റിവേഴ്സ് ഗിയർ

1 10 2005

സ്ഥലം: മുദീറിന്റെ വീട്
സന്ദർഭം: മുദീറും രാജീവണ്ണനും നാട്ടിൽ പോകുന്നത് പ്രമാണിച്ചുള്ള പാർട്ടി

പതിവുപോലെ തന്നെ മുദീറിന്റെ സുഹൃത്തുക്കളുടെ ഗ്യാംഗ് കൂടിയിട്ടുണ്ട്! ഈ വിനീത ചരിത്രകാരനെ ഒരു മൂലയ്ക്ക് ഒരു ബിയറും തന്ന് ഇരുത്തിയേക്കുകയാണ് – ഞാൻ പയ്യൻ & പെണ്ണുകെട്ടാത്തവൻ – അതുകൊണ്ട് കൂട്ടത്തിൽ ചേർക്കില്ല! ഞാൻ പതുക്കെ ബിയറും എടുത്ത് മുദീറിന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു. അപ്പുറത്ത് വെള്ളമടിയും കവിതകളുമൊക്കെയായി രാവ് കൊഴുക്കുകയാണ്. ഞാൻ Age of Empires തുറന്ന് അതുമായി യുദ്ധം തുടങ്ങി! യുദ്ധത്തിൽ ക്ലച്ച് പിടിക്കുന്ന ലക്ഷണം കാണാഞ്ഞതുകൊണ്ട് ചീറ്റ് കോഡ് വച്ചിട്ട് ആർമേർഡ് ലേസർ കാർ ഉണ്ടാക്കി സകലതിനേയും വെടിവച്ച് തകർത്തോണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ശബ്ദങ്ങൾ സാധാരണ ഗതിയിൽ നിന്ന് കൂടുന്നു. എന്താണെന്നറിയാൻ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്നപ്പോൾ അവിടെ ഒരുഗ്രൻ തർക്കം നടന്നോണ്ടിരിക്കുകയാ. മുദീർ ഒറ്റയ്ക് ഒരു വശത്തും ബാക്കി എല്ലാവരും മുദീറിനെതിരെയും. ഞാൻ എത്ര റൌണ്ട് കഴിഞ്ഞെന്നു തിരക്കിയെപ്പം മൂന്നാമത്തെ റൌണ്ട് ചാലുവാ‍ണ് (നടക്കുകയാണ്). എല്ലാം മുക്കാൽ ഫിറ്റ് എന്നർത്ഥം. പക്ഷേ, തർക്കവിഷയം വളരെ ഗഹനമാണ്. സംസാരം എങ്ങനെയോ സിവിൽ ഏവിയേഷനെ കുറിച്ചായി. മുദീർ പറഞ്ഞു പ്ലെയിനിന് റിവേഴ്സ് ഗിയർ ഇല്ലന്ന്. അത് ആർക്കും അംഗീകരിക്കാൻ വയ്യ. റിവേഴ്സ് ഗിയർ ഇല്ലാതെ പിന്നെ പ്ലെയിൻ എങ്ങനെയാ പുറകോട്ട് പോകുക എന്ന ന്യായമായ സംശയം എല്ലാവരും ഉന്നയിച്ചു. മുദീർ വിട്ടുകൊടുക്കുന്നില്ല. ആകാശത്തൂടെ പറക്കുന്ന സാധനമല്ലേ, അത് മുന്നോട്ടേ പറക്കൂ, പിന്നോട്ട് പറക്കില്ല എന്ന് മുദീർ വാദിച്ചു.

അമ്പിളിയണ്ണന് സംശയം – ഈ എയർപോർട്ടിൽ ഒക്കെ പിന്നെ എങ്ങനെയാ അത് പുറകോട്ടെടുക്കുന്നത് ?

ആ സമയത്ത് അതിനെ കെട്ടിവലിക്കും, അതിന് ടാക്സിയിംഗ് എന്ന് പറയും എന്ന് മുദീർ മറുപടി പറഞ്ഞു. അത് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ഒന്നാതെ ഫിറ്റ്. അതിന്റെ കൂടെ അങ്ങ് വിട്ടുകൊടുക്കാനും ആരും തയാറല്ല. പ്ലെയിന് റിവേഴ്സ് ഗിയർ ഇല്ലെന്ന് തെളിയിക്കേണ്ടത് മുദീറിന്റെ അഭിമാനത്തിന്റെ പ്രശ്നമായി.

മുദീർ നേരെ ചെന്ന് ഫോണെടുത്ത് ഷാ‍ർജ്ജ എയർപോർട്ടിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു പ്രശ്നം അവതരിപ്പിച്ചു. ഫോണിന്റെ സ്പീക്കർ ഫോൺ മുദീർ ഓൺ ചെയ്തു വച്ചു. എയർപോർട്ടിലെ പുള്ളിക്കാരൻ പറഞ്ഞു – “പണ്ടത്തെ വിമാനങ്ങൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല“.

അത്രയും മതിയായിരുന്നു മുദീറിന്!

ഫോൺ കട്ട് ചെയ്തിട്ട് പുള്ളി അട്ടഹസിച്ച് പൊട്ടിച്ചിരിച്ചു. “കണ്ടോടാ, നിനക്കൊന്നും ഞാൻ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ?” ആരും ഒന്നും മിണ്ടുന്നില്ല. “ഇപ്പഴത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ലന്ന് അവൻ പറഞ്ഞത് കേട്ടില്ലേ?”

ഇത് കേട്ടപ്പോൾ ഈ വിനീത ചരിത്രകാരന്റെ തലയിൽ ഒരു വക്രബുദ്ധി തോ‍ന്നി.ഞാൻ ചോദിച്ചു, “ അണ്ണാ, ഒരു സംശയം, പുള്ളി എന്താ പറഞ്ഞത്?”

“നിനക്കെന്താടാ ചെവി കേൾക്കില്ലേ? പണ്ടത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്ന്” മുദീർ ദേഷ്യത്തിൽ പറഞ്ഞു.

ഈ വിനീത ചരിത്രകാരൻ പറഞ്ഞു, “ അങ്ങനെയല്ലല്ലോ അണ്ണാ, പുള്ളി പറഞ്ഞത്. ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല, എന്നല്ലേ?”

“അതേ, അതിന്?” എന്ന് മുദീർ.എല്ലാവരും ഈ വിനീതചരിത്രകാരനെ ശ്രദ്ധിക്കുകയാണ്.

“പുള്ളിക്കാരൻ പറഞ്ഞതെന്താ? ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല. അല്ലേ? അതിന്റെ അർത്ഥം എന്താ? ഒന്നാ‍ലോചിക്ക്. റിവേഴ്സ് ഗിയർ എപ്പഴും ഉപയോഗിക്കാറില്ല. പ്ലെയിൻ എപ്പഴും മുന്നോട്ടല്ലേ പോകുന്നത്? അതായത്, പുറകിലോട്ട് പോകുമ്പം മാത്രം റിവേഴ്സ് ഗിയർ ഉപയോഗിക്കും എന്ന് അല്ലേ അതിന്റെ അർത്ഥം?“ ഞാ‍ൻ ചോദിച്ചു.

മുദീർ ആകെ കൺഫ്യൂസ്ഡായി നിൽക്കുകയാണ്. മുദീറിന്റെ മറുപക്ഷം ആർപ്പുവിളി തുടങ്ങി!

ഞാൻ പറഞ്ഞു, “ അണ്ണാ, ഒറ്റ വാക്കിൽ പറഞ്ഞാൽ പ്ലെയിനിന്റെ റിവേഴ്സ് ഗിയർ, അത് പുറകിലോട്ടെടുക്കുമ്പഴേ ഉപയോഗിക്കാറുള്ളു. മനസ്സിലായോ?”

മറുപക്ഷം ആകെ ആഹ്ലാദഭരിതരായി. അവർ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു തുടങ്ങി – അപ്പം പ്ലെയിന്റെ എപ്പഴും ഉപയോഗിക്കാത്ത റിവേഴ്സ് ഗിയർ എപ്പഴാ ഉപയോഗിക്കുന്നത്? അത് റിവേഴ്സ് എടുക്കുമ്പം മാത്രം!“

പാവം മുദീർ മിണ്ടാതെയായി. തല താഴ്ത്തി കുറച്ചുനേരം ഇരുന്നിട്ട് അടുത്ത പെഗ്ഗ് ഒഴിച്ച് അത് ഒരൊറ്റ ഇറക്കിന് കുടിച്ചിട്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

പാവം മുദീറിനെ തമാശയ്ക്ക് വാദിച്ച് തോൽ‌പ്പിക്കാൻ വേണ്ടിയാണ് ഞാ‍നാ പൊട്ട ന്യായം എഴുന്നള്ളിച്ചത്. സത്യത്തിൽ മുദീർ പറഞ്ഞത് തന്നെയാണ് ശരി. പ്ലെയിനുകൾ റിവേഴ്സ് ഗിയറിൽ പുറകോട്ടെടുക്കാറില്ല. (അതെകുറിച്ച് കൂടുതൽ അറിയാ‍വുന്നവർ ദയവായിട്ട് എഴുതണം എന്ന് അപേക്ഷിക്കുന്നു)


Actions

വിവരങ്ങള്‍

9 പ്രതികരണങ്ങള്‍

1 10 2005
kuma®

കൊള്ളാം മുദീർ കഥകൾ. (പുള്ളിക്കാരനു റോയൽറ്റി കൊടുക്കേണ്ടിവരില്ലേ?)

1 10 2005
പാപ്പാൻ//^mahout

പ്ലയിനുകൾക്ക് റിവേഴ്സ്ഗിയർ ഉണ്ടായിട്ടെന്തുകാര്യം? റിയർവ്യു മിറർ ഇല്ല, പൈലറ്റിനു പുറകോട്ടു തിരിഞ്ഞുനോക്കിയാൽ പുറകിലത്തെ വിൻഡ്ഷീൽഡും കണ്ടുകൂടാ, പിന്നെങ്ങനെ പുറകോട്ടെടുക്കാൻ? :-) Seriously, പ്ലയിനുകളെ പുറകോട്ടുകെട്ടിവലിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ.

Airfoil-ന്റെ (http://en.wikipedia.org/wiki/Aerofoil) തത്വം കാരണം പുറകോട്ടുപറക്കൽ സാധാരണഗതിയിൽ അസാദ്ധ്യം.

1 10 2005
പുല്ലൂരാൻ (pullUrAn)

കലേഷ്‌ ഭായ്‌
മുദീർ കഥ അസ്സലായി.. ആസ്വദിച്ചു. രസായി.. പിന്നെ പ്ലെയിൻ ന്റെ റിവേഴ്സ്‌ ഗിയറിനെ കുറിച്ച്‌ ഒരു ഐഡിയ ആയി..!!!

2 10 2005
അനിൽ :‌Anil

മുദീറിന്റെ പല്ലുസെറ്റെടുത്തുവച്ച് മുദീറിനെത്തന്നെ നോക്കി ചിരിക്കണം കലേഷേ :) )

ഒരിക്കൽ ഞാൻ സിംഗിൾ ടിക്കറ്റെടുത്തു നാട്ടിൽ പോയി. പത്തു വർഷം മുമ്പ്. തിരികെ വളരെ അടുത്ത ഒരു സുഹൃത്തിന്റെ അനിയന്റെ ട്രാവൽ ഏജൻസി വഴി വാങ്ങിയ ഗൾഫ് എയർ ടിക്കറ്റിൽ (തിരു,മസ്കറ്റ്,ബഹ്രൈൻ,ഫുജൈറ) യാത്രയ്ക്കായി വെളുപ്പിനേ എയർ പോർട്ടിലെത്തി.
അവർ നോക്കിയിട്ട് എന്റെ പേര് ഓക്കെക്കാരുടെ ഇടയിൽ ഇല്ല. പിന്നെ അവസാനനിമിഷം ബിസിനസ് ക്ലാസിലേയ്ക്ക് ഓടിച്ചു കയറ്റി വിട്ടു. അങ്ങു ഫുജൈറെയിലെത്തേണ്ടതല്ലേ എന്ന അനുകമ്പയിൽ.
മസ്കറ്റുവരെ രാജകീയമായൊക്കെ വന്നെങ്കിലും അവിടുന്ന് ബഹ്രൈൻ വരെ ‘പോയി പിന്നിലിരുന്നൂടേ‘ന്ന് വിമാനക്കാർ ചോദിച്ചു. അനുസരിക്കാതെ പറ്റില്ലല്ലോ. പിന്നെ ഫ്രെഷ് ജുസിനു പകരം സഫാ ജുസാണു തന്നത് . എന്തൊരു വിവേചനം! അതും മിനിറ്റുകളുടെ വ്യത്യാസത്തിൽ.
ബഹ്രൈനിൽ നിന്ന് പിന്നെ സന്ധ്യയ്ക്കേ ഫുജൈറയ്ക്ക് വണ്ടിയുള്ളൂ.
അവിടെ തീറ്റയ്ക്കുള്ള കൂപ്പണുകൾ ബോർഡിങ് പാസിനോടൊപ്പം കിട്ടി. അതൊക്കെ വാങ്ങിത്തിന്നും ഇരുന്നും നടന്നും സമയം പോക്കുന്നതിനിടെ ബഹ്രൈൻ എയർ പോർട്ടിലെ (അന്നു കണ്ടിട്ടുള്ളവയിൽ ഏറ്റവും വലുതെന്നായിരുന്നു തോന്നുന്നത്) സൌകര്യങ്ങൾ നോക്കിക്കണ്ടു.
അവിടെ വച്ചാണ് വിമാനത്തെ കെട്ടിവലിക്കുന്നത് കണ്ടതും അറിഞ്ഞതും. അതിന്
ടാക്സീയിങ് എന്നല്ല പറയുക എന്നാണ് ഇപ്പോഴത്തെ തെരയലിൽ മനസിലാവുന്നത്. വിമാനത്തിന്റെ തന്നെ എഞ്ജിന്റെ ശക്തിയിൽ തറയിലൂടെ നിയന്ത്രിതമായി പോകുന്നത്രേ ടാക്സീയിങ്. മറ്റേത്
കെട്ടിവലി (Towing) എന്നു തന്നെയാണ് അറിയപ്പെടുന്നത്.

(ഇനി ഞാനിത്രയും പറഞ്ഞ നിലയ്ക്ക് വിദഗ്ദ്ധർ ശരിയായ വിവരങ്ങളുമായി ചാടി വീഴുമെന്നും വിശദമായി അപ്പോൾ നമുക്കു പഠിക്കാമെന്നും കരുതാം അല്ലേ കലേഷ്?)

2 10 2005
വിശാല മനസ്കൻ

പണ്ടത്തെ കാലത്തെ വിമാനങ്ങൾക്ക്‌ റിവേഴ്സ്‌ ഗിയർ ഉണ്ടായിരുന്നില്ല, പിന്നെ, ഓട്ടോറിക്ഷക്ക്‌ പോലും റിവേഴ്സ്‌ ഗിയറുള്ള നിലക്ക്‌ മോശമല്ലേന്ന് കരുതി വെറുതേ വിമാനത്തിന്‌ വച്ചുകൊടുത്തുതായിരിക്കും.
കലേഷേ, അപ്പോൾ ഫോട്ടോജെനിക്ക്‌ മുദീർ ബായിയാണ്‌ ഈ പോസ്റ്റിങ്ങിലെ താരം. തുടരട്ടങ്ങിനെ തുടരട്ടേ….

2 10 2005
കലേഷ്‌ | kalesh

പ്രിയ കുമാർ, നന്ദി! മുദീറിനു റോയൽറ്റിയായിട്ട് (എല്ലാ വിഷമങ്ങളും മാറ്റുന്ന)മരുന്ന് മേടിച്ചു കൊടുക്കണം!
പ്രിയ പാപ്പാൻ, നന്ദി! റിയർ വ്യൂ മിറർ പ്രശ്നം തന്നെയാണേ!
പ്രിയ പുല്ലൂരാൻ, നന്ദി! :)
പ്രിയ അനിലേട്ടൻ, നന്ദി! അനിലേട്ടൻ പറഞ്ഞത് ശരിയാ‍, ടോയിങ്ങ് തന്നെയാ. ഞാ‍ൻ ഈ പോസ്റ്റ് പകുതി ടൈപ്പ് ചെയ്ത് വച്ചിട്ട് മാസം ഒന്നായി. ടോയിങ്ങ് എന്നാ മുദീർ പറഞ്ഞത്. എനിക്ക് സംഭവിച്ച തെറ്റാ.
പ്രിയ വിശാ‍ല മനസ്കൻ, നന്ദി! മുദീർ കഥകൾ ഒരുപാടുണ്ട്. ഞാൻ മുന്പും ഒരു മുദീർ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. (മുദീറിന്റെ കുമ്പ) സമയവും മൂഡും ഒത്തു വരുമ്പോൾ ഇനിയുൻ ഞാൻ മുദീർ കഥകൾ പോസ്റ്റ് ചെയ്യാം.
മുദീർ നല്ല ഒരു പാചകക്കാരൻ കൂടെയാണ്. ചിന്ത.കോമിന്റെ പാചകം സെക്ഷനിൽ നോക്കുക. പുള്ളിക്കാരന്റെ റെസീപ്പികൾ കാണാം!

2 10 2005
സു | Su

പ്ലെയിനുകൾ അകലെനിന്ന് മാത്രം കണ്ടിട്ടുള്ള ഒരാളായതുകൊണ്ട് അതിനെപ്പറ്റി ഞാൻ എന്തു പറയാൻ. ഇനി ഒരു ദിവസം പോയി നോക്കി മനസ്സിലാക്കിയിട്ട് ബാക്കി പറയാം :)

3 10 2005
ഇബ്രു...

കലേഷ്‌..
വിമാനം വളരെ അടുത്ത്‌ നിന്ന് നോക്കി കാണുന്ന ഒരാളാണ്‌ ഞാൻ. പക്ഷെ അതിന്റെ ആ ഒരു ടെക്നിക്കൽ സൈഡ്‌ എനിക്ക്‌ വശമില്ല. പിന്നെ emiratesൽ ജോലി ചെയ്യുന്ന ഫ്രണ്ട്‌ന്‌ അതെകുറിച്ച്‌ ഒന്ന് ബ്ലോഗാൻ പറഞ്ഞപ്പോൾ താൽപര്യവുമില്ല. വല്ല ബാഗേജ്‌ handlingനെ കുറിച്ചോ airbridges നെ കുറിച്ചോ conveyor beltനെ കുറിച്ചൊ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.
-ഇബ്രു-

4 10 2005
പാപ്പാൻ//^mahout

എല്ലാ വിമാനങ്ങളെപ്പറ്റിയും അറിഞ്ഞുകൂടാ, പക്ഷെ Hercules C-130 മുതലായ (turboprop എൻ‍ജിൻ ഉള്ള) യുദ്ധവിമാനങ്ങൾക്ക് reverse taxiing കഴിയും. വലിയ ജെറ്റ്വിമാനങ്ങളെ സംബന്ധിച്ചിടത്തോളം taxiing സമയത്ത് എങ്ങനെ reverse thrust ഉണ്ടാക്കാം എന്നുള്ളത് ഒരു കാര്യം, രണ്ടാമത്തെ പ്രശ്നം അവയുടെ വലിപ്പം. Propeller planes-നു മിക്കവാറും പൻക തിരിയുന്ന ദിശ മാറ്റിയാൽ മതിയാകും പുറകോട്ട് പോകാൻ എന്നു തോന്നുന്നു.–>

ഒരു അഭിപ്രായം ഇടൂ