനസ്സിലാക്കിയതുകൊണ്ട് സ്വയം പഠിപ്പ് നിർത്തി. ആർക്കും ചിലവിന് കൊടുക്കണ്ടന്നുള്ളതുകൊണ്ട് പണിക്ക് പോണമെന്ന് ഒരു “മൂഡ്“ തോന്നുമ്പഴേ പുള്ളിക്കാരൻ പണിക്ക് പോകൂ. കൂലിപ്പണിയൊക്കെ ചെയ്യും. ഇടയ്ക്ക് പുള്ളി പെയിന്റിംഗിനു പോകും. ഇടയ്ക്ക് മേശൻ (കൊത്തുമേസ്തിരി) പണിക്ക് പോകും.ഇടയ്ക്ക് ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയിൽ വന്നിരുന്ന് ബീഡി തെറുക്കും (അത് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പറ്റ് കണക്ക് കവർ ചെയ്യാനാണ്). ചിലപ്പോൾ കള്ളടിച്ച് കരയോഗം കെട്ടിടത്തിന്റെ തിണ്ണയിൽ കിടന്നുറങ്ങും – ഇതുവരെ പുള്ളി ആർക്കും യാതൊരു ശല്യവുമുണ്ടാക്കിയിട്ടില്ല. ആരും പുള്ളിക്കാരനെ കുറിച്ചൊരു പരാതിയും പറഞ്ഞിട്ടുമില്ല.

പക്ഷേ, ലോകത്തുള്ള എല്ലാ ആണുങ്ങളെ പോലെയും പുള്ളിക്കും ഒരു വീക്ക്നെസ്സ് ഉണ്ടായിരുന്നു – നന്ദൻ എന്ന ആന. കൂടപ്പിറപ്പുകൾ ഇല്ലാത്ത ശശി, നന്ദനാനയെ സ്വന്തം കൂടപ്പിറപ്പിനെപോലെ ശശി സ്നേഹിച്ചു. നന്ദനാന കൂപ്പിലെ പണിയൊക്കെ കഴിഞ്ഞ് തിരികെ ഉടമസ്ഥൻ കണക്കന്റെ വീട്ടിൽ എത്തികഴിഞ്ഞാൽ അത് തിരികെ പോകുന്നതുവരെ “വെള്ളിയാഴ്ച്ച” എന്നറിയപ്പെടുന്ന പാപ്പാൻ കരുണന്റെ സഹായിയായി ശശിയും കൂടും. ശശിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം നന്ദന് തിന്നാൻ വാഴക്കുലകൾ മേടിക്കാനായി യാതൊരുമടിയുമില്ലാ‍തെ പുള്ളി ചിലവാക്കി. പൊതുവേ ശാന്തസ്വഭാവിയായ ശശി ചൂടാകുന്നത് നന്ദന്റെ കാര്യം പറയുമ്പം മാത്രമാ. കാർത്തികേയൻ ഭാഗവതരുടെ ഇളയസന്താനവും തലതിരിഞ്ഞവനുമായ പാക്കരനെപ്പോലെയുള്ളവർ ശശിയെ ചൂടാക്കാനാ‍യിട്ട് മാത്രം നന്ദനാനയെ കുറ്റം പറയും. അതുകേട്ട് ശശി വയലന്റാകും.ആ ടെൻഷൻ തീർക്കാൻ വൈദ്യരെന്നറിയപ്പെടുന്ന സുധാകരന്റെ ഷാപ്പിൽ പോയി കള്ളു കുടിക്കും. ശശി കള്ളുകുടിക്കുന്നത് ശ്രീ‍നിവാസൻ വടക്കുനോക്കിയന്ത്രത്തിൽ “ഒരു ഗ്ലാസ്സ് ബ്രാണ്ടി“ വേണമെന്നും പറഞ്ഞ് ഗ്ലാസ്സുനിറയെ ബ്രാണ്ടി മേടിച്ച് ഒറ്റവലിക്ക് കുടിച്ചിറക്കുന്നതുപോലെയാണെന്ന് വൈദ്യർ പറഞ്ഞ് കേട്ടിട്ടുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം, ദൂരെയെവിടെയോ ഉള്ള ഒരു കൂപ്പിലെ സീസൺ പണി കഴിഞ്ഞ് തിരികെ ഉടമയുടെ വീട്ടിലേക്ക് നാഷണൽ ഹൈവേ വഴി നടന്ന് വരികയായിരുന്ന നന്ദനെ ഒരു സൂപ്പർഫാസ്റ്റ് ബസ്സ് ആലപ്പുഴയ്ക്കടുത്തുവച്ച് ഇടിച്ചു. നന്ദന്റെ ഒരു കൊമ്പ് ഒടിഞ്ഞു. നന്ദൻ റോഡരികിൽ വീണു. കണക്കന്റെ വീട്ടിലെ ഫോൺ ചത്തിരിക്കുകയായിരുന്നതുകൊണ്ട് പാപ്പാനായ വെള്ളിയാഴ്ച്ച അപ്പഴ് തന്നെ ഈ വിവരം നാട്ടിലുള്ള തന്റെ അനിയൻ ഉണ്ണിയെ ഫോൺ ചെയ്ത് അറിയിച്ചു.

കണക്കനോട് ഈ വിവരം പറയാൻ പോണ വഴിക്ക് പാക്കരനെ കണ്ടപ്പോൾ, പാക്കരന്റെ കൂട്ടുകാരനായ ഉണ്ണി ഈ വിവരം പാക്കരനോട് പറഞ്ഞു. പാക്കരൻ അത് കേട്ട പാതി കേൾക്കാത്ത പാതി വാർത്ത “ബ്രേക്ക്” ചെയ്യാനായി ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയിലേക്ക് ഓടി. വാർത്ത കാട്ടുതീ പോലെ പടർന്നു. ത്യാഗൻ‌മാസ്റ്ററുടെ കടയുടെ മുന്നിൽ ആളു കൂടി. വൈദ്യരുടെ ഷാപ്പിൽ നിന്ന് നന്നായി മിനുങ്ങിയിട്ട് കരയോഗത്തിന്റെ തിണ്ണയിൽ ഒരു ഉറക്കത്തിന്റെ വട്ടം കൂട്ടുകയായിരുന്ന ശശിയും ആൾക്കൂട്ടം കണ്ട് ത്യാഗൻ‌മാസ്റ്ററുടെ കടയുടെയടുത്ത് ചെന്നു. ആന മരണവെപ്രാളം കാണിക്കുകയാണെന്നറിഞ്ഞ് ശശി വയലന്റായി.

“എന്റെ നന്ദനെ വണ്ടിയിടിച്ചേ…..അയ്യോ……” അതൊരലർച്ചയായിരുന്നു. ശശിക്ക് വട്ടിളകി.

ശശി റോഡരികിൽ കിടന്ന ഒരു പാറക്കഷണമെടുത്ത് ത്യാഗൻ‌മാസ്റ്ററുടെ ചായക്കടയുടെ മുൻ‌വശത്തെ റോഡരികിൽ പാർക്ക് ചെയ്തിട്ടിരുന്ന “മുള്ളുവാള” എന്നറിയപ്പെടുന്ന ഡ്രൈവിംഗ് സ്കൂൾ മുതലാളി ചന്ദ്രസേനന്റെ ആശാൻ “ആശാൻ ബസ്സിന്റെ” ചില്ല് എറിഞ്ഞ് പൊട്ടിച്ചിട്ട് മുന്നോട്ട് ഓടാ‍ൻ തുടങ്ങി. കടയിൽ ചായകുടിച്ചുകൊണ്ടിരികുകയായിരുന്ന മുള്ളുവാള ഇതുകണ്ട് ഞെട്ടി എഴുന്നേറ്റ്,

“അവനെ പിടിയെടാ, അവന് ഭ്രാന്തായടാ…” എന്ന് വിളിച്ചുകൂവി. നാട്ടുകാരെല്ലാരും കൂടെ ശശിയെ പിടിക്കാനായി ശശിയുടെ പുറകേ ഓടാൻ തുടങ്ങി.

“ആഹാ.., ഞാനിപ്പം കാണിച്ചു തരാം” എന്നും പറഞ്ഞ് ശശി ഓടി ചെന്ന് തൊട്ടടുത്തുണ്ടായിരുന്ന പങ്കിയമ്മയുടെ പുരയിടത്തിലെ കിണറ്റിലേക്ക് ശശി എടുത്ത് ചാടി. പുറകേയുണ്ടായിരുന്ന നാട്ടുകാരും, തൊട്ടടുത്ത് നടക്കുകയായിരുന്ന കെട്ടിടം പണി സൈറ്റിലെ പണിക്കാരെല്ലാരും കൂടെ കിണറ്റിനുചുറ്റും ഓടികൂടി കിണറ്റിനുള്ളിലേക്ക് നോക്കി.

കിണറ്റിൽ വീണ ശശി മരിച്ചില്ല. ഒരു കൈ ഉയർത്തി കിണറ്റിന്റെ ഉറയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അതുകണ്ട പാക്കരൻ “ശശിയണ്ണൻ മരിച്ചില്ലേ….” എന്ന് വിളിച്ചു കൂവി.

“അവനെ കെട്ടിക്കയറ്റെടാ…”, ത്യാഗൻ‌മാസ്റ്റർ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. “ശശീ, നീ വിഷമിക്കണ്ട, കസേര ഇറക്കിതരാം, നീ അതിൽ കയറ്”.. കിണറ്റിലേക്ക് നോക്കി ത്യാഗൻ‌മാഷ് വിളിച്ചു പറഞ്ഞു.

പെട്ടന്നു തന്നെ ആരോ എവിടുന്നോ ഒരു കയർ ഒപ്പിച്ചോണ്ട് വന്നു. ആരോ പങ്കിയമ്മയുടെ വീട്ടീന്ന് ഒരു കസേര എടുത്തോണ്ട് വന്ന് അതിന്റെ 2 കൈകളിലും കയറിൽ കെട്ടി അത് കിണറ്റിലേക്ക് പെട്ടന്നിറക്കി കൊടുത്തു.ശശി വല്ലച്ചാദീം ആ കസേരയിൽ കയറി ഇരുന്നു. നാ‍ട്ടുകാരെല്ലാരും കൂടെ അത് പതുക്കെ വലിച്ച് മുകളിൽ കയറ്റി. കസേര പതുക്കെ പതുക്കെ പൊങ്ങി മുകളിലേക്ക് വന്നു. ശശി ചിരിച്ചോണ്ട് ആളുകളെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ലിഫ്റ്റ് പൊങ്ങുന്നതുപോലെ കസേര മുകളിലെത്തി.

ശശിയെ കിണറ്റിന്റെ അരികത്തേക്ക് അടുപ്പിക്കാൻ തുടങ്ങിയപ്പഴേക്കും കെട്ടി കയറ്റിയ കസേരയുടെ ഒരു വശത്തെ കെട്ട് അഴിഞ്ഞ് പോയി.

ശശി താ‍ഴോട്ടുള്ള വീഴ്ച്ചയിൽ കിണറ്റിന്റെ പടികളിൽ അവിടെയും ഇവിടെയും “പടക്ക് പടക്ക്“ എന്ന് ഇടിച്ച് നേരെ കിണറ്റിൽ വീണ് ചത്തു പോയി.





ബാലൻസ് ഷീറ്റിലേക്ക്

12 12 2005

ഇന്നലെ വൈകിട്ട് മുദീറിന്റെ വീട്ടിൽ കൂടി. ഇന്ന് ലീവ് എടുക്കാമെന്ന് കരുതി ജെ&ബി റെയറിന്റെ പിടുത്തത്തിൽ കിടന്നുറങ്ങിയ എന്നെ രാവിലെ ബോസ്സ് വിളിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു , ഇന്ന് ഫൈനൽ സെറ്റിൽമെന്റിന് വല്യ ആളുടെ പ്രതിനിധി റിസോർട്ടിൽ വരുന്നുണ്ട്, അതുകൊണ്ട് ഞാൻ വരാതിരിക്കരുത് എന്ന്. ഓഫീസിൽ വന്നു, ഫൈനൽ സെറ്റിൽമെന്റ് നെഗോസിയേഷനൊക്കെ കഴിഞ്ഞു, വല്യ ആളുടെ ഓഫീസിൽ പോയി, അതെല്ലാം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ എന്റെ മേശപ്പുറത്തൊരു പൊതി. തുറന്നു നോക്കിയപ്പോൾ ദാ, ഈ പടത്തിൽ കാ‍ണുന്ന സാധനങ്ങൾ!

ഇന്ന് വെളുപ്പിനെ റിസോർട്ടിൽ നിന്ന് ചെക്കൌട്ട് ചെയ്തുപോയ ഫേയി കോക്സും (സെക്രട്ടറി ജനറൽ, ഏഷ്യാനിയ പാരച്യൂട്ടിംഗ് ഫെഡറേഷൻ – ലോകമാമാങ്കം നടന്നില്ലേ, അവരായിരുന്നു അതിന്റെ ചീഫ് ജഡ്ജ് ) അവരുടെ ഭർത്താവ് ജിം കോക്സും(മീറ്റ് കണ്ട്രോളർ) എനിക്ക് തരാനാ‍യി ഫ്രണ്ട് ഓഫീസിൽ ഏൽ‌പ്പിച്ചിട്ട് പോയതാണിത്. തുടക്കം മുതൽ എന്റെ ഓട്ടം കണ്ടതാ അവർ! അത് എല്ലാരേയും കാണിക്കണമെന്ന് തോന്നി.

ഓർഗനൈസിംഗ് കമ്മിറ്റിയിൽ നിന്ന് സൈഡ്‌ലൈൻ ചെയ്യപ്പെട്ട വേറെ ഒരു “പുലി“യും ഇന്ന് എന്നെ വിളിച്ച് അഭിനന്ദിച്ചു. ഇവിടെ താമസിച്ച 2-3 ടീമുകൾ ചെക്കൌട്ട് ചെയുന്നതിന് മുൻപ് ജി.എമ്മിന്റെ മുന്നിൽ വച്ച് എന്നെ അഭിനന്ദിച്ചു സംസാരിച്ചു. എനിക്ക് സന്തോഷമായി.

കമന്റിൽ ആദിത്യൻ പറഞ്ഞിരുന്നത് ശരിയാ… കഠിനാധ്വാനം എന്നേലും ആരേലും മനസ്സിലാ‍ക്കും!