സമയം രാത്രി നാലു മണി കഴിഞ്ഞു. ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിലെ ന്യൂഇയർ പാർട്ടി കഴിയാറായി. ആളുകളൊക്കെ പിരിഞ്ഞു തുടങ്ങി.
അതിധികളായെത്തിയ മുദീറും പരിവാരങ്ങളും (രാജീവണ്ണനും ശശിയണ്ണനും) വീട്ടിൽ പോകുവാനായുള്ള വഴികൾ ആലോചിച്ചുതുടങ്ങി. മദ്യപിക്കില്ല, വണ്ടിയോടിച്ചോളാം എന്ന് ഏറ്റിരുന്ന പട്ടർ(രാജീവണ്ണൻ) ഫിറ്റായിപ്പോയി. കൂടെയിരുന്ന് ശശിയണ്ണൻ വെല്ലുവിളിച്ച് മൂപ്പിച്ച് ഫിറ്റാക്കിയതാണെന്ന് പറയുന്നതാ അതിന്റെ ശരി. ഫിറ്റായാൽ പിന്നെ ഇനി സാക്ഷാൽ ദൈവം തമ്പുരാൻ വന്ന് പറഞ്ഞാലും ശരി, രാജീവണ്ണൻ വണ്ടിയോടിക്കില്ല. തിരിച്ചു പോകാൻ കാറോടിക്കാൻ ഇപ്പം ആരുമില്ല. എല്ലാം ഗാൽ ബോൽ!
“അൺലിമിറ്റഡ് ബീവറേജസ് ഓൺ ദ ഹൌസ് “ (എത്ര വേണമെങ്കിലും ഓസിന് കുടിക്കാം എന്നർത്ഥം) എന്ന് പരസ്യ പോസ്റ്ററിൽ കണ്ടപ്പഴേ എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ സംഭവിക്കുമെന്ന്. ഞാൻ ഡ്യൂട്ടിയിലായതുകൊണ്ട് എനിക്ക് അവരുടെ കൂടെ പോകാനും കഴിയില്ല.
“എന്നാ പിന്നെ സ്റ്റാഫിനെ കൊണ്ടുവിടാൻ പോകുന്ന ബസിൽ കയറ്, അതിൽ പോകാം, കാർ ഇവിടെ കിടക്കട്ടെ” എന്ന് ഞാൻ പറഞ്ഞു.ആരും കേട്ടില്ല.
“എന്താടാ ചെറുക്കാ, നീ പറയുന്നത് അനുസരിക്കാൻ ഞങ്ങളാരാടാ, നിന്റെ കീഴേ വീട്ടുകാരോ?” എന്ന് ചോദിച്ചുകൊണ്ട് മുദീറും ടീമും അവർ അവരുടെ കാറിന്റെയടുത്തേക്ക് നീങ്ങി. ആർക്കും വയ്യെങ്കിൽ മുദീർ തന്നെ വണ്ടി ഓടിക്കുമെന്ന് ധൈര്യമായങ്ങ് തീരുമാനിച്ചു.
ഞാൻ പിറകേ ചെന്ന് വീണ്ടും അവരോട് , “ഫിറ്റായിട്ട് വണ്ടി ഓടിക്കണ്ട, പോലീസെങ്ങാനും പിടിച്ചാൽ ആകെ പ്രശ്നമാകും, വെറുതേ റിസ്കെടുക്കണ്ട, മണ്ടത്തരം കാണിക്കല്ലേ”, എന്നൊക്കെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.
“എനിക്കറിയാത്ത ഏത് പോലീസാടാ ഈ ഉം അൽ കുവൈനിൽ?” മുദീർ അട്ടഹാസിച്ചുകൊണ്ട് ചോദിച്ചു. അത് ശരിയുമാണ്. ഉം അൽ കുവൈനിലെ സർക്കാരോഫീസുകളിൽ ജോലി ചെയ്യുന്നവരിൽ മുദീറിന് പരിചയമില്ലാത്തവരായി വളരെ കുറച്ച് പേരേയുണ്ടാകൂ. കാരണം 10-25 വർഷത്തോളമായി പുള്ളിക്കാരൻ ഇവിടെ വന്നിട്ട്. മാത്രവുമല്ല, പുള്ളിക്കാരൻ ഒരു സർക്കാർ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനുമല്ലേ?
ഇനി എന്തു പറഞ്ഞാലും കേൾക്കില്ല എന്നു മനസ്സിലായതുകൊണ്ട് “എന്തേലും പ്രശ്നമുണ്ടായാൽ എന്നെ വിളി“ എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.
“എന്തിനാടാ നിന്നെ വിളിക്കുന്നത് പ്രശ്നം വല്ലോം ഉണ്ടായാൽ, നീ ആരാടാ?” മുദീർ വീണ്ടും അട്ടഹാസ മൂഡിലാണ്. ശശിയണ്ണനും രാജീവണ്ണനും കയറിയ ശേഷം മുദീർ വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോകുകയും ചെയ്തു.
അൽ ഇത്തിഹാദ് ഹൈവേയിൽ സൽമയ്ക്കടുത്തു വച്ച് വണ്ടി പോലീസ് തടഞ്ഞു.
വണ്ടി നിർത്തി. പോലീസ് വണ്ടിയ്ക്കടുത്തേക്ക് വന്നു.
വണ്ടിയ്ക്കടുത്തു വന്ന പോലീസ് ഓഫീസർ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ തന്നെ വണ്ടിക്കകത്തിരുന്ന് മുദീർ തലകുനിച്ചുകൊണ്ട് പറഞ്ഞു – “അസ്സലാമു അലൈക്കം! ഞങ്ങൾ ഹോട്ടലിലെ ന്യൂ ഇയർ പാർട്ടി കഴിഞ്ഞിട്ട് വരികയാണ്. ഞങ്ങൾ കുടിച്ചിട്ടുണ്ട്.“ അതു കേട്ട് വന്ന പോലീസ് ഓഫീസർ പൊട്ടി ചിരിച്ചു പോയി.
പോലീസ് ഓഫീസർ ചിരിച്ചു കൊണ്ട് തിരിച്ചു ചോദിക്കുന്നു,“ നമ്മൾ തമ്മിൽ പരിചയമുണ്ടല്ലോ…? ഹ ! ഇതാര് റാജൂ… “ (മുദീറിനെ റാജൂ എന്നാണ് അറബികൾ വിളിക്കുന്നത്. രാജിലു എന്നത് റാജൂ ആയതാണ്).
“രാത്രീൽ പാർട്ടി കഴിഞ്ഞു വരികയാണല്ലേ?, എത്രയെണ്ണം അടിച്ചു?” പോലീസ് ഓഫീസർ.
“4-5 എണ്ണം അടിച്ചു.” എന്നു മുദീർ
“മദ്യപിച്ചിട്ട് വണ്ടിയോടിക്കുന്നത് തെറ്റല്ലേ റാജൂ?”
മുദീർ എന്തു പറയണമെന്നറിയാതെ തല കുനിച്ചിരുന്നു.
ഇതുകേട്ട് ശശിയണ്ണൻ ദയനീയ സ്വരത്തിൽ “തെറ്റാണ് സർ, അങ്ങനെ സംഭവിച്ചുപോയി” എന്നു പറഞ്ഞു.
പോലീസ് ഓഫീസർ, “ഈ കണ്ടീഷനിൽ ഇനി വണ്ടിയോടിക്കണ്ട. ആ വണ്ടിയുടെ താക്കോൽ ഇങ്ങ് തരൂ.“എന്നു പറഞ്ഞു.
മുദീർ വണ്ടിയുടെ താക്കോൽ പോലീസോഫീസറെ ഏൽപ്പിച്ചു.അയാൾ കൂടെ നിന്ന ഒരു പോലീസുകാരന്റെ കൈയ്യിൽ അത് ഏൽപ്പിച്ചിട്ട് അത് പോലീസ് സ്റ്റേഷനിൽ കൊണ്ടിടാൻ പറഞ്ഞു. എന്നിട്ട് ആ പോലീസ് ഓഫീസർ പോലീസ് വണ്ടിയുടെ അടുത്തേക്ക് നടന്നു.
“ഇനി അടുത്തതെന്താ?” ശശിയണ്ണൻ രാജീവണ്ണനോട് വളരെ വിഷമിച്ച് ചോദിച്ചു.
“വണ്ടി ഞാൻ ഓടിച്ചേനേ, എന്നെ കുടിപ്പിച്ചിട്ടല്ലേ?” രാജീവണ്ണൻ ഉടക്കിട്ടു.
“ആഹാ, കുടിപ്പിക്കാൻ എന്നു പറഞ്ഞാൽ നീ എന്താ കൊച്ചു കുട്ടിയാ?” ശശിയണ്ണന് ദേഷ്യം വന്നു.
ഇതു കേട്ട് മുദീർ “ മിണ്ടാതിരിക്കിനെടാ, പോലീസിന്റെ മുന്നിൽ വച്ചു തന്നെ നിനക്കൊക്കെ വഴക്ക് കൂടണം അല്ലേ?” എന്ന് ദേഷ്യത്തിൽ ചോദിച്ചു.
ഇവർ തമ്മിലുള്ള സംഭാഷണം കേട്ട് ആ പോലീസുദ്യോഗസ്ഥൻ തിരിച്ച് വന്നു.
“വാ, റാജൂ, നിന്റെ കൂട്ടുകാരോടൊപ്പം വന്ന് വണ്ടിയിൽ കയറ്.“ പോലീസുകാരൻ അവരോടായി പറഞ്ഞു.
3 പേർക്കും അതോടെ കള്ളിറങ്ങി.
“തൊലച്ചു. ന്യൂ ഇയറായിട്ട് ഇനി ജയിലിൽ കിടക്കണമല്ലോ ഈശ്വരാ..“ മുദീർ ഉറക്കെ ആത്മഗതിച്ചു!
3 പേരും പോലീസ് ജീപ്പിൽ കയറി. വണ്ടി നീങ്ങി തുടങ്ങി. പോലീസ് ഓഫീസർ തന്നെയാ വണ്ടി ഓടിക്കുന്നത്.
വണ്ടി സൽമാ പോലീസ് സ്റ്റേഷനും കഴിഞ്ഞ് മുന്നോട്ട് പോയി. മെയിൻ റൌണ്ടെബൌട്ടിന്റെ അവിടുന്ന് അകത്തോട്ട് കയറി.
“മെയിൻ പോലീസ് സ്റ്റേഷനിലോട്ടായിരിക്കും കൊണ്ടുപോകുന്നത്” മുദീർ വീണ്ടും ഉറക്കെ ആത്മഗതിച്ചു.
എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.
വണ്ടി മുദീറിന്റെ വീട്ടിലേക്ക് പോകുന്ന കട്ടിംഗിൽ വന്ന് വളഞ്ഞ് അകത്തേക്ക് കയറി. മുദീറിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി.
“ഇറങ്ങ്”, പോലീസ് ഓഫീസർ പറഞ്ഞു.
“റാജൂ, ഇനി ഇത് ആവർത്തിക്കരുത്. റാജൂ ആയതുകൊണ്ടും ന്യൂഇയർ ആയതുകൊണ്ടും ക്ഷമിച്ചിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് രാവിലെ വന്ന് എടുത്തോ”. പോലീസ് ഓഫീസർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല” എന്ന് തലയും ചൊറിഞ്ഞുകൊണ്ട് ഒരു കള്ളചിരിയും ചിരിച്ചോണ്ട് മുദീർ പറഞ്ഞു.
എല്ലാരും പിറ്റേദിവസം ഉച്ചയോടെയാണെഴുന്നേറ്റത്. തലേന്നത്തെ സംഭവങ്ങൾ ഓർമ്മ വന്നു. മുദീർ പോലീസ് സ്റ്റേഷനിൽ ചെന്നു, വണ്ടിയും എടുത്തോണ്ട് വന്നു.

പുതിയ അഭിപ്രായങ്ങള്