രാജിന്റെ (പെരിങ്ങോടർ) കിഷ് ബ്ലോഗും പോളിന്റെ കമന്റും വായിച്ചപ്പം എനിക്ക് എന്റെ പഴയ കിഷ് യാത്രാ(ദുര)നുഭവങ്ങൾ ഓർമ്മവന്നു. ഓഫീസിൽ ഇന്ന് കാര്യമായ പണിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് കിഷിനെ കുറിച്ചിരുന്ന് ബ്ലോഗാമെന്ന് കരുതി.
ഇറാനിലെ ഒരു ദ്വീപാണ് കിഷ്. കിഷെം എന്നും പറഞ്ഞ് ഇറാന്റെ തന്നെ വേറെ ഒരു ദ്വീപും ഉണ്ട്. കിഷിലേക്ക് യു.ഏ.ഈയിൽ നിന്ന് ആളുകൾ പ്രധാനമായും പോകുന്നത് വിസ ചെയ്ഞ്ച് ചെയ്യാനായിട്ടാണ് . കിഷിൽ താമസിക്കാൻ ആദ്യ പത്ത് ദിവസത്തേക്ക് വിസ വേണ്ട. 10 ദിവസം കഴിഞ്ഞാൽ വീണ്ടും പാസ്പോർട്ടും കൊണ്ട് എയർപോർട്ടിൽ ചെന്നാൽ മതി താമസിക്കാനുള്ള പെർമിറ്റ് നീട്ടി കിട്ടും. യു.ഏ.ഈ നിയമ പ്രകാരം വിസിറ്റ് വിസയിൽ നിന്ന് എമ്പ്ലോയ്മെന്റ് വിസയിലോട്ട് മാറാനോ അല്ലേൽ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർക്ക് പുതിയ വിസിറ്റ് വിസ എടുക്കാനോ രാജ്യം വിടണം. കിഷ് ദ്വീപിലേക്ക് പോകുന്നതിന് താരതമ്യേന നാട്ടിൽ പോയി വരുന്നതിലും ചെലവ് കുറവാണെന്നുള്ളതാണ് ആകർഷക ഘടകം. ഒരു ദിവസം താമസിച്ച് പിറ്റേദിവസം തിരിച്ചു വരാൻ കഴിയുമെങ്കിൽ അത് 10-500 ദിറഹംസ് ചിലവിൽ നടക്കും. പക്ഷേ, ഹിഡൻ കോസ്റ്റുകൾ ഒരുപാടുണ്ട്. വിസ ഒരു ദിവസം കൊണ്ട് കിട്ടിയില്ലെങ്കിൽ പെട്ടു! ബുധനാഴ്ച്ച കിഷിൽ പെട്ടാൽ 3 ദിവസം പോയികിട്ടും. കിഷിൽ വിസ മാറാൻ പോകുന്നതിലും ഭേദം ഷാർജ്ജ -മസ്കറ്റ്- ഷാർജ്ജ വിസാ ചേഞ്ച് ഫ്ലൈറ്റാണ്.(ഇപ്പോൾ എയർ അറേബ്യ അത് നടത്തുന്നുണ്ട്) ഷാർജ്ജ എയർപ്പോർട്ടിൽ വന്നിരുന്നാലും ഒരു മനസമാധാനം ഉണ്ട്!ലോക്കൽ കോൾ ചെയ്ത് കാര്യങ്ങൾ അറിയാമല്ലോ. പിന്നെ സാഹചര്യങ്ങൾ പലർക്കും പലതാണ്. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ എല്ലാം നടക്കണമെന്നില്ലല്ലോ!
കിഷ് എയർ ദുരന്തത്തിനു ശേഷം വിസാ ചേഞ്ച് നിയമം ഭാഗീകമായി മാറിയിട്ടുണ്ട് – വിസിറ്റ് വിസയിൽ നിന്ന് എമ്പ്ലോയ്മന്റ് വിസയിലേക്ക് മാറാൻ രാജ്യം വിടണ്ട – 500 ദിറഹംസ് അടച്ചാൽ മതി. പക്ഷേ, വിസിറ്റ് വിസക്കാർക്ക് 3 മാസത്തെ വിസ കാലാവധിക്ക് ശേഷം പുതിയ വിസിറ്റ് വിസ എടുക്കണമെങ്കിൽ യു.ഏ.ഈ വിട്ടേ പറ്റു. വിസിറ്റ് വിസാക്കാർക്കും അതുപോലെ തന്നെ വിസ ചെയ്ഞ്ച് ആകാൻ കാലതാമസം വരുന്നവരും ആണ് ഇപ്പോൾ കൂടുതലും കിഷിലേക്ക് യാത്ര പോകാൻ നിർബന്ധിതരാകുന്നത്. അബുദാബി പോലെയുള്ള എമിരേറ്റുകളിൽ താമസിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് – കാരണം വിസിറ്റ് വിസ പുതിയത് കിട്ടാൻ ചിലപ്പം ഒരു ദിവസം ഒക്കെ കാലതാമസം ഉണ്ടായേക്കും.
വിസിറ്റ് വിസാ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു എന്ന് ഈയ്യിടെ കേട്ടു.അവ നടപ്പിലായാൽ കിഷിനെ അത് പ്രതികൂലമായി ബാധിക്കും, കാരണം, ഞാൻ മനസ്സിലാക്കിയിടത്തോളം കിഷിന്റെ നിലനിൽപ്പ് യു.ഏ.ഈയിൽ നിന്നു വരുന്ന വിസാ ചേഞ്ച് യാത്രക്കാരെ ആശ്രയിച്ചാണ്. കിഷിൽ ഇറാനിലെ ഇസ്ലാമിക നിയമങ്ങളാണ്. കിഷിൽ എത്തിയാലുടൻ തന്നെ സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന പർദ അണിയേണ്ടിവരും. (പർദകൾ ആവശ്യം പോലെ എയർപോർട്ടിൽ സ്റ്റോക്ക് ഉണ്ട്). പുറത്തിറങ്ങിയാൽ അവ ധരിക്കണം.കിഷിനെ സഞ്ചാരികളുടെ പറുദീസയാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ ഈ നിയമങ്ങൾ കാരണം അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
കിഷ് എയർലൈൻ എന്ന കമ്പനിയാണ് കിഷിലോട്ട് വിമാന സർവീസ് നടത്തുന്നത്. ജാംബവാന്റെ കാലത്ത് ഉൽപ്പാദിപ്പിക്കപ്പെട്ട 2-3 കാളവണ്ടി പോലത്തെ ഫോക്കർ ടർബോപ്രോപ്പ് വിമാനങ്ങൾ വച്ചിട്ടാണ് അവർ ആ 40 മിനിട്ട് സർവീസ് നടത്തുന്നത്. ടർബോപ്രോപ്പ് വിമാനത്തിലെ യാത്രാനുഭവം വാട്ടർതീംപാർക്കുകളിലെ തലകുത്തിമറിയുന്ന ഡ്രാഗൺ റൈഡുകളിൽ പോലും കിട്ടാത്ത ഒന്നാണ്. ഏത് കടുകട്ടി കമ്യൂണിസ്റ്റ്കാരനെയോ നിരീശ്വരവാദിയേയോ അതിൽ ഒന്ന് പറപ്പിച്ചാൽ അവർ തിരികെ വരുന്നത് കടുത്ത ഈശ്വരവിശ്വാസികളായിട്ടായിരിക്കും. കിഷ് വിമാനം ദുബായ് എയർപോർട്ടിൽ ലാന്റ് ചെയ്യുന്നതിന് മുൻപ് മിർദ്ദിഫ് എന്ന സ്ഥലത്തിന് മേലെ വന്ന്180 ഡിഗ്രി കറങ്ങിയിട്ടാണ് ലാന്റ് ചെയ്യുന്നത്. ആ കറക്കം നടക്കുന്ന സമയത്ത് വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല. കുടുങ്ങുന്ന സീറ്റുകൾ, കറങ്ങുന്ന വിമാനം – ആകാശത്താണേ! റോഡിൽ വല്ലോം ആയിരുന്നെങ്കിൽ ജഡമെങ്കിലും കിട്ടും! (ഞാൻ 3 വർഷം മുൻപത്തെ കാര്യമാണ് എഴുതുന്നത്-ഇപ്പോഴും അതൊക്കെ അങ്ങനെ തന്നെയാണോ എന്ന് അറിയില്ല).
കിഷ് എയർ ലൈൻ നടത്തുന്ന ഒരു “ഫറേബി” ഹോട്ടൽ ഉണ്ട്. അവിടെയാണ് ഞാൻ താമസിച്ചത്. “ഫറേബി” എന്ന വാക്കിന് ചതി എന്നും അർത്ഥമുണ്ട്. അത് ഒരുതരം ചതി തന്നെയായിരുന്നു. ടിക്കറ്റിന്റെകൂടെ ഒരു ദിവസം ഫ്രീ സ്റ്റേയുണ്ട് ആ ഹോട്ടലിൽ. ആദ്യത്തെ ഒരു ദിവസം കഴിഞ്ഞാൽ പിന്നെ അവർ 90 ദിറഹംസ് വച്ച് ദിവസം തോറും ചാർജ്ജ് ചെയ്യും. ഹോട്ടലിൽ ചെന്നാലുടൻ തന്നെ അവർ നമ്മുടെ പാസ്സ്പോർട്ട് മേടിച്ച് വച്ചിട്ട് റും കീയും ഒരു ഐഡന്റിറ്റി കാർഡും തരും (ആ കാർഡ് കളഞ്ഞാൽ 100 ദിറഹം പിഴ ഒടുക്കണം) ആ ഹോട്ടലിൽ താമസിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റ് ഫ്രീ ആണെന്നാണ് വയ്പ്പ്. ബ്രേക്ക്ഫാസ്റ്റിന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. ഹോട്ടൽ റൂം ലേബർ ക്യാമ്പിലെ അക്കോമഡേഷൻ പോലെയാണ്. 3 കട്ടിൽ ഇട്ടാൽ റുമിൽ നടക്കാൻ പിന്നെ സ്ഥലമില്ല. ഹൌസ്കീപ്പിങ്ങ് ഡിപ്പാർട്ട്മെന്റ് ഇല്ലെന്നാ തോന്നുന്നത്. ബാത്ത്രൂം സ്ലിപ്പറുകൾ ഇല്ലെൽ പെട്ടു. ബാത്ത്രൂമിൽ ചവിട്ടണമെങ്കിൽ അത് വേണം. അതുപോലെ തന്നെ സോപ്പും ടവ്വലും ബെഡ്ഷീറ്റും ഒക്കെ കൊണ്ടുപോയില്ലെങ്കിൽ മുഷിഞ്ഞത് ഉപയോഗിക്കേണ്ടിവരും. ഹോട്ടലിലെ കേബിൾ റ്റി.വി യിൽ ഒരു “വിസാ ചാനൽ” ഉണ്ട്. യു.എ.ഈയിൽ നിന്ന് വിസ ഹോട്ടലിലെ ഫാക്സ് നമ്പരിൽ എത്തിയാൽ ആ ചാനലിൽ നമ്മുടെ പേര് എഴുതികാണിക്കും. വിസാ കോപ്പി കിട്ടിയാലേ റിട്ടേൺ ടിക്കറ്റ് കൺഫേം ചെയ്യാൻ കഴിയൂ. റിട്ടേൺ ടിക്കറ്റ് ഇല്ലന്നാകും ആദ്യം കേൾക്കുക. റിട്ടേൺ ടിക്കറ്റ് ശരിയാകുന്നത് വരെ അവിടെ തങ്ങാൻ നമ്മൾ നിർബ്ബന്ധിതരാകും! (കാശ് കൂടുതൽ കൊടുത്താൽ ഇല്ലാത്ത സീറ്റ് ശരിയാകും)
കിഷിൽ നിന്നുള്ള ഇന്റർനാഷണൽ ഫോൺ കോളുകൾ വളരെ എക്സ്പൻസീവ് ആണ് – ഒറ്റവാക്കിൽ പറഞ്ഞാൽ പകൽ കൊള്ള! വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ-വിസാ ഫാക്സ് വരണ്ടേ? (റോമിങ്ങ് ഉള്ള മൊബൈൽ കൊണ്ടുപോകുന്നതാണ് ഏറ്റവും നല്ലത്) കിഷിൽ കിട്ടുന്ന ഭക്ഷണം നമ്മുക്ക് പിടിക്കില്ല. വെള്ള ചോറും തൈരും സലാഡും പിന്നെ ഇറാനി റൊട്ടിയും തിന്നാം. ഫറേബി ഹോട്ടലിന്റെ അടുത്തുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട്. അവിടുത്തെ ചീഫ് കുക്ക് മലയാളിയാണ്. പക്ഷേ അവൻ മലയാളം സംസാരിക്കത്തേയില്ല! (മലയാളം പറഞ്ഞ് അവന് മതിയായിക്കാണും) ഞാൻ മനസ്സിലാക്കിയടത്തോളം ഏറ്റവും നല്ല പരിപാടി 1-2 പാക്കറ്റ് കുബൂസ്സും ഒരു കുപ്പി ജാമും കൊണ്ടുപോകുക. കിഷ് മദ്യനിരോധിതമേഖലയാണ് – ഇറാന്റെ ഭാഗം അല്ലേ! പക്ഷേ, നല്ല ഒന്നാംതരം നാടൻ ചാരായം കിട്ടും – ആരായിരിക്കും അതിന്റെ പിന്നിൽ? ഒരു പത്തനംതിട്ടക്കാരൻ! (ഇപ്പഴതുണ്ടോന്ന് അറിയില്ല). ഫറേബി ഹോട്ടലിൽ സിനിമാ തിയേറ്റർ ഉണ്ട് -അതിനെ അങ്ങനെ വിളിക്കാമെങ്കിൽ! ഒരു പ്രൊജക്റ്ററും ഒരു വി.സി.ഡി പ്ലെയറും ഒരു സ്ക്രീനും ആയാൽ സിനിമാ തിയേറ്റർ ആയി. ദുബായിൽ നിന്നു കൊണ്ടുവരുന്ന മലയാളം, ഹിന്ദി തിയറ്റർ പ്രിന്റുകൾ (VCD) അവിടെ പ്രദർശിപ്പിക്കും. 5 ദിറഹംസ് ആണ് ടിക്കറ്റിന്! പോപ്പ്കോണും കൊറിച്ച് സിനിമ (!) കാണാം. അസുഖങ്ങൾ വല്ലതും വന്നാൽ പെട്ടു. അവിടെ ശരിക്കുള്ള മെഡിക്കൽ കെയർ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.
കിഷ് അത്ര വല്യ പ്രകൃതിരമണീയമായ സ്ഥലമൊന്നുമല്ല, എന്നാലും ചില ആകർഷണങ്ങൾ ഇല്ലാതില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആയിരത്തോളം വർഷം പഴക്കമുള്ള ഭൂമിക്കടിയിലെ ഗുഹാനഗരം പോലെയുള്ള ഒരു സംഗതിയുണ്ട് അത് ഗംഭീരം തന്നെ. തമിഴ് സിനിമയിലെ കലാസംവിധായകൻ തോട്ടാ ധരണിയുടെ സെറ്റ് പോലെയിരിക്കും. പിന്നെ ഇന്ത്യയിൽ നിന്ന് പണ്ടെങ്ങോ ആരോ കൊണ്ട് നട്ട ഒരു ആൽമരം ഉണ്ട്. പിന്നെ കടൽ തീരത്ത് എങ്ങനെയോ ഉറച്ചു പോയ ഒരു തുരുമ്പിച്ച ഗ്രീക്ക് കപ്പൽ ഉണ്ട്. പിന്നെ ഒരു പൂന്തോട്ടം ഉണ്ട്. 2-3 ഷോപ്പിങ്ങ് മാളുകൾ ഉണ്ട്. ഒരെണ്ണത്തിൽ പഴയ ഒരു പ്ലെയിൻ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്. കിഷിൽ കുറെ നല്ല ബീച്ചുകൾ ഉണ്ട്. വൈകുന്നേരങ്ങളിൽ ബീച്ചിൽ പോയിരിക്കാൻ നല്ല രസമാണ്. ടാക്സിയിൽ പോകുന്നത് സൂക്ഷിച്ച് വേണം. ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ടാക്സിക്കാരിൽ ചതിയന്മാരുണ്ട്. “ടാക്സി കമ്പനികളുടെ“ ടാക്സിയിൽ പോകുന്നതാണ് നല്ലത്.റേറ്റ് ആദ്യം പറഞ്ഞുറപ്പിച്ചതിനു ശേഷമേ പോകാവൂ.
കിഷിൽ ചെന്നുപെട്ടാൽ തിരിച്ച് യു.ഏ.ഈയിൽ എത്തുന്നതു വരെ വല്ലാത്ത ഒരു ആധിയാണ്. എനിക്ക് തോന്നുന്നു അവിടെ വരുന്ന 90%പേർക്കും അങ്ങനെതന്നെയായിരിക്കുമെന്ന്. വിസാ മാറാൻ വരുന്നവരിൽ കൂടുതലും ഇന്ത്യക്കാർ ആണ്. പിന്നെ പാക്കിസ്ഥാനികൾ, ശ്രീലങ്കക്കാർ, ഫിലിപ്പൈനികൾ, ആഫ്രിക്കൻ രാജ്യക്കാർ, പിന്നെ റഷ്യക്കാർ അങ്ങനെ പലരെയും അവിടെ കാണാം.(റഷ്യാക്കാരികൾ കലാപരിപാടികൾ അവിടെയും നടത്താറുണ്ടത്രേ!) 3-4 മണിക്കൂർ കൊണ്ട് കിഷ് മൊത്തം കറങ്ങി കാണാം. അതുകഴിഞ്ഞാൽ പിന്നെ വീട്ടു തടങ്കൽ പോലെ തന്നെ! കിഷ് യാത്ര ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുന്നതാണ് ഭേദം എന്നാണെന്റെ അഭിപ്രായം. എന്റെ കിഷ് യാത്ര ഞാനൊരിക്കലും മറക്കില്ല! ഞാൻ കിഷിൽ കുടുങ്ങിയതുകാരണം എമിരേറ്റ്സ് ഗ്രൂപ്പിന്റെ IT ഡിവിഷനായ “മെർക്കട്ടോർ”ൽ എനിക്ക് കിട്ടേണ്ടിയിരുന്ന ഉഗ്രൻ ജോലി നഷ്ടപ്പെട്ടു. അത് കിഷിന്റെ കുറ്റമല്ല. എന്റെ തലയിൽ അത് വരച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിക്കുന്നു!
കാര്യങ്ങൾ ഒരുപക്ഷേ ഇപ്പോൾ മാറിയിട്ടുണ്ടാകും. അടുത്തകാലത്ത് കിഷിൽ പോയവർ വല്ലവരുമുണ്ടെങ്കിൽ ദയവായി അവരുടെ അനുഭവങ്ങൾ എഴുതണമെന്ന് അപേക്ഷിക്കുന്നു.
പുതിയ അഭിപ്രായങ്ങള്