ഇന്ന് രാവിലെ എന്റെ ഒരു പ്രിയ സുഹൃത്ത് ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിൽ വന്നു-ഹോട്ടലിൽ വരുന്ന അതിഥികൾക്കായി ഒരു പുതിയ പാക്കേജ് രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കാനായിട്ട്. അദ്ദേഹം വന്നു, ജി.എമ്മിനെ കണ്ടു, സംസാരിച്ചു. പുള്ളിക്കാരന്റെ തലയ്ക്കകത്ത് നിന്നും സ്പൊണ്ടേനിയസായിട്ട് വരുന്ന ഐഡിയകളിൽ എനിക്ക് സത്യത്തിൽ അസൂയ തോന്നി!
ബ്രെയിൻസ്ട്രോമിങ്ങ് സെഷൻ കഴിഞ്ഞ് പുള്ളിക്കാരൻ പുതിയതായി ഈ കഴിഞ്ഞ ആഴ്ച്ചകളിൽ ഒന്നിൽ വാങ്ങിയ സിഗ്മയുടെ ഇമേജ് സ്റ്റബിലൈസർ ഉള്ള ടെലിഫോട്ടോ ലെൻസ് എന്നെ കാണിച്ചു. അതെടുത്ത് തന്റെ വിലകൂടിയ ക്യാമറയിൽ ഘടിപ്പിച്ചിട്ട് , കൌതുകത്തോടും ബഹുമാനത്തോടും ആ ലെൻസിൽ നോക്കി നിന്ന എന്റെ കൈയ്യിലേക്ക് തന്നിട്ടു പറഞ്ഞു, “ദാ, തുടങ്ങിക്കോ…“. ഞാൻ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. എനിക്ക് കുറേ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഉണ്ട്. അവരിൽ മിക്കവരും അവരുടെ ക്യാമറയിലോ ലെൻസുകളിലോ മറ്റും ആരും തൊടുന്നത് പോയിട്ട് നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാ. എന്റെ ഈ സുഹൃത്ത് എന്നെ അമ്പരപ്പിച്ചു. (പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും, ഞങ്ങൾ തമ്മിൽ നേരിൽ കാണുന്നത് ഇത് രണ്ടാമത്തെ തവണയാണ് ) പുള്ളിക്കാരൻ എടുത്ത പടങ്ങൾ ഫ്ലിക്കറിൽ ഞാൻ കണ്ടിരുന്നു. പുള്ളിയുടെ ലാപ്ടോപ്പിൽ ആ പടങ്ങൾ വീണ്ടും ഞാൻ കണ്ടു. ഫ്ലിക്കറിൽ പോസ്റ്റ് ചെയ്യാത്ത ഒരുപാട് പടങ്ങളും അതിൽ കണ്ടു.
കഴിഞ്ഞ തവണ (ആദ്യ തവണ)കണ്ടപ്പോൾ “ബേക്കൺ”ൽ തുടങ്ങിയ സംസാരം ചെന്നെത്തിയത് യൂറോപ്പിൽ നിന്നുള്ള കടൽമാർഗ്ഗമുള്ള അധിനിവേശങ്ങൾ കേരള സംസ്കാരത്തിലും കേരള ചരിത്രത്തിലും ചെലുത്തിയ സ്വാധീനങ്ങളിലുമാണ് . പുള്ളി യൂറോപ്പിലായിരുന്ന സമയത്ത് അതെ കുറിച്ച് നടത്തിയ ഗവേഷണങ്ങളെ കുറിച്ച് എന്നോട് സംസാരിച്ചു. അവിടുത്തെ സർവകലാശാലകളിലൊന്നിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ചരക്കുകപ്പലുകളുടെ ലോഗുകൾ പരിശോധിച്ചതും മറ്റും ഒക്കെ എന്നോട് പറഞ്ഞിരുന്നു. ഇന്നത്തെ വിഷയം എന്തായിരിക്കും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.
ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കിളി ഞങ്ങളുടെ മുന്നിലുടെ പറന്നുപോയി. അത് കൌതുകത്തോടെ നോക്കിയ പുള്ളിയോട് ഞങ്ങളുടെ റിസോട്ടിൽ ഒരുപാട് കിളികൾ ഉണ്ടെന്നു ഞാൻ പറഞ്ഞു. അതുപോലെ തന്നെ ഒരുപാട് ദേശാടനക്കിളികൾ വരുന്നിടമാണ് ഞങ്ങളുടെ റിസോർട്ടിന്റെ മുൻവശത്തെ കടൽത്തീരം എന്നും ഞാൻ പറഞ്ഞു. അതുകേട്ട് ഉത്തേജിതനായ പുള്ളിക്കാരൻ ക്യാമറയുമായി റസ്റ്റോറന്റിനടുത്തുള്ള കടൽതീരത്തേക്കിറങ്ങി. അവിടിരുന്ന പക്ഷികളുടെ പടം എടുത്തു. ഞങ്ങൾ വരുന്നതുകണ്ടിട്ടാകണം, കിളികൾ പറന്നു പോയി. വാടിയ എന്റെ മുഖം കണ്ട എന്റെ സുഹൃത്ത് പറഞ്ഞു, “സാരമില്ല, ഡോണ്ട് വറി. അവന്മാരിപ്പം തിരിച്ചിങ്ങെത്തും. നമ്മൾ അപകടകാരികൾ അല്ല എന്ന് അവയ്ക്ക് മനസ്സിലായാൽ മതി”. ഞങ്ങൾ അവിടെ അടുത്തുള്ള പടിക്കെട്ടിൽ പതുക്കെ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ പറന്നുപോയ കിളികൾ പുള്ളിക്കാരൻ പറഞ്ഞതുപോലെ തിരികെയെത്തി. പുള്ളി അവയുടെ പടങ്ങളെടുത്തു. പുള്ളി യു.ഏ.ഈ യിലെ കിളികളെ കുറിച്ച് വാചാലനായി.
കുറച്ച് കഴിഞ്ഞ് വേറെ ഒരു കിളി പറന്നു വന്ന് ഹോട്ടലിലെ പാർട്ടി ഡെക്കിന്റെ അറ്റത്തിരുന്നു. അതു കണ്ട പുള്ളിക്കാരൻ, സുരേഷ് ഗോപി ചില സിനിമകളിൽ കമാന്റോ ശൈലിയിൽ കൈയ്യിൽ തോക്കും പിടിച്ച് വെടിവയ്കാൻ പോകുന്നതും, വെടിവെയ്ക്കാനായി മതിലിൽ ചാരിനിൽക്കുന്നതും കണ്ടിട്ടില്ലേ? അതുപോലെ എന്റെ സുഹൃത്ത് ശബ്ദമുണ്ടാക്കാതെ ക്ഷമയോടെ മറഞ്ഞുനിന്ന് കിളികളുടെ പടങ്ങൾ ‘ചക ചകാ’ എന്ന് എടുത്തു. എന്നിട്ടെന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു , “കലേഷേ, അത് വനേലസ് ഇൻദിക്കസ് ആണ്, അതായത് പ്ലൊവർ – റെഡ് വാറ്റിൽഡ് പ്ലൊവർ.“ അതുകേട്ട് ഞാൻ മനസ്സിൽ പറഞ്ഞു, എന്റെ പ്രിയ സുഹൃത്തേ, എനിക്ക് കിളികളെ കുറിച്ച് എന്തറിയാം? എനിക്കറിയാവുന്ന കിളികൾ – കാക്ക, പ്രാവ്, മൈന, പിന്നെ ഇവിടെ ഇടയ്ക്കിടയ്ക്ക് വരുന്ന ഫ്ലമിംഗോകൾ. ഞാൻ ചിരിച്ചു. മൌനം വിദ്വാനു ഭൂഷണം! അപ്പഴ് തന്നെ, എന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ പുള്ളി പറഞ്ഞു, “മൈനകളേയും കാക്കകളേയും പ്രാവുകളേയുമൊന്നും ഞാൻ കിളികളുടെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല” എന്ന്. ഞാൻ അതുകേട്ട് ചിരിച്ചു പോയി.
ആ കിളിയുടെ പടം എടുത്ത ശേഷം ഞങ്ങളുടെ റിസോട്ടിന്റെ തൊട്ടടുത്തുള്ള അക്വാപാർക്കിന്റെ പിറകിലായുള്ള കടൽതീരത്ത് 2-3 കിളികൾ വന്നിരിക്കുന്നത് കണ്ട് അവയുടെ പടങ്ങളെടുക്കാനായി, അക്വാപാർക്കിന്റെ പിൻഭാഗത്ത് ഉള്ള ‘നോ മാൻസ് ലാന്റി‘ലേക്ക് ഞങ്ങൾ കടന്നു. താഴെ മണലിൽ കിളികളുടെ കാൽപ്പാദങ്ങൾ പതിഞ്ഞു കിടന്നിരുന്നു. അവ നോക്കി എന്റെ സുഹൃത്ത് എനിക്ക് മനസ്സിലാകാത്ത ഭാഷയിൽ കിളികളുടെ പേരുകൾ പറയുകയാണ് – ഇത് ഇന്ന കിളിയുടെ കാല്പാദം , ഇത് ഫ്ലമിങ്ഗോയുടെ കാല്പാദം, ഇത് ഇന്ന കിളിയുടെ കാല്പാദം എന്നൊക്കെ! ഞാൻ അതെ എന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് പുറകേ നടന്നു.
എന്റെ മുന്നിലായി നടന്ന എന്റെ സുഹൃത്ത് പെട്ടന്നു നിന്നു. ക്യാമറ താഴെ മണ്ണിലേക്ക് ചൂണ്ടി 5-6 പടങ്ങൾ എടുത്തു. ഞാൻ നോക്കിയിട്ടെനിക്കൊന്നും പിടികിട്ടിയില്ല. പുള്ളിക്കെന്തുപറ്റി എന്ന് ഞാൻ ആലോചിച്ചു. “എന്താ മിഴിച്ചു നിൽക്കുന്നത്?” എന്ന ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ ചോദിച്ചു, “മണ്ണിന്റെ പടം എടുക്കുകയാണോ?”. പുള്ളി ചിരിച്ചോണ്ട്, “മണ്ടച്ചാരേ, ഡെസർട്ട് ലിസാർഡ്, ഇതാ…” ഞാൻ താഴേക്ക് നോക്കി. ഒന്നും കണ്ടില്ല. അതുമനസ്സിലാക്കിയ പുള്ളി ചൂണ്ടി കാണിച്ചു തന്നു. മണലിന്റെ നിറത്തോട് വളരെ സാമ്യമുള്ള പല്ലി വർഗ്ഗത്തിൽ പെട്ട ഒരു ജീവി! ഞാൻ പറഞ്ഞു, “ സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ കണ്ണുകളെ!“.
ഞങ്ങൾ നിന്ന സ്ഥലത്തിനു തൊട്ടടുത്ത് ഒരു ചതുപ്പ് നിലം പോലെ കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് കുറച്ച് ചെറിയ കുറ്റികൾ പോലെത്തെ സംഗതികൾ മണ്ണിലേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. അവ ചൂണ്ടിക്കാട്ടി പുള്ളി എന്നോട് പുള്ളിക്കാരൻ ചോദിച്ചു, “അതെന്താണെന്നറിയാമോ?” ഇല്ലെന്നു പറഞ്ഞ എന്നോട് പുള്ളി,“ അത് ദാ ആ കാണുന്ന ചെടികളുടെ വേരുകളാണ്. ആ വേരുകൾക്കിടയിൽ ഒരു പ്രത്യേക തരം ജീവികളുണ്ട്“. അതുമായി ബന്ധപ്പെട്ട് ഇവിടം ഭയങ്കര ലൈവ്‌ലി ആണ് കലേഷ്. എനിക്കിവിടെ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയുന്നു. ഫോട്ടോഗ്രാഫറുടെ കണ്ണുകൾ എപ്പഴും ഷാർപ്പ് ആയിരിക്കണം!“.
പെട്ടന്ന് പുള്ളിയുടെ ശ്രദ്ധ തിരിഞ്ഞു. ക്യാമറ ദൂരേക്ക് ചൂണ്ടി വീണ്ടും പടമെടുപ്പ് തുടങ്ങി. ദൂരെ ഒരു പാറക്കൂട്ടത്തിൽ ഒരു കിളി വന്നിരുന്നു. അതിന്റെ പടങ്ങൾ എടുത്തിട്ട് പുള്ളിക്കാരൻ ക്യാമറയുടെ പിറകിലെ ഡിസ്പ്ലേ പാനലിൽ എടുത്ത പടങ്ങൾ പ്രീവ്യൂ ചെയ്യുന്നുണ്ടായിരുന്നു. പടം വലുതാക്കി നോക്കിയിട്ട് പുരികം ചുളിച്ച് ചിന്താമഗ്നനായി ആകാശത്തേക്ക് നോക്കി നിൽക്കുന്ന പുള്ളിക്കാരനോട് ഞാൻ “എന്തുപറ്റി?” എന്ന അർത്ഥത്തിൽ, “ങും?“ എന്നു ചോദിച്ചു. “ഇവനേതാന്നൊരു പിടിയും കിട്ടുന്നില്ല. ഒരു സംശയം, കാലിഡ്രിസ് റ്റെനുറോസ്റ്റിസിസ് ആണോ എന്ന്.” ഞാൻ ആ പേരു കേട്ട് പുകഞ്ഞ് നിൽക്കുന്ന എന്നെ നോക്കി എന്റെ സുഹൃത്ത് പറഞ്ഞു, “ഇന്നത്തെക്ക് ഇത് മതി കലേഷേ, ബാക്കി അടുത്ത തവണ“.ഞാൻ പറഞ്ഞു, “ചൂട് ഒന്നൂടെയൊന്ന് കുറയട്ടെ, ഇവിടെ ദേശാടനക്കിളികളുടെ ബഹളമായിരിക്കും“.അതുകേട്ട് പുള്ളി പറഞ്ഞു“ദേശാടനക്കിളികൾ വരാറാകുമ്പഴേക്ക് ഞാൻ വീണ്ടും എത്തും”. ഞങ്ങൾ തിരിച്ച് റിസോർട്ടിലെത്തി. അദ്ദേഹം കാറിൽ കയറി തിരികെ പോയി.
ദേശാടനക്കിളികൾ വരുന്നത് കാത്ത് ഞാനിരിക്കുകയാണ്. ദേശാടനക്കിളികളെ കാണാനല്ല.
എന്റെ സുഹൃത്തിന്റെ കൂടെ നടക്കാൻ, അദ്ദേഹം പടങ്ങളെടുക്കുന്നത് കാണാൻ, സൂര്യന്റെ കീഴെയുള്ള എന്ത് വിഷയത്തെക്കുറിച്ചും ആധികാരികമായി പടപടാന്ന് സംസാരിക്കുന്നത് കേൾക്കാൻ.
അടുത്ത വരവിന് വളരെ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും പുള്ളി ചർച്ച ചെയ്യുക. അതും കാത്ത് ……
പി.എസ്: ഈ ആളിനെ മിക്ക വായനക്കാരും അറിയും. മലയാളം യുണീകോഡിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്ന ഇദ്ദേഹം ഇപ്പോൾ സ്വന്തമായി തുടങ്ങിയ ബിസ്സിനസ്സിന്റെ തിരക്കുകൾ കാരണം ആക്റ്റീവ് ബ്ലോഗിങ്ങിൽ നിന്നും യുണീകോഡ് പ്രചരണത്തിൽ നിന്നും മാറി നിൽക്കുകയാണ് ! മലയാളം സ്കൂളിൽ പഠിക്കാത്ത മലയാളിയായിട്ടും, മലയാള ഭാഷയോടുള്ള താൽപര്യം കൊണ്ട് മലയാളം പഠിച്ച് മലയാളത്തിൽ ഡയറക്റ്റ് കീബോർഡ് എന്ററി സിസ്റ്റവും മലയാളം യുണീകോഡിൽ ബൈബിൾ വെബ്ബ് സൈറ്റും തീർത്തയാൾ ആണ് കഥാനായകൻ.
പുള്ളിക്കാരനെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ (ഞാൻ മനസ്സിലാക്കിയവ) പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. വിശേഷണങ്ങൾക്കൊക്കെ അതീതനാണ് എന്റെ പ്രിയ സുഹൃത്ത് നിഷാദ് കൈപ്പള്ളി.
നിഷാദിനെ കുറിച്ച് കൂടുതൽ ഈ ലിങ്കുകളിൽ :
നിഷാദിന്റെ ഫൊണറ്റിക്ക് മലയാളം സൈറ്റ്
പുതിയ അഭിപ്രായങ്ങള്