സ്ഥലം: മുദീറിന്റെ വീട്
സന്ദർഭം: മുദീറും രാജീവണ്ണനും നാട്ടിൽ പോകുന്നത് പ്രമാണിച്ചുള്ള പാർട്ടി
പതിവുപോലെ തന്നെ മുദീറിന്റെ സുഹൃത്തുക്കളുടെ ഗ്യാംഗ് കൂടിയിട്ടുണ്ട്! ഈ വിനീത ചരിത്രകാരനെ ഒരു മൂലയ്ക്ക് ഒരു ബിയറും തന്ന് ഇരുത്തിയേക്കുകയാണ് – ഞാൻ പയ്യൻ & പെണ്ണുകെട്ടാത്തവൻ – അതുകൊണ്ട് കൂട്ടത്തിൽ ചേർക്കില്ല! ഞാൻ പതുക്കെ ബിയറും എടുത്ത് മുദീറിന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു. അപ്പുറത്ത് വെള്ളമടിയും കവിതകളുമൊക്കെയായി രാവ് കൊഴുക്കുകയാണ്. ഞാൻ Age of Empires തുറന്ന് അതുമായി യുദ്ധം തുടങ്ങി! യുദ്ധത്തിൽ ക്ലച്ച് പിടിക്കുന്ന ലക്ഷണം കാണാഞ്ഞതുകൊണ്ട് ചീറ്റ് കോഡ് വച്ചിട്ട് ആർമേർഡ് ലേസർ കാർ ഉണ്ടാക്കി സകലതിനേയും വെടിവച്ച് തകർത്തോണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ശബ്ദങ്ങൾ സാധാരണ ഗതിയിൽ നിന്ന് കൂടുന്നു. എന്താണെന്നറിയാൻ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്നപ്പോൾ അവിടെ ഒരുഗ്രൻ തർക്കം നടന്നോണ്ടിരിക്കുകയാ. മുദീർ ഒറ്റയ്ക് ഒരു വശത്തും ബാക്കി എല്ലാവരും മുദീറിനെതിരെയും. ഞാൻ എത്ര റൌണ്ട് കഴിഞ്ഞെന്നു തിരക്കിയെപ്പം മൂന്നാമത്തെ റൌണ്ട് ചാലുവാണ് (നടക്കുകയാണ്). എല്ലാം മുക്കാൽ ഫിറ്റ് എന്നർത്ഥം. പക്ഷേ, തർക്കവിഷയം വളരെ ഗഹനമാണ്. സംസാരം എങ്ങനെയോ സിവിൽ ഏവിയേഷനെ കുറിച്ചായി. മുദീർ പറഞ്ഞു പ്ലെയിനിന് റിവേഴ്സ് ഗിയർ ഇല്ലന്ന്. അത് ആർക്കും അംഗീകരിക്കാൻ വയ്യ. റിവേഴ്സ് ഗിയർ ഇല്ലാതെ പിന്നെ പ്ലെയിൻ എങ്ങനെയാ പുറകോട്ട് പോകുക എന്ന ന്യായമായ സംശയം എല്ലാവരും ഉന്നയിച്ചു. മുദീർ വിട്ടുകൊടുക്കുന്നില്ല. ആകാശത്തൂടെ പറക്കുന്ന സാധനമല്ലേ, അത് മുന്നോട്ടേ പറക്കൂ, പിന്നോട്ട് പറക്കില്ല എന്ന് മുദീർ വാദിച്ചു.
അമ്പിളിയണ്ണന് സംശയം – ഈ എയർപോർട്ടിൽ ഒക്കെ പിന്നെ എങ്ങനെയാ അത് പുറകോട്ടെടുക്കുന്നത് ?
ആ സമയത്ത് അതിനെ കെട്ടിവലിക്കും, അതിന് ടാക്സിയിംഗ് എന്ന് പറയും എന്ന് മുദീർ മറുപടി പറഞ്ഞു. അത് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ഒന്നാതെ ഫിറ്റ്. അതിന്റെ കൂടെ അങ്ങ് വിട്ടുകൊടുക്കാനും ആരും തയാറല്ല. പ്ലെയിന് റിവേഴ്സ് ഗിയർ ഇല്ലെന്ന് തെളിയിക്കേണ്ടത് മുദീറിന്റെ അഭിമാനത്തിന്റെ പ്രശ്നമായി.
മുദീർ നേരെ ചെന്ന് ഫോണെടുത്ത് ഷാർജ്ജ എയർപോർട്ടിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു പ്രശ്നം അവതരിപ്പിച്ചു. ഫോണിന്റെ സ്പീക്കർ ഫോൺ മുദീർ ഓൺ ചെയ്തു വച്ചു. എയർപോർട്ടിലെ പുള്ളിക്കാരൻ പറഞ്ഞു – “പണ്ടത്തെ വിമാനങ്ങൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല“.
അത്രയും മതിയായിരുന്നു മുദീറിന്!
ഫോൺ കട്ട് ചെയ്തിട്ട് പുള്ളി അട്ടഹസിച്ച് പൊട്ടിച്ചിരിച്ചു. “കണ്ടോടാ, നിനക്കൊന്നും ഞാൻ പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ?” ആരും ഒന്നും മിണ്ടുന്നില്ല. “ഇപ്പഴത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ലന്ന് അവൻ പറഞ്ഞത് കേട്ടില്ലേ?”
ഇത് കേട്ടപ്പോൾ ഈ വിനീത ചരിത്രകാരന്റെ തലയിൽ ഒരു വക്രബുദ്ധി തോന്നി.ഞാൻ ചോദിച്ചു, “ അണ്ണാ, ഒരു സംശയം, പുള്ളി എന്താ പറഞ്ഞത്?”
“നിനക്കെന്താടാ ചെവി കേൾക്കില്ലേ? പണ്ടത്തെ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഇല്ലായിരുന്നു, എന്നാൽ പ്ലെയിനുകൾക്ക് റിവേഴ്സ് ഗിയർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്ന്” മുദീർ ദേഷ്യത്തിൽ പറഞ്ഞു.
ഈ വിനീത ചരിത്രകാരൻ പറഞ്ഞു, “ അങ്ങനെയല്ലല്ലോ അണ്ണാ, പുള്ളി പറഞ്ഞത്. ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല, എന്നല്ലേ?”
“അതേ, അതിന്?” എന്ന് മുദീർ.എല്ലാവരും ഈ വിനീതചരിത്രകാരനെ ശ്രദ്ധിക്കുകയാണ്.
“പുള്ളിക്കാരൻ പറഞ്ഞതെന്താ? ഇപ്പഴത്തെ വിമാനങ്ങൾക്കൊക്കെ റിവേഴ്സ് ഗിയർ ഉണ്ട്, എന്നാലും അതങ്ങനെ എപ്പഴും ഉപയോഗിക്കാറില്ല. അല്ലേ? അതിന്റെ അർത്ഥം എന്താ? ഒന്നാലോചിക്ക്. റിവേഴ്സ് ഗിയർ എപ്പഴും ഉപയോഗിക്കാറില്ല. പ്ലെയിൻ എപ്പഴും മുന്നോട്ടല്ലേ പോകുന്നത്? അതായത്, പുറകിലോട്ട് പോകുമ്പം മാത്രം റിവേഴ്സ് ഗിയർ ഉപയോഗിക്കും എന്ന് അല്ലേ അതിന്റെ അർത്ഥം?“ ഞാൻ ചോദിച്ചു.
മുദീർ ആകെ കൺഫ്യൂസ്ഡായി നിൽക്കുകയാണ്. മുദീറിന്റെ മറുപക്ഷം ആർപ്പുവിളി തുടങ്ങി!
ഞാൻ പറഞ്ഞു, “ അണ്ണാ, ഒറ്റ വാക്കിൽ പറഞ്ഞാൽ പ്ലെയിനിന്റെ റിവേഴ്സ് ഗിയർ, അത് പുറകിലോട്ടെടുക്കുമ്പഴേ ഉപയോഗിക്കാറുള്ളു. മനസ്സിലായോ?”
മറുപക്ഷം ആകെ ആഹ്ലാദഭരിതരായി. അവർ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു തുടങ്ങി – അപ്പം പ്ലെയിന്റെ എപ്പഴും ഉപയോഗിക്കാത്ത റിവേഴ്സ് ഗിയർ എപ്പഴാ ഉപയോഗിക്കുന്നത്? അത് റിവേഴ്സ് എടുക്കുമ്പം മാത്രം!“
പാവം മുദീർ മിണ്ടാതെയായി. തല താഴ്ത്തി കുറച്ചുനേരം ഇരുന്നിട്ട് അടുത്ത പെഗ്ഗ് ഒഴിച്ച് അത് ഒരൊറ്റ ഇറക്കിന് കുടിച്ചിട്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
പാവം മുദീറിനെ തമാശയ്ക്ക് വാദിച്ച് തോൽപ്പിക്കാൻ വേണ്ടിയാണ് ഞാനാ പൊട്ട ന്യായം എഴുന്നള്ളിച്ചത്. സത്യത്തിൽ മുദീർ പറഞ്ഞത് തന്നെയാണ് ശരി. പ്ലെയിനുകൾ റിവേഴ്സ് ഗിയറിൽ പുറകോട്ടെടുക്കാറില്ല. (അതെകുറിച്ച് കൂടുതൽ അറിയാവുന്നവർ ദയവായിട്ട് എഴുതണം എന്ന് അപേക്ഷിക്കുന്നു)
പുതിയ അഭിപ്രായങ്ങള്