ഒരു നൈജീരിയൻ കഥ.

29 11 2005

ഞാൻ ഈ പോസ്റ്റ് സ്വാർത്ഥന് സമർപ്പിക്കുന്നു . പ്രിയ സ്വാർത്ഥൻ, ഇതെഴുതാൻ പ്രചോദനം താങ്കളാണ്. താ‍ങ്കൾ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്തില്ല. സമയക്കുറവാണ് കാരണം. ഇത് നേരത്തെ ടൈപ്പ് ചെയ്ത് വച്ചിരുന്നതാണ്. വെട്ടി തിരുത്തി പോസ്റ്റ് ചെയ്യുന്നു. താങ്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഇത് ഉയർന്നില്ലെങ്കിൽ സദയം ക്ഷമിക്കുക.

ലോകത്തെ ക്രൂഡ് ഓയിൽ സപ്ലൈയുടെ 3 % വരുന്നത് നൈജീരിയയിൽ നിന്നാണ്. പക്ഷേ, നിയമവാഴ്ച്ച എന്നൊരു സാധനം കേട്ടുകേഴ്വി പോലും ഇല്ലാത്ത ഒരു രാജ്യമാണ് നൈജീരിയ.അഴിമതിയും, പട്ടാപ്പകൽ തോക്കുകാട്ടി കൊള്ളയടിയും (ലൂട്ടിംഗ് ) പിടിച്ചു പറിയും ഒക്കെയുള്ള സ്ഥലമാണത്. പോലീസുകാർ വഴിയേ പോകുന്ന മിക്ക വണ്ടികളും കൈ കാണിച്ച് നിർത്തും. അകത്ത് ഒരു വിദേശിയാണിരിക്കുന്നതെങ്കിൽ, “വെൽക്കം റ്റു നൈജീരിയ സാർ” എന്ന് വളരെ വിനയത്തോടെ പറയും. എന്നിട്ട് പാസ്പോർട്ട് എവിടേന്ന് ചോദിക്കും. അപ്പഴ് തന്നെ ഒരു 500 നൈറ നോട്ടെടുത്ത് വീശിക്കോണം. പോലീസുകാരൻ അത് മേടിച്ച് പോക്കറ്റിൽ വച്ചിട്ട് ഒരുഗ്രൻ സല്യൂട്ട് അടിക്കും. എന്നിട്ട് പുള്ളി പറയും, ഇന്ന വഴിയേ പോകണ്ട, അവിടെ മറ്റവൻ എന്നെ പോലെ പിരിവിനാ‍യി നിൽ‌പ്പുണ്ട്, അതുകൊണ്ട് ഇന്ന വഴിയേ കറങ്ങി പൊക്കോ എന്ന്! വീട് കൊള്ളയടിക്കാനായി ആരേലും വന്നാൽ, താക്കോൽ അവരുടെ കൈയ്യിൽ കൊടുത്തേക്കുക. എന്നിട്ട് കസേരയിൽ വന്നിരിക്കുക. ലൂട്ടിംഗിനു വന്നവർ മേശയൊക്കെ തുറന്ന് ആവശ്യമുള്ളതൊക്കെ എടുത്തിട്ട് താക്കോൽ പൂട്ടി തിരിച്ച് ഏൽ‌പ്പിക്കും. ഉടുപ്പ് – നിക്കർ – തുണിമണികളൊന്നും അവർ എടുക്കില്ല. ഡോളർ, സ്വർണ്ണം എന്നിവ മാത്രേ എടുക്കൂ. നൈജീരിയയിലെ കറൻസിയായ നൈറ പോലും അവർ എടുക്കില്ല.

ഒരിക്കൽ അവിടെയൊരാൾ (ഇന്ത്യൻ വംശജൻ) ഈ ലൂട്ടിംഗിൽ മനം മടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാമെന്നു കരുതി. പരാതിയൊക്കെ എഴുതി തയാറാ‍ക്കി പുള്ളിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്പക്ടറെ കാണണമെന്ന് പറഞ്ഞു. ഇൻസ്പക്ടറുടെ മുറി തുറന്ന് അകത്തേക്ക് നോക്കിയതും, ഇന്നലെ തോക്കുകാട്ടി കൊള്ളയടിക്കാൻ വന്നയാൾ അതാ പോലീസ് ഇൻസ്പക്ടറുടെ യൂണീഫോമിട്ട് അവിടെ ഇരിക്കുന്നു!

“എന്താ, എന്തു വേണം?” എന്ന ഇൻസ്പക്ടറുടെ ചോദ്യം കേട്ടിട്ട്, “ഓ ഒന്നുമില്ല, ചുമ്മാതെ ഇവിടെ അടുത്ത് വരെ വന്നതാ, ഇനി ഇങ്ങോട്ട് വരില്ല” എന്നും പറഞ്ഞുകൊണ്ട് ആൾ ഇറങ്ങി പോയത്രേ.

ഈ കഥ എന്നോട് പറഞ്ഞത് നൈജീരിയയിൽ ഇടയ്ക്കിടയ്ക്ക് ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി പോകാറുള്ള എന്റെ ഒരു പ്രിയ സുഹൃത്താണ്. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം ഈ കഥയുടെ ബാക്കി എന്നോണം സംഭവിച്ച ഒരു കാര്യം കൂടി പറഞ്ഞു.

ഈ ഇന്ത്യൻ വംശജൻ പരാതി നൽകാൻ ചെന്ന പോലീസ് സ്റ്റേഷനിലെ ഇൻസ്പക്ടർക്ക് അങ്ങനെയിരുന്നപ്പോൾ ഒരു ദിവസം ഒരു മെസ്സേജ് കിട്ടുന്നു – പുള്ളിയുടെ സ്റ്റേഷൻ അതിർത്തിയിൽ ലൂട്ടിംഗ് നടക്കുന്നു. പുള്ളിക്കാരൻ അന്തം വിട്ടു, ശ്ശെടാ, താനടക്കമുള്ള പോലീസുകാരാണ് സാധാരണ ഈ അഭ്യാസത്തിന് പോകാറുള്ളത്. ഇന്ന് എല്ലാരും സ്റ്റേഷനിലുണ്ട് താനും! പോലീസുകാരെയെല്ലാം പുള്ളിക്കാരൻ വിളിച്ചു കൂട്ടി, തങ്ങളിൽ ആരുമല്ലാത്തവർ എന്നാൽ ആരെന്ന് കണ്ടുപിടിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് കരുതി പുള്ളിക്കാരനു പോലീസുകാരും കൂടെ ഒരു വണ്ടിയിൽ ലൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി.

ചെന്നപ്പം പരിചയമില്ലാത്ത 4-5 എണ്ണം ആണ് ലൂട്ടിംഗ് നടത്തുന്നത്. പോലീസുകാരുടെ ആളെണ്ണം കൂടുതലുണ്ടായിരുന്നതുകൊണ്ട് മറ്റവന്മാ‍ർ വിരണ്ടോടി. പക്ഷേ, രണ്ടെണ്ണത്തിനെ സ്പോട്ടിൽ നിന്ന് പൊക്കി ഉള്ളെ തള്ളി . ഇൻസ്പക്ടർ നോക്കിയപ്പോൾ ലൂട്ടിംഗ് നടത്തിയവർ ആർമി റൈഫിൾ വച്ചാണ് ഓപ്പറേഷൻ നടത്തിയത്. ഇവന്മാർ ആർമിയുടെ റൈഫിൾ അടിച്ചു മാ‍റ്റി അതു വച്ച് കൊള്ള നടത്തുന്നവന്മാരായിരിക്കുമെന്ന് ഇൻസ്പക്ടർ മനസ്സിലാക്കി.

ഇൻസ്പക്ടർ കള്ളന്മാരെ പൊക്കിയതിന്റെ സന്തോഷത്തിൽ അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ അവന്മാർക്കിട്ട് നന്നായി പെരുമാറിക്കോണ്ടിരിക്കേ, 2 മിലിട്ടറി ട്രക്ക് നിറച്ച് നൈജീരിയൻ

ആർമിക്കാർ വന്ന് പോലീസ് സ്റ്റേഷൻ ഇടിച്ചു നിരത്തി പോലീസുകാർ പിടിച്ച അവരുടെ കൊളീഗ്സിനെ മോചിപ്പിച്ചുകൊണ്ട് പോയി!
————————————————————————‌‌‌
ബാക്കി പത്രം: പോലീസുകാരെയോ പട്ടാളത്തിനേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം കഴിഞ്ഞ 7 മാസങ്ങളായി നൈജീരിയയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട്. അവർക്ക് ജീവിക്കണ്ടേ?





യു.ഏ.ഈയിൽ ഭൂമി കുലുക്കം – ബ്ലോഗറുമ്മാരെല്ലാം സുരക്ഷിതർ

27 11 2005

ഉം അൽ കുവൈനിൽ ഇന്നലെ മത്താ‍ഫിയുടെ (ഫയർ സ്റ്റേഷൻ) ഭാ‍ഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഭൂമി കുലുങ്ങി. കേരളകൌമുദിയുടെ യു.ഏ.ഈ പ്രതിനിധിയാ‍യ എന്റെ സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചപ്പഴാ ഞാ‍ൻ അതെ കുറിച്ച് അറിഞ്ഞത്. ആളപായം ഒന്നും ഇല്ല. ഞങ്ങളുടെ ഹോട്ടലിന്റെ ഭാ‍ഗത്തൊന്നും കുലുക്കം അനുഭവപ്പെട്ടില്ല.ഇന്ന് നാട്ടിൽ നിന്ന് എന്റെ ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങിയപ്പഴാണ് എനിക്കതിന്റെ സീരിയസ്സ്നെസ്സ് മനസ്സിലായത്.

ഞാ‍ൻ സുഹൃത്തുക്കളെയും സ്വന്തക്കാരെയും ഒക്കെ വിളിക്കാൻ തുടങ്ങി. ഇന്ന് ഉച്ചയ്ക്കും ഉം അൽ കുവൈൻ ബസ്സാർ/ നാഷണൽ ബാങ്ക് ഓഫ് ഉം അൽ കുവൈൻ ഭാഗങ്ങളിൽ ഭൂമി കുലുങ്ങി എന്ന് അവിടെ താമസിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു.മുദീറിനെ വിളിച്ചപ്പം ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഉറക്കത്തീന്ന് വിളിച്ചെഴുന്നേപ്പിച്ചതിന് എന്നെ തെറിയും പറഞ്ഞു!

ഇപ്പോൾ (3 മണി ലോക്കൽ ടൈം) ദുബൈയിലും ഷാർജ്ജയിലും ഒക്കെ ആളുകൾ ഇപ്പോൾ ബാഗുകളും സാധനങ്ങളും ഒക്കെയെടുത്ത് പുറത്തിറങ്ങി നിൽക്കുന്നു എന്ന് ദുബൈയിൽ നിന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ല. അതുല്യേച്ചിയെ വിളിച്ചപ്പോൾ ഫുൾ ദുബൈ കുലുങ്ങി എന്ന് പറഞ്ഞു. പുള്ളിക്കാരി ഇരുന്ന കസേര ഇളകിയെന്ന് പറഞ്ഞു. ദേവിനെ വിളിച്ചപ്പോൾ ദേവ് ഒന്നും അറിഞ്ഞില്ലന്ന് പറഞ്ഞു. ഫുജൈറയിലെ അനിലേട്ടനെ വിളിച്ചപ്പോൾ അനിലേട്ടൻ ഉറക്കത്തിലാ‍യിരുന്നു. ഷാർജ്ജയിലും ഭൂമി കുലുങ്ങി എന്ന് അറിയാൻ കഴിഞ്ഞു. ഷാർജ്ജയിൽ നിഷാദിന്റെ ഭാര്യയുടെ അമ്മ കിടന്നുറങ്ങിയ കട്ടിൽ നീങ്ങി എന്ന് നിഷാദ് പറഞ്ഞു. ഷാർജ്ജ സഹാറാ സെന്ററിന്റെ അവിടെയും കുലുങ്ങിയത്രേ! ഷാർജ്ജയിലുള്ള ഇബ്രു ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. പുള്ളിക്കാരൻ സൈറ്റിലാണ്. അവിടെ ഒരുമാതിരിപ്പെട്ട കുലുക്കങ്ങളൊന്നും അറിയില്ലെന്ന് പുള്ളി പറഞ്ഞു. ദുബൈയിൽ തന്നെയുള്ള രാ‍ജ് (പെരിങ്ങോടർ‌) ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഷെയ്ക്ക് സായിദ് റോഡിൽ എവിടെയോ ഒക്കെ കുലുങ്ങിയതായി കേട്ടു എന്ന് ഗന്ധർവൻ പറഞ്ഞു. ആളപായം ഉള്ളതായി ഇതുവരെ ആരും പറഞ്ഞ് കേട്ടില്ല.

കൂടുതൽ വിവരങ്ങൾ അവ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം.

അപ്ഡേറ്റ് 1: (4;11 പി.എം)
ഹമരിയ ഫ്രീ സോണിൽ 2 നിലകെട്ടിടങ്ങൾ ഒന്നര മിനിറ്റ് കുലുങ്ങി എന്ന് അവിടെ സ്ഥാപനമുള്ള ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. ഷാർജ്ജയിലൊക്കെ ആളുകളെ വീണ്ടും ഒഴിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു. വീണ്ടും കുലുക്കം ഉണ്ടാകാൻ സാധ്യതയുണ്ടത്രേ! റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി എന്നൊക്കെ പറയപ്പെടുന്നു.

അപ്ഡേറ്റ് 2:
യു.എസ് .ജി. എസ് വെബ്സൈറ്റ് ഈ ഭൂകമ്പത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
Magnitude 6.1 – SOUTHERN IRAN
2005 November 27 10:22:23 UTC
Preliminary Earthquake Report
U.S. Geological Survey, National Earthquake Information Center
World Data Center for Seismology, Denver

A strong earthquake occurred at 10:22:23 (UTC) on Sunday, November 27, 2005. The magnitude 6.1 event has been located in SOUTHERN IRAN. (This event has been reviewed by a seismologist.)
Magnitude 6.1
Date-Time Sunday, November 27, 2005 at 10:22:23 (UTC)
= Coordinated Universal Time
Sunday, November 27, 2005 at 1:52:23 PM
= local time at epicenter
Time of Earthquake in other Time Zones
Location 26.839°N, 55.834°E
Depth 35 km (21.7 miles) set by location program
Region SOUTHERN IRAN
Distances
60 km (35 miles) SW of Bandar-e Abbas, Iran
80 km (50 miles) NNW of Al Khasab, Oman
115 km (70 miles) N of Ra’s al Khaymah, United Arab Emirates
1065 km (660 miles) SSE of TEHRAN, Iran

Location Uncertainty horizontal +/- 6.4 km (4.0 miles); depth fixed by location program
Parameters Nst=106, Nph=106, Dmin=>999 km, Rmss=0.93 sec, Gp= 29°,
M-type=moment magnitude (Mw), Version=6
Source USGS NEIC (WDCS-D)





വാട്ട് കാലീഷ്.. യൂ ആന്റ് യുവർ കമ്പ്യൂട്ടർ….

24 11 2005

ഈ കഥയിലെ കഥാനാ‍യകൻ ഈ ഞാൻ തന്നെ. എന്റെ സുഹൃത്ത് ശിവൻ പറഞ്ഞതുപോലെ ബ്ലോഗിങ്ങ് എന്നു പറഞ്ഞാൽ ഒരു തരം ആത്മരതി അല്ലേ?! അല്ലാതെന്താ? :) പഴയ കഥയാ‍ണ്. സഹിക്കുക!

തന്റേതല്ലാത്ത കുറ്റം കൊണ്ട് ഹോട്ടൽ ലൈനിൽ വന്ന ഒരു ഐ.ടിക്കാരനാണ് ഞാൻ (വാക്കുകൾക്ക് അതുല്യ ചേച്ചിയോട് കടപ്പാട്!) ഞാൻ അന്ന് കൊടൈ-ക്കാനൽ എന്നാണ് തമിഴർ പറയുന്ന “കൊടൈക്കനാലിൽ“ ജോലി ചെയ്യുന്നു.ഞാൻ ജോലി ചെയ്യുന്ന ഗ്രൂപ്പിൽ ഒരു നക്ഷത്ര ഹോട്ടലും ഒരു കമ്പ്യൂട്ടർ ഡിവിഷനും അടക്കം ഒൻപത് സ്ഥാപനങ്ങളുണ്ട് . ഈ സ്ഥാപനങ്ങൾ കൊടൈക്കനാലിന്റെ വിവിധ ഭാഗങ്ങളിലാണ്. തസ്തികയുടെ പേര് “ഗ്രൂപ്പ് ഐ.ടി. മാനേജർ“ – കണ്ടാൽ ഞെട്ടുന്ന ഒരു വിസിറ്റിംഗ് കാർഡൊക്കെ കമ്പനി അടിച്ചു തന്നിട്ടുണ്ട്. “ഗ്രൂപ്പ് ഐ.ടി. മാനേജർ“ എന്നത് കേൾക്കാൻ രസമുള്ള പേരാണേലും ചെയ്യേണ്ട ജോലികൾ പലതാണ്. “ട്രബിൾ ഷൂട്ടിംഗിൽ“ തുടങ്ങി കമ്പ്യൂട്ടർ സെയിൽ‌സ് തൊട്ട് ഗ്രൂപ്പിലെ കോളേജിലെ ബീ.എസ്സീ/ എമ്മെസ്സീ – ഐ.ടി പിള്ളാർക്ക് ക്ലാസ്സെടുക്കൽ വരെ ചെയ്യണം. കോളേജും സ്കൂളും ടൌണിൽ നിന്നും മാ‍റി കൂറച്ച് ദൂരെയുള്ള സബർജിൽ മരങ്ങൾ നിറഞ്ഞ 2 മലകളിലാണ്. കൊടൈയിലെ മിക്ക റോഡുകളും കുത്തനെയാണ് – ഒന്നുകിൽ കയറ്റം, അല്ലേൽ ഇറക്കം. ശെംബകനൂർ ചെന്ന് തിരിഞ്ഞ് വേണം സ്കൂളിലും കോളേജിലും പോക്ൻ. സ്കൂളിലോട്ടുള്ള റോഡേ യാത്ര ചെയ്യാൻ വളരെ പാടാണ്. ഇടയ്ക്ക് മഴ പെയ്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴും. മനുഷ്യ വാസമില്ലാത്ത സ്ഥലത്തൂ‍ടെയൊക്കെ യാത്ര ചെയ്യണം. രാത്രികളിൽ വെട്ടവും വെളിച്ചവും ഒന്നും ചിലയിടത്ത് കാണില്ല. എനിക്ക് യാത്ര ചെയ്യാനായി മൊട്ട ടയറുള്ള, ഫ്രണ്ട് ബ്രേക്ക് ഇല്ലാ‍ത്ത ഒരു ബജാജ് കാലിബർ ബൈക്ക് തന്നിട്ടുണ്ട്. അതിൽ കൊടൈക്കനാലിലെ കുത്തനെയുള്ള മലഞ്ചരിവിലെ ഒരു സമയം ഒരു വണ്ടിക്കുമാത്രം പോകാൻ വേണ്ടത്രമാത്രം വീതിയുള്ള റോഡുകളിലൂടെ യാത്ര ചെയ്തത് ഓർക്കുമ്പം ഇപ്പം പേടിയാകുന്നു. അന്നതൊക്കെ ഒരു ത്രില്ലായിരുന്നു – പ്രായം അതായിരുന്നു!

ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യയുടെ അച്ഛൻ തമിഴ് നാട്ടിലെ തന്നെ ഏറ്റവും വല്യ പണക്കാരിലെ ടോപ്പ് 10 ആളുകളിലൊരാളാ. നമ്മളൊക്കെ തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ പോകുന്നുവെന്ന് പറയുന്നതുപോലെയുള്ളത്ര ലാഘവത്തോടെയാണ് ഗ്രൂപ്പിന്റെ ഉടമയുടെ ഭാര്യ -മാഡം- കൊടൈക്കനാലിൽ നിന്ന് അമേരിക്കയിൽ പോകുന്നത്. ആറുമാസത്തിൽ ഒരിക്കൽ കണിശമായും മാഡം അമേരിക്കയിൽ പോയിരിക്കും. പിന്നെ ഇടയ്ക്കിടയ്ക്ക് സിംഗപ്പൂർ, ദുബാ‍യ്, ശ്രീലങ്ക – ഷോപ്പിംഗിന്! അവർ കൊടൈക്കനാലിൽ താമസിക്കുന്നത് ഒരു കൊട്ടാരതുല്യമായ വസതിയിലാണ്.ഗ്രൂപ്പിലെ സകല കമ്പനികളിലെയും സകല സാമ്പത്തിക കാ‍ര്യങ്ങളും നിയന്ത്രിക്കുന്നതും മാഡം തന്നെയാ. അവരുടെ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരിൽ, അവരെ നേരിട്ട് കയറി ചെന്ന് കാണാൻ അനുവാദം ഉള്ള 5 പേരിൽ ഒരാളായിരുന്നു ഞാൻ – അതായത് അവരുടെ ഏറ്റവും വിശ്വസ്ഥരിൽ ഒരാൾ എന്നർത്ഥം. ഈ അഞ്ച് പേരിൽ അവരുടെ വീട്ടിലെ എല്ലാ മുറിയും കണ്ടിട്ടുള്ള ഏക വ്യക്തി ഞാൻ മാത്രമായിരുന്നു എന്നു തോന്നുന്നു – അതാ ഈ ഐ.ടി യുടെ ഗുണം! കമ്പ്യൂട്ടർ ശരിയാ‍ക്കാൻ എവിടെയും കയറി പോകാമല്ലോ! പക്ഷേ, ഈ അനുവാദത്തിന് ഭീകരമായ ദോഷ വശങ്ങളുമുണ്ടായിരുന്നു. പാതി രാത്രി 12 മണിക്കൊക്കെ കൂർക്കം വലിച്ചുറ്ങ്ങുന്ന നേരം ചിലപ്പം ഫോൺ വരും – “കലേഷ്, ആർ യൂ സ്ലീപ്പിങ്ങ്? മൈ ഡോട്ടർ ഈസ് കമ്പ്ലെയിനിംഗ് ദാറ്റ് പ്രിന്റർ ഈസ് നോട്ട് വർക്കിംഗ്. ക്യാൻ യൂ കം ആന്റ് സീ വാട്ട് ഈസ് റോങ്ങ് പ്ലീസ്?” പാതിരാത്രി 12 മണിക്ക് മരം കോച്ചുന്ന തണുപ്പത്ത് എത്ര തവണ കിടുങ്ങിവിറച്ച് ആ ചപ്പട്ട കാലിബറും ഓടിച്ച് കൊടൈക്കനാലിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നറിയാമോ! . ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് കഥയിലേക്ക് കടക്കാം.

അങ്ങനെ ഞാൻ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കവേ, ഒരു മഴക്കാ‍ലത്ത് ഒരു ദിവസം: അന്നും പതിവുപോലെ തന്നെ എടുപ്പത് പണിയുണ്ടായിരുന്നു. എന്തൊക്കെ വന്നാലും അന്ന് വൈകിട്ട് എന്തായാലും നേരത്തെ തന്നെ ഇറങ്ങണമെന്നും, അന്ന് രാത്രി കൊടൈക്കനാലിൽ ഹണീമൂണിനായി നാട്ടിൽ നിന്നും വന്ന സഹപാഠിയെയും അവന്റെ പുതിയപെണ്ണിനെയും (എന്റെ സ്വന്തക്കാരി) കൂട്ടി കൊടൈക്കനാലിലെ ടിബറ്റൻ റസ്റ്റോറന്റിൽ ഒൻപത് മണിയോടുകൂടെ പോയി ഡിന്നർ കഴിക്കണമെന്നും ഒക്കെ പ്ലാൻ ചെയ്തു. അന്നത്തെ ദിവസം എങ്ങനെയെങ്കിലും ഒക്കെ തീർത്തു. നാലു മണിയായപ്പം കൂട്ടുകാരനെ ഫോൺ ചെയ്തു. “ഞാൻ 5 1/2 ആകുമ്പഴേക്കും എത്താം, നീ റെഡിയായിട്ടിരിക്ക്” എന്നു പറഞ്ഞു.

വൈകിട്ട് നാലര മണിയായപ്പം സ്കൂളിൽ നിന്നും ഫോൺ വിളി വന്നു – “നെറ്റ് വർക്ക് ഡൌൺ“. ഹോട്ടലിൽ സുഹൃത്തിനെ വിളിച്ച് അല്പം താമസിക്കും ഞാൻ തിരിച്ചെത്താൻ എന്ന് പറഞ്ഞു. കാലിബറെടുത്ത് നേരെ സ്കൂളിൽ ചെന്നു. പോകുന്ന വഴിക്ക് മഴപെയ്ത് ഒരുപാട് ചെളി ഉണ്ടായിരുന്നു. ചെളിയിൽ നിന്ന് ഒഴിച്ച് വണ്ടി ഓടിച്ച് വല്ലച്ചാദിയും അവിടെ ചെന്ന് അത് ശരിയാക്കി തിരികെ ഇറങ്ങുമ്പോൾ പ്രിൻസിപ്പൽ വന്നു പറഞ്ഞു അങ്ങേരുടെ കമ്പ്യൂട്ടറിൽ ഡിസ്‌പ്ലേയ്ക്ക് എന്തോ പ്രശ്നം, അത് കൂടെ ഒന്ന് ശരിയാക്കീട്ട് പോകാൻ! പ്രിൻസിപ്പൾ നല്ല ഒരു മനുഷ്യനാണ്. അയാൾ ഫേവറുകൾ ആരോടും ചോദിക്കാത്ത മനുഷ്യനാ.

ഞാൻ ചെന്ന് അത് ശരിയാക്കാൻ തുടങ്ങി. ഡിസ്‌പ്ലേ കാർഡിന്റെ എന്തേലും പ്രശ്നമാ‍ണോന്ന് നോക്കാൻ വേണ്ടി സി.പി.യൂ അഴിച്ചിട്ട് അതിലുണ്ടായിരുന്ന ഡിസ്‌പ്ലേ കാർഡ് എടുത്ത് മാറ്റി പകരം എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ഡിസ്‌പ്ലേ കാർഡ് മാറ്റി ഇട്ട് നോക്കിയപ്പം അത് ശരിയായി. അതു കഴിഞ്ഞ് സി.പി.യൂ വിലെ സ്ക്രൂ തിരികെ ഇട്ടിട്ട് അത് ഓണാക്കിയിട്ട് ഒരു വിധത്തിലത് ഓണാകുന്നില്ല. പെട്ടു! വീണ്ടും അഴിച്ച് പെറുക്കി അത് ശരിയാക്കിയെടുത്തപ്പോൾ മണി 8 1/2. ടൌണിലെത്താൻ ഒരു മണിക്കൂറെങ്കിലും വേണം. ഇന്നത്തെ ടിബറ്റൻ ഡിന്നർ പാളിയോ?! പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്നും പെറുക്കി കെട്ടി ഇറങ്ങാൻ തുടങ്ങിയപ്പഴേക്കും അവിടെ ഫോൺ ബെല്ലടിച്ചു. ഞാൻ പുറത്തിറങ്ങി. ചെറുതായി മഴ ചാറുന്നുണ്ട്.

കാലിബർ സ്റ്റാർട്ടാക്കിയപ്പഴേക്ക് പ്രിൻസിപ്പൽ ഓടി വന്നു പറഞ്ഞു, “കലേഷ്, മാഡം ഈസ് ട്രൈയിങ്ങ് റ്റു റീച്ച് യൂ. സീംസ് ദെയറീസ് സം പ്രോബ്ലം വിത്ത് ഹെർ ഡോട്ടേഴ്സ് കമ്പ്യൂട്ടർ. ഷീ ഈസ് ഹോൾഡിംഗ് ദ ലൈൻ” എനിക്കറിയാവുന്ന സകല ഭാഷയിലും ഞാൻ മനസ്സിൽ തെറി വിളിച്ചു – എന്റെ തലേവിധിയെ! ചെന്ന് അവരോട് സംസാരിച്ചില്ലേൽ അതുമതി കാര്യങ്ങൾ കുഴയാൻ.

ഞാൻ ചെന്ന് ഫോൺ എടുത്തു. “കാ‍ലീഷ്, മൈ ഡോട്ടർ ഹാവ് റ്റു സബ്മിറ്റ് ഹെർ പ്രോജക്റ്റ് റ്റുമാറോ, നൌ വെൻ ഷീ ഈസ് സുച്ചിംഗ് ഓൺ ദ കമ്പ്യൂട്ടർ, ഇറ്റ് ഈസ് നോട്ട് വർക്കിംഗ്. വാ‍ട്ട് ഈസ് ഹാപ്പനിംഗ്?, കാൻ യൂ പ്ലീസ് കം ആന്റ് ചെക്ക്? ഇറ്റ് ഈസ് വെരി അർജന്റ്!“. (അവരുടെ മകൾ പഠിക്കുന്നത് കൊടൈ ഇന്റർനാഷണൽ സ്കൂളിലാ. അന്ന് ഒരു വർഷത്തെ ഫീസ് 4 ലക്ഷം രൂപയായിരുന്നു – ആറാം ക്ലാസ്സിൽ!). അവരെന്നെ വിളിക്കുന്നത് കാലീ‍ീ‍ീഷ് എന്നാ! എന്റെ പ്രിയ സുഹൃത്തുക്കളും പിന്നെ എന്നെ അങ്ങനെ കളിയാക്കി വിളിക്കാൻ തുടങ്ങി!

“ഐ ആം അറ്റ് സ്കൂൾ നൌ, ഇറ്റ് വിൽ ടേക്ക് അറ്റ് ലീസ്റ്റ് വൺ അവർ ടു റീച്ച് യുവർ ഹോം, ഐ വിൽ കം ആസ് ഫാസ്റ്റ് ആസ് ഐ ക്യാൻ” എന്നു പറഞ്ഞ് ഫോൺ വച്ചു. മഴയിൽ കുതിർന്നു കിടക്കുന്ന ടാറിടാത്ത റോഡിലൂടെ മൊട്ട ടയറുള്ള കാ‍ലിബറിൽ ഞാൻ ടൌൺ ലക്ഷ്യമാക്കി പാഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം ടയറുകൾ ചെളിയിൽ പുതഞ്ഞു കാലിബർ നടുറോഡിൽ നിന്നു. എന്റെ അണ്ണൻ സിംഗപ്പൂർ നിന്നും കൊടുത്തുവിട്ട സ്റ്റൈലൻ റീബോക്ക് ഷൂ രണ്ടും ചെളി കൊണ്ട് മൂടി. അവസാനം തുഴഞ്ഞ് തുഴഞ്ഞ് ബൈക്ക് ചെളി തീരുന്നടത്തെത്തിച്ചു. ബൈക്ക് ഒരു വിധത്തിൽ സ്റ്റാർട്ടാകുന്നില്ല. മാത്രമല്ല, ഷൂസിൽ ചെളി ഉള്ളതുകൊണ്ട് സ്റ്റാർട്ടാക്കാനായി കിക്കർ കിക്ക് ചെയ്യുമ്പോൾ കാൽ വഴുതി പോകുകയും ചെയ്യുന്നു. സകല ഈശ്വരന്മാരെയും വിളിച്ച് വളരെ കഷ്ടപ്പെട്ട് വല്ലച്ചാദീം സ്റ്റാർട്ട് ചെയ്ത് ഒരു പരുവത്തിന് മെയിൻ റോഡിൽ എത്തിച്ചു. ഒരു മുറുക്കാൻകടയിൽ നിന്ന് വെള്ളം വാങ്ങി ഷൂസിലെയും വണ്ടിയിലേയും ഒക്കെ ചെളി കഴുകി കളഞ്ഞു. അതു കഴിഞ്ഞ് വണ്ടിയുമെടുത്ത് ലോസ് ഘാട്ട് റോഡ് അവസാനിക്കുന്നിടത്ത് എത്തിയപ്പഴേക്കും വണ്ടി നിന്നു. പെട്രോൾ തീ‍ർന്നു പോയി. പറഞ്ഞ സമയത്ത് ചെന്നില്ലേൽ മാഡത്തിന്റെ സ്വഭാവം മാറും – “നോ എക്സ്ക്യൂസസ്, വാട്ട് സോ എവർ‌- അതാണ് പോളിസി! കാലിബറ് ഒരു സൈഡിൽ പൂട്ടി വച്ചിട്ട് ഞാൻ ഓടാൻ തുടങ്ങി. മണി 9 3/4 ആയി. ഓടി തളർന്ന് മാഡത്തിന്റെ വീട്ടിലെത്തി.

നേരേ മകളുടെ മുറിയിൽ ചെന്നു. മാഡവും അവിടെ നില്പുണ്ട്. “വാട്ടീസ് ദിസ് കാലീഷ്? യൂ ആന്റ് യുവർ കമ്പ്യൂട്ടർ….” പുള്ളിക്കാരി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു. “സീ വാട്ട് ഈസ് റോങ്ങ്” എന്ന് പറഞ്ഞിട്ട് അവർ മുറിക്ക് പുറത്തേക്ക് പോയി.

മാഡത്തിന്റെ മകൾ വന്നിട്ട് അമേരിക്കൻ അക്സന്റിൽ “ അങ്കിൾ, വെൻ ഐ ട്രൈ റ്റു സ്വിച്ചോൺ, കമ്പ്യൂട്ടർ ഈസ് നോട്ട് റ്റേണിംഗ് ഓൺ” എന്നു പറഞ്ഞു. അതു കേട്ടിട്ട് ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്തു നോക്കി. ശരിയാണ്. ഓണാകുന്നില്ല.

“യെസ്റ്റർഡേ, ഇറ്റ് വാസ് വർക്കിംഗ്, റ്റുഡേ, ഐ ഡോണ്ട് നോ വാട്ട് ഹാപ്പന്റ്!“ എന്ന് മാഡത്തിന്റെ മകൾ പറഞ്ഞു.

“ഡോണ്ട് വറി, ഐ വിൽ ഫിക്സ് ഇറ്റ്, ഗെറ്റ് മീ ഏ കപ്പ് ഓഫ് കോഫീ പ്ലീസ്” എന്നു മാഡത്തിന്റെ മകളോട് പറഞ്ഞിട്ട് ഞാൻ ആ കമ്പ്യൂട്ടറിന്റെ മുന്നിൽ തളർന്നിരുന്നു. മാഡത്തിന്റെ മകൾ എനിക്ക് കോഫി കൊണ്ടു വരാൻ ഇന്റർകോമിൽ വിളിച്ചു പറഞ്ഞു.

താഴെ കാർപ്പറ്റിൽ ഇരുന്ന ഞാൻ മേശയുടെ അടിയിൽ നോക്കിയപ്പോൾ കമ്പ്യൂട്ടറിന്റെ പവർ കേബിളുകൾ കുത്തിയ മൾട്ടി പിൻ എക്സ്റ്റൻഷൻ കോർഡ് കണ്ടു. അതിന്റെ സ്വിച്ച് ഓഫ് ആയിരുന്നു. അത് ഓൺ ചെയ്തിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോൾ കമ്പ്യൂട്ടർ ഓണായി!

ഞാൻ തല തിരിച്ച് മേലോട്ട് നോക്കിയപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്ന് സൂക്ഷ്മമായി നോക്കിക്കോണ്ടിരിക്കുന്ന മാഡത്തിന്റെ മകൾ മണ്ടത്തരം പറ്റി എന്നു മനസ്സിലാക്കി എന്നെ നോക്കി ചിരിക്കുന്നു. ഞാൻ തലയിൽ കൈയ്യും വച്ച് അവിടെ ഇരുന്നു പോയി. എനിക്ക് ദേഷ്യവും സങ്കടവും വിഷമവും ഒക്കെ ഒരുമിച്ച് വന്നു.

“സോറീ അങ്കിൾ… പ്ലീസ് ഡോണ്ട് റ്റെൽ മൈ മദർ, ഷീ വിൽ കിൽ മീ” അവൾ കെഞ്ചാൻ തുടങ്ങി.

“ഷെയിം ഓൺ യൂ! ഐ തോട്ട് ദാറ്റ് യൂ വെയർ ആൻ ഇന്റലിജന്റ് ഗേൾ!, ഡോണ്ട് വറീ, ഐ വോണ്ട് റ്റെൽ യുവർ മദർ“ എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റു. വാച്ചിൽ നോക്കിയപ്പം മണി പത്ത് ആയി. പത്തര മണിക്ക് ടിബറ്റൻ റെസ്റ്റോറന്റ് അടയ്ക്കും. നടന്ന് ഹോട്ടലിലെത്താൻ പതിനഞ്ച് മിനിട്ടെങ്കിലും എടുക്കും.

ഞാൻ മാഡത്തിന്റെ മകളുടെ മുറിയിലിരുന്ന് ഹോട്ടലിലേക്ക് ഫോൺ ചെയ്ത് എന്റെ സുഹൃത്ത് താമസിക്കുന്ന മുറിയിലേക്ക് കണക്റ്റ് ചെയ്തു. “അളിയാ, ഞാനാടാ, കലേഷ്..” എന്നു പറഞ്ഞതും ഒരു പട ചീത്ത അവൻ എന്നെ!ഫോൺ ഞാൻ താഴെ വച്ചു.

മാഡത്തിന്റെ മകൾക്ക് ഗുഡ് നൈറ്റും പറഞ്ഞ് മാമരം കോച്ചുന്ന തണുപ്പുള്ള, ചാ‍റ്റൽ മഴ പെയ്തുകൊണ്ടിരുന്ന ആ രാത്രിയിൽ ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി തണുത്ത് വിറച്ച് നടന്നു – എന്റെ സമയത്തിന്റെ ഗുണത്തെ ശപിച്ചുകൊണ്ട്!





മുദീറിന്റെ മുരിങ്ങയില എരിശ്ശേരി

12 11 2005


ഇവിടെ ഉം അൽ കുവൈനിൽ മുരിങ്ങകൾ പൂത്തു. മറ്റെവിടെയെങ്കിലും പൂത്തോന്ന് അറിയില്ല. ഫുജൈറയിലും അജ്മാനിലും റാസൽഖൈമയിലും ഷാർജ്ജയിലും ദുബായിലും അബുദാബിയിലും ഒക്കെ പൂത്തിട്ടുണ്ടാകും. നാട്ടിൽ മുരിങ്ങ പൂത്തോ? നമ്മുടെ മുദീറിന്റെ വീടിന്റെ മുന്നിലെ മുരിങ്ങ മരത്തിലെ പൂവാണിത് – എന്റെ മൊബൈൽ വച്ച് ഇന്നലെ എടുത്തതാ. (പടത്തിന്റെ ഗുണം കണക്കാ.)

ദേവരാഗം ദേവ് മുരിങ്ങയില കൊണ്ട് കറിവയ്ക്കുന്ന കാര്യം പറഞ്ഞതോർക്കുന്നു. എല്ലാവർക്കും വേണ്ടി ഇതാ‍ ഒരു മുരിങ്ങയില റെസീപ്പി. സാക്ഷാൽ ശ്രീമാൻ മുദീറിന്റെ പുറകേ ഇന്നലെ നടന്ന് ചീത്തവിളിയും കേട്ട് എഴുതി എടുത്തതാ ഇത്. പരീക്ഷിക്കുക. (മുദീറിന്റെ കൂടുതൽ റെസീപ്പികൾ ചിന്ത.കോം ലെ പാചകം എന്ന സെക്ഷനിൽ കാണാം)

മുദീറിന്റെ മുരിങ്ങയില എരിശ്ശേരി

ചേരുവകൾ:
മുരിങ്ങയില വൃത്തിയാ‍ക്കി നാരില്ലാതെ ഊരിയെടുത്തത് – 2 കപ്പ്
വെള്ളം – 1 1/2 കപ്പ്

അരയ്ക്കാൻ
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
ഉണക്കലരി (പച്ചരി) – 1 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്

കടുക് വറക്കുന്നതിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
വറ്റൽ മുളക് മുറിച്ചത് – 3 എണ്ണം
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 2 കതിർപ്പ്

തേങ്ങയും അരി കഴുകിയതും ജീരകവും കൂടി നന്നായി തരിയില്ലാതെ അരച്ചെടുക്കുക. ഉപ്പ് അതിൽ ചേർത്ത് വയ്ക്കുക. അല്പം വെളിച്ചെണ്ണ ചുടാക്കി അതിൽ മുരിങ്ങയില ഇട്ട് ഇളക്കി വാട്ടി കോരി വയ്ക്കുക.

തേങ്ങയും അരിയും ജീരകവും കൂടെ അരച്ചതിൽ വെള്ളം ചേർത്ത് ഒരു ചട്ടിയിൽ തിളപ്പിക്കുക. തിളച്ചാ‍ൽ വാട്ടി കോരിവച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് ഇളക്കി പതഞ്ഞു വരുമ്പോൾ വാങ്ങുക.

ചീനചട്ടിയിൽ എണ്ണ ചൂടാ‍ക്കി കടുക് പൊട്ടിച്ച് മറ്റുള്ള സാധനങ്ങൾ (വറ്റൽമുളക്, കറിവേപ്പില) മൂത്താ‍ൽ എരിശ്ശേരി ഇതിലേക്കൊഴിച്ച് വാ‍ങ്ങുക.

പകർന്ന് ഭംഗിയുള്ള പാ‍ത്രത്തിലാക്കി മാറ്റി വയ്ക്കുക.എരിശ്ശേരിക്ക് അയവ് വേണമെങ്കിൽ ഒന്നരകപ്പ്-രണ്ട് കപ്പ് വെള്ളം ചേർക്കാം.ചോറിൽ ഒഴിച്ചു കുഴച്ച് കുട്ടാനുള്ള കറിയാണിത്.





പാവം ലസാന്ത

11 11 2005

രാത്രി 11 മണി. സ്ഥലം ഹോട്ടലിലെ സ്റ്റാഫ് അക്കോമഡേഷൻ.
തുടർച്ചയായ കിർർർർർർർർർർർർ എന്ന ബെല്ലടിയൊച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. ഞാനുണർന്ന് മുൻ‌വശത്തെ വല്യ ഗേറ്റിന്റെയടുത്തെത്തിയപ്പഴേക്കും നേപ്പാളി പിള്ളാരുണർന്ന് ചെന്ന് ഗേറ്റ് തുറന്നു കഴിഞ്ഞിരുന്നു. നോക്കുമ്പോൾ ശ്രീലങ്കക്കാരനായ കിച്ചൺ സ്റ്റുവാർഡ് ലസാന്ത എന്ന അശോക് ലസാന്തയാണ് ബെല്ലടിച്ചത്.

“ലസാന്ത?“ “വാട്ട് ഹാപ്പന്റ് ലസാന്ത?“ഞാൻ ചോദിച്ചു.

“ഗുഡാഫ്റ്റർനൂൺ സാർ”, താളത്തിൽ ലസാന്ത എന്നെ വിഷ് ചെയ്തു. ലസാന്ത ചിലപ്പോൾ രാവിലെ കാണുമ്പോൾ ഗുഡീവനിങ്ങൊക്കെ സാധാരണ അടിക്കാറുണ്ട്. പാവത്തിന് ബഹുമാനമുണ്ട്, പക്ഷേ, ഗുഡ്‌മോർണിങ്ങും ഗുഡ് ആഫ്റ്റർനൂണും ഗുഡ് ഈവനിങ്ങും തമ്മിലുള്ള വ്യത്യാസം അറിയില്ല. കിച്ചണിലെ ഏറ്റവും ആത്മാർത്ഥതയുള്ള ജോലിക്കാരനാണ്. മിടുക്കനാണ്. ഹോട്ടലിൽ ജോലിക്ക് ചേരുമ്പോൾ സിം‌ഹളയല്ലാതെ മറ്റ് ഭാഷയൊന്നും അറിയില്ലായിരുന്ന പുള്ളി മുറി-ഹിന്ദിയും മുറി-ഇംഗ്ലീഷും പഠിച്ചു. നല്ല മനസ്സുള്ളവനാണ്, സഹായമനസ്കനുമാണ് – അതാണ് പുള്ളിയുടെ പ്രധാന പ്രശ്നവും.

“മേരാ ബീവി മെരെ കൊ ഘർ സെ നിക്കാലാ സർ“ (എന്റെ ഭാര്യ എന്നെ വീട്ടിൽ നിന്നും പുറത്താക്കി) ലസാന്ത തലചൊറിഞ്ഞുകൊണ്ട് ഹിന്ദിയിൽ പറഞ്ഞു.

ലസാന്ത ഭാര്യയോടൊപ്പം ജമയ്യയിലാണ് താ‍മസിക്കുന്നത്. ഭാര്യ ഉം അൽ കുവൈൻ ആശുപത്രിയിൽ ക്ലീനിങ്ങ് സ്റ്റാഫാണ്. കൂടാതെ ഏതോ ഒരു വല്യ അറബിയുടെ വീട്ടിൽ പാർട്ട് ടൈം പണിക്കും പുള്ളിക്കാരി പോകുന്നുണ്ട്. ലസാന്തയെക്കാളും വരുമാനം പുള്ളിക്കാരിക്കുള്ളതു കൊണ്ട് പുള്ളിക്കാരി ഇത്തിരി ഡോമിനേറ്റിങ്ങ് ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ലസാന്ത വെറും പാവത്താനുമാണ്.

“ക്യോം?, ക്യാ ഹുവാ?“ (എന്താ? എന്തുപറ്റി?) ഞാൻ ചോദിച്ചു.

“ക്യാ ബത്തായേഗാ സാർ, വോ സാലാ അലി പൊലീസ് കോ മേ കുച്ച് മദദ് കിയാ, മെരാ ബീവി കൊ ഗുസ്സാ ആയാ”. (എന്ത് പറയാനാ സാർ, ഞാനാ അലി പോലീസിനെ സഹായിച്ചു, എന്റെ ഭാര്യയ്ക്ക് ദേഷ്യം വന്നു).

എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. “കൽ സുബഹ് മേരാ ഓഫീസ് മെ ആക്കെ മുജ്ഛെ മിലോ. അഭി ഹർക്കാ കാ റൂം മെ ജൊ ബിസ്തർ ഖാലി ഹെ, ഉസ് മെ ലേഡ് കെ സോ ജാവോ” (രാവിലെ എന്റെ ഓഫീസിൽ വന്ന് എന്നെ കാണൂ, ഇപ്പം ഹർക്കയുടെ മുറിയിൽ ആളില്ലാതെ കിടക്കുന്ന മെത്തയിൽ കിടന്നുറങ്ങൂ) എന്ന് പറഞ്ഞിട്ട് ഞാൻ ചെന്ന് കിടന്നുറങ്ങി.

ലസാന്ത പിറ്റേ ദിവസം രാവിലെ എന്നെ ഓഫീസിൽ വന്നു കണ്ടു. ലസാന്ത പറഞ്ഞ കഥ ഇങ്ങനെ:

ഹോട്ടലിലെ തന്നെ സെക്യൂരിറ്റി ജീവനക്കാരനായ അലി പോലീസ് എന്നറിയപ്പെടുന്ന അലി റിസാബ് നാട്ടിൽ പോകുന്നതിനു മുൻപ് ലസാന്തയെ ചെന്നുകണ്ട് ഒരു സഹായമഭ്യർത്ഥിച്ചു. അലി പോലീസിന് നാട്ടിൽ പോകുമ്പം കൊണ്ടുപോകാൻ ഒരു ടി.വിയും ഡി.വി.ഡീ പ്ലെയറും മേടിക്കണം. ഹോട്ടലിൽ അലി പോലീസുമായി ആകെ സഹകരിക്കുന്നയാളാണ് ലസാന്ത . അലി പോലീസിനെയും കൊണ്ട് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിക്കാനായി ജമയ്യയിലെ സുഹൃത്തിന്റെ കടയിൽ ലസാന്ത ചെന്നു. പക്ഷേ, അലി പോലീസിന് റ്റി.വിയുടെ മോഡൽ ഇഷ്ടപ്പെട്ടില്ല. അന്ന് വൈകിട്ട് ലസാ‍ന്തയെ അലി തന്റെ മുറിയിലേക്ക് ക്ഷണിച്ചു. “ക്ലേയ്‌മൂർ” വിസ്കിയുടെ കിക്കിൽ ലസാന്ത അലിയോട് പറഞ്ഞു ടി.വിയും ഡി.വി.ഡി പ്ലെയറും നീ കടയിൽ നിന്ന് മേടിക്കണ്ട, എന്റെ വീട്ടിലിരിക്കുന്നത് എടുത്തോന്ന്. അലി അത് കേൾക്കാത്ത താമസം ലസാന്തയേയും കൂട്ടി ഒരു ടാക്സിയും പിടിച്ച് നേരെ ലസാന്തയുടെ വീട്ടിൽ ചെന്നു. ലസാന്തയുടെ ഭാര്യ ശ്രീലങ്കയിൽ പോയേക്കുകയായിരുന്നു. അലി നേരെ ചെന്ന് ലസാന്തയുടെ ടി.വിയും ഡി.വി.ഡി പ്ലെയറും എടുത്തോണ്ട് പോയി. പിറ്റേദിവസം രാവിലെ അലി ശ്രീലങ്കയ്ക്ക് പോകുകയും ചെയ്തു.

ലസാന്ത രാവിലെ എഴുന്നേറ്റപ്പം റ്റി.വിയും ഡി.വി.ഡി പ്ലെയറും കാണുന്നില്ല. തലേന്നത്തെ കാര്യം ഓർത്തപ്പഴാണ് അലിക്ക് അത് കൊടുത്തുവെന്ന കാര്യം ഓർമ്മവന്നത്. ലസാന്ത റിയാലിറ്റിയിലേക്ക് വന്നു! അന്ന് വൈകിട്ട് ലസാന്തയുടെ ഭാര്യ ശ്രീലങ്കയിൽ നിന്നെത്തി. പുള്ളിക്കാരി നോക്കിയപ്പം ടി.വി സ്റ്റാൻഡ് ഒഴിഞ്ഞിരിക്കുന്നു. അലിക്ക് അത് കൊടുത്തു എന്ന ലസാന്തയുടെ ഉത്തരം പുള്ളിക്കാരിയെ തൃപ്തയാക്കിയില്ല. ഒന്നുപറഞ്ഞ് രണ്ട് പറഞ്ഞ് അവർ തമ്മിൽ വഴക്കായി. പുതിയ ടി.വിയും മേടിച്ചോണ്ട് വീട്ടിൽ കയറിയാൽ മതി എന്നും പറഞ്ഞ് ക്രൂരമായി ലസാന്തയെ അവർ രാത്രിക്ക് രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടു.

ഭാര്യയുമായുള്ള വഴക്ക് മൂക്കാൻ വേറെയും ഒരു കാരണമുണ്ടായിരുന്നു. ഭാര്യയുടെ ആഭരണങ്ങൾ പുള്ളിക്കാരി അറിയാതെ പണയം വച്ച് കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന്റെ ഭാര്യയെ ശ്രീലങ്കയിൽ നിന്ന് കൊണ്ടുവരാനായി ഒരു ഹൌസ്‌മേഡ് വിസ ലസാ‍ന്ത എടുത്തുകൊടുത്തു. ആ കാശ് ആ പയ്യൻ തിരിച്ചു കൊടുക്കാത്തതു കാരണം ഭാര്യയുടെ ആഭരണങ്ങൾ ഇതുവരെ തിരിച്ചെടുക്കാൻ പറ്റിയിട്ടില്ല. ഭാര്യ ഇത് അറിഞ്ഞു. അതിന്റെ കൂടെ ടി.വിയും ഡി.വി.ഡി പ്ലെയറും കൂടെ പോയപ്പഴേക്ക് പുള്ളിക്കാരിയുടെ സകല നിയന്ത്രണങ്ങളും വിട്ടു. അങ്ങനെയാണ് രാത്രി ലസാന്ത സ്റ്റാഫ് അക്കോമഡേഷനിൽ എത്തിയത്.

4500ഓളം ദിറഹംസ് ലസാന്ത ഓരോരുത്തരെ സഹായിച്ച കണക്കിൽ തിരികെ കിട്ടാനുണ്ടെന്ന് പിന്നീട് ഞാൻ അറിഞ്ഞു. പാവം ലസാന്തയോട് ആരെന്ത് സഹായം ആവശ്യപ്പെട്ടാലും പുള്ളി കൈയ്യിൽ കാശില്ലേൽ എവിടെ മറിഞ്ഞായാലും അത് ഒപ്പിച്ച് അവരെ സഹായിക്കും. അത് മുതലാക്കാനും ആളുകൾ ഉണ്ട്! പാവം ലസാന്ത തിരികെ വീട്ടിൽ കയറാനായിട്ട് എവിടെനിന്നെങ്കിലും ഒരു ടി.വി ഒപ്പിക്കാ‍നുള്ള തത്രപാടിലാണിപ്പോൾ!





നിഷാദ് ഇൻ ആക്ഷൻ

7 11 2005

നിഷാദ് കൈപ്പള്ളി ഇന്ന് ഇവിടെ വന്നിരുന്നു. പുള്ളി ഇന്നും കുറേ പടങ്ങളെടുത്തു. ഇന്നത്തെ സംസാ‍രവിഷയം പാമ്പുകളെ കുറിച്ചായിരുന്നു. ജോലി തിരക്ക് മൂലം എനിക്ക് നിഷാദിന്റെ കൂടെ നടക്കാ‍ൻ സാധിച്ചില്ല. പക്ഷേ, നിഷാദ് പടമെടുക്കുന്നതിന്റെ ഒരു പടം ഞാനെന്റെ മൊബൈൽഫോൺ ക്യാമറ വച്ച് എടുത്തു.





മലയാളികളുടെ അഹംഭാവം

6 11 2005

ഇവിടെ ഗൾഫിലിപ്പോൾ ഈദ്-അൽ-ഫിതർ അവധിക്കാലമായിരുന്നു. എന്നെപ്പോലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമൊക്കെ ജോലി ചെയ്യുന്നവർക്ക് യാതൊരു അവധിയും കിട്ടില്ല. കാരണം ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമൊക്കെ എറ്റവും കൂടുതൽ ബിസ്സിനസ്സ് കിട്ടുന്ന ദിവസങ്ങളാ‍ണ് ഈദ് പോലത്തെ അവധി ദിനങ്ങൾ. കുടുംബമായി താമസിക്കുന്നവരും ബാച്ചിലേഴ്സും ഒക്കെ കറങ്ങാൻ പോകുന്നതും സുഹൃത്തുക്കളെ സന്ദർശിക്കാ‍ൻ പോകുന്നതുമൊക്കെ ഈ ഈദ് അവധി ദിനങ്ങളിലാണ്. ബാച്ചിലേഴ്സിന് ഒരുമാതിരിപ്പെട്ട ഹോട്ടലുകളും റിസോർട്ടുകളുമൊന്നും റൂം കൊടുക്കില്ല. ചോദിച്ചാ‍ൽ റൂം ഇല്ലെന്ന് പറയും. കാരണം അവർ വന്ന് പ്രശ്നങ്ങളുണ്ടാക്കുകയും കുടുംബമായി താമസിക്കാൻ വരുന്നവർക്ക് ശല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്നതാണ്. എന്നാലും അവർ വരും – റെസ്റ്റോറന്റുകളിലും മറ്റ് ഔട്ട്‌ലെറ്റ്കളിലും. വന്ന് എന്തേലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് പോകും. ഇവിടെ വന്ന് ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്നത് ഇന്ത്യക്കാരാണ്. അതിൽ 80% പേരും “മലബാറികൾ“ എന്ന പേരിൽ ഇവിടെ അറിയപ്പെടുന്ന മലയാളികൾ ആണെന്നുള്ളതാണ് ഒരു ദു:ഖ സത്യം.മലയാളി എങ്ങനെ ഇത്ര അഹങ്കാരികളും അഹംഭാവികളുമായി? ഇന്ത്യയിൽ മദ്യം ഉപയോഗിക്കുന്നവരിൽ ഏറ്റവും മുൻ‌നിരയിൽ കേരളമാണ് എന്ന പോലെ ഇവിടെ യു.ഏ.ഈയിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന ജനവിഭാഗം നമ്മുടെ നാട്ടുകാരാ‍ണെന്ന് എനിക്ക് തോന്നുന്നു . മദ്യപിച്ചാൽ അടങ്ങിയിരിക്കണ്ടേ? (അങ്ങനെയാ‍ണേൽ മോരുംവെള്ളമോ പാലോ കുടിച്ചാൽ പോരെ എന്ന മറുചോദ്യം ചോദിക്കുന്നവരുമുണ്ടാകും – മലയാളിയേ അങ്ങനെ ചോദിക്കൂ!) മലയാളി എങ്ങനെ ഇങ്ങനെയൊക്കെയായി? ആലോചിക്കേണ്ട കാര്യമാണ്.

ഇവിടെ റിസോർട്ടിൽ രണ്ട് ദിവസം മുൻപ് ഒരു പ്രശ്നമുണ്ടായി. 3 ബാച്ചിലേഴ്സ് – അല്ലേൽ ഫോഴ്സ്ഡ് ബാച്ചിലേഴ്സ്, വന്ന് ഞങ്ങളുടെ ഒരു ഔട്ട്‌ലെറ്റിൽ ഇരുന്ന് ഒരുകാര്യവുമില്ലാതെ പ്രശ്നമുണ്ടാക്കി. ഒരു വെയിറ്ററെ (ആരോടും വഴക്കിനും പോകാത്ത ഒരു പാവപ്പെട്ട ബംഗ്ലാദേശി പയ്യൻ) അവർ ശരിക്ക് തല്ലി. അവർ വന്നതേ നല്ല പൂസായിട്ടാ‍. ഞാനും ജി.എമ്മും എഫ്&ബി മാനേജരും കൂടെ പ്രശ്നമറിഞ്ഞ് അവിടെ ഓടിയെത്തിയപ്പഴേക്ക് മറ്റ് സ്റ്റാഫെല്ലാരും കൂടെ അവന്മാരെ പിടിച്ച് മാറ്റി വളഞ്ഞു വച്ചു. അതിൽ ഒരുത്തൻ ഓടി രക്ഷപ്പെട്ടു. കൂടെ ജോലി ചെയ്യുന്ന ഒരുത്തനെ തല്ലുക എന്നു പറഞ്ഞാൽ അത് സഹിക്കില്ല ഇവിടെ ആരും. പ്രത്യേകിച്ചും ജി.എം. അദ്ദേഹം ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. ഞങ്ങൾക്കെല്ലാം അതുപോലെ തന്നെ ദേഷ്യമുണ്ടായിരുന്നു. ഹോട്ടലിലെ സംസാരഭാഷ ഇംഗ്ലീഷായതുകൊണ്ട് ഞങ്ങൾ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. അവരുടെ സംസാരവും രീതിയുമൊക്കെ കണ്ടപ്പോൾ മനസ്സിലായി അവർ മലയാളികളാണെന്ന്. മലയാളം സംസാരിച്ചാൽ ശരിയാകില്ല എന്നതുകൊണ്ട് ഞങ്ങളാരും മലയാളം സംസാരിച്ചില്ല. ജി.എം പോലീസിനെ
വിളിക്കാൻ പറഞ്ഞു. പോലീസെന്നു കേട്ടപ്പോൾ അവന്മാരുടെ കള്ള് കുറച്ച് ഇറങ്ങി. “പ്ലീസ് ഹെൽ‌പ്പ് മീ സാർ“ എന്നും പറഞ്ഞ് അവർ കാലുപിടിക്കാൻ തുടങ്ങി. അപ്പഴേക്കും എന്റെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി “നിലാപൈതലേ, മിഴി നീർമുത്ത് ചാർത്തിയോ…” എന്ന എം.പി3 പാട്ടാണ് ഞാൻ റിങ്ങ് ടോണായി ഇട്ടിരുന്നത്. ഞാൻ പെട്ടന്ന് ഫോൺ കട്ട് ചെയ്തു. അത് കേട്ടപ്പം അവർക്ക് മനസ്സിലായി ഞാൻ മലയാളിയാണെന്ന്! അപ്പഴ് തൊട്ട് അപേക്ഷ എന്നോടാ‍യി. “ചേട്ടാ, മലയാളിയാണല്ലേ, ഒന്ന് ഹെല്പ് പ്ലീസ്, നമ്മളൊക്കെ ഇവിടെ ജീവിക്കാൻ വന്നതല്ലേ, ഞങ്ങളെ ഒന്ന് സഹായിക്ക്, പോലീസിനെ വിളിക്കല്ലേ, ഒന്ന് ക്ഷമിക്ക്”

കൺഫേം ആയി – അവർ മലയാളികളാണ്. ഞാൻ വണ്ടി നമ്പർ നോക്കി. ഷാർജ്ജ രെജിസ്റ്ററേഷൻ ആണ്. ഷാർജ്ജ വിസക്കാരാ‍ണേൽ പോക്കാണ്- പോലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അവരുടെ കാര്യം പോക്കാ‍ണ്. ജയിൽ ശിക്ഷയും അടിയും കഴിഞ്ഞ് നാ‍ട്ടിൽ വിടും. പിന്നിങ്ങോട്ട് വരാനും പറ്റില്ല. അതൊക്കെ അറിയാ‍വുന്ന മാന്യന്മാരാണ് ഈ വേലത്തരം കാണിച്ചിരിക്കുന്നത്. എന്നിട്ട് ഒരു ഡയലോഗും കൂടെ – മലയാളിയല്ലേ, ജീവിക്കാൻ വന്നതല്ലേ എന്ന്! എനിക്ക് ദേഷ്യം വന്നു. ഞാൻ ചൂടായിട്ടുതന്നെ പറഞ്ഞു,“മലയാളി എന്ന വാക്ക് ഇവിടെ ഉപയോഗിക്കരുത്. മലയാളികളുടെ പേര് കളയാനായിട്ട് ഇവിടെ വന്ന് പോക്രിത്തരം കാണിച്ചിട്ട് മലയാളിയാണ്, ജീവിക്കാൻ വന്നതാണെന്നു പറയുന്നോ?”

അതുകേട്ട് ജീ എം പുള്ളിക്ക് അറിയാവുന്ന മുറി-മലയാളത്തിൽ ചോദിച്ചു “എന്റെ സ്റ്റാഫ് നിങ്ങളുടെ വീട്ടിൽ കയറി വന്ന് നിങ്ങളെ തല്ലിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?, ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം, പോലീസ് വരട്ടെ. യാതൊരു തെറ്റും ചെയ്യാത്ത എന്റെ സ്റ്റാഫിനെ തല്ലിയതിന് യാതൊരു ന്യായവും ഇല്ല. മലയാളികളല്ലേ, ഇനി ഇങ്ങനെത്തെ തെറ്റ് ആവർത്തിക്കാൻ പാടില്ല. അനുഭവത്തീന്നേ പഠിക്കു.”

അപ്പഴ് പുറത്തൂന്നൊരാൾ കയറിവന്നു. ഇംഗ്ലീഷിലാ സംസാരം. “ഐ നോ ദിസ് പേഴ്സൺ, ബ്ലീസ് ഹെല്പ് ഹിം. ഹീ പൂവർ മാൻ”. അവരുടെ കൂട്ടത്തിലുണ്ടായിരുന്നവനാ. ജി.എം അതു കേട്ട് അയാളോട് ദേഷ്യത്തിൽ ചോദിച്ചു, “യൂ വാണ്ട് ട്രബിൾ? വാണ്ട് റ്റു ഗോ റ്റു ജയിൽ?കം, കം” . അതുകേട്ട് സഹായിക്കാൻ വന്നവൻ പതുക്കെ തടിയൂരി. പിന്നെ അവനെ കണ്ടിട്ടില്ല.

അപ്പഴേക്കും പോലീസെത്തി. അവരെ പോലീസ് പിടിച്ചോണ്ട് പോയി. ജി.എം എന്നോട് പി.ആർ.ഓ യെ വിളിച്ച് വിവരം പറയാൻ പറഞ്ഞു. ഞാൻ പി.ആർ.ഓ യെ വിളിച്ച് വിവരം പറഞ്ഞു. അവൻ എന്നോട് ചോദിച്ചു അവരെ എന്ത് ചെയ്യിക്കണമെന്ന്. കുറച്ച് നേരം ലോക്കപ്പിലിട്ട് 2-3 വിരട്ടൊക്കെ വിരട്ടിയിട്ട് ആ അടി കൊണ്ട പയ്യന് അവരുടെ കൈയ്യിൽ നിന്ന് നഷ്ടപരിഹാരം മേടിച്ചിട്ട് കേസൊന്നുമെടുക്കാതെ പറഞ്ഞു വിട്ടേക്കാ‍ൻ പറഞ്ഞു. ജി. എമ്മിന്റെ തല തണുക്കുമ്പോൾ സാവകാശം ആ തീരുമാനത്തെകുറിച്ച് പുള്ളിക്കാ‍രനെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി. പിറ്റേ ദിവസം ജി.എം നല്ല മൂഡിലിരുന്നപ്പം ഞാൻ പുള്ളിയോട് അതു പറഞ്ഞു. പുള്ളി എന്നോട് ദേഷ്യപ്പെട്ടു – “യൂ ഓവർ സ്റ്റെപ്പ്ഡ് ദ ലൈൻ, ഐ ഇൻസ്‌ട്രക്റ്റഡ് റ്റു കോൾ പോലീസ് ആന്റ് ചാർജ്ജ് കേസ് എഗൻസ്റ്റ് ദം, ദെൻ വൈ യൂ സെഡ് റ്റു പി.ആർ.ഓ റ്റു റിലീസ് ദം?” എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു. ഞാൻ പുള്ളിക്കാരനെ പറഞ്ഞു മനസ്സിലാക്കി കേസ് ചാർജ്ജ് ചെയ്താൽ അവർക്കുണ്ടാകുന്ന ഭവിഷ്യത്തുകളേ കുറിച്ച്. അതു കേട്ട് പുള്ളി നോർമലായി. എന്നിട്ട് എന്നോട് പറഞ്ഞു, “യു ആർ റൈറ്റ്. യൂ ഡിഡ് ദ റൈറ്റ് തിങ്ങ്. മാനേജേഴ്സ് ഷുഡ് നോട്ട് ടേക്ക് ഇമ്പൾസിവ് ഡിസിഷൻസ്”.അങ്ങനെ അത് തീർന്നു. അവരീകോലം മറ്റേതേലും ഹോട്ടലിലോ റിസോർട്ടിലോ മറ്റോ പോയി കാണിച്ചിരുന്നെങ്കിൽ അവർ വിവരമറിഞ്ഞേനെ. അവരയയ്ക്കുന്ന പൈസകൊണ്ട് ജീവിക്കുന്ന ചില ജന്മങ്ങൾ നാട്ടിൽ അവരെക്കാത്തിരിപ്പുണ്ടെന്ന ബോധം അവർക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ ആശിക്കുന്നു.

വെള്ളമടിക്കുന്നത് എൻ‌ജോയ് ചെയ്യാനല്ലേ? മറ്റുള്ളവർക്ക് സ്വൈരക്കേടുണ്ടാക്കിയും വേറൊരുത്തന്റെ മെക്കിട്ട് കയറിയും ഒക്കെയാണോ എൻ‌ജോയ് ചെയ്യുന്നത്? ഈ മാന്യദ്ദേഹങ്ങൾ ആഘോഷിക്കാൻ വരുമ്പോൾ അവരുടെ ദാസ്യവൃത്തിക്ക് നിൽക്കുന്നവരായ, പാവം വെയിറ്ററോടോ റൂംബോയോടോ റിസപ്‌ഷനിസ്റ്റിനോടോ ഒക്കെ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തട്ടിക്കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ അവരെ പോലെ തന്നെ വികാരങ്ങളും വിചാരങ്ങളും പ്രതികരണശേഷിയും ഒക്കെയുള്ള മനുഷ്യരാണെന്ന് അവരെന്താ വിചാരിക്കാത്തത്?

മലയാളി എന്നാ ഒന്ന് നന്നാവുക?

വാൽക്കഷണം: ഇത്രയും എഴുതിയപ്പം എനിക്ക് , ഞാൻ കൊടൈക്കനാലിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടുത്തെ മുൻസിപ്പൽ ചെയർമാനായിരുന്ന കുര്യൻ സർ (തനി റാ‍ന്നീക്കാരൻ)പറഞ്ഞു കേട്ട ഒരു സംഭവം ഓർമ്മ വന്നു. മലയാളസാഹിത്യത്തിലെ ചില പ്രമുഖർ പുള്ളിയുടെ അതിധികളായി കൊടൈക്കനാലിൽ എത്തി. കുര്യൻ സാറിന്റെ വീട് (വീടല്ല, കൊട്ടാരം എന്ന് പറയണം) തടാകത്തിന്റെ അരികിലാണ്. പുറത്ത് വിശാലമാ‍യ പുൽതകിടിയും അതിമനോഹരമായ പൂന്തോട്ടവും ഉണ്ട്. പുള്ളിക്കാരൻ സായിപ്പിന്റെ കൈയ്യിൽ നിന്നും മേടിച്ച് പുതുക്കി പണിത “മാൻഷൻ” ആണത്. (ഒരു കാര്യം കൂടെ പറഞ്ഞോട്ടെ: കുര്യൻ സാർ മലയാളം എപ്പഴും സംസാരിക്കില്ല. തമിഴേ സംസാരിക്കൂ.എന്നെ പോലെ അടുത്തറിയാവുന്ന ചുരുക്കം ചിലരോട് മാത്രമേ അദ്ദേഹം മലയാളം സംസാരിക്കു. അതും വേറേ ആരും ഇല്ലാത്തപ്പഴ് മാത്രം. എം.ജീ.ആ‍റും അങ്ങനെയായിരുന്നുവത്രേ!)

സാഹിത്യകാരന്മാരും കുര്യൻ സാറും കൊടൈക്കനാലിലെ ചില പ്രമുഖ മലയാളികളോടൊപ്പം പുൽതകിടിയിലിരുന്ന് വെടിപറഞ്ഞുകൊണ്ടിരിക്കേ, അവരുടെ സംസാരം മലയാളികളെ കുറിച്ചായി. കൊടൈക്കനാലിൽ വന്ന് ഏറ്റവും കൂടുതൽ വൃത്തികേടുകൾ കാണിക്കുന്നതു പ്രശ്നങ്ങളുണ്ടാക്കുന്നതും മലയാളികളാണ് എന്ന് കുര്യൻ സാർ പറഞ്ഞു.(അത് സത്യവുമാണ് – ഞാൻ എന്റെ കൊടൈക്കനാൽ വാസസമയത്ത് എത്രയോ പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്!) അതു കേട്ട് കൂട്ടത്തിലുണ്ടായിരുന്ന സാക്ഷാൽ എം.ടി വാസുദേവൻ നായർ അതിനെ നഖശിഖാന്തം എതിർത്തു. എം.ടി തന്റെ ന്യാ‍യ വാദങ്ങൾ നിരത്തിക്കൊണ്ടിരിക്കേ, വീടിന്റെ ഗെയിറ്റിന്റെ അടുത്ത് ഒരു ബഹളം കേട്ടു. എന്താ ബഹളമെന്നറിയാൻ ഇവരെല്ലാവരും കൂടെ ചെന്ന് നോക്കിയപ്പം 2 മലയാളി ചേട്ടന്മാർ അടിച്ച് പൂക്കുറ്റിയായിട്ട് അവിടെ കിടന്ന് ബഹളം വയ്ക്കുകയാണ്. അവരോട് മാറിപ്പോകാ‍ൻ സെക്യൂരിറ്റി പറഞ്ഞത് ചേട്ടന്മാർക്ക് ഇഷ്ടപ്പെട്ടില്ല. അതാ പ്രശ്നം! എം.ടി പിന്നെ ആ വിഷയത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്ന് കുര്യൻ സർ പറഞ്ഞു ചിരിച്ചു!





ഫോട്ടോഗ്രാഫറുടെ കണ്ണ്!

2 11 2005

ഇന്ന് രാവിലെ എന്റെ ഒരു പ്രിയ സുഹൃത്ത് ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിൽ വന്നു-ഹോട്ടലിൽ വരുന്ന അതിഥികൾക്കായി ഒരു പുതിയ പാക്കേജ് രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കാനായിട്ട്. അദ്ദേഹം വന്നു, ജി.എമ്മിനെ കണ്ടു, സംസാരിച്ചു. പുള്ളിക്കാരന്റെ തലയ്ക്കകത്ത് നിന്നും സ്പൊണ്ടേനിയസായിട്ട് വരുന്ന ഐഡിയകളിൽ എനിക്ക് സത്യത്തിൽ അസൂയ തോന്നി!

ബ്രെയിൻസ്ട്രോമിങ്ങ് സെഷൻ കഴിഞ്ഞ് പുള്ളിക്കാരൻ പുതിയതായി ഈ കഴിഞ്ഞ ആഴ്ച്ചകളിൽ ഒന്നിൽ വാ‍ങ്ങിയ സിഗ്മയുടെ ഇമേജ് സ്റ്റബിലൈസർ ഉള്ള ടെലിഫോട്ടോ ലെൻസ് എന്നെ കാണിച്ചു. അതെടുത്ത് തന്റെ വിലകൂടിയ ക്യാമറയിൽ ഘടിപ്പിച്ചിട്ട് , കൌതുകത്തോടും ബഹുമാനത്തോടും ആ ലെൻസിൽ നോക്കി നിന്ന എന്റെ കൈയ്യിലേക്ക് തന്നിട്ടു പറഞ്ഞു, “ദാ, തുടങ്ങിക്കോ…“. ഞാൻ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. എനിക്ക് കുറേ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഉണ്ട്. അവരിൽ മിക്കവരും അവരുടെ ക്യാ‍മറയിലോ ലെൻസുകളിലോ മറ്റും ആരും തൊടുന്നത് പോയിട്ട് നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാ. എന്റെ ഈ സുഹൃത്ത് എന്നെ അമ്പരപ്പിച്ചു. (പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും, ഞങ്ങൾ തമ്മിൽ നേരിൽ കാണുന്നത് ഇത് രണ്ടാമത്തെ തവണയാണ് ) പുള്ളിക്കാരൻ എടുത്ത പടങ്ങൾ ഫ്ലിക്കറിൽ ഞാൻ കണ്ടിരുന്നു. പുള്ളിയുടെ ലാപ്ടോപ്പിൽ ആ പടങ്ങൾ വീണ്ടും ഞാൻ കണ്ടു. ഫ്ലിക്കറിൽ പോസ്റ്റ് ചെയ്യാ‍ത്ത ഒരുപാട് പടങ്ങളും അതിൽ കണ്ടു.

കഴിഞ്ഞ തവണ (ആദ്യ തവണ)കണ്ടപ്പോൾ “ബേക്കൺ”ൽ തുടങ്ങിയ സംസാരം ചെന്നെത്തിയത് യൂറോപ്പിൽ നിന്നുള്ള കടൽമാർഗ്ഗമുള്ള അധിനിവേശങ്ങൾ കേരള സംസ്കാരത്തിലും കേരള ചരിത്രത്തിലും ചെലുത്തിയ സ്വാധീനങ്ങളിലുമാ‍ണ് . പുള്ളി യൂറോപ്പിലായിരുന്ന സമയത്ത് അതെ കുറിച്ച് നടത്തിയ ഗവേഷണങ്ങളെ കുറിച്ച് എന്നോട് സംസാരിച്ചു. അവിടുത്തെ സർവകലാശാലകളിലൊന്നിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ചരക്കുകപ്പലുകളുടെ ലോഗുകൾ പരിശോധിച്ചതും മറ്റും ഒക്കെ എന്നോട് പറഞ്ഞിരുന്നു. ഇന്നത്തെ വിഷയം എന്തായിരിക്കും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.

ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കിളി ഞങ്ങളുടെ മുന്നിലുടെ പറന്നുപോയി. അത് കൌതുകത്തോടെ നോക്കിയ പുള്ളിയോട് ഞങ്ങളുടെ റിസോട്ടിൽ ഒരുപാട് കിളികൾ ഉണ്ടെന്നു ഞാൻ പറഞ്ഞു. അതുപോലെ തന്നെ ഒരുപാട് ദേശാടനക്കിളികൾ വരുന്നിടമാണ് ഞങ്ങളുടെ റിസോർട്ടിന്റെ മുൻ‌വശത്തെ കടൽത്തീരം എന്നും ഞാൻ പറഞ്ഞു. അതുകേട്ട് ഉത്തേജിതനായ പുള്ളിക്കാ‍രൻ ക്യാമറയുമായി റസ്റ്റോറന്റിനടുത്തുള്ള കടൽതീരത്തേക്കിറങ്ങി. അവിടിരുന്ന പക്ഷികളുടെ പടം എടുത്തു. ഞങ്ങൾ വരുന്നതുകണ്ടിട്ടാകണം, കിളികൾ പറന്നു പോയി. വാടിയ എന്റെ മുഖം കണ്ട എന്റെ സുഹൃത്ത് പറഞ്ഞു, “സാരമില്ല, ഡോണ്ട് വറി. അവന്മാരിപ്പം തിരിച്ചിങ്ങെത്തും. നമ്മൾ അപകടകാരികൾ അല്ല എന്ന് അവയ്ക്ക് മനസ്സിലായാൽ മതി”. ഞങ്ങൾ അവിടെ അടുത്തുള്ള പടിക്കെട്ടിൽ പതുക്കെ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ പറന്നുപോയ കിളികൾ പുള്ളിക്കാരൻ പറഞ്ഞതുപോലെ തിരികെയെത്തി. പുള്ളി അവയുടെ പടങ്ങളെടുത്തു. പുള്ളി യു.ഏ.ഈ യിലെ കിളികളെ കുറിച്ച് വാചാലനായി.

കുറച്ച് കഴിഞ്ഞ് വേറെ ഒരു കിളി പറന്നു വന്ന് ഹോട്ടലിലെ പാർട്ടി ഡെക്കിന്റെ അറ്റത്തിരുന്നു. അതു കണ്ട പുള്ളിക്കാരൻ, സുരേഷ് ഗോപി ചില സിനിമകളിൽ കമാന്റോ ശൈലിയിൽ കൈയ്യിൽ തോക്കും പിടിച്ച് വെടിവയ്കാൻ പോകുന്നതും, വെടിവെയ്ക്കാനായി മതിലിൽ ചാരിനിൽക്കുന്നതും കണ്ടിട്ടില്ലേ? അതുപോലെ എന്റെ സുഹൃത്ത് ശബ്ദമുണ്ടാക്കാതെ ക്ഷമയോടെ മറഞ്ഞുനിന്ന് കിളികളുടെ പടങ്ങൾ ‘ചക ചകാ’ എന്ന് എടുത്തു. എന്നിട്ടെന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു , “കലേഷേ, അത് വനേലസ് ഇൻ‌ദിക്കസ് ആണ്, അതായത് പ്ലൊവർ – റെഡ് വാറ്റിൽഡ് പ്ലൊവർ.“ അതുകേട്ട് ഞാൻ മനസ്സിൽ പറഞ്ഞു, എന്റെ പ്രിയ സുഹൃത്തേ, എനിക്ക് കിളികളെ കുറിച്ച് എന്തറിയാം? എനിക്കറിയാവുന്ന കിളികൾ – കാക്ക, പ്രാവ്, മൈന, പിന്നെ ഇവിടെ ഇടയ്ക്കിടയ്ക്ക് വരുന്ന ഫ്ലമിംഗോകൾ. ഞാൻ ചിരിച്ചു. മൌനം വിദ്വാനു ഭൂഷണം! അപ്പഴ് തന്നെ, എന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ പുള്ളി പറഞ്ഞു, “മൈനകളേയും കാക്കകളേയും പ്രാവുകളേയുമൊന്നും ഞാൻ കിളികളുടെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല” എന്ന്. ഞാ‍ൻ അതുകേട്ട് ചിരിച്ചു പോയി.

ആ കിളിയുടെ പടം എടുത്ത ശേഷം ഞങ്ങളുടെ റിസോട്ടിന്റെ തൊട്ടടുത്തുള്ള അക്വാപാ‍ർക്കിന്റെ പിറകിലായുള്ള കടൽതീരത്ത് 2-3 കിളികൾ വന്നിരിക്കുന്നത് കണ്ട് അവയുടെ പടങ്ങളെടുക്കാനായി, അക്വാപാർക്കിന്റെ പിൻഭാഗത്ത് ഉള്ള ‘നോ മാ‍ൻസ് ലാന്റി‘ലേക്ക് ഞങ്ങൾ കടന്നു. താഴെ മണലിൽ കിളികളുടെ കാൽ‌പ്പാദങ്ങൾ പതിഞ്ഞു കിടന്നിരുന്നു. അവ നോക്കി എന്റെ സുഹൃത്ത് എനിക്ക് മനസ്സിലാകാത്ത ഭാഷയിൽ കിളികളുടെ പേരുകൾ പറയുകയാണ് – ഇത് ഇന്ന കിളിയുടെ കാല്പാദം , ഇത് ഫ്ലമിങ്ഗോയുടെ കാല്പാദം, ഇത് ഇന്ന കിളിയുടെ കാല്പാദം എന്നൊക്കെ! ഞാൻ അതെ എന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് പുറകേ നടന്നു.

എന്റെ മുന്നിലായി നടന്ന എന്റെ സുഹൃത്ത് പെട്ടന്നു നിന്നു. ക്യാമറ താഴെ മണ്ണിലേക്ക് ചൂണ്ടി 5-6 പടങ്ങൾ എടുത്തു. ഞാൻ നോക്കിയിട്ടെനിക്കൊന്നും പിടികിട്ടിയില്ല. പുള്ളിക്കെന്തുപറ്റി എന്ന് ഞാൻ ആലോചിച്ചു. “എന്താ മിഴിച്ചു നിൽക്കുന്നത്?” എന്ന ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ ചോദിച്ചു, “മണ്ണിന്റെ പടം എടുക്കുകയാണോ?”. പുള്ളി ചിരിച്ചോണ്ട്, “മണ്ടച്ചാരേ, ഡെസർട്ട് ലിസാർഡ്, ഇതാ…” ഞാൻ താഴേക്ക് നോക്കി. ഒന്നും കണ്ടില്ല. അതുമനസ്സിലാക്കിയ പുള്ളി ചൂണ്ടി കാണിച്ചു തന്നു. മണലിന്റെ നിറത്തോട് വളരെ സാമ്യമുള്ള പല്ലി വർഗ്ഗത്തിൽ പെട്ട ഒരു ജീവി! ഞാൻ പറഞ്ഞു, “ സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ കണ്ണുകളെ!“.

ഞങ്ങൾ നിന്ന സ്ഥലത്തിനു തൊട്ടടുത്ത് ഒരു ചതുപ്പ് നിലം പോലെ കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് കുറച്ച് ചെറിയ കുറ്റികൾ പോലെത്തെ സംഗതികൾ മണ്ണിലേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. അവ ചൂണ്ടിക്കാ‍ട്ടി പുള്ളി എന്നോട് പുള്ളിക്കാരൻ ചോദിച്ചു, “അതെന്താണെന്നറിയാമോ?” ഇല്ലെന്നു പറഞ്ഞ എന്നോട് പുള്ളി,“ അത് ദാ ആ കാണുന്ന ചെടികളുടെ വേരുകളാണ്. ആ വേരുകൾക്കിടയിൽ ഒരു പ്രത്യേക തരം ജീവികളുണ്ട്“. അതുമായി ബന്ധപ്പെട്ട് ഇവിടം ഭയങ്കര ലൈവ്‌ലി ആണ് കലേഷ്. എനിക്കിവിടെ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയുന്നു. ഫോട്ടോഗ്രാഫറുടെ കണ്ണുകൾ എപ്പഴും ഷാർപ്പ് ആയിരിക്കണം!“.

പെട്ടന്ന് പുള്ളിയുടെ ശ്രദ്ധ തിരിഞ്ഞു. ക്യാമറ ദൂരേക്ക് ചൂണ്ടി വീണ്ടും പടമെടുപ്പ് തുടങ്ങി. ദൂരെ ഒരു പാറക്കൂട്ടത്തിൽ ഒരു കിളി വന്നിരുന്നു. അതിന്റെ പടങ്ങൾ എടുത്തിട്ട് പുള്ളിക്കാരൻ ക്യാമറയുടെ പിറകിലെ ഡിസ്പ്ലേ പാനലിൽ എടുത്ത പടങ്ങൾ പ്രീവ്യൂ ചെയ്യുന്നുണ്ടായിരുന്നു. പടം വലുതാക്കി നോക്കിയിട്ട് പുരികം ചുളിച്ച് ചിന്താമഗ്നനായി ആകാശത്തേക്ക് നോക്കി നിൽക്കുന്ന പുള്ളിക്കാരനോട് ഞാൻ “എന്തുപറ്റി?” എന്ന അർത്ഥത്തിൽ, “ങും?“ എന്നു ചോദിച്ചു. “ഇവനേതാന്നൊരു പിടിയും കിട്ടുന്നില്ല. ഒരു സംശയം, കാലിഡ്രിസ് റ്റെനുറോസ്റ്റിസിസ് ആണോ എന്ന്.” ഞാൻ ആ പേരു കേട്ട് പുകഞ്ഞ് നിൽക്കുന്ന എന്നെ നോക്കി എന്റെ സുഹൃത്ത് പറഞ്ഞു, “ഇന്നത്തെക്ക് ഇത് മതി കലേഷേ, ബാക്കി അടുത്ത തവണ“.ഞാൻ പറഞ്ഞു, “ചൂട് ഒന്നൂടെയൊന്ന് കുറയട്ടെ, ഇവിടെ ദേശാടനക്കിളികളുടെ ബഹളമായിരിക്കും“.അതുകേട്ട് പുള്ളി പറഞ്ഞു“ദേശാടനക്കിളികൾ വരാറാകുമ്പഴേക്ക് ഞാൻ വീണ്ടും എത്തും”. ഞങ്ങൾ തിരിച്ച് റിസോർട്ടിലെത്തി. അദ്ദേഹം കാറിൽ കയറി തിരികെ പോയി.

ദേശാടനക്കിളികൾ വരുന്നത് കാത്ത് ഞാനിരിക്കുകയാണ്. ദേശാടനക്കിളികളെ കാണാ‍നല്ല.
എന്റെ സുഹൃത്തിന്റെ കൂടെ നടക്കാൻ, അദ്ദേഹം പടങ്ങളെടുക്കുന്നത് കാണാൻ, സൂര്യന്റെ കീഴെയുള്ള എന്ത് വിഷയത്തെക്കുറിച്ചും ആധികാരികമായി പടപടാന്ന് സംസാരിക്കുന്നത് കേൾക്കാൻ.

അടുത്ത വരവിന് വളരെ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും പുള്ളി ചർച്ച ചെയ്യുക. അതും കാത്ത് ……

പി.എസ്: ഈ ആളിനെ മിക്ക വായനക്കാരും അറിയും. മലയാളം യുണീകോഡിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്ന ഇദ്ദേഹം ഇപ്പോൾ സ്വന്തമായി തുടങ്ങിയ ബിസ്സിനസ്സിന്റെ തിരക്കുകൾ കാ‍രണം ആക്റ്റീവ് ബ്ലോഗിങ്ങിൽ നിന്നും യുണീകോഡ് പ്രചരണത്തിൽ നിന്നും മാറി നിൽക്കുകയാണ് ! മലയാളം സ്കൂളിൽ പഠിക്കാത്ത മലയാളിയായിട്ടും, മലയാള ഭാഷയോടുള്ള താൽപര്യം കൊണ്ട് മലയാളം പഠിച്ച് മലയാളത്തിൽ ഡയറക്റ്റ് കീബോർഡ് എന്ററി സിസ്റ്റവും മലയാളം യുണീകോഡിൽ ബൈബിൾ വെബ്ബ് സൈറ്റും തീർത്തയാൾ ആണ് കഥാനായകൻ.

പുള്ളിക്കാരനെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ (ഞാൻ മനസ്സിലാക്കിയവ) പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട്. വിശേഷണങ്ങൾക്കൊക്കെ അതീതനാ‍ണ് എന്റെ പ്രിയ സുഹൃത്ത് നിഷാദ് കൈപ്പള്ളി.

നിഷാദിനെ കുറിച്ച് കൂടുതൽ ഈ ലിങ്കുകളിൽ :

നിഷാദിന്റെ ബ്ലോഗ്

നിഷാദിന്റെ ഫ്ലിക്കർ പേജ്

നിഷാദിന്റെ ഭാഷ്യം സൈറ്റ്

നിഷാദിന്റെ ഫൊണറ്റിക്ക് മലയാളം സൈറ്റ്

നിഷാദിന്റെ യുണീകോഡ് ബൈബിൾ സൈറ്റ്

നിഷാദിന്റെ വെബ്സൈറ്റ്