റമദാൻ കരീം

4 10 2005


യു.ഏ.ഈയിൽ ഇന്നു തൊട്ട് റമദാൻ നൊയമ്പ് ആരംഭിച്ചു. ഇനി ഒരു മാസക്കാലം നൊയമ്പുണ്ടാ‍കും – ഷവ്വാൽ പിറ കാണുന്നതു വരെ.
ഇസ്ലാമിന്റെ പഞ്ചസ്ഥംഭങ്ങളിൽ ഒന്നായ റമദാൻ നൊയമ്പ് അത് ആചരിക്കുന്നവരെ ഉത്തമരാക്കുന്നു!

ഗൾഫ് മാധ്യമം ഇങ്ങനെ റിപ്പോർട്ട്ചെയ്തു:
പശ്ചിമേഷ്യന്‍ ജനത ഭക്‌തിപൂര്‍വം പുണ്യമാസത്തിലേക്ക്‌ പ്രവേശിച്ചു. റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയും ദൃശ്യമായിരുന്നത്‌.

ഇന്നലെ പകല്‍ അസ്‌തമിച്ചതോടെ, മാസപ്പിറവിയുടെ വിവരംതേടിയുള്ള ആകാംക്ഷാപൂര്‍വമായ കാത്തിരിപ്പും. ഒടുവില്‍ എട്ടുമണിയോടെ, മാസപ്പിറവി ഉറപ്പിച്ചുകൊണ്ടുള്ള അറിയിപ്പ്‌ വന്നതോടെ, റമദാനെ ആഹ്ലാദത്തോടെ വരവേല്‍ക്കുകയായി. ഒമാനില്‍ നാളെയാണ്‌ റമദാന്‍ ആരംഭിക്കുന്നത്‌.

പള്ളികളും തെരുവുകളുമെല്ലാം റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഷോപ്പിംഗ്‌ സെന്ററുകളിലും മറ്റും നോമ്പുതുറ സാധനങ്ങള്‍ക്കായി തിരക്കനുഭവപ്പെട്ടു. നോമ്പുതുറപ്പിച്ച്‌ പുണ്യം നേടുന്നതിനായി റോഡോരങ്ങളിലും വില്ലകള്‍ക്ക്‌ സമീപവുമെല്ലാം റമദാന്‍ ടെന്റുകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന പലകലുകളിലേക്കും പ്രാര്‍ത്ഥനാനിര്‍ഭരമായ രാവുകളിലേക്കും പ്രതീക്ഷാപൂര്‍വം കടന്നെത്തുകയായി വിശ്വാസികള്‍.

സ്വദേശികള്‍ക്കൊപ്പം, പ്രവാസികളും റമദാനെ ആഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ്‌. ഭക്‌തിയുടെ ഈ പകലിരവുകളെ പരമാവധി ധന്യമാക്കാന്‍ പ്രവാസ സമൂഹം വിവിധ പരിപാടികളാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പഠന ക്ലാസുകളും റമദാന്‍ റിലീഫും മറ്റും ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ മുഴുവന്‍ പ്രഭാഷണ പരിപാടികള്‍ ആവിഷ്കരിച്ച സംഘടനകളുമുണ്ട്‌. ഇതുകൂടാതെ, സംഘടനകളും സുഹൃദ്‌ സംഘങ്ങളുമെല്ലാം സമൂഹ നോമ്പുതുറകള്‍ ഒരുക്കുന്ന തെരക്കിലുമാണ്‌. പ്രവാസി സംഘടനകള്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌

എല്ലാ ബൂലോഗ നിവാസികൾക്കും ഈയുള്ളവന്റെ “റമദാൻ കരീം”!