
ഇവിടെ ഉം അൽ കുവൈനിൽ മുരിങ്ങകൾ പൂത്തു. മറ്റെവിടെയെങ്കിലും പൂത്തോന്ന് അറിയില്ല. ഫുജൈറയിലും അജ്മാനിലും റാസൽഖൈമയിലും ഷാർജ്ജയിലും ദുബായിലും അബുദാബിയിലും ഒക്കെ പൂത്തിട്ടുണ്ടാകും. നാട്ടിൽ മുരിങ്ങ പൂത്തോ? നമ്മുടെ മുദീറിന്റെ വീടിന്റെ മുന്നിലെ മുരിങ്ങ മരത്തിലെ പൂവാണിത് – എന്റെ മൊബൈൽ വച്ച് ഇന്നലെ എടുത്തതാ. (പടത്തിന്റെ ഗുണം കണക്കാ.)
ദേവരാഗം ദേവ് മുരിങ്ങയില കൊണ്ട് കറിവയ്ക്കുന്ന കാര്യം പറഞ്ഞതോർക്കുന്നു. എല്ലാവർക്കും വേണ്ടി ഇതാ ഒരു മുരിങ്ങയില റെസീപ്പി. സാക്ഷാൽ ശ്രീമാൻ മുദീറിന്റെ പുറകേ ഇന്നലെ നടന്ന് ചീത്തവിളിയും കേട്ട് എഴുതി എടുത്തതാ ഇത്. പരീക്ഷിക്കുക. (മുദീറിന്റെ കൂടുതൽ റെസീപ്പികൾ ചിന്ത.കോം ലെ പാചകം എന്ന സെക്ഷനിൽ കാണാം)
മുദീറിന്റെ മുരിങ്ങയില എരിശ്ശേരി
ചേരുവകൾ:
മുരിങ്ങയില വൃത്തിയാക്കി നാരില്ലാതെ ഊരിയെടുത്തത് – 2 കപ്പ്
വെള്ളം – 1 1/2 കപ്പ്
അരയ്ക്കാൻ
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
ഉണക്കലരി (പച്ചരി) – 1 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
കടുക് വറക്കുന്നതിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
വറ്റൽ മുളക് മുറിച്ചത് – 3 എണ്ണം
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 2 കതിർപ്പ്
തേങ്ങയും അരി കഴുകിയതും ജീരകവും കൂടി നന്നായി തരിയില്ലാതെ അരച്ചെടുക്കുക. ഉപ്പ് അതിൽ ചേർത്ത് വയ്ക്കുക. അല്പം വെളിച്ചെണ്ണ ചുടാക്കി അതിൽ മുരിങ്ങയില ഇട്ട് ഇളക്കി വാട്ടി കോരി വയ്ക്കുക.
തേങ്ങയും അരിയും ജീരകവും കൂടെ അരച്ചതിൽ വെള്ളം ചേർത്ത് ഒരു ചട്ടിയിൽ തിളപ്പിക്കുക. തിളച്ചാൽ വാട്ടി കോരിവച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് ഇളക്കി പതഞ്ഞു വരുമ്പോൾ വാങ്ങുക.
ചീനചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മറ്റുള്ള സാധനങ്ങൾ (വറ്റൽമുളക്, കറിവേപ്പില) മൂത്താൽ എരിശ്ശേരി ഇതിലേക്കൊഴിച്ച് വാങ്ങുക.
പകർന്ന് ഭംഗിയുള്ള പാത്രത്തിലാക്കി മാറ്റി വയ്ക്കുക.എരിശ്ശേരിക്ക് അയവ് വേണമെങ്കിൽ ഒന്നരകപ്പ്-രണ്ട് കപ്പ് വെള്ളം ചേർക്കാം.ചോറിൽ ഒഴിച്ചു കുഴച്ച് കുട്ടാനുള്ള കറിയാണിത്.
പുതിയ അഭിപ്രായങ്ങള്