ജോണീവാക്കർ

6 10 2005

ഈ കഥ നടന്നത് ദുബൈയിലാണ്. നായക കഥാപാത്രം “റാവു“ എന്ന് എല്ലാവരും വിളിക്കുന്ന റാണാ കാർത്തികേയൻ. പേര് കേട്ട് തെലുങ്കനാണെന്നൊന്നും ധരിക്കേണ്ട – ഒന്നാംതരം മലയാളി – വർക്കു – (വർക്കലക്കാരൻ) – എന്റെ നാട്ടുകാരൻ. പുള്ളിക്കാരൻ ജോലി ചെയ്യുന്നത് ദുബൈയിലാണ് – അവിടെ ഒരു ഈജിപ്ത്കാരന്റെ ബേക്കറിയിൽ ഡ്രൈവർ-കം-സെയിൽ‌സ്‌മാൻ ആയിട്ട്. അവൻ അറബാബിന്റെ (സ്പോൺസർ) കണ്ണിലുണ്ണിയാണ്. കാരണം അവൻ വന്നതിനു ശേഷമാണ് ആ ബേക്കറി നഷ്ടത്തിൽ നിന്ന് കരകയറിയതും പച്ചപിടിച്ചതും. റാവുവിന്റെ നാക്ക് സരസ്വതി വിളയാടുന്ന നാക്കാണെന്ന് പറയാം. ആരെയും വാചകമടിച്ച് വീഴ്ത്താനുള്ള കഴിവ് അവനുണ്ട്. ആളുകളെ സോപ്പിടാനും അങ്ങനെ ബിസ്സിനസ്സ് വർദ്ധിപ്പിക്കാനും അവനെ കഴിഞ്ഞേ ആരുമുള്ളു. അതൊക്കെ കൊണ്ട് അവൻ പറയുന്നതെന്തും കമ്പനി കേൾക്കും. അവൻ എന്ത് കുഴപ്പം കാണിച്ചാലും അവർ കണ്ണടയ്ക്കും.

കമ്പനിയുടെ വാൻ അവന്റെ കൈയ്യിലുണ്ടാകും എപ്പോഴും. ബേക്കറി സാധനങ്ങൾ കച്ചവടം ചെയ്യുന്നതിനിടയ്ക്ക് ഇവന്റെ ചെറിയ സൈഡ് ബിസ്സിനസ്സുകൾ കൂടെ ഉണ്ട്. ദുബൈ ഹമരിയ പച്ചക്കറി മാർക്കറ്റിൽ നിന്ന് അവൻ പച്ചക്കറി മേടിക്കും. അത് വീട്ടിൽ കൊണ്ടുവന്ന് നന്നായി തുടച്ച് വൃത്തിയാക്കി ചിലതിൽ സ്വൽ‌പ്പം എണ്ണയൊക്കെ തടവി പ്ലാസ്റ്റിക്ക് ട്രേയിൽ ക്ലിങ്ങ് ഫിലിം ഉപയോഗിച്ച് പാക്ക് ചെയ്ത് അതിൽ വിലയുടെ സ്റ്റിക്കർ ഒട്ടിച്ച് അവൻ ബേക്കറി സാധനം വിൽക്കാൻ സ്ഥിരം പോകുന്ന കടകളിൽ കൊണ്ട് കൊടുക്കും. ഉദാഹരണത്തിന് ഒരു രൂപയുടെ തക്കാളിക്ക് 4 രൂപ അവൻ വിലയിടും. അവന് അതിൽ 2 രൂപ ലാഭം കിട്ടും. അവന്റെ കസ്റ്റമേഴ്സ് കൂടുതലും യൂ‍റോപ്യൻസാണ്. അവർക്ക് നല്ല പാക്കിംഗ് ഒക്കെ കണ്ടാൽ മതി. ഇതിനു പുറമേ ടെലിഫോൺ കാർഡ് കച്ചവടം, ഫ്ലാറ്റുകളിൽ മീൻ മേടിച്ചോണ്ട് കൊടുക്കൽ, ഹുണ്ടിക്ക് പണം അയക്കുന്നതിന്റെ ഏജൻസി – അങ്ങനെ പല തരികിട പരിപാടികളുമായി റാവു നല്ല കാശുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ബേക്കറിയിൽ നിന്നു കിട്ടുന്ന ശമ്പളം അവൻ കൃത്യമായി നാട്ടിലയക്കും. തരികിടകളിൽ കൂടെ കിട്ടുന്ന പൈസ കൊണ്ട് അവൻ പരോപകാരം, അടിച്ചുപൊളി, വെള്ളമടി എന്നിവ നടത്തിയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നേലും എല്ലാവർക്കും ഒരു ഉപകാരിയായിരുന്നു അവൻ. ഒരുപാടുപേരെ അവൻ വിസയെടുത്ത് നാട്ടിൽ നിന്ന് ഇവിടെ വരുത്തി പണിക്കു കയറ്റി
രക്ഷപ്പെടുത്തി. 50 ദിറഹംസ് അവന്റെ സ്വന്തം പോക്കറ്റിലാക്കീട്ടേ റാവു കമ്പനിക്ക് 100 ദിറഹംസ് കൂടുതൽ ഉണ്ടാക്കിക്കൊടുക്കു. കമ്പനിക്ക് അതൊന്നും പ്രശ്നമല്ല.

അങ്ങനെയിരിക്കേ, അവന്റെ ഏതോ ഒരു സുഹൃത്ത് മൂലം കുറച്ചൂടെ പണമുണ്ടാക്കാനുള്ള പുതിയൊരു മേഖല അവനു തുറന്നുകിട്ടി. അവന്റെ കമ്പനി വാനിൽ ജോലിക്കാരെ ലേബർ ക്യാമ്പുകളിൽ നിന്ന് പണി സൈറ്റിലെത്തിക്കാനും പണി കഴിയുമ്പം തിരിച്ചവരെ ലേബർ ക്യാമ്പുകളിലെത്തിക്കാനും.

24 മണിക്കൂറും സൈറ്റിൽ പണി നടക്കുന്നുണ്ട്. അവൻ അടിക്കുന്ന ട്രിപ്പിന്റെ കണക്കിന് അവന് അവർ കാശു കൊടുക്കും. ബേക്കറി ഓട്ടവും തരികിട ബിസ്സിനസ്സുകളുമൊക്കെ കഴിഞ്ഞ് അവൻ ഇതിനും സമയം കണ്ടെത്തി അങ്ങനെ പൊക്കോണ്ടിരിക്കുന്ന ഒരു നാൾ…

അന്ന് ഒരു വ്യാഴാഴ്ച്ചയായിരുന്നു. വൈകുന്നേരം എല്ലാമൊക്കെ കഴിഞ്ഞ് “ജോണീവാക്കർ റെഡ് ലേബൽ“ 3 ലാർജ്ജും വിട്ട് ഫിറ്റായി കിടന്നുറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു റാവു. അപ്പഴാണ് മൊബൈലിൽ വിളി വന്നത്. ജോലി സൈറ്റിൽ എന്തോ അത്യാവശ്യം! 2-3 പണിക്കാരെ അത്യാവശ്യമായി സൈറ്റിൽ എത്തിക്കണം. മറ്റ് യാതൊരു മാർഗ്ഗവുമില്ല. റാവു ഫിറ്റാണ്, വണ്ടിയോടിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞു. ഡബിൾ പൈസ തരാമെന്ന് അവർ ഓഫർ ചെയ്തു. അതിൽ റാവു വീണു. റാവു പകുതി ബോധത്തിൽ വണ്ടിയുമെടുത്തോണ്ട് ലേബർ ക്യാ‍മ്പിൽ പോയി. നല്ല ട്രാഫിക്ക് ഉണ്ട്.

പോകുന്ന വഴിക്ക് ഒരു “സ്റ്റോപ്പ്” ഉള്ള കട്ടിങ്ങിലെത്താറായി. വണ്ടികൾ നിരനിരയായി ഇഴഞ്ഞു പോകുന്നു. കട്ടിംഗിന്റെ അവിടെ എത്തിയപ്പോൾ റാവു ബ്രേക്കിൽ ചവിട്ടി. പക്ഷേ, ചവിട്ട് കൊണ്ടത് ആക്സിലേറ്ററിലാണ്. മുന്നിൽ പൊയ്ക്കോണ്ടിരുന്ന വെള്ള ബെൻസ് കാറിന്റെ പുറകിലെ ബമ്പറിൽ റാവുവിന്റെ വാൻ ചെന്നിടിച്ചു.

റാവുവിനു ദേഷ്യം വന്നു.ഉള്ളിലുള്ള ജോണീവാക്കർ ഉണർന്നു. റാവു ജോണീവാക്കറായി മാറി! നാശം പിടിച്ചതിന് ഇടിക്കാൻ കണ്ട സമയം!

സ്റ്റീയറിംഗിൽ ഒരു ഇടിയൊക്കെ ഇടിച്ച് ദേഷ്യം പ്രകടിപ്പിച്ചിരുന്നപ്പോൾ മുന്നിലെ വെള്ള ബെൻസ് കാറിൽ നിന്ന് കണ്ണാടി വച്ച, “കന്തൂറ”യിട്ട (ളോഹ പോലെ അറബികൾ ധരിക്കുന്ന നീളൻ വെള്ള അറബിക്കുപ്പായം) ഒരു കൊച്ചു മനുഷ്യൻ ഇറങ്ങിവന്ന് ബെൻസിന്റെ പുറകിൽ നോക്കി.

എന്നിട്ട് റാ‍വുവിന്റെ വണ്ടിക്കരികിലേക്ക് വന്നു് റാവുവിനെ നോക്കി.

ജോണീവാക്കറിന് (റാവു) ആ നോട്ടം ഇഷ്ടപ്പെട്ടില്ല. ഗ്ലാസ്സ് താഴ്ത്തിയിട്ട് “എന്താടാ നോക്കി പേടിപ്പിക്കുന്നത്” എന്ന രീതിയിൽ കണ്ണും മുഖവും കൊണ്ട് “ങ്ഹും?” എന്ന് ചോദിച്ചു.

“ഇന്ത ശക്രാൻ?” അറബി ചോദിച്ചു (“നീ ഫിറ്റാണോ“ എന്നർത്ഥം)

ജോണീവാക്കറിനത് ഇഷ്ടപ്പെട്ടില്ല. “ശൂ?” ജോണീവാക്കർ ചോദിച്ചു (“എന്താ?”)

ശൂ എന്ന ശൂവിലൂടെ കള്ളിന്റെ മണം അറബിയുടെ മുഖത്തടിച്ചു.“ജീബ് ലൈസൻ, പത്താക്ക, മുൾക്കി” അറബി പറഞ്ഞു ( ലൈസൻസ്, ലേബർ വകുപ്പ് തരുന്ന ഐ.ഡീ കാർഡ്, വണ്ടിയുടെ രെജിസ്റ്റ്രേഷൻ എന്നിവ തരൂ).

ജോണീവാക്കർ അങ്ങ് ചെറുതായതുപോലെ തോന്നി. ഇവനാരെടാ എന്റെ പത്താക്കയും ലൈസൻസും മുൾക്കിയുമൊക്കെ ചോദിക്കാൻ? അതു കൊള്ളാമല്ലോ! അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പറ്റുമോ?“മീൻ അന്ത?” ജോണീവാക്കർ (റാവു) ആ അറബിയോട് ചോദിച്ചു. (“നീ ആരാ?“)

“ഖല്ലി ജീബ് ഇന്ത പത്താക്ക അവ്വൽ” (“നീ ആദ്യം നിന്റെ പത്താക്ക കാണിക്ക്) ജോണീവാ‍ക്കർ തിരിച്ചടിച്ചു.

ആ കൊച്ചു മനുഷ്യൻ ചിരിച്ചു. പതുക്കെ കന്തൂറയുടെ പോക്കറ്റിൽ കൈയിട്ട് അയാളുടെ ഐ.ഡി എടുത്ത് പോക്കറ്റിൽ നിന്നും കൈ പുറത്തേക്ക് എടുത്തു കഴിയുന്നതിന് മുൻപ് പെട്ടന്ന് 2-3 പോലീസ് കാറുകൾ മുകളിൽ കറങ്ങുന്ന ലൈറ്റും ജഗതിയുടെ ഭാഷയിൽ പറഞ്ഞാൽ “നിലവിളി ശബ്ദവും“ഒക്കെയായിട്ട് പെട്ടന്ന് അവിടെ വന്ന് “കീ‍ീ‍ീ‍ീ‍ീ” എന്ന ശബ്ദത്തോടെ സഡൻ ബ്രേക്ക് ചവിട്ടി. അതിൽ നിന്ന്(ഏ.ക്കേ 47 പോലെയുള്ള തോക്കും കൊണ്ട്) 4-5 തോക്കുധാരികൾ ചാടിയിറങ്ങി ഈ കൊച്ചു മനുഷ്യനെ സല്യൂട്ട് ചെയ്യുന്നു.

ആ നിമിഷം റാവുവിന്റെ കള്ളിറങ്ങി!

ജോണീവാക്കർ റാവുവായി മാറി.ഇവനേതോ വല്യവൻ ആണെന്ന് റാവുവിന് മനസ്സിലായി. ഇനി രക്ഷയില്ല.
റാവു വണ്ടിയിൽ നിന്ന് ചാടിയിറങ്ങി ആ കൊച്ചു മനുഷ്യന്റെ കാലിൽ വീണു.

“ആനാ ഗൽത്താൻ ..sorry.. sorry..” (എന്റെ തെറ്റ്,…) റാവു കരയാൻ തുടങ്ങി.

ആ കൊച്ചുമനുഷ്യൻ ചിരിച്ചുകൊണ്ട് റാവുവിനെ പിടിച്ചെഴുന്നേൽ‌പ്പിച്ചിട്ട് ഹിന്ദിയിൽ ചോദിച്ചു, “തും പിയാ?”(നീ കുടിച്ചോ?)

“പാർട്ടീ ധാ, 2 ഡബ്ബാ ബിയർ പിയാ‍“ (പാർട്ടിയായിരുന്നു 2 ക്യാൻ ബിയർ കുടിച്ചു)

തലയാട്ടിക്കൊണ്ട് “ങ്ഹൂം…” എന്ന് നീട്ടി മൂളിയിട്ട് അയാൾ അയാളുടെ ചുറ്റും കൂടി നിന്ന പോലീസുകാരോട് റാവുവിനെ ആശുപത്രിയിൽ

കൊണ്ടുപോയി ആൽക്കഹോൾ അനലിസിസ് ടെസ്റ്റ് നടത്താൻ പറഞ്ഞു. അനുവദനീയമായ ലിമിറ്റിലാണെങ്കിൽ കേസെടുക്കണ്ട എന്നും ലിമിറ്റ് വിട്ടെങ്കിൽ കേസ് ചാർജ്ജ് ചെയ്യാനും പറഞ്ഞിട്ടു പുള്ളിക്കാരൻ സ്വന്തം ബെൻസിൽ കയറി പോയി.

റാവുവിനെ പോലീസുകാർ വണ്ടിയിൽ കയറ്റി. കൂടെയിരുന്ന പോലീസുകാരനോട് റാവു ചോദിച്ചു ആരാ ആ പുള്ളിയെന്ന്.പോലീസുകാരൻ അത്ഭുതത്തോടെ ചോദിച്ചു “ നിനക്ക് ആളെ മനസ്സിലായില്ലേ?, അതാണ് ജനറൽ ദാഹി തമീം ഖൽഫാൻ”

റാവു ഞെട്ടി! ദൈവമേ, ദുബായ് പോലീസിന്റെ കമാണ്ടർ ഇൻ ചീഫിനോടാണല്ലോ ഞാൻ പത്താക്ക ചോദിച്ചത്!

അടിക്കുറിപ്പ്: യു.ഏ.ഈയിൽ വളരെ അറിയപ്പെടുന്ന ഒരു മനുഷ്യനാണ് ജനറൽ ദാഹി തമീം ഖൽഫാൻ. ദുബൈ പോലീസിന്റെ ചീഫ്, ദുബൈ കിരീടാവകാശിയും യു.എ.ഈ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദിന്റെ വലം കൈ, ദുബൈ പോലീസിന്റെ ആധുനികവത്കരണത്തിന്റെ ചുക്കാൻ പിടിക്കുന്നയാൾ,ദുബായ് എക്സിക്യൂട്ടീവ് കൌൺസിൽ അംഗം, ദുബായ് E-TQM കോളേജിന്റെ ചാൻസിലർ, കവി (അദ്ദേഹമെഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്), സർവോപരി മനുഷ്യസ്നേഹിയായ, ജാടകളില്ലാത്ത ഒരു സാധാരണ മനുഷ്യൻ.

കഥയുടെ ബാക്കി: റാവുവിനെ പരിശോധിച്ചു. അനുവദനീയമായ ലിമിറ്റിൽ കൂടുതൽ കള്ളടിച്ചിരുന്നതുകൊണ്ട് പോലീസ് കേസ്സ് എടുത്തു. ഒരു മാസം ജയിൽ ശിക്ഷ വിധിച്ചു. ലൈസൻസ് 3 മാസത്തേക്ക് മരവിപ്പിച്ചു. ഒരു മാസം കഴിഞ്ഞ് റാവു പുറത്തിറങ്ങി വീണ്ടും ആ ബേക്കറിയിൽ തന്നെ ജോലിക്ക് കയറി. ദുബൈ ആയതുകൊണ്ട് അവൻ രക്ഷപ്പെട്ടു. മറ്റ് ഏത് എമിരേറ്റ് ആയിരുന്നേലും നാട്ടിൽ കയറ്റി വിട്ടേനേ! കാണിച്ചത് പോക്കിരിത്തരമല്ലേ? വെള്ളമടിച്ചിട്ട് വണ്ടിയോടിക്കുക എന്നത് ലൈസൻസിന് ആജീവനാന്ത ബാൻ കിട്ടാവുന്ന കുറ്റമാണ് മറ്റ് എമിരേറ്റുകളിൽ.


Actions

വിവരങ്ങള്‍

32 പ്രതികരണങ്ങള്‍

6 10 2005
atulya::അതുല്യ

കലേേഷേ, വിവരണം നന്നായി.
ഗൾഫിൾ വിസയിൽ പറഞ്ഞ സ്തലത്തല്ലാതെ
ജോലി ചെയ്യാമോ?
കള്ളു കുടിക്കാമോ?
കള്ളു കുടിച്ചാ വണ്ടി ഓടിക്കാമോ?
എന്നൊക്കെ എനിക്കു ചോദിക്കണമെന്നു ഉണ്ട്‌. പക്ഷെ ഒന്നിനും ഉത്തരം ഉണ്ടാവില്ലല്ലോ. “വാസ്ത” (ഇൻഫുളുവൻസ്‌) ഉള്ളവൻ എന്തു തെണ്ടിത്തരവും കാട്ടുന്നു ഇവിടെ, (എവിടെയും)

പക്ഷെ, “വാട്ടീസ്‌” അടിക്കുന്ന വാരോടു എനിക്കു ബഹുമാനം തോന്നുന്ന ഒരു കാര്യം ഉണ്ട്‌. ദോഷം പറയരുതല്ലോ, എത്ര തലക്കു പിടിചു കുടിച്ചാലും, നേരേ വീട്ടിൽ വന്നു (വഴിയിൽ പോസ്റ്റും, കാനയും ഒന്നും ഒരുപാടു ഇല്ലങ്കിൽ) തല്ലുന്ന ശീലമുള്ളവൻ, ആവനവന്റെ ഭാര്യയേ മാത്രമേ രണ്ടു പൊട്ടിക്കൂ. സിമിന്റ്‌ ഇട്ടാ പോലും കാലു നിലത്തു ഉറയ്ക്കാത്തവൻ, ഒരു കാരണവശാലും, അയൽ-വക്കത്തെയ്‌ വീട്ടിൽ കയറി, വേറെ ഒരു വേലായുധന്റെ ഭാര്യയയെ തല്ലീന്നു കേട്ടീട്ടുണ്ടോ?

6 10 2005
കലേഷ്‌ | kalesh

അതുല്യ ചേച്ചീ, അടിയായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. നന്നായെന്ന് പറഞ്ഞതിൽ സന്തോഷം!
കഥാനായകന്റെ വിസ ഉം അൽ കുവൈൻ വിസ ആയിരുന്നു. “കല്ലീവല്ലി”യായിട്ടാണ് അവൻ ദുബൈയിൽ പണി ചെയ്തത്. (കല്ലീവല്ലി എന്നു പറഞ്ഞാൽ സ്പോൺസറുടെ അടുത്ത് നിന്ന് ചാടിയോ അല്ലേൽ സ്പോൺസറുടെ NOC ലെറ്റർ വച്ചോ വേറേ എവിടെയെങ്കിലും പണി ചെയ്യുന്നയാൾ എന്നർത്ഥം)

വിസയിൽ പറഞ്ഞ സ്ഥലത്ത് മാത്രമേ നിയമപ്രകാരം ജോലി ചെയ്യാൻ പാടുള്ളു.(അല്ലാത്തിടത്ത് പാടില്ല – 2 അർത്ഥം പാടില്ല, പാ‍ട് + ഇല്ല). ഇസ്ലാം മതവിശ്വാസികൾക്ക് കള്ള് കുടിക്കാൻ പാടില്ല. ബാക്കിയുള്ളവർ കള്ള് കുടിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. കള്ളു കുടിച്ചാൽ മര്യാദയ്ക്ക് കിടന്നുറങ്ങിക്കോണം. പുറത്തിറങ്ങരുത്.നടക്കരുത്.പബ്ലിക്ക് സ്ഥലങ്ങളിലെങ്ങും പോകരുത്.വണ്ടിയോടിക്കരുത്.

6 10 2005
Rathrincharan

vivaranam kalakki kalesh. Mattu gulf rajyanghale apekshicchu dubayil vyakthi swathanthram kootuthal untu ennullathu nalla kaaryam thanne:)

6 10 2005
-സുനില്‍-

“പാടില്ല – 2 അർത്ഥം പാടില്ല, പാ‍ട് + ഇല്ല“
(നംബൂതിരി)പാടില്ല..
അപ്പൂന്റെ മേല് പൊള്ളിപാടുവന്നൂന്ന്‌ പറഞപ്പോള്‍ അപ്പു ചോദിക്കാ, “അദോണ്ടാ‍് അഛാ ഞാന്‍ നമ്പൂതിരിപ്പാടായത്?“

6 10 2005
പാപ്പാൻ//^mahout

കലേഷ്, നന്നായിട്ടുണ്ട്. ഇതുപോലുള്ള ജീവിതകഥകളാണ് ബ്ലോഗുലകത്തിൽ എനിക്കു വായിക്കാൻ ഏറ്റവും ഇഷ്ടമായവ.

6 10 2005
അനിൽ :‌Anil

ശ്വാസം പിടിച്ചുവച്ചു വായിച്ചൂ കലേഷേ.
ഒന്നാന്തരം വിവരണം.

ഒരു പുതിയ അറിവാണോ സംശയമാണോന്ന് സംശയം.
അനുവദനീയമായ ലിമിറ്റിൽ എന്ന് ഒന്നുണ്ടോ? മദ്യപിച്ച് വണ്ടിയോടിക്കാനേ പാടില്ല എന്നല്ലേ?

7 10 2005
പാപ്പാൻ//^mahout

അനിലേ,
കള്ളു കുടിച്ചോ എന്നെങ്ങനെ അറിയും? കുടിയൻ ഏതായാലും സമ്മതിക്കാൻ പോണില്ല. അപ്പൊ പിന്നെ രക്തപരിശോധന നടത്തണം ചാരായം ശരീരത്തിലുണ്ടോന്നറിയാൻ. പക്ഷെ ചുമ മരുന്നിലും, അരിഷ്ടത്തിലും, പലതരം കെയ്ക്കുകളിലുമൊക്കെ alcohol ന്റെ അംശം കാണും. അതുകൊണ്ട് രക്തപരിശോധനയിൽ കാണുന്ന അളവിനെ ശരീരത്തിന്റെ സാധാരണപ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരളവുമായി താരതമ്യപ്പെടുത്തണം — ആ അളവിൽക്കൂടിയാൽ അവൻ കുടിയൻ — കുടിച്ചത് അരിഷ്ടമായാലും, വെട്ടിരുമ്പായാലും.

ഞാൻ താമസിക്കുന്ന സ്ഥലത്ത് ഈ അളവ് 0.08% ആയിട്ടാണ് വച്ചിരിക്കുന്നത്.

7 10 2005
കലേഷ്‌ | kalesh

പ്രിയ രാത്രി, നന്ദി! :) എന്താ ഒന്നും ഇപ്പം എഴുതാത്തേ? സമയക്കുറവായിരിക്കും അല്ലേ?

പ്രിയ സുനിൽ, നന്ദി! :) നമ്പൂതിരികൾക്ക് ഒരു “ഫണ്ണി ബോൺ “ ഉള്ളതല്ലേ? മകൻ മോശക്കാരനല്ല!

നന്ദി, പ്രിയ പാപ്പാൻ! :)
നന്ദി, പ്രിയ അനിലേട്ടൻ :) അനിലേട്ടാ, ഒരു ബിയറൊക്കെ അടിച്ചിട്ട് വണ്ടി ഓടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാപ്പാന്റെ വിശദീകരണം വളരെ ശെരിയാണ്. അനിലേട്ടന്റെ ആശുപത്രീലേ ഏതേലും ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് അതൊന്ന് വിശദീകരിക്കാമോ പ്ലീസ്?

7 10 2005
അനിൽ :‌Anil

ഡോക്ടറോട് ഞാൻ ചോദിച്ചിട്ട് പിന്നെ പറയാം. (ചോദിക്കണോന്നു തന്നെ സംശയം :) )
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സുഹൃത്ത് ഉച്ചയൂണിനൊപ്പം രണ്ടു ബിയർ അടിച്ചു. വൈകുന്നേരം കുടുംബസമേതം കോർണിഷിൽ ഒന്നു പോയി. ടയർ പഞ്ചറായി വണ്ടി ഫുട്പാത്തിൽ ഉരഞ്ഞു. അവിടുന്നു പൊക്കിയ ആൾ രണ്ടുമാസം കഴിഞ്ഞാ വെളിച്ചം കണ്ടത്. ആൾ നോൺ മുസ്ലിം ആയിരുന്നെങ്കിലും കാലം റമദാൻ ആയിരുന്നു.

8 10 2005
കലേഷ്‌ | kalesh

അത് റമദാൻ മാസത്തിലായോണ്ടല്ലേ അനിലേട്ടാ?
ഈയിടെ ഞങ്ങളുടെ സ്റ്റാഫ് അക്കോമഡേഷനിലും ഇങ്ങനെ ഒരു സംഭവമുണ്ടായി. മുബാരക്ക് എന്ന ശ്രീലങ്കൻ പയ്യൻ രാത്രി അവന്റെ മുറിയിൽ നടന്ന പാർട്ടിയിൽ വെള്ളമടിച്ചിട്ട് ബാത്ത്രൂമിൽ തെന്നിവീണൂ – വാഷ് ബേസിന്റെ പുറത്തേക്ക്. നാക്ക് മുറിഞ്ഞ് ചോര വന്നതു കണ്ട് മറ്റു പിള്ളേർ എടുത്ത് അവനെ സർക്കാർ ആശുപത്രീലെ എമർജൻസിയിൽ കൊണ്ടുപോയി. അവനെ പിടിച്ച് അകത്തിട്ടു. മുസ്ലീം ആയതുകൊണ്ട്. പിന്നെ ഞങ്ങൾ ചെന്ന് ഇറക്കി. പക്ഷേ, 90 അടി ശിക്ഷ വിധിച്ചു കോടതി. (റമദാൻ മാസം അല്ലായിരുന്നു)

9 10 2005
Achinthya

KalEsh,

Njaanithu vaayikkumbazhokke raunte mukhathinu pazhe priyadarshan/ sathyan anthikakadinte padangaLile mohanlaalinte chaaya.jeevikkanilla thathrappadum neTTOTTOm.

namboothiri/sardarji/maththaayi seriesu pole oru rao seriesinulla scope ndo?

9 10 2005
കലേഷ്‌ | kalesh

പ്രിയ അചിന്ത്യ, നന്ദി! :)

റാ‍വുവിന് പ്രശ്നങ്ങളായപ്പഴത്തേക്ക് അവൻ ഇവിടെ വരുത്തി ജോലിയാക്കിക്കൊടുത്ത സുഹൃത്തുക്കൾ ഒറ്റയൊരെണ്ണം സഹായിച്ചില്ല!
റാവുവിന്റെ ബാക്കി കഥകൾ ഞാൻ ബ്ലോഗാം.
ഗൾഫ് കഥകളുടെ ആവനാഴിയല്ലേ?

പി.എസ്: മലയാളം റ്റൈപ്പ് ചെയ്യാൻ ശ്രമിച്ചുകൂടേ? :) മംഗ്ലീഷ് ഏതായാലും ടൈപ്പ് ചെയ്യുന്നില്ലേ? എന്നാപിന്നെ ആ വരമൊഴി അങ്ങ് ഡൌൺലോഡ് ചെയ്ത് അതിലോട്ട് മംഗ്ലീഷിൽ റ്റൈപ്പ് ചെയ്താൽ മലയാ‍ളം വരില്ലേ? എന്നിട്ട് ctrl+U ഞെക്കിയാൽ അത് യുണീകോഡിലോട്ട് എക്സ്പോർട്ട് ചെയ്യാൻ പറ്റും. അതങ്ങ് കോപ്പീ- പേസ്റ്റ് ചെയ്താ‍ൽ കാര്യം കഴിഞ്ഞില്ലേ? :)

10 10 2005
thulasi

ഗൽഫ്‌കഥകൽ.
സന്തോഷവും,സങ്കടങ്ങളും,അവഗണയും,തട്ടിപ്പും…ജീവിതത്തിന്റെ എല്ലാ മുഖങ്ങളും.

ഗൽഫിൽ നിന്നുൻ നാട്ടിലേക്കു വരുന്നവർ പെട്ടി നിറയെ കഥകളുമായാണു വരാറ്‌.പലതിലും പാക്കിസ്താനികൽ കഥാപാത്രമായി കേൽക്കാറുണ്ട്‌.കലേഷ്‌, അങ്ങനെ വല്ലതും?

11 10 2005
Achinthya

എന്റെ ആദ്യത്തെ മലയാളം കമന്റ്‌
കലേഷിനിരിക്കട്ടെ.പൂജ അവധിക്കു ഹരിശ്രീ
കുറിക്കാം ന്നു ഏതോ ബ്ലോഗില്‍ ഞാന്‍
ഏറ്റിരുന്നതാ.
ഇന്ത അചിന്ത്യ ഒരു വാട്ടി സൊന്നാ 100 വാട്ടി സൊന്ന മാതിരി.മ്മോ ഇനി തമിഴ്‌ പേശിയതിനു
മലയാള ഭൂമിപുത്രന്മാര്‍ ഊരു വിലക്കു കല്‍പ്പിക്കുൊ ആവോ.

11 10 2005
കലേഷ്‌ | kalesh

പ്രിയ അചിന്ത്യ, ബഹുത്ത് സന്തോഷം!
ഇത്തിരിയൊക്കെ പാടായിരിക്കും ആദ്യം – അക്ഷരങ്ങൾ നമ്മൾ വിചാരിക്കുന്നതൊന്നും ചിലപ്പം വരില്ല. ദേഷ്യം വരും. സാരമില്ല! ബുദ്ധിമുട്ടിയാലും അത് തുടരണം. ആദ്യം നടക്കുമ്പോൾ വീഴില്ലേ? പിന്നെ പിന്നെ എല്ലാം ശരിയായിക്കോളും!

മുതൽ കമന്റ് എന്നുടെ ബ്ലോഗിലെ പോട്ടതിൽ റൊമ്പ മകിഴ്ച്ചി (സന്തോഷം)! മലയാളം വാഴട്ടെ!

11 10 2005
വിശ്വപ്രഭ Viswaprabha

ഏറെ ആഴ്ചകളായി കാത്തിരുന്ന ഒരു സംഭവം നടന്നിരിക്കുന്നു!
അചിന്ത്യ മലയാളത്തിൽ അക്ഷരം കുറിച്ചിരിക്കുന്നു!

നല്ല കാര്യം!
അഭിനന്ദനങ്ങൾ!
സന്തോഷം!
നന്ദി!

അചിന്ത്യ മലയാളം എഴുതുന്നതുവരേക്കും ഒരൊറ്റ കമന്റും വായിക്കുകില്ലെന്നു ദൃഡനിശ്ചയം ചെയ്തിരിക്കയായിരുന്നു.

നല്ല വിദ്യാരംഭം!

ഇനി മുതൽ മലയാളത്തിന്റെ വിരിമാറിലൂടെ ഈ അമൃതഗംഗ ഒഴുകിപ്പടരട്ടെ.

ആശംസകൾ!
പ്രാർത്ഥനകൾ!

11 10 2005
Achinthya

ദേ ചെക്കാ
ഒരൊറ്റ ഇടി വെച്ചു തന്നാ എങ്ങനെ ഇരിക്കും ന്നു അറിയുവൊ?ഇയാള്‍ടെ ആനമൂക്കു ചമ്മന്ത്യാവും.
ഭ്രഷ്ടു കല്‍പിക്കാന്‍ വന്നിരിക്കുണു ഒരുത്തന്‍.
ഇതു വരെ എന്റെ comments ഒന്നും വായിചില്യാന്നു പറേണതു തന്നെ വല്ല്യേ നുണ.വായിക്കാണ്ടെ എങ്ങന്യാ englishഓ
,manglishഓ ന്നു അറിയണെ? അല്ല, മുത്തെ, അറിയാണ്ടെ ചോദിക്ക്യ, എന്തിനാ നിങ്ങക്കൊക്കെ ഈ ചെറ്യെ ജീവിതതില്‍ ഇങ്ങനെ ചെറ്യേ കാര്യങ്ങള്‍ക്കൊക്കെ പിടിവാശി? എന്റെ കൈ എതണോടത്തെങ്ങാനും ആയിരുന്നെങ്കി ഇപ്പൊ കിട്ട്യേനേ .എനിക്കിഷ്ടള്ള ഭാഷേലു ഞാനെഴുതും. നോക്കട്ടെ, എന്താ ചെയ്യ്യ്യാ ന്നു, അംഭംഭട രാഭണാ.കുംഭകര്‍ണ വിഭീഷണാ…

12 10 2005
പാപ്പാൻ//^mahout

ഒരു കണക്കിന് ഈ അചിന്ത്യേക്കൊണ്ട് മലയാളം മലയാളത്തിലെഴുതിച്ചെടുത്തപ്പോഴേക്കും, ദാ തുടങ്ങി തമിഴ് കൂടി മലയാളത്തിലെഴുതാൻ :)

*എങ്കിലും സന്തോഷമായി. മലയാളം മലയാളത്തിലെഴുതുമ്പോളുള്ള ഭംഗി ഒന്നു വേറെ*

12 10 2005
Achinthya

ഇതാപ്പോ നന്നായേ.ഇവടെ ള്ള എഴുത്തച്ചന്മാരൊക്കെക്കൂടി എന്നെ കുഞ്ഞി വിരല്‍ പിടിച്ചു ഹരിശ്രീ എഴുതിച്ചൂന്നാ പ്പോ പറേണേ?
ഈ പാപ്പാന്റെ വിചാരം ഇയാളു ആനേനെക്കൊണ്ടു പട്ട എടുപ്പിക്കണ പോല്യാ കാര്യങ്ങളൊക്കെ ന്നാ !(ഈ വരമൊഴീല്‍ എടുപ്പിക്കണ ന്നെഴുത്യാ അടിപ്പിക്കണ ന്നാവുൊ?)
ഇവടത്തെ മലയാളം ഗുരുക്കന്മാര്‍ അറിയാന്‍…ഈ പാവം നിരക്ഷരകുക്ഷിക്കൊരു പരാതി-മലയാളത്തിലെ ഏറ്റവും നല്ല വാക്കു വരമൊഴീല്‍ എഴുതുമ്പോ വേറെ എന്തോ ആവുണു.
snEhajm nnu manglishil ezhuthum.inikkenthaa athu varamozhiil ezhuthaan kiTTaaththe?athu paRanju thaa aadyam. enniTTu baakki.Lots of love…

12 10 2005
Jo

ഈ മര്യാദ രാമന്റെ കഥ കേട്ടപ്പോൾ നമ്മുടെ നാട്ടിൽ കുമ്പിട്ടു നിന്നാൽ പോലും കൂമ്പിനിടിക്കുന്ന പോലീസുകാരുടെ മര്യാദ ഓർത്തു പോയി.

അചിന്ത്യ (ചേച്ച്യമ്മ) പറഞ്ഞതൊരു കാര്യം. ബ്ലോഗ്‌ എന്ന പദത്തിന്‌ തത്തുല്യമായ മലയാള പദം കണ്ട്‌ പിടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്തവർക്ക്‌ (ബൂലോഗം എന്നൊക്കെ എഴുതി വൃത്തി കേടാക്കല്ലേ ചേട്ടന്മാരേ… weblog അഥവാ blog എന്നതിന്റെ പരിഭാഷയാവില്ല അത്‌) എന്തിനാ ഇത്തരം ബാലിശമായ പിടിവാശികൾ??

12 10 2005
കലേഷ്‌ | kalesh

എന്റെ അഭിപ്രായത്തിൽ ഇവിടെ ബൂലോഗത്തിൽ അക്ഷരഗുരുക്കൾ എന്ന സ്ഥാനത്തിനർഹർ സിബുവും രാജും കെവിനും ആണ്. അവരുടെ എഫോർട്ടുകൾ കൊണ്ടാണല്ലോ വരമൊഴിയും മൊഴിയും അഞ്ജലിയുമൊക്കെ ഉണ്ടായത്. ബാക്കിയുള്ള നമ്മളെല്ലാം സാധാരണക്കാരല്ലേ? ആരും എഴുത്തച്ഛന്മാരല്ല. ഒരു കൂടപ്പിറപ്പ് മലയാളം ലിപിയിൽ എഴുതുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നുവെക്കുകയല്ലേ വിശ്വേട്ടൻ ചെയ്തുള്ളു? :) എനിക്കും വളരെയേറെ സന്തോഷമുണ്ട്. പ്രത്യേകിച്ചും ആദ്യ കമന്റ് എന്റെ ബ്ലോഗിലിട്ടപ്പോൽ അതൊന്നുകൂടെ കൂടി! പാപ്പാനും ആ സന്തോഷം പങ്കുവച്ചു!അതുപോലെ തന്നെ ഓരോ ബൂലോഗനിവാസിക്കും അചിന്ത്യ മലയാളത്തിലെഴുതുന്നതിൽ സന്തോഷമുണ്ടാകും! ഇനിയും കൂടുതൽ പേർ അചിന്ത്യയെപ്പോലെ മലയാളം ലിപി (യുണീകോഡ്) ഉപയോഗിച്ചു തുടങ്ങണം. ചെറുവിരൽ പിടിപ്പിച്ച് എഴുതിക്കാൻ ഇവിടെ ആരാ കൊച്ചുകുട്ടികളുള്ളത്? :) ഇത് വിവാദത്തിന്റെ തിരികൊളുത്തലോ കുറ്റപ്പെടുത്തലോ അല്ലേ… അങ്ങനെ ആർക്കേലും തോന്നിയെങ്കിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.

മലയാളം ലിപിയിൽ യുണീകോഡിൽ തന്നെ മലയാളികൾ കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കണം. അതിന് നമ്മളാലാവുന്നത് ചെയ്യണം.അതിനെ കുറിച്ച് അറിയാത്തവർക്ക് പറഞ്ഞുകൊടുത്തും മലയാളത്തിലെഴുതാൻ പ്രോത്സാഹിപ്പിച്ചും ഒക്കെ. അങ്ങനെയല്ലേ? അചിന്ത്യ കോളേജിൽ ജോലി ചെയ്യുകയാണെന്ന് മനസ്സിലായി. മഴവെള്ളസംഭരണം പോലെ തന്നെ, ബുദ്ധിമുട്ടാ‍കില്ലെങ്കിൽ പിന്നീടെപ്പഴേലും അവരോടൊക്കെ മലയാളം യുണീകോഡിനെ കുറിച്ച് സംസാരിച്ചുകൂടേ? :)

നിഷാദ് കൈപ്പള്ളിയുടെ ആഹ്വനം ഞാൻ ഇവിടെ ഒന്ന് ഓർമ്മപ്പെടുത്തുന്നു – ഒരു ദിവസം ഒരുത്തനെ ഒരു അക്ഷരം പഠിപ്പിക്കു!
എല്ലാവർക്കും ഈയുള്ളവന്റെ വിജയദശമി ആശംസകൾ. ദേവി എല്ലാവരിലും അനുഗ്രഹവർഷം ചൊരിയട്ടെ!

ജോ, നന്ദി! :) ബൂലോഗം നല്ല വാക്കല്ലേ? നമ്മളെന്തിന് അന്ധമായ പരിഭാഷകളുടെ പുറകേ പോകണം? ജോ പറഞ്ഞതുപോലെ ഇവിടെ പിടിവാശി എന്നൊരു വിഷയമേ ഉദിക്കുന്നില്ല. എന്താ, പുതിയ വാക്ക് വല്ലതും നിർദ്ദേശിക്കാനുണ്ടോ? ഉണ്ടെങ്കിൽ പോരട്ടെ! അതിലെല്ലാവർക്കും സന്തോഷമേയുള്ളു. പിടിവാശിക്കാരായിട്ടാ‍രാ ഇവിടെയുള്ളത്? ഇത് ആരുടെയും കുത്തകയല്ലല്ലോ!

12 10 2005
കലേഷ്‌ | kalesh

പ്രിയ തുളസി,
നല്ല വാക്കുകൾക്ക് നന്ദി!
പാക്കിസ്ഥാനികളെ കുറിച്ച് ഒരുപാട് കഥകൾ ഉണ്ട്! ഇവിടെ ഞാൻ കണ്ടിട്ടുള്ളവരിൽ 75% പേരും മഴപെയ്തപ്പോൾ പോലും സ്കൂളിന്റെ തിണ്ണയിൽ കയറി നിന്നിട്ടില്ലാത്തവരാണ്. രസകരമായ പല കഥകളും ഞാൻ കേട്ടിട്ടുണ്ട്.ഞാൻ തീർച്ഛയായും എഴുതാം.

12 10 2005
പെരിങ്ങോടന്‍

ബ്ലോഗിനെ ബൂലോഗമെന്ന് വിളിച്ചാലും ബൂലോകമെന്നുവിളിച്ചാലും എനിക്ക് അസംതൃപ്തിയില്ല. ബ്ലോഗ് എന്ന വാക്കിനു് പരിഭാഷ കണ്ടുപിടിച്ചേ അടങ്ങൂ എന്നുള്ളത് അർത്ഥശ്യൂനമായ നിലപാടെന്ന് തോന്നുന്നു. അമരകോശം മുഴുവൻ തപ്പുകയും സംസ്കൃതം സന്ധി എങ്ങിനെയെന്നു് അറിയുകയും ചെയ്താൽ ബ്ലോഗിനും ഒരു വാക്കായി. പൊതുജനത്തിനു് മനസ്സിലാവാത്ത മറ്റൊരു വാക്കുകൂടിയുണ്ടായിട്ട് എന്ത് കാര്യം?

കയറിനെ കയർ എന്ന് ഇംഗ്ലീഷ്‍കാരനു് പറയാമെങ്കിൽ ബ്ലോഗിനെ ബ്ലോഗെന്ന് നിസ്സങ്കോചം പറയൂ. ബൂലോഗമെന്ന വാക്കിൽ അമർഷം കൊള്ളേണ്ടതുമില്ല, ഒരു ഇരട്ടെപ്പേരെന്ന് കരുതിയാൽ മതി!

12 10 2005
പാപ്പാൻ//^mahout

കലേഷിന്റെ നിർദ്ദേശം നന്ന് — കലാലയത്തിലെ കുമാരിമാരെല്ലാം ഇനി കമ്പ്യുട്ടറിൽ മലയാളമെഴുതാൻ പഠിക്കട്ടെ.

സ്നേഹം (snEham) — എഴുതാൻ പറ്റുന്നുണ്ടല്ലോ. അചിന്ത്യ snEhajm എന്നെഴുതിയിട്ടാവും (കമന്റിലെപ്പോലെ). ആ j എടുത്തുമാറ്റൂ :-)

12 10 2005
Jo

കലേഷ്‌,

ബൂലോഗം നല്ല വാക്കല്ല. :-) അല്ലെങ്കിൽ ‘ഭൂലോകം’ എന്നെഴുതണം. ഇതു രണ്ടും blog എന്ന പദത്തിന്‌ പകരമാവില്ല താനും. ഞാനിതിനെ പറ്റി ഇപ്പോൾ പറയാൻ കാരണം ചിലർ ബ്ലോഗ്‌ എന്ന പദത്തിന്റെ മലയാള പരിഭാഷ എന്ന പോലെ ‘ബൂലോഗം’ ഉപയോഗിച്ചത്‌ കൊണ്ടാണ്‌.

എന്റെ സത്യസന്ധമായ അഭിപ്രായത്തിൽ blogന്‌ ബ്ലോഗ്‌ എന്നെഴുതുന്നത്‌ തന്നെയാണ്‌ നല്ലത്‌. അല്ലെങ്കിൽ നമ്മൾ ONനും OFFനും വരെ മലയാളം കണ്ടു പിടിക്കാൻ നടക്കേണ്ടി വരും. :-)

പെരിങ്ങോടർ പറഞ്ഞതിനോടു ഞാൻ യോജിക്കുന്നു. പക്ഷേ യാതൊരു സാമ്യവുമില്ലാത്ത ‘ബൂലോഗം’ എന്ന പദം ഉപയോഗിക്കുന്നതിൽ എനിക്ക്‌ നല്ല അമർഷം ഉണ്ട്‌. കുറഞ്ഞത്‌ ബ്ലോഗിന്‌ ഒരു നല്ല മറുവാക്ക്‌ മലയാളത്തിൽ വരുന്നത്‌ വരെയെങ്കിലും ബ്ലോഗ്‌ എന്നു തന്നെ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ മലയാള ഭാഷക്ക്‌ ഒന്നും സംഭവിക്കില്ല.

13 10 2005
Jo

അചിന്ത്യ പറഞ്ഞത്‌ സത്യം. “സ്നേഹം” എന്നേ വരുന്നുള്ളു. വരമൊഴിയിൽ ശരിക്ക്‌ കാണിക്കുന്നുണ്ടെങ്കിലും യൂണികോഡിലേക്ക്‌ മാറ്റുമ്പോൾ ശരിയാവുന്നില്ല.

13 10 2005
Achinthya

OOOps sorry everyone if I hurt ur feelings.
Viswam, apologies
Love to all

13 10 2005
കലേഷ്‌ | kalesh

പ്രിയ അതുല്യ, അതൊന്നും കാര്യമാക്കണ്ട! സാരമില്ലന്നേ!

13 10 2005
kuma®

നല്ല കഥ. നല്ല ജീവിതം. ‘നല്ല അറബിവാക്കുകൾ’. നല്ല തർജ്ജമ. നല്ല കമന്റുകൾ. നല്ല മറുവാക്കുകൾ.
കലേഷ് ഇതിനപ്പുറം എന്തുവേണം. ഇരിക്കട്ടെ എന്റെ ഈ ചെറുകമന്റും.

13 10 2005
അനിൽ :‌Anil

അചിന്ത്യ & ജോ,
snEham സ്നഹേം എന്നു പ്രത്യക്ഷപ്പെടുന്നതാണോ പ്രശ്നം?
ഒരു പരിഹാരം
വരമൊഴി സഹായത്തിൽ ഉണ്ടല്ലോ. ഒന്നു പരീക്ഷിച്ചൂടേ?

13 10 2005
കലേഷ്‌ | kalesh

അതുല്യ അല്ല, അചിന്ത്യ. പേരടിച്ചത് തെറ്റിപ്പോയി.
പ്രിയ അചിന്ത്യ ചേച്ചീ, അതൊന്നും സാരമില്ല കേട്ടോ… :) കാര്യമായിട്ടൊന്നുമെടുക്കണ്ട!
പ്രിയ കുമാറ്, നല്ല വാക്കുകൾക്കും സാന്നിദ്ധ്യത്തിനും നന്ദി! :)

16 10 2005
അനിൽ :‌Anil

ഇന്റര്‍നെറ്റിലെ മലയാളമെഴുത്തിനെക്കുറിച്ചൊരു കുഞ്ഞു ചരിത്രം
വായിച്ചിരിക്കുന്നത് നന്നെന്നു തോന്നുന്നു.

ഒരു അഭിപ്രായം ഇടൂ