ഉം അൽ കുവൈൻ പച്ചക്കറി – മത്സ്യ ചന്തയിൽ കട നടത്തുന്ന ബാലനും ആത്മസുഹൃത്ത് തമ്പിയും കൂടെ 750 ദിറഹംസ് വീതം ഷെയറിട്ട് ഒരു പഴഞ്ചൻ കാർ മേടിച്ചു -1982 മോഡൽ റ്റൊയോട്ട ടെർസൽ.1500 ദിറഹംസിന്റെ കാർ എന്നു പറഞ്ഞാൽ മനസ്സിലായി കാണുമല്ലോ അതിന്റെ കണ്ടീഷൻ. അതിൽ കയറിയാൽ എവിടെ എങ്കിലും കൊണ്ട് കയ്യോ കാലോ മുറിഞ്ഞാൽ മുറിവ് സെപ്റ്റിക്ക് ആകും എന്ന് ഞങ്ങൾ പറയുമായിരുന്നു. പക്ഷേ അത് ഓടും – എങ്ങനെ എന്നു ചോദിച്ചാൽ അത് “ഈശ്വരകൃപ” കൊണ്ട് എന്നു മാത്രമേ പറയാൻ പറ്റു. ആ കാറിൽ ഒരുപാട് പേര് ഓടിച്ച് കൈ തെളിഞ്ഞിട്ടുണ്ട്. കാണാൻ വല്യ ഗുണമില്ലായിരുന്നിട്ടും ആ വണ്ടിയോട് ബാലനും തമ്പിക്കും ഭയങ്കര കാര്യമായിരുന്നു. ആ വണ്ടി മേടിച്ചതിനു ശേഷം രണ്ടുപേർക്കും നല്ലതുമാത്രമേ വന്നിട്ടുള്ളു.
പച്ചക്കറി മേടിക്കാൻ വരുന്ന ആളുകൾക്ക്, പ്രത്യേകിച്ച് അറബികൾക്ക് എല്ലാവരോടും നന്നായി പെരുമാറുന്ന ബാലനെ വല്യ കാര്യമാണ്.കടയിലെ സ്ഥിരം കസ്റ്റമറായ ട്രാഫിക്ക് പോലീസിലെ ഏതോ പാവം ഉദ്യോഗസ്ഥന്റെ കാരുണ്യത്താൽ വണ്ടിയുടെ മുൾക്കി (രെജിസ്റ്ററേഷൻ കാർഡ്) ഓരോ വർഷവും പുതുക്കി കിട്ടിക്കൊണ്ടിരുന്നു. മറ്റൊരു എമിരേറ്റിലും അത് ടെസ്റ്റ് പാസാകില്ല. 23 വർഷത്തോളം പഴക്കമുള്ള വണ്ടിയാണത്! വണ്ടി ഉം അൽ കുവൈനിന്റെ അതിർത്തി വിട്ട് ഷാർജയിലോ ദുബായിലോ മറ്റോ പോയാൽ അപ്പം ട്രാഫിക്ക് പോലീസ് ഈ വണ്ടിയെ ഓവർടേക്ക് ചെയ്ത് മുന്നിൽ ചവിട്ടി നിർത്തും. മുക്കാലിഫ (പിഴ)എഴുതികൊടുക്കാൻ വരുന്ന പോലീസുകാരൻ വണ്ടിയുടെ മുൾക്കി കണ്ട് അന്തം വിടും! ഉം അൽ കുവൈനിലെ പോലീസുകാർക്ക് ഈ വണ്ടി സുപരിചിതമായതുകൊണ്ട് ആരും കൈ കാണിക്കില്ല.
വണ്ടിക്ക് ഒരേയൊരു പ്രശ്നമേയുള്ളു. പാർട്ട്സ് എവിടെയും കിട്ടില്ല. കാരണം അത്രയ്ക്ക് പഴഞ്ചനാണ് സാധനം.സാധാരണ ഒരുമാതിരിപ്പെട്ട പഴയ വണ്ടികളുടെയൊക്കെ സ്പെയർപാർട്ട്സ് കൃത്യമായി ഷാർജ്ജയിലെ സ്ക്രാപ്പ് (ആക്രി)കടകളിൽ കിട്ടുന്നതാണ്. ഈ വണ്ടിയുടെ ഇൻഡിക്കേറ്റർ ലൈറ്റ് പൊട്ടിയത് മാറ്റിയിടാൻ വേണ്ടി ഒരിക്കൽ ഷാർജ്ജയിലെ മുഴുവൻ സ്പെയർപാർട്ട്സ് കടകളിലും ആക്രിക്കടകളിലും അലഞ്ഞ തമ്പിക്ക് അവസാനം നിരാശ മാത്രമായിരുന്നു ഫലം. ആക്രിക്കട നടത്തുന്ന പട്ടാണികൾ ടൊയോട്ട കമ്പനി ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയിട്ടില്ല എന്ന് തീർത്ത് പറയുകയും ചെയ്തു!
അങ്ങനെയിരിക്കെ ബാലന്റെ അനിയൻ രാജു ലൈസൻസ് എടുത്തു. ലൈസൻസ് എടുത്തിട്ട് കൈ തെളിയാനായി പുള്ളി ഈ വണ്ടി ഓടിച്ചു തുടങ്ങി. ഒരുദിവസം രാജു ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. വണ്ടിയോടിച്ച് വല്യ പരിചയമില്ലാത്തതുകൊണ്ട് രാജു പതുക്കെയാ വണ്ടി ഓടിച്ചിരുന്നത്.(ആ വണ്ടി വല്യ സ്പീഡിലൊന്നും ഓടിക്കാനും പറ്റില്ല!) പോകുന്ന വഴിയിൽ ഒരു 4 റോഡുകൾ വന്നുചേരുന്ന ഒരു റൌണ്ടെബൌട്ട് ഉണ്ട്. റൌണ്ടെബൌട്ടുകളിൽ വണ്ടി ഓടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം – കാരണം 3 ട്രാക്കുള്ള റോഡാണ്, അത്ര അധികം ട്രാഫിക്കില്ലാത്ത ഉം അൽ കുവൈനാണേൽ പോലും റോഡിൽ വണ്ടികൾ ചീറി പാഞ്ഞാണ് വരുന്നത്. ആക്സിഡന്റുകൾ നടക്കാൻ വളരെയേറെ സാധ്യതകൾ ഉണ്ട്.
രാജു റൌണ്ട് എബൌട്ടിൽ സ്പീഡ് ട്രാക്കിൽ കയറി പോകേണ്ടതിനു പകരം പതുക്കെ പതുക്കെ സ്ലോ ട്രാക്കിൽ പോയി. അപ്പഴ് മറുഭാഗത്ത് നിന്നു കറങ്ങി വന്ന ഒരു ഷെവർലേ വണ്ടി നമ്മുടെ വണ്ടിയുടെ മുൻവശത്തെ ബമ്പർ ഇടിച്ചിളക്കിക്കൊണ്ട് പോയി!
ആക്സിഡന്റ്!
രാജു വണ്ടി ഒതുക്കി നിർത്തി. അപ്പഴ് തന്നെ ട്രാഫിക്ക് പോലീസ് എത്തി. രാജു എന്തു ചെയ്യണമെന്നറിയാതെ പേടിച്ച് നിൽക്കുകയാണ്. ആ സമയത്ത് തമ്പിയും അവിടെ എത്തി. തമ്പി വണ്ടി ഒതുക്കി ഇട്ടിട്ട് അങ്ങോട്ട് ചെന്നു.
പോലീസുകാരൻ രാജുവിനോട് ചോദിച്ചു, “ഇന്ത കേഫ് ഈജി?” (തർജ്ജുമ: നീ എങ്ങനെ വന്നു?)രാജുവിന് അറബി ഭാഷ വല്യ പിടിയില്ല. തമ്പി ഒട്ട് മിണ്ടുന്നതുമില്ല കാരണം തെറ്റ് രാജുവിന്റെ ഭാഗത്താണ്.
അറിയാവുന്ന അറബിയിൽ രാജു ഒറ്റശ്വാസത്തിൽ വച്ച് കാച്ചി: “അറബാബ്, ആനാ അവ്വൽ പീപ്പീ! ആനാ കം മർറ പീപ്പി , ലേക്കിൻ ഒ മൂൽ മാഫി പിപ്പീ! ബാദേൻ ദംദം!“
“അറബാബ്“ എന്ന് അറബികളെ ബഹുമാനപുരസരം വിളിക്കുന്നതാണ് . സംഭാഷണം ഇങ്ങനെ തർജ്ജുമ ചെയ്യാം. “ആനാ“=ഞാൻ.
“അവ്വൽ“=ആദ്യം. “പീപ്പി“=പീപ്പി! ഹോൺ അടിച്ചു എന്ന് പുള്ളിക്ക് പറയാൻ അറിയില്ല. അതാണ് “പീപ്പി“ എന്ന് പറഞ്ഞത്. “കം മർറ“ = എത്ര തവണ. “ലേക്കിൻ ഓ മൂൽ മാഫി“ =“പക്ഷേ അവൻ ഒരിക്കൽ പോലും“. “ബാദേൻ“ = അതു കഴിഞ്ഞ്. “ദാം“ എന്നു പറഞ്ഞാൽ ഇടി എന്നർത്ഥം. അത് ശരിക്കറിയാത്തോണ്ടാ രാജു “ദംദം“ എന്ന് പറഞ്ഞത്.
രാജുവിന്റെ അറബി ഭാഷ കേട്ട് പോലീസുകാരനും തമ്പിയും വണ്ടി കൊണ്ടിടിച്ച അറബിപയ്യനും പൊട്ടിച്ചിരിച്ചു പോയി! പോലീസുകാരൻ രാജുവിന്റെ കുറ്റമാണെന്ന് കണ്ട് രാജുവിന് ആക്സിഡന്റ് റിപ്പോർട്ടിന്റെ കോപ്പി കൊടുത്തു. (ആ കടലാസ്സ് ഉണ്ടെങ്കിലേ വണ്ടി വർക്ക്ഷോപ്പിൽ കൊണ്ടുപോയി ശരിയാക്കാൻ കഴിയൂ)വണ്ടി കൊണ്ട് വർക്ക്ഷോപ്പിൽ പണിക്ക് കയറ്റി. ബമ്പർ കിട്ടാനില്ല! സകലയിടത്തും ഒമാനിലും ഒക്കെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല. ബമ്പർ ഇല്ലാതെ വണ്ടി പുറത്തിറക്കുന്നതെങ്ങിനെ? അവസാനം വളരെ മനോവേദനയോടെ അവർ ആ വണ്ടി 200 ദിറഹംസിന് ഒരു ആക്രിക്കാരൻ പട്ടാണിക്ക് വിറ്റു. പട്ടാണി ആ വണ്ടി കണ്ട് അന്തംവിട്ടത്രേ! 1982ൽ ഇറങ്ങിയ മുൾക്കി ഉള്ള വണ്ടിയോന്ന് അവൻ അത്ഭുതംകൂറി!
പക്ഷേ ഈ സംഭവം ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കിയത് രാജുവിനാണ്. തമ്പി രാജുവിന്റെ ആക്സിഡന്റിനു ശേഷം പോലീസുകാരനുമായി മുറി അറബിയിലുള്ള സംഭാഷണം മാർക്കറ്റിലെ സകല മലയാളികളോടും ശ്രീലങ്കക്കാരോടും പറഞ്ഞുകളഞ്ഞു! രാജുവിനെ കാണുമ്പോൾ പിന്നെ എല്ലാവരും “ആനാ അവ്വൽ പീപ്പീ, ആനാ കം മറ പീപ്പീ, ലേക്കിൻ ഒ മൂൽ മാഫി പീപ്പീ“ എന്നു പറഞ്ഞു കളിയാക്കി തുടങ്ങി!
വാൽക്കഷണം: ഞാൻ ഇന്നലെ തമ്പിയണ്ണനെ വിളിച്ചിരുന്നു. ഈ വണ്ടിക്ക് എങ്ങനെ മുൾക്കി കിട്ടി എന്നത് പുള്ളി എന്നോട് പറഞ്ഞു. മുറൂറിൽ (ട്രാഫിക്ക് ഡിപ്പാർട്ട്‌മന്റ്) വണ്ടി പാസ്സാക്കുന്ന സ്ഥലത്ത് 2 പോലീസുകാരാണുള്ളത്. ഒരാൾ വളരെ കടുകട്ടിക്കാരനാണ്. മറ്റേയാൾ പാവത്താനും. ഈ പാവത്താൻ ബാലന്റെ കസ്റ്റമർ ആണ്. കടുകട്ടിക്കാരൻ ഈ വണ്ടി പാസ്സാക്കാൻ അനുവദിക്കില്ല. അതുകൊണ്ട് കടുകട്ടിക്കാരൻ പള്ളിയിൽ പോകുന്ന സമയത്താണ് ആ പാവത്താൻ വേഗം ഒപ്പിട്ട് സീൽ അടിച്ച് ഇത് പാസ്സാക്കുന്നത്!
എന്റെ കലേഷെ,
സത്യം പറഞ്ഞാൽ കലേഷിനെ ഒരു യൂണികോഡ് ബ്ലോഗർ ആക്കുന്നതിൽ ചെറിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞതിൽ എനിക്കിപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. ബ്ലോഗ് അസ്സലായിട്ടുണ്ട്!!!
ശുഭദിനാശംസകൾ!
എന്റെ ഒരു കുഴുത്തുരുമ്പു ബുദ്ധി നോക്കണേ, പോസ്റ്റ് കലക്കി. ഇഷ്ടമായി. ഒക്കെയാണ്. എങ്കിലും അഭിനന്ദിക്കാൻ തുടങ്ങുന്നതിനുമുമ്പ് ടെർസൽ 1982-ൽ ഉണ്ടായിരുന്നോ എന്ന വളഞ്ഞ ചിന്തയാണ് മനസിൽ വന്നത്. എന്തായാലും അതുണ്ടായിരുന്നു. വല്ലാത്ത നിരാശയായിപ്പോയി അക്കാര്യത്തിൽ.
കലേഷ്, അത്യുഗ്രന്‍ പോസ്റ്റ്!! കൂടുതല്‍ വിശേഷങ്ങള്‍ പ്രതീക്കുന്നു….
ഹിഹിഹി…
കലേഷേ ഈ പോസ്റ്റ് കലക്കിയിട്ടുണ്ടല്ലോ.
കൊള്ളാം..!! കലേഷിന്റെ അറബിക്കഥകൾ വായിച്ച് ഞാൻ നല്ല വണ്ണം അടബി പഠിച്ചുതുടങ്ങി. മുൾക്കി പുതുക്കിയില്ലെങ്കിൽ മുക്കാലിഫ കൊടുക്കേണ്ടിവരും എന്നൊക്കെ പറയാൻ ആനാ പഠിച്ചു. അവ്വൽ എനിക്ക് ഇത് അറിയില്ലയിരുന്നു. ലേക്കിൻ മൂൽ മാഫി ചാൻസ് കിട്ടുമോ ഇതു പറയാൻ?
അതവാ കിട്ടിയാൽ, ബാദേൻ ആരെങ്കിലും ചോദിച്ചാലോ? ശുഫീ മുശ്കിലാ? മീൻ അന്ത?
ഞാൻ പറയും അണ്ണ ഒരു മുശ്കിലയും ഇല്ല. ഉസ്മക് കുമാർ.
(കൊച്ചിയിൽ ഇരുന്ന് ഇത്രയും അറബി പഠിച്ച എന്നെ സമ്മദിക്കണ്ടേ?)
നെടുമങ്ങാട് പോകുമ്പോൾ ഗൾഫിൽ നിന്നും നാട്ടിൽ വന്ന കൂട്ടുകാർ പറഞ്ഞ് ഇതിൽ പലവാക്കുകളും ഞാൻ ഇതിനു മുൻപും കേട്ടിട്ടുണ്ട് (പലതും അവർക്കുതന്നെ ഇരട്ടപ്പേരായ് വീണിട്ടും ഉണ്ട്.)
ഇത്രയും രസകരമായ പോസ്റ്റുകൾക്ക് നന്ദി. “തോബാ തോബാ…”
പ്രിയ രാജ്, നല്ല വാക്കുകൾക്ക് നന്ദി. രാജിന്റെ ആ മെയിൽ ആണ് എന്നെ ഒരു യുണീകോഡ് ബ്ലോഗർ ആക്കിയത്!
അല്ലേൽ മനോരമയും കൊണ്ട് ഞാൻ ഇരുന്നേനെ!
അനിലേട്ടാ,
നല്ല വാക്കുകൾക്ക് നന്ദി! this is for you!
പ്രിയ പോൾ, നന്ദി! (എന്നെ സഹിക്കുന്നതിന്!
)
പ്രിയ സു, നന്ദി. ഈ പോസ്റ്റിനു കാരണം അനിലേട്ടനാണ്.മിനിഞ്ഞാന്ന് അനിലേട്ടനുമായി സംസാരിച്ചപ്പോൾ അനിലേട്ടന്റെ വണ്ടി സർവീസിന് കൊണ്ടുപോയിരിക്കുകയാണെന്നു പറഞ്ഞു.അപ്പഴാ എനിക്കീ കഥ ഓർമ്മ വന്നത്. അനിലേട്ടന്റെ ആവശ്യപ്രകാരമാണ് ഞാൻ ഈ കഥ പോസ്റ്റ് ചെയ്തത്.
പ്രിയ കുമാർ, നല്ല വാക്കുകൾക്ക് നന്ദി! ജീവിക്കാൻ വേണ്ടി മരിക്കാൻ തയാറാണെന്ന് കേട്ടിട്ടില്ലേ? അതുപോലെ ജീവിക്കാൻ വേണ്ടി അറബി ഭാഷ പഠിക്കാൻ തയാറായ ഒരു ഹതഭാഗ്യനാണ് ഞാൻ! ഗൾഫിൽ ഓരോ രാജ്യത്തും ഉള്ള അറബി ഭാഷ വ്യത്യസ്തമാണ് എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിന് ഇവിടെ യു.എ.ഈയിൽ “ശൂ ഫീ” (എന്താ) എന്ന് ചോദിക്കില്ലേ, അത് സൌദീൽ “എഷ് ഫീ” എന്നാ ചോദിക്കുന്നത്. ഡയലക്റ്റ്സ് വ്യത്യാസമുണ്ട്. തിരുവനന്തപുരംഭാഷയും തൃശൂർ ഭാഷയും പോലെ!
—–
വാൽക്കഷണം: ഞാൻ ഇന്നലെ തമ്പിയണ്ണനെ വിളിച്ചിരുന്നു. ഈ വണ്ടിക്ക് എങ്ങനെ മുൾക്കി കിട്ടി എന്നത് പുള്ളി എന്നോട് പറഞ്ഞു. മുറൂറിൽ (ട്രാഫിക്ക് ഡിപ്പാർട്ട്‌മന്റ്) വണ്ടി പാസ്സാക്കുന്ന സ്ഥലത്ത് 2 പോലീസുകാരാണുള്ളത്. ഒരാൾ വളരെ കടുകട്ടിക്കാരനാണ്. മറ്റേയാൾ പാവത്താനും. ഈ പാവത്താൻ ബാലന്റെ കസ്റ്റമർ ആണ്. കടുകട്ടിക്കാരൻ ഈ വണ്ടി പാസ്സാക്കാൻ അനുവദിക്കില്ല. അതുകൊണ്ട് കടുകട്ടിക്കാരൻ പള്ളിയിൽ പോകുന്ന സമയത്താണ് ആ പാവത്താൻ വേഗം ഒപ്പിട്ട് സീൽ അടിച്ച് ഇത് പാസ്സാക്കുന്നത്!
KalEsh, Sarikkum 1982 TERCEL enna car TOYOTA iRakkiyirunnO? COROLLA allE? he he he (copyright: Su)
പ്രിയ സുനിൽ,
ടെർസലിന്റെ ആദ്യത്തെ മോഡൽ ആണ് അത്. കോറോളയല്ല. ഞാൻ ഒന്നൂടെ കൺഫോം ചെയ്യാൻ ഇപ്പം തമ്പിയണ്ണനെ വിളിച്ചിരുന്നു. പുള്ളി ഇതിന്റെ ഇന്റിക്കേറ്റർ കവർ മേടിക്കാൻ ഷാർജ്ജയിൽ പോയപ്പം ആക്രിക്കട നടത്തുന്ന പല പട്ടാണികളും ഇതും പറഞ്ഞ് തർക്കിച്ചു. “പാഗൽ” എന്നൊക്കെ വിളിച്ചു. അവരെയൊക്കെ വായടപ്പിച്ചത് അതിന്റെ “മുൾക്കി” കാണിച്ചാണ്. മുൾക്കിയിൽ എഴുതിയിട്ടുണ്ട് വണ്ടി മോഡൽ. ആ മുൾക്കിയുടെ കോപ്പി കൈയ്യിലിരിപ്പുണ്ടെങ്കിൽ അത് എനിക്ക് തരാമെന്ന് പറഞ്ഞു. അത് കിട്ടിയാൽ ഞാൻ അതിന്റെ പടം പോസ്റ്റ് ചെയ്യാം!
http://www.auto.vl.ru/catalog/toyota/tercel/1982_0/photo/
കലേഷ്,ആണോ സാധനം?
ഇടയ്ക്ക് ടെർസൽ കൊറോള എന്ന് പിന്നിൽ എഴുതിയും ഇറങ്ങിയിട്ടുണ്ട്. അതാവും സുനിൽ പറയുന്നത്.
സമ്മതിച്ചിരിക്കുന്നു അനിലേട്ടാ! അതു തന്നെ വണ്ടി. ഇതെങ്ങിനെ തപ്പി എടുത്തു?
eni, anilinte thappaanuLLa kazhivinepatiyum raathri chOdyOththarapangthiyil ezhuthum!!!
ഹ ഹാ… പീപ്പിക്കു അറബി വാക്കു കണ്ടെത്തിയോ കലേഷേട്ടാ?