രാഷ്‌ട്രപതിയുടെ നിയമസഭാ അഭിസംബോധന

28 07 2005

ഇന്ന് രാവിലെ രാഷ്ട്രപതി കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്നത്‌ ലൈവായി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത്‌ കണ്ടു. നമ്മുടെ നാടിന്റെ വികസനം സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിന്റെ ടെക്സ്റ്റിന്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക. അത്‌ കേൾക്കേണ്ടത്‌ തന്നെയായിരുന്നു! സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്‌ രാഷ്‌ട്രപതി പത്ത്‌ നിർദ്ദേശങ്ങൾ അക്കമിട്ട്‌ നിരത്തി. രാഷ്‌ട്രപതിയുടെ പ്രസംഗം അംഗങ്ങൾ സശ്രദ്ധം കേൾക്കുന്നത്‌ കണ്ടു.

അത്‌ കേട്ട്‌ സത്യം പറഞ്ഞാൽ ഒരുപാട്‌ സന്തോഷം തോന്നി. പുള്ളിക്കാരൻ പ്രസംഗിച്ചതിന്റെ ഒരു പത്ത്‌ ശതമാനത്തെ കുറിച്ചെങ്കിലും നമ്മുടെ നിയമസഭാജികർ ചർച്ച ചെയ്തിരുന്നെങ്കിൽ!

നിയമസഭയിൽ വല്യ എൽ.സീ.ഡീ സ്ക്രിനും കമ്പ്യൂട്ടറും ഒക്കെയുണ്ട്‌. രാഷ്ട്രപതി തന്റെ പ്രസംഗം പവ്വർപോയിന്റ്‌ സ്ലൈഡുകൾ ഒക്കെ എൽ.സീ.ഡീ സ്ക്രിനിൽ കാണിച്ചുകൊണ്ട്‌ ഒരു പക്കാ കോർപ്പൊറേറ്റ്‌ പ്രസന്റേഷൻ ചെയ്യുന്നതു പോലെയായിരുന്നു അവതരിപ്പിച്ചത്‌. ആ എൽ.സീ.ഡീ സ്ക്രിൻ ഇതിനു മുൻപ്‌ ഇങ്ങനെ ആരേലും ഉപയോഗിച്ചു കാണുമോ എന്ന് അറിയില്ല. പുള്ളി ഉപയോഗിച്ച പവ്വർ പോയിന്റ്‌ സ്ലൈഡുകൾ ഇവിടെ നിന്ന് ഡൌൺലോഡ്‌ ചെയ്യാം. ഓരോ പോയിന്റുകളും പുള്ളി വിശദമായി വിശദീകരിക്കുന്നുണ്ടായിരുന്നു. “നിങ്ങൾക്ക്‌ ഇതൊക്കെ മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു” എന്ന് പുള്ളി ഇടയ്ക്കിടയ്ക്ക്‌ പറയുന്നും ഉണ്ടായിരുന്നു!

ഇരുപത്‌ വർഷം കേരളത്തിൽ താമസിച്ച ശ്രീ.അബ്ദുൾകലാമിന്‌ അദ്ദേഹത്തിന്‌ മുന്നെ അദ്ദേഹത്തിന്റെ കസേരയിലിരുന്ന ഏത്‌ രാഷ്ട്രപതിയെക്കാളും (ശ്രീ. കെ.ആർ നാരായണൻ അടക്കം) കേരളമെന്താണെന്ന് നന്നായി അറിയാം! പുള്ളിക്കാരനും കൂടി ഇരുന്ന്‌ ചർച്ച ചെയ്താണ്‌ അതെല്ലാം തയാറാക്കിയത്‌.

നമ്മൾ 5 വർഷം കൂടുമ്പം വോട്ട്‌ ചെയ്ത്‌ പറഞ്ഞുവിടുന്ന സാറുമ്മാർ രാഷ്ട്രപതി നടത്തിയത്‌ പോലെ ഒരു വെൽ റിസേർച്ച്‌ഡ്‌ പ്രസന്റേഷൻ ഈ അടുത്തകാലത്തെങ്ങാനും നടത്തുമോ?!





ഇതാ വരുന്നു അടുത്തത്‌!

25 07 2005

ഉം അൽ കുവൈനിനെ ഇനി പിടിച്ചാൽ കിട്ടില്ല!ഉം അൽ കുവൈൻ പുരോഗതിയുടെ ഹൈവേയിലേക്ക്‌ പെട്ടന്ന് എടുത്തു ചാടിയതുപോലെ തോന്നുന്നു. രണ്ട്‌ ദിവസങ്ങൾക്ക്‌ മുൻപേ ഇമാർ മിഡിൽ ഈസ്റ്റ്‌ പ്രഖ്യാപിച്ചത്‌ 12 ബില്യൻ ദിറഹത്തിന്റെ പ്രൊജക്റ്റായിരുന്നു (ഉം അൽ കുവൈൻ മെറീന) ഇന്നിതാ “തമീർ ഹോൾഡിംഗ്‌” 30 ബില്യന്റെ വേറെയൊരു പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചിരിക്കുന്നു. ഉം അൽ കുവൈനിലെ പുതിയ ഇൻഡസ്ട്രിയൽ ഏരിയയും “തമീർ ഹോൾഡിംഗ്‌” കമ്പനിയാണ്‌ വികസിപ്പിച്ചുകൊണ്ട്‌ വരുന്നത്‌.

തമീർ 30 ബില്യൻ ദിറഹംസ്‌ മുടക്കി 220 മില്യൻ സ്ക്വയർ ഫീറ്റ്‌ വിസ്തീർണ്ണത്തിൽ പുതിയ എമിരേറ്റ്‌സ്‌ റോഡിനടുത്ത്‌ 3 ഘട്ടങ്ങളിലായി 5 വർഷം കൊണ്ട്‌ പൂർത്തിയാക്കുന്ന വിധത്തിൽ “അൽ സലാം സിറ്റി” പണിയാൻ പോകുന്നു! ഫലാജ്‌ അൽ മൊഅല്ലയ്ക്കടുത്താണത്രേ ഇത്‌ വരിക.

ഇതുവരെ ഉറക്കം തൂങ്ങി കിടന്നിരുന്ന ഉം അൽ കുവൈനിൽ ഇനി നാടകീയ മാറ്റങ്ങളാണ്‌ വരാൻ പോകുന്നതെന്ന് തോന്നുന്നു. അടുത്ത 6-7 വർഷങ്ങൾക്കകം ഉം അൽ കുവൈനിൽ റിയൽ എസ്റ്റേറ്റ്‌ മാർക്കറ്റിൽ 42 ബില്യൻ ദിറഹംസ്‌ മുടക്കപ്പെടാൻ പോകുന്നു! ഇതൊക്കെ കേട്ടിട്ട്‌ സത്യമായും ആയിരത്തൊന്നുരാവുകളിലെ ഒരു അറബികഥ വായിച്ചതുപോലെ തോന്നുന്നു. ഈ വികസന പ്രവർത്തനങ്ങൾ ഉം അൽ കുവൈനിനെ ഈ രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള ഒരു എമിരേറ്റാക്കി മാറ്റും! ഇതൊക്കെ അറിഞ്ഞ്‌ വളരെ സന്തോഷം തോന്നുന്നു. ഈ സമയത്ത്‌ ഇവിടെ ഉണ്ടാകാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി! അടുത്തുള്ള എമിരേറ്റുകൾ വികസന പദ്ധതികളുമായി മുന്നോട്ട്‌ കുതിക്കുന്നത്‌ കാണുമ്പോൾ സത്യമായും മനസ്സിൽ വിഷമം തോന്നിയിരുന്നു. പക്ഷേ, ഈ രണ്ട്‌ പദ്ധതികളും പുതിയ ഇൻഡസ്ട്രിയൽ ഏരിയയും കൂടെ വരുമ്പോൾ ഉം അൽ കുവൈൻ വികസനത്തിന്റെ ഉയരങ്ങളിൽ എത്തും!

ഈ പ്രൊജക്റ്റിന്റെ ലോഞ്ച്‌-പ്രസന്റേഷൻ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിധിയായി സംബന്ധിച്ച ഒരു “potential buyer” എനിക്ക്‌ തന്ന, ചടങ്ങിൽ വിതരണം ചെയ്യപ്പെട്ട പ്രസ്സ്‌ റിലീസ്‌ ഇതാ ചൂടോടെ തന്നെ ഉൾപ്പെടുത്തുന്നു!

പരിഭാഷയ്ക്കൊന്നും മുതിരുന്നില്ല. അവരുടെ പ്രസ്സ്‌ റിലീസ്‌ അങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യുന്നു.(ഇത്‌ നാളത്തെ പത്രത്തിലേ അച്ചടിച്ചു വരു!)

220 million Sq. Ft. Integrated City in Umm Al Quwain

Tameer launches AED 30 Billion Al Salam City in Umm Al- Quwain with a capacity of half a Million residents.

UAE:25th July 2005:Tameer Holding recently announced the launch of its latest, largest project – the Al Salam City in Umm Al Quwain. The Project is expected to cost over AED 30 Billion and will be built over an area covering 220 Million Square Metres. The unique project follows a string of consecutive real estate successes from Tameer, including the Princess Village in Ajman and the Modern Emirates Industrial Area in Umm Al Quwain.

Located at a distinctive location on the Emirates Road, the Al Salam City is an integrated residential & commercial city, consisting of a number of residential districts. The development will house over half a million residents and will include a number of prominent towers. Apart from this, the mammoth project will also realize the construction of parks, playing grounds and entertainment centers. The Al Salam City will also include a unique, colossal shopping mall, which is to be built in a distinctive, architectural style.

The Project is planned to be executed in 3 phases, with each phase expected to cover 5 years with an investment of AED 10 Billion each. The first phase of the Project will include the development of the infrastructure of the whole city, including the “Down Town” area.

The Downtown will house the distinct shopping mall, which will be the first of its kind in the Middle East and the fourth worldwide, after USA, Singapore, and Australia. Another distinguishing feature of the mall will be a huge garden that will extend throughout the mall with water surfaces such as lakes and water falls, in addition to entertainment facilities, restaurants, cafes and retail stores.

The Down Town will also include a main hotel tower composed of more than 50 floors, apart from 20 residential and commercial towers of 20 to 25 floors. The First Phase will also realize the development of residential districts, where the first district will include 1000 residential villas while the second will compose of 200 buildings of 5 to 10 floors.

Development of the first phase of the Project will begin at the end of the current year and it will extend over an area of 15 million feet covering 15 thousand residential units.

The City further consists of mosques, schools, banks, commercial shops and a number of distinct cafes & restaurants, in addition to excellent public facilities characterized by vast streets, huge green spaces, a number of parking areas and entertainment centers.

Omar Ayesh, President of Tameer Holding confirmed that the Al Salam City project is an integrated real estate project in Umm Al-Quwain, open to investors from different nationalities. He said that the project is an extension of Tameer’s ongoing success and is a clear representation of Tameer’s commitment towards developing quality real estate projects in the UAE. Ayesh also emphasized on the growing importance of the real estate environment in the Emirate of Umm Al-Quwain.

“Following the completion of the highly successful Modern Emirates Industrial Area, the Al Salam City project is Tameer’s second project in the Emirate of Umm Al-Quwain. The major real estate development is definitely going to put the Emirate on the regional and global investment map,” said Ayesh.

Tameer had entered Dubai’s real estate market through Dubai Princess, the world’s tallest residential tower, which is to be registered in the Guinness Book of World Records. The leading real estate firm was also involved in the two projects of Al-Dana in the Global City. Additionally, Tameer ventured into Sharjah’s real estate market through Sharjah’s tallest residential tower. Princess Tower. Ajman’s Princess Village Tower is also well known for its architectural style, focusing on the local environment & heritage.

എങ്ങനെയുണ്ട്‌? ഉം അൽ കുവൈൻ വികസിക്കട്ടെ! ഇതിലൂടെയുണ്ടാകുന്ന ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ നമ്മുടെ നാട്ടുകാർക്കും കഴിയട്ടെ!





ഞങ്ങടെ മാവും പൂക്കും!

24 07 2005

ഉം അൽ കുവൈൻ ഇതാ ഉണർന്നെഴുന്നേൽക്കുന്നു! ഉം അൽ കുവൈനിന്റെ മുഖച്ഛായ തന്നെ മാറാൻ പോകുന്നു.

യു.എ.ഈയിലെ ഏറ്റവും പ്രമുഖ റിയൽ എസ്റ്റേറ്റ്‌ ഡവലപ്പേഴ്സായ
ഇമാർ മിഡിൽ ഈസ്റ്റ്‌ 12 ബില്യൻ ദിറഹം (യു.എസ്‌ ഡോളർ 3.3 ബില്യൻ) മുടക്കി ഉം അൽ കുവൈനിലെ ഖോർ അൽ ബൈദയിൽ ഒരു അടി പൊളി മരിന പണിയാൻ പോകുന്നു. അതിന്റെ കൂടെ തന്നെ 2600 റെസിഡൻഷ്യൽ വില്ലകളും 6500 അപ്പാർട്ട്മെന്റുകളും വരുന്നു. അതോടൊപ്പം തന്നെ 1200ഓളം റിസോർട്ട്‌-ഹോട്ടൽ മുറികളും ഉണ്ട്‌. കൂടാതെ പാർക്കുകൾ, ഷോപ്പിംഗ്‌ മാളുകൾ, കമ്യൂണിറ്റി സെന്ററുകൾ – ഉം അൽ കുവൈൻ മാറാൻ പോകുകയാണ്‌! ഇതെല്ലാം 7 വർഷം കൊണ്ട്‌ അത്‌ പൂർത്തിയാകും!

ഖോർ അൽ ബൈദയിലെ ഒരു കുന്നിൽ മുകളിൽ കഴിഞ്ഞ ഒരു ആഴ്ച്ചയായി ഒരു വല്യ ടെന്റ്‌ പണിയുന്നുണ്ടായിരുന്നു. എന്താ സംഭവം എന്ന് ആർക്കും അറിയില്ലായിരുന്നു. ഏതോ വല്യ ആൾ ഒരു പക്ഷേ അവിടം സന്ദർശിക്കുകയോ അല്ലേൽ ആരുടെയെങ്കിലും കല്യാണമോ ഒക്കെ ആയിരിക്കും എന്ന് കരുതി. പക്ഷേ, അത്‌ ഇമാറിന്റെ പത്ര സമ്മേളനം നടത്താനായിരുന്നെന്ന് ഇന്നലെയല്ലേ മനസ്സിലായത്‌!

ഖോർ അൽ ബൈദയിൽ ഒരുപാട്‌ ദേശാടനക്കിളികൾ വരാറുണ്ട്‌. അവയുടെ കാര്യം എന്താകുമെന്ന് അറിയില്ല. ഇമാർ “എൻവിറോണ്മെന്റൽ ഫ്രണ്ട്‌ലി” നിർമ്മാണമായിരിക്കും നടത്തുക എന്ന് കരുതാം.

കൂടുതൽ വിവരങ്ങൾക്ക്‌ ഈ ലിങ്കുകൾ സന്ദർശിക്കുക:


ഗൾഫ്‌ ന്യൂസ്‌ ഓൺലൈൻ

ഖലീജ്‌ ടൈംസ്‌

ഇമാർകോർപ്പറേറ്റ്‌ സൈറ്റ്‌





“തോബാ,തോബാ”

20 07 2005

“അൻവർ മിയ ലാൽ മിയ” എന്ന അൻവർ ഭായി ഹോട്ടലിലെ സ്റ്റാഫ്‌ കിച്ചന്റെ ചുമതലയുള്ള ഷെഫാണ്‌. സ്റ്റാഫിനു വേണ്ടി ആഴ്ച്ചയിൽ ആറ്‌ ദിവസവും പുള്ളിക്കാരനാണ്‌ ഭക്ഷണം ഉണ്ടാക്കുന്നത്‌. ബംഗ്ലാദേശ്‌ -ചിറ്റഗോംഗ്‌ സ്വദേശിയാണ്‌. ഭാര്യയും പതിനൊന്ന് മാസം പ്രായമുള്ള ഒരു ആൺ കുഞ്ഞുമായി ഉം അൽ കുവൈനിൽ താമസിക്കുന്നു. പുള്ളിയുമായി സാമ്യമുള്ള പച്ചക്കറി എന്താണെന്ന് ചോദിച്ചാൽ “മത്തങ്ങാ” എന്ന് പറയാം. നല്ല തടിയാണ്‌-കൂടെ പൊക്കക്കുറവും! ഇവിടെ ജോലി ചെയ്യുന്ന ബംഗ്ലാദേശ്‌ സ്വദേശികളുടെ വല്യേട്ടനായിട്ടാണ്‌ അവർ പുള്ളിയെ കാണുന്നത്‌. ഹോട്ടലിന്റെ തുടക്കം മുതലേയുള്ള ഒരാളാണ്‌ പുള്ളി. ഇവിടെ വരുന്നതിനു മുൻപ്‌ ഏതോ വല്യ അറബിയുടെ വീട്ടിലെ പാചകക്കാരനായിരുന്നു. സീനിയർ സ്റ്റാഫ്‌ എന്ന പരിഗണന കൊണ്ട്‌ ആരും പുള്ളിയെ എന്ത്‌ കാര്യം വന്നാലും ചോദ്യം ചെയ്യില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം തൊട്ട്‌ പുള്ളിക്കാരൻ പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾക്ക്‌ രുചി കുറഞ്ഞു കുറഞ്ഞു വന്നു. കറികളിൽ എണ്ണയുടെ അളവ്‌ വളരെ കൂടുതലാകുന്നു, ഡാൽ നീണ്ടു പോകുന്നു, പൊരിക്കുന്ന സംഭവങ്ങൾ കരിഞ്ഞ്‌ “കരി”യായി പോകുന്നു, കറികളിൽ ഉപ്പ്‌ കൂടുന്നു, മസാലയുടെ അളവ്‌ കുറയുന്നു ചിലപ്പോൾ യാതൊരു കണക്കുമില്ലാതെ കൂടുന്നു, കൂടെ ജോലി ചെയ്യുന്ന സ്റ്റീവേർഡുകളെയൊക്കെ നിസ്സാര കാര്യങ്ങൾക്ക്‌ ചാടിക്കുന്നു … അങ്ങനെയങ്ങനെ പ്രശ്നങ്ങൾ. രുചിയെ കുറിച്ച്‌ പരാതി പറയുന്ന ജൂനിയർ സ്റ്റാഫിനോട്‌ പുള്ളി തട്ടിക്കയറുന്നു…ആകെ പ്രശ്നം!

പുള്ളിയുടെ ശമ്പളത്തിന്‌ കുറവൊന്നുമില്ല, കുടുംബത്തിലാർക്കും അസുഖങ്ങളോ മറ്റു പ്രശ്നങ്ങളോ ആരുടെ അറിവിലും ഇല്ല, പിന്നെ എന്തു കൊണ്ടാണ്‌ അൻവർ ഭായി ഇങ്ങനെയൊക്കെ പെരുമാറുന്നത്‌ എന്ന് എല്ലാവർക്കും അത്ഭുതമായി.

ഈ സ്വഭാവമാറ്റത്തിന്റെ കാരണം കണ്ടുപിടിക്കണമെന്ന് എനിക്ക്‌ തോന്നി. ഞാൻ പുള്ളിയോട്‌ സ്വകാര്യമായി 2-3 തവണ ചോദിച്ചു വല്ല സാമ്പത്തിക-കുടുംബ പ്രശ്നങ്ങൾ വല്ലതും ഉണ്ടോ എന്ന്. പുള്ളി ഒന്നും ഇല്ലന്നാ എന്നോട്‌ പറഞ്ഞത്‌. പക്ഷേ, ഹോട്ടലിൽ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പരാതി മാനേജ്‌മന്റ്‌ ലെവലിൽ എത്തി. “ഡിപ്ലോമാറ്റിക്ക്‌ അപ്രോച്ചിൽ” കാര്യം കണ്ടുപിടിച്ച്‌ സോൾവ്‌ ചെയ്യാൻ ഞാൻ നിയോഗിക്കപ്പെട്ടു.

ഞാൻ എക്സിക്യൂട്ടീവ്‌ ഹൌസ്കീപ്പർ ശ്രീലങ്കൻ സ്വദേശി നിമലുമായി ഈ കാര്യം ചർച്ച ചെയ്തു. നിമൽ പറഞ്ഞു അൻവർ ഭായി ഭാര്യയെ “തലാക്ക്‌” (മൊഴി ചൊല്ലൽ) ചെയ്യും എന്ന് ഈയിടയ്ക്ക്‌ അവനോട്‌ പറഞ്ഞിരുന്നെന്ന്. കാരണം എന്താന്ന് ചോദിച്ചിട്ട്‌ പുള്ളി മറുപടി ഒന്നും പറഞ്ഞതുമില്ലത്രേ! നിമൽ അത്‌ എന്നോട്‌ പറയാനിരിക്കുകയായിരുന്നുവത്രേ! അപ്പോൾ എന്തോ സീരിയസ്‌ കുടുംബ പ്രശ്നം ഉണ്ടെന്നർത്ഥം!

അൻവർ ഭായി തന്റെ ഭാര്യയെ കൊണ്ടുവരാൻ വേണ്ടി വിസ എടുക്കാനും വീട്‌ ശരിയാക്കാനും മറ്റും വളരെ കഷ്ടപ്പെട്ടത്‌ എനിക്കറിയാം. ഭാര്യയെന്ന് പറഞ്ഞാൽ പുള്ളിക്ക്‌ ജീവനായിരുന്നു. ചെറുപ്പക്കാരിയും സുന്ദരിയുമാണ്‌ ഭാര്യ. ഭാര്യയുടെ നല്ല ഗുണങ്ങൾ എന്നോട്‌ പലപ്പഴായി പുള്ളി പറഞ്ഞിട്ടുമുണ്ട്‌. ഭാര്യ ആൺകുഞ്ഞിനെ പ്രസവിച്ച്‌ പതിനൊന്ന് മാസമായതേയുള്ളു. ഞാൻ മനസ്സിലാക്കിയിടത്തോളം അൻവർ ഭായി ആണായും പെണ്ണായും ഒറ്റ മകനാണ്‌. നാട്ടിൽ വല്യ ബാധ്യതകൾ ഒന്നും തന്നെയില്ല. അമ്മായിയമ്മയോ നാത്തൂന്മാരോ അൻവർ ഭായിയുടെ മറ്റ്‌ സ്വന്തക്കാരോ ആരും തന്നെ ഇവിടെ ഇല്ല കുടുംബകലഹം ഉണ്ടാക്കാൻ. പിന്നെന്താ കാരണം? ആലോചിച്ചിട്ട്‌ ഞങ്ങൾക്ക്‌ ഒരു പിടിയും കിട്ടിയില്ല.

ഞങ്ങൾ നിമലിന്റെ ഭാര്യയുടെ സഹായം തേടി. ഒരുപക്ഷേ പുള്ളിക്കാരിയെ കൊണ്ട്‌ കാരണം കണ്ടുപിടിക്കാൻ പറ്റിയെങ്കിലോ? ഞങ്ങൾ പുള്ളിക്കാരിയെ പ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കി. പുള്ളിക്കാരി സഹായിക്കാമെന്നേറ്റു. നിമലും ഭാര്യയും കൂടെ അൻവർ ഭായിയുടെ വീട്ടിൽ സൌഹൃദ സന്ദർശനത്തിനെന്നവണ്ണം പോയി അൻവർ ഭായിയുടെ ഭാര്യയോട്‌ കാര്യങ്ങൾ സംസാരിച്ച്‌ മനസ്സിലാക്കാമെന്ന് തീരുമാനിച്ചു.

നിമലും ഭാര്യയും തീരുമാനിച്ചതുപോലെ അവിടെ പോയി തിരികെ വന്നു.

ദൌത്യം വിജയിച്ചു! പ്രശ്നങ്ങൾ തീർന്നു. ഭക്ഷണം വീണ്ടും രുചികരമായി. എല്ലാം ഓ.ക്കേ!

ഈ പ്രശ്നങ്ങൾക്കെല്ലാം മൂല കാരണം എന്തായിരുന്നെന്നോ? ഒരു ലിപ്‌ സ്റ്റിക്ക്‌! സംഭവമിങ്ങനെ:

ഹോട്ടൽമുറി ഉപയോഗിച്ച ഏതോ ഗസ്റ്റ്‌ തിരിച്ച്‌ കൊണ്ടുപോകാൻ മറന്ന ഒരു ലിപ്സ്റ്റിക്ക്‌ നിമലിന്റെ കൈയ്യിൽ ഇരിക്കുന്നത്‌ അൻവർ ഭായി കണ്ടു. അൻവർ ഭായിക്കാ ലിപ്സ്റ്റിക്ക്‌ കണ്ടപ്പോൾ ഒരാഗ്രഹം തന്റെ ഭാര്യ അത്‌ ഒന്ന് ഉപയോഗിച്ച്‌ കാണണം എന്ന്. നിമൽ അത്‌ സസന്തോഷം അൻവർ ഭായിക്ക്‌ കൊടുത്തു. അൻവർ ഭായി അത്‌ വല്യ കാര്യത്തെ വീട്ടിൽ കൊണ്ടുചെന്ന് ഭാര്യയ്ക്ക്‌ കൊടുത്തിട്ട്‌ അത്‌ തേയ്ക്കാൻ പറഞ്ഞു. ഭാര്യ അത്‌ കൊന്നുകളഞ്ഞാൽ ചുണ്ടത്ത്‌ തേയ്ക്കില്ല! മാത്രവുമല്ല, “തോബാ,തോബാ” (“ദൈവമേ, എന്നോട്‌ ക്ഷമിക്കണേ”) എന്നും പറഞ്ഞ്‌ നിലവിളിയും ബഹളവും തുടങ്ങി. ലിപ്സ്റ്റിക്ക്‌ ഇടുന്നത്‌ തെറ്റാണ്‌, പാപമാണ്‌, ചീത്ത പെണ്ണുങ്ങൾ മാത്രമാണ്‌ അങ്ങനെ ചെയ്യുന്നത്‌ എന്നൊക്കെയായിരുന്നു തനി നാട്ടിൻപുറത്തുകാരിയായ അൻവർ ഭായിയുടെ ഭാര്യയുടെ മനസ്സിൽ ഉണ്ടായിരുന്നത്‌. അവർ തമ്മിൽ മിണ്ടാതെയായി. ജീവിതം അവാർഡ്‌ സിനിമ പോലെയായി. ഭാര്യയ്ക്ക്‌ ഇടാൻ കൊടുത്തിരുന്ന ആഭരണങ്ങൾ ഒക്കെ അൻവർ ഭായി തിരികെ വാങ്ങിച്ചു. ഉടൻ തന്നെ ഭാര്യയെയും കുഞ്ഞിനെയും നാട്ടിലയക്കുക, എന്നിട്ട്‌ റംസാൻ മാസം അവധിക്ക്‌ പോകുമ്പോൾ ഭാര്യയെ തലാക്ക്‌ ചൊല്ലി പുതിയ ഒരു പെണ്ണിനെ കല്യാണം കഴിക്കാനായിരുന്നു അൻവർ ഭായിയുടെ പരിപാടി!

നിമലിന്റെ ഭാര്യ പുള്ളിക്കാരിയെ കാര്യങ്ങളുടെ ഗൌരവവും, അത്‌ സോൾവ്‌ ചെയ്യാനായി ലിപ്സ്റ്റിക്ക്‌ ഉപയോഗിക്കേണ്ട രിതിയും ഒക്കെ പറഞ്ഞു മനസ്സിലാക്കികൊടുത്തു. അന്ന് രാത്രി അൻവർ ഭായിയുടെ ഭാര്യ ലിപ്സ്റ്റിക്ക്‌ ഇട്ടു. അതോടെ അവർ തമ്മിലുള്ള സകല പ്രശ്നങ്ങളും തീർന്നു! ഒരു കുടുംബം രക്ഷപ്പെട്ടു!

വീണ്ടും ഡാൽ കട്ടിയുള്ളതായി. കറികളിൽ എണ്ണ ശരിക്കുള്ള അളവിലായി, ഫ്രൈകൾ “കരി”കൾ അല്ലാതെ ശരിക്ക്‌ കിട്ടി തുടങ്ങി, വിഭവങ്ങളിൽ മസാലകളും ഉപ്പും ഒക്കെ ആവശ്യത്തിനു ചേർക്കപ്പെട്ടു തുടങ്ങി!





“ഡ്രൈവർ” = പുലിവാൽ

16 07 2005

ഹെഡ്ഡോഫീസിൽ നിന്ന് ഫോൺ വന്നതു മുതൽ തുടങ്ങിയതാണ്‌ മനസമാധാനക്കേട്‌. ഹോട്ടൽ ഉടമയുടെ അതിഥിയായി വരുന്ന ഒരു ബ്രിട്ടീഷുകാരന്‌ താമസ സൌകര്യം ഒരുക്കിയത്‌ റിസോർട്ടിൽ ആയിരുന്നു. വി.വി.ഐ.പീ ഗസ്റ്റാണ്‌. 2-3 ദിവസം ആൾ റിസോട്ടിൽ തങ്ങും. ഹോട്ടൽ ഉടമയുടെ ഗുരുവായിരുന്നു വരുന്ന അതിഥി. സർവീസ്‌ ലെവലുകൾ പെർഫെക്റ്റ്‌ ആയിരിക്കണം. എന്തേലും പ്രശ്നമുണ്ടായാൽ സകലയെണ്ണത്തിനും അടുത്ത പണി നോക്കാം!

ബ്രിട്ടീഷ്‌ അതിഥികൾ പൊതുവിൽ പ്രശ്നക്കാരാണ്‌. ടിഷ്യൂ ഫോൾഡ്‌ ചെയ്ത്‌ വച്ചേക്കുന്നത്‌ പോലും ശ്രദ്ധിക്കുന്നവർ. കണ്ണുകൾക്കു പകരം മൈക്രോസ്കോപ്പുകളാണോ ഇവർക്ക്‌ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്‌. സൂക്ഷ്മമായ കാര്യങ്ങൾ പോലും ശ്രദ്ധയോടെ ചെയ്യണം. പരാതികൾ ഒന്നും തന്നെ വരാൻ പാടില്ല. ജനറൽ മാനേജർ എന്നെ തന്നെ അയാളുടെ കാര്യങ്ങൾ “ശ്രദ്ധയോടെ” മേൽനോട്ടം വഹിക്കാൻ ഏൽപ്പിച്ചു.

സായിപ്പ്‌ വന്നു. പേര്‌ അലൻ. വയസ്സനായിരുന്നു. ഞാൻ പുള്ളിയുടെ പാസ്പോർട്ട്‌ നോക്കി. ജനനം 1925ൽ. വയസ്സായിട്ടും പാവം ശിഷ്യന്റെ ക്ഷണം സ്വീകരിച്ച്‌ വന്നേക്കുകയാണ്‌. ഞാൻ മറ്റ്‌ പണികളൊക്കെ മാറ്റി വച്ച്‌ പുള്ളിക്കാരന്റെ താമസം സുഖകരവും സംതൃപ്തവുമായിരുന്നു എന്ന് ഉറപ്പു വരുത്തി.

പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ 3 ദിവസങ്ങൾ കടന്നു പോയി. സായിപ്പ്‌ ആൾ പാവത്താനായിരുന്നു.

ആൾ മൂന്നാം ദിവസം വൈകിയുള്ള ലണ്ടൻ ഫ്ലൈറ്റിൽ പോകുന്നു എന്ന് ഹോട്ടൽ ഉടമയുടെ സെക്രട്ടറി നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഹെഡ്ഡോഫീസിൽ നിന്ന് നിന്ന് അന്ന് വൈകുന്നേരം വീണ്ടും ഹോട്ടൽ ഉടമയുടെ സെക്രട്ടറി വിളിച്ചു. വൈകിട്ട്‌ സായിപ്പിനെ വിമാനത്താവളത്തിൽ പോകാനായി “പിക്കപ്പ്‌” ചെയ്യാൻ “താഹിർ” എന്ന ആൾ വരുമെന്നു പുള്ളി പറഞ്ഞു. അയാൾ വരാൻ താമസിച്ചാൽ അയാളെ സായിപ്പിന്‌ വിളിക്കാനായി അയാളുടെ ഫോൺ നമ്പറും പുള്ളിക്കാരൻ എനിക്ക്‌ തന്നു. ഞാൻ ഈ വിവരങ്ങൾ ഫ്രണ്ടോഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റ്‌ ആൻജിയെ വിളിച്ചു പറഞ്ഞു. ആൻജി അത്‌ ലോഗ്‌ ബുക്കിൽ എഴുതിയിടുകയും ചെയ്തു. ഞാൻ അലൻ സായിപ്പിനെ വിളിച്ച്‌ കുശലമന്വേഷിച്ചിട്ട്‌ ബൈ ബൈ പറഞ്ഞു.

എന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ്‌ ഞാൻ വീട്ടിൽ എത്തി. കുളിച്ച്‌ ഭക്ഷണമൊകെ കഴിച്ച്‌ പല്ലു തേച്ച്‌ കിടക്കാനായി കട്ടിലിലേക്ക്‌ ചാഞ്ഞപ്പോൾ മൊബൈൽ ഫോൺ മുഴങ്ങി. കോൾ ഹോട്ടലിൽ നിന്നാണ്‌. രാത്രി ഈ സമയത്ത്‌ എന്തേലും അത്യാവശ്യമുണ്ടേലേ വിളി വരാറുള്ളു. ഫോൺ എടുത്തു. നൈറ്റ്‌ ഡ്യൂട്ടി റിസപ്ഷനിസ്റ്റ്‌ ഉസ്മാൻ ആണ്‌ ലൈനിൽ. സാർ, യേ ആദ്‌മി മെരെ കൊ ഗാലീ ദേരെഹേ ഹേ! സറാ ഉൻ സെ ബാത്ത്‌ കീജിയേ! (“ഈ ആൾ എന്നെ ചീത്ത വിളിക്കുന്നു, ഇയാളുമായി ദയവായി ഒന്ന് സംസാരിക്കൂ”)

“ഫോൺ ഉസ്കോ ദിയോ” (അവന്‌ ഫോൺ കൊടുക്ക്‌) എന്ന് ഞാൻ പറഞ്ഞു.
ഫോൺ കൊടുത്തു. ഞാൻ സലാം പറഞ്ഞു. “ശൂ ഫീ മുശ്കിലാ?” എന്ന് ചോദിച്ചു (എന്താ പ്രശ്നം?)
“മീൻ അന്ത?” (“നീ ആരാ?”) എന്ന് അയാൾ.
“ഇസ്മക്ക്‌ കലേഷ്‌, ആനാ മസൂൽ മാൽ ഇസ്തക്ബാൽ” (പേര്‌ കലേഷ്‌, ഞാൻ റിസപ്ഷന്റെ ചുമതലക്കാരനാണ്‌) എന്ന് ഞാൻ.
“യൂ സ്പീക്ക്‌ ഇംഗ്ലീഷ്‌?” എന്നയാൾ.
“യെസ്‌, ഹൌ ക്യാൻ ഐ ഹെൽപ്പ്‌ യൂ സാർ?” എന്ന് ആശ്വാസത്തിൽ ഞാൻ.
“ഹൌ ഡേർ ദിസ്‌ ഫെലോ കോൾ മീ എ ഡ്രൈവർ? യൂ നോ ഹൂ ഐ ആം?” “യു നോ മൈ പൊസിഷൻ? യൂ നോ മൈ അസ്സോസ്സിയേഷൻ വിത്ത്‌ ദി ഓണർ?” “ദിസ്‌ ഫെലോ കോൾഡ്‌ മീ എ ഡ്രൈവർ” ഭയങ്കര ദേഷ്യത്തിലാ പുള്ളി.

“സർ, വിൽ യൂ പ്ലീസ്‌ എൿസ്പ്‌ളെയിൻ റ്റു മീ വാട്ട്‌ ഹാപ്പന്റ്‌ എക്സാക്റ്റ്‌ലീ?” എന്ന് ഞാൻ ചോദിച്ചു.

അയാൾ പറഞ്ഞു, “അയാം താഹിർ, ഐ കേം റ്റു പിക്ക്‌ അപ്പ്‌ മിസ്റ്റർ. അലൻ. വെൻ ഐ കേം റ്റു ദ റിസപ്ഷൻ ആൻഡ്‌ റ്റോൾഡ്‌ ദിസ്‌ ഇഡിയറ്റ്‌ ദ മാറ്റർ, ഹീ കോൾഡ്‌ മിസ്റ്റർ അലൻ ആൻഡ്‌ റ്റോൾഡ്‌ ഹിം ദാറ്റ്‌ ഡ്രൈവർ ഹാവ്‌ കം റ്റു പിക്കപ്പ്‌ ഹിം”.”ഹൌ ഡേർ ഹീ ഇൻസൽട്ട്‌ മീ ലൈക്ക്‌ ദാറ്റ്‌?” “ഐ വിൽ സീ റ്റു ഇറ്റ്‌ ദാറ്റ്‌ ദിസ്‌ ഇഡിയറ്റ്‌ ഈസ്‌ റ്റേക്കൺ കെയർ ഓഫ്‌”. “ഐ വിൽ ടെൽ ദ ദി ഓണർ ഹൌ ഹിസ്‌ ഹോട്ടൽ ഈസ്‌ ബീയിംഗ്‌ സ്പോയിൽറ്റ്‌ ബൈ യൂ ഓൾ”

ഈശ്വരാ പെട്ടു. റിസപ്ഷനിസ്റ്റ്‌ അവനെ “ഡ്രൈവർ” എന്ന് വിശേഷിപ്പിച്ചത്‌ ആകെ പ്രശ്നമായി. ഓണറിന്റെ ഓഫീസിലെ വല്ല വല്യ ആളുകളെ ആയിരിക്കും സായിപ്പിനെ “സീ ഓഫ്‌” ചെയ്യാൻ വിട്ടിട്ടുള്ളത്‌. റിസപ്ഷനിസ്റ്റ്‌ അത്‌ മനസിലാക്കാതെ “ഡ്രൈവർ” എന്ന് അഭിസംബോധന ചെയ്തത്‌ അപമാനിച്ചതു പോലെയായി. പ്രശ്നങ്ങൾ ഗുരുതരമായാൽ റിസപ്ഷനിസ്റ്റിന്റെയും ചിലപ്പം എന്റെയും പണി തെറിക്കും.

ഹോട്ടൽ മാനേജ്മെന്റിലെ ഏറ്റവും പ്രധാന പാഠം ഞാൻ ഓർത്തു -”ഗസ്റ്റ്‌ ഈസ്‌ ഓൾവേയ്സ്‌ റൈറ്റ്‌!”. പോരാത്തതിന്‌ ഇവൻ ഓണറിന്റെ ആളും കൂടെയാ!. കണ്ണടച്ച്‌ ഒരു നിമിഷം അറിയാവുന്ന ദൈവങ്ങളെ മനസ്സിൽ ഓർത്ത്‌ ടെലിഫോണിൽ കൂടെ ഞാൻ അവന്റെ കാല്‌ പിടിച്ചു.

“സർ, ഓൺ ബിഹാഫ്‌ ഓഫ്‌ ദ മാനേജ്‌മന്റ്‌, ഐ അപ്പോളജൈസ്‌, ഇറ്റ്‌ ഹാപ്പൻഡ്‌ ഡ്യൂ റ്റു ദ ലാക്ക്‌ ഓഫ്‌ കമ്യൂണിക്കേഷൻ, പ്ലീസ്‌ ഫൊർഗീവ്‌ അസ്‌ ഫോർ ദിസ്‌ റ്റെറിബിൾ മിസ്റ്റേക്ക്‌”. എന്ന് ഞാൻ ദയനീയ സ്വരത്തിൽ കാച്ചി.

അവൻ അത്‌ കേട്ട്‌ ഒന്ന് തണുത്തെന്നു തോന്നുന്നു. ആ സമയത്ത്‌ റിസപ്ഷനിൽ നമ്മുടെ അപ്പൂപ്പൻ സായിപ്പ്‌ എത്തി.(ഈശ്വരൻ അലൻ സായിപ്പിന്റെ രൂപത്തിൽ അവതരിച്ചു എന്ന് പറയാം.) അയാൾ അവിടുത്തെ രംഗം കണ്ട്‌ മനസ്സിലാക്കീട്ട്‌ ഫോൺ താഹിറിന്റെ കൈയ്യിൽ നിന്ന് മേടിച്ച്‌ എന്നോട്‌ സംസാരിച്ചു. ഞാൻ നടന്ന തെറ്റിദ്ധാരണയെകുറിച്ച്‌ അയാളോട്‌ പറഞ്ഞു മനസ്സിലാക്കി. അയാൾ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.

“ഡോണ്ട്‌ വറി മിസ്റ്റർ കലേഷ്‌, ഐ വിൽ റ്റേക്ക്‌ കെയർ ഓഫ്‌ താഹിർ. ബൈ ദ വേ, ഐ ലൈക്ക്ഡ്‌ യുവർ എക്സലന്റ്‌ സർവീസ്‌, ഐ ഫെൽറ്റ്‌ ലൈക്ക്‌ എ കിംഗ്‌. ഐ ഹാവ്‌ കൺവൈഡ്‌ ദിസ്‌ ഒപ്പീനിയൻ റ്റു ദി ഓണർ വെൻ ഹീ കോൾഡ്‌ മീ റ്റു സേ ഗുഡ്ബൈ. ദി ഓണർ ഈസ്‌ റിയലി പ്ലീസ്ഡ്‌! താങ്ക്‌ യൂ സോമച്ച്‌ ഫോർ മെയ്ക്കിംഗ്‌ മൈ സ്റ്റേ മെമൊറബിൾ!” എന്ന് അലൻ സായിപ്പ്‌ പറഞ്ഞു. ഫോൺ കട്ടായി.

കുറച്ച്‌ കഴിഞ്ഞ്‌ ഞാൻ ഉസ്മാനെ വിളിച്ചു. അവൻ പറഞ്ഞു പ്രശ്നങ്ങൾ ഒന്നും താഹിർ പിന്നെ ഉണ്ടാക്കിയില്ലന്ന്. എനിക്ക്‌ ശ്വാസം നേരേ വീണു! ഞാൻ പിന്നീടറിഞ്ഞു “താഹിർ” ഹെഡ്ഡോഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും ഓണറിന്റെ സഹപാഠിയും വലം കൈയും ആണെന്നും! പണി തെറിക്കാഞ്ഞത്‌ കാരണവന്മാരുടെ പ്രാർത്ഥന കാരണമായിരിക്കും! ഡ്രൈവർ എന്ന വാക്ക്‌ ഉണ്ടാക്കിയ പുലിവാലേ!





അസാധു.

13 07 2005

ഇലക്ട്രോണിക്ക്‌ വോട്ടിംഗ്‌ യന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള ഒരു ഇലക്ഷന്‍ ദിനം.

വോട്ടെടുപ്പ്‌ ആരംഭിച്ചു. പോളിംഗ്‌ ബൂത്തായ കരയോഗം മന്ദിരത്തിന്റെ മുന്നിലൂടെ പോകുന്ന വഴിയില്‍ അടുത്തടുത്ത്‌ തന്നെ കോണ്‍ഗ്രസ്സു പാര്‍ട്ടിയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ബി.ജെ.പിയും 200 മീറ്റര്‍ ദൂരപരിധി തീരുന്നിടത്ത്‌ കൊടിതോരണങ്ങള്‍ കൊണ്ട്‌ അലങ്കരിച്ച ബൂത്ത്‌ ഓഫീസുകള്‍ തുറന്നിട്ടുണ്ട്‌.

പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലെ തന്നെ കരയോഗത്തിന്റെ തൊട്ടടുത്ത്‌ ചായക്കട നടത്തുന്ന ത്യാഗന്‍ മാഷ്‌ എന്ന് എല്ലാരും വിളിക്കുന്ന ത്യാഗരാജന്‍ ചേട്ടനും നല്ല ഉത്സാഹത്തിലാണ്‌!

വോട്ടേഴ്സ്‌ ലിസ്റ്റും, സ്ലിപ്പുകളും, ഡമ്മി ബാലറ്റ്‌ പേപ്പറുകളും ഒക്കെ കൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്ത്‌ ഓഫീസുകളില്‍ സജീവം. ഒരു വിഭാഗം കാറുകള്‍ അറേഞ്ച്‌ ചെയ്ത്‌ വയസ്സായവരെയൊക്കെ കൊണ്ട്‌ “ഓപ്പണ്‍ വോട്ട്‌” ചെയ്യിക്കാന്‍ മത്സരിച്ച്‌ നടക്കുന്നു.

നാട്ടിന്‍പുറമായതുകൊണ്ട്‌ പരസ്പരം അറിയാത്തവരായി ആരുമില്ല. ആളുകള്‍ റോഡിലൂടെ പോളിംഗ്‌ ബൂത്തിലേക്ക്‌ പോകുന്നതനുസരിച്ച്‌ അവരുടെ പേരുകള്‍ വോട്ടേഴ്സ്‌ ലിസ്റ്റില്‍ നിന്ന് ബൂത്ത്‌ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ വെട്ടുന്നുണ്ട്‌.രാഷ്ട്രിയ കണക്കുകൂട്ടല്‍! റോഡിലേക്ക്‌ ഇറങ്ങി ചെന്ന് കോണ്‍ഗ്രസ്സുകാര്‍ കൈപ്പത്തിയിലും കമ്യൂണിസ്റ്റുകാര്‍ അരിവാളിലും ബി.ജെ.പീക്കാര്‍ താമരയിലും “ഇടിക്കണം” എന്ന് ഡമ്മി ബാലറ്റ്‌ പേപ്പര്‍ കാണിച്ച്‌ നടന്നു പോകുന്ന വോട്ടറുമാരോട്‌ അവസാന മിനിറ്റ്‌ ക്യാന്‍വാസിങ്ങും നടത്തുന്നുണ്ട്‌.

ഒരു കാല്‍ പിരി എവിടെയോ ലൂസായ കാളിദാസന്‍ മേസ്തിരി വോട്ട്‌ ചെയ്യാന്‍ എത്തി. രാഷ്ട്രിയമായി യാതൊരു ചായ്‌വുമില്ലാത്ത കാളിദാസന്‍ മേസ്തിരി ആള്‍ ഒരു ശുദ്ധനാണ്‌. ആര്‍ക്കും ഗുണവുമില്ല, ദോഷവുമില്ല. മിനിമം സംസാരമേയുള്ളു. കള്ളം പറയില്ല. എല്ലാവരും പാവത്തിനെ പറ്റിക്കാറേയുള്ളു. സ്വന്തമെന്ന് പറയാന്‍ ആരുമില്ല-ഒറ്റയാന്‍.മരപ്പണിക്ക്‌ പോകും, കിട്ടുന്നതു കൊണ്ട്‌ കഴിഞ്ഞു കൂടും.

കാളിദാസന്‍ മേസ്തിരിയുടെ പുറകേ ബൂത്തോഫീസില്‍ നിന്ന് വെള്ള ചിരിയുമായി ഒരു കോണ്‍ഗ്രസ്സുകാരന്‍ സ്ലിപ്പും ഡമ്മി ബാലറ്റ്‌ പേപ്പറുമായി കൂടി. “ദാസണ്ണാ, മോളീന്ന് രണ്ടാമതാ, കൈപ്പത്തിയില്‍ ഇടിക്കണം, നമ്മുടെ ഇന്ദിരാഗാന്ധിയുടെ ചിഹ്നം കൈപ്പത്തിയാ മറക്കല്ലേ!”. അതു കേട്ട്‌ പുള്ളിക്കാരന്റെ സ്ഥിരം ശൈലിയില്‍ ഒന്നു നീട്ടി മൂളി ചിരിച്ചോണ്ട്‌ പുള്ളി നടന്നു.

അടുത്ത ബൂത്തോഫീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടേതാണ്‌. ചുവന്ന തോരണങ്ങള്‍ കൊണ്ട്‌ അലങ്കരിച്ച അതില്‍ നിന്ന് ഒരു സഖാവ്‌ സ്ലിപ്പും ഡമ്മി ബാലറ്റ്‌ പേപ്പറുമായി പുള്ളിയുടെ പുറകേ കൂടി. “ദാസണ്ണാ, സ്ലിപ്പൊക്കെ ഉണ്ടല്ലോ അല്ലേ? അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ഇടിക്കണം , മുകളില്‍ നിന്ന് നാലാമതാണ്‌, നമ്മുടെ ഏക്കേജിയുടെയും ഈയെമ്മസ്സിന്റെയും ചിഹ്നമാ മറക്കല്ലേ!”. കാളിദാസന്‍ മേസ്തിരി പുള്ളിക്കാരന്റെ സ്ഥിരം ശൈലിയില്‍ വീണ്ടും ഒന്നു നീട്ടി മൂളി ചിരിച്ചോണ്ട്‌ മുന്നോട്ട്‌ നടന്നു.

അടുത്ത ബൂത്തോഫീസ്‌ ബി.ജെ.പിയുടേതായിരുന്നു. അവിടെയും ഇത്‌ തന്നെ നടന്നു. താമരയ്ക്ക്‌ വോട്ട്‌ ചെയ്യണമെന്നവര്‍ പറഞ്ഞു, കാളിദാസന്‍ മേസ്തിരി നീട്ടി മൂളി ചിരിച്ചോണ്ട്‌ നടന്നു നീങ്ങി.

വോട്ട്‌ ചെയ്ത്‌ കഴിഞ്ഞ്‌ കാളിദാസന്‍ മേസ്തിരി നേരെ ത്യാഗന്‍ മാഷിന്റെ ചായക്കടയില്‍ കയറി കടയിലെ ഓട്ട വീണ ബെഞ്ചില്‍ ഇരുന്ന് ഒരു ചായയ്ക്ക്‌ ഓഡര്‍ നല്‍കി. നീട്ടിയടിച്ച്‌ ഗ്ലാസ്സിലൊഴിച്ച ചായ കലാപരമായി കൈ കൊണ്ട്‌ കറക്കി കാളിദാസന്‍ മേസ്തിരി ഇരുന്ന ബെഞ്ചിന്റെ മുന്നിലെ ഡെസ്കില്‍ “ടക്ക്‌” എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട്‌ വച്ചിട്ട്‌ ത്യാഗന്‍ മാഷ്‌ ചോദിച്ചു, “നീ ആരക്ക്‌ വോട്ട്‌ ചെയ്തെടേ ദാസാ?”.

കൊണ്ടുവച്ച ചായയിലും പോളിംഗ്‌ സ്റ്റേഷനില്‍ നിന്ന് നഖത്തില്‍ പറ്റിച്ച മഷിയിലും നോക്കിയിരുന്ന കാളിദാസന്‍ മേസ്തിരി പതുക്കെ തലയുയര്‍ത്തി പറഞ്ഞു. “ഞാന്‍ അരിവാളിനും കൈപ്പത്തിക്കും താമരയ്ക്കും കുത്തി”.

“അതെന്തുപണിയാടാ നീ കാണിച്ചത്‌? ആ വോട്ട്‌ അസാധുവാകില്ലേ?” ത്യാഗന്‍ മാഷ്‌ ചോദിച്ചു.

കാളിദാസന്‍ മേസ്തിരി മറുപടി നല്‍കി. “ഇന്ദിരാ ഗാന്ധിയും ഏക്കേജിയും ഈയെമ്മസ്സും ജനസംഘവും എനിക്ക്‌ ഒരുപോലെയാ.എനിക്ക്‌ ആരെയും പിണക്കുന്നതിഷ്ടമല്ല. അതുകൊണ്ട്‌ ഞാന്‍ എല്ലാവര്‍ക്കും വോട്ട്‌ കുത്തി”.

ത്യാഗന്‍ മാഷ്‌ ആശ്ചര്യത്തോടെ നോക്കി നില്‍ക്കവേ, ചായ ഒറ്റ വലിക്ക്‌ കുടിച്ചിട്ട്‌ ഗ്ലാസ്സിനൊപ്പം 25 പൈസ നാണയം മേശപ്പുറത്ത്‌ വച്ചിട്ട്‌ കാളിദാസന്‍ മേസ്തിരി നിര്‍വികാരനായി പതുക്കെ എഴുന്നേറ്റ്‌ നടന്നു.





മകുടി

11 07 2005

കുറവന്‍ മകുടിയൂതിക്കൊണ്ടേയിരുന്നു. കുടപോലെ പടം വിടര്‍ത്തി മണിനാഗം ആടിക്കൊണ്ടേയിരുന്നു. ഈണത്തിനൊത്ത നൃത്തം! എന്തൊരു പൊരുത്തമെന്ന് കാണികളാഹ്ലാദം പൂണ്ടുനിന്നു. പൊടുന്നനെ, മകുടിയുടെ നാദം നിലച്ചുപോയ നിമിഷാര്‍ദ്ധത്തില്‍, മണിനാഗം മകുടിയിലാഞ്ഞു കൊത്തി!

അപ്പോള്‍ കാണികളിലാരോ പതുക്കെപറഞ്ഞു, മകുടിയോടുള്ള പ്രതിഷേധമായിരുന്നു മണിനാഗത്തിന്റെ നൃത്തമെന്ന്!

(തോന്ന്യാക്ഷരങ്ങള്‍ – ഓ.എന്‍.വി)





ദൊമാനി!

3 07 2005

ലൊക്കേഷന്‍: ഞാന്‍ ജോലി ചെയ്യുന്ന ഹോട്ടലിലെ എന്റെ ഓഫീസ്‌.
നല്ല തിരക്കുപിടിച്ച ഒരു ശനിയാഴ്ച്ച ദിവസം 12 മണി..
എന്നെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി കാണാന്‍ വന്നവരെ വേഗം പറഞ്ഞുവിട്ടിട്ട്‌ അടുത്ത സീസണിലേക്കുള്ള റെയ്റ്റുകള്‍ റിവൈസ്‌ ചെയ്ത്‌ കണക്കുകൂട്ടി ഒരു മണിക്കൂറിനകം ജനറല്‍ മാനേജരുടെ ഓഫീസില്‍ എത്തിക്കാനുള്ള തിടുക്കത്തിലായിരുന്നു ഞാന്‍. കാല്‍ക്കുലേറ്ററും സ്പ്രെഡ്ഷീറ്റും ഒക്കെ തുറന്ന് വച്ച്‌ കണക്കുകൂട്ടലും കുറയ്ക്കലുമൊക്കെ പുരോഗമിച്ചുകൊണ്ടിരിക്കേ ഇന്റര്‍കോം മണിയടിച്ചു.

ലൈന്‍ റിസപ്ഷനില്‍ നിന്ന് ആണ്‌. പുതിയ ഫിലിപൈനി റിസപ്ഷനിസ്റ്റ്‌ കാതറീന്‍ വിളിക്കുന്നു. “സര്‍, ഇവിടെ ഒരു ഇറ്റലിക്കാരന്‍ നില്‍ക്കുന്നു, അയാള്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയില്ല. എന്തോ അത്യാവശ്യമായി പറയാനുണ്ടെന്നു തോന്നുന്നു, എനിക്ക്‌ അയാള്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല, ഞാന്‍ എന്താ ചെയ്യേണ്ടത്‌?” എന്ന് അവള്‍.

ഞാന്‍ ഒരു നിമിഷം ചിന്തിച്ചു, ഇറ്റലിക്കാരനല്ലേ, അത്യാവശ്യം ഫ്രെഞ്ച്‌ അറിയതെയിരിക്കില്ല, ഏതായാലും നോക്കാം. ഇനി വല്ല ഇറ്റാലിയന്‍ ടൂര്‍ ഓപ്പറേറ്റര്‍ വല്ലതും ആണോ എന്തോ-ചിലപ്പം വല്ല ഇറ്റാലിയന്‍ “ഗ്രൂപ്പുകളെ” വല്ലതും കൊണ്ടുവരുന്ന കാര്യം വല്ലതും ആണേലോ? (ഞങ്ങള്‍ ഹോട്ടല്‍-സെയില്‍സില്‍ ജോലി ചെയ്യുന്നവരുടെ കാണപ്പെട്ട ദൈവങ്ങളാണ്‌ “ടൂര്‍ ഓപ്പറേറ്റേഴ്സ്‌”.അവരാണ്‌ ഹോട്ടലുകളില്‍ ആള്‍ നിറയ്ക്കുന്നത്‌. അവര്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഗ്രൂപ്പുകളെ കൊണ്ടുവരും. അവരെ വിശ്വാസമില്ലാത്ത ചില വിദേശ ടൂര്‍ ഓപ്പറേറ്റിംഗ്‌ കമ്പനി അവരുടെ പ്രതിനിധികളെ നേരിട്ട്‌ ഹോട്ടലുകളിലേക്ക്‌ അയക്കും-ഹോട്ടലുകളെ കുറിച്ച്‌ നേരിട്ട്‌ മനസ്സിലാക്കാനും അവരുമായി നേരിട്ട്‌ വിലപേശാനും ഒക്കെയായിട്ട്‌.)

ഞാന്‍ അയാളെ എന്റെ ഓഫീസിലേക്ക്‌ വിടാന്‍ പറഞ്ഞു.

അയാള്‍ വന്നു. കൈയ്യില്‍ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ ഉണ്ട്‌.

ഞാന്‍ “ഹലോ” എന്നു പറഞ്ഞു.
അയാള്‍ “സിയോ” എന്ന് പറഞ്ഞു. (ഹലോ എന്ന് ഇറ്റാലിയനില്‍ അങ്ങനാ പറയുന്നതെന്ന് പിന്നീട്‌ ഞാന്‍ മനസ്സിലാക്കി)
ഞാന്‍ ചോദ്യരൂപേണ “ഇംഗ്ലീഷ്‌?” എന്ന് ചോദിച്ചു.
“ണോ” എന്നയാള്‍ പറഞ്ഞു.
“ഫ്രെഞ്ച്‌?” ഞാന്‍ വീണ്ടും
“ണോ ഫ്രെഞ്ച്‌”
“ഇത്താലിയണൊ” അയാള്‍ പറഞ്ഞു.

ഇറ്റാലിയന്‍ സ്റ്റേഷന്‍ മാത്രമേ പിടിക്കു. ഈശ്വരാ പെട്ടു.
ഇറ്റലിയെ കുറിച്ച്‌ എനിക്ക്‌ ആകെ അറിയാവുന്നത്‌ “സോണിയാ ഗാന്ധി” എന്നും “ഫിയറ്റ്‌ കാര്‍” എന്നും “മുസ്സോളിനി” എന്നും മാത്രമാണ്‌. അപ്പഴിനി പൊട്ടന്‍ ഭാഷയേ രക്ഷയുള്ളു. മോഹന്‍ലാല്‍ “തേന്മാവിന്‍കൊമ്പത്ത്‌” എന്ന സിനിമയില്‍ വഴി ചോദിച്ച്‌ “വളീീീീീീീീീ” എന്ന് നീട്ടി ചോദിക്കുന്നതോര്‍മ്മവന്നു. വല്യകാര്യത്തെ “സെന്‍ഡ്‌ ഹിം ഹിയര്‍” എന്ന് കാതറീനോട്‌ പറഞ്ഞപ്പം ഇത്‌ വല്ലോം ഓര്‍ത്തോ!

കൈകൊണ്ട്‌ ആംഗ്യം കാണിച്ചോണ്ട്‌ “വാട്ട്‌ ഡൂ യൂ വാണ്ട്‌?” എന്ന് ചോദിച്ചു.
അയാള്‍ പറഞ്ഞു “ദൊമാനി ദെസിദേറെറോ അന്‍ദാരെ നെ റാസ്‌ അല്‍ ഖൈമാ”
എനിക്ക്‌ റാസ്‌ അല്‍ ഖൈമാ എന്നതൊഴിച്ച്‌ മറ്റ്‌ ഒന്നും പിടി കിട്ടിയില്ല.
ഒന്നും മനസ്സിലായില്ലെന്ന് ഞാന്‍ മുഖം കൊണ്ടും കൈകൊണ്ടും കാണിച്ചു.
അയാള്‍ പതുക്കെ “ദൊ-മാ-നി, ദെ-സി-ദേ-റെ-റോ, അന്‍-ദാരെ നെ റാസ്‌ അല്‍ ഖൈമാ” എന്ന് പറഞ്ഞു.
എനിക്ക്‌ എന്ത്‌ മനസ്സിലാകാന്‍? ഞാന്‍ ഒന്നും മനസ്സിലായില്ലെന്ന് ആംഗ്യം കാണിച്ചു.
ഇവന്‌ റാസ്‌ അല്‍ ഖൈമയില്‍ പോകണമെന്ന് വല്ലതുമോണോ പറയുന്നത്‌? ഞാന്‍ “റാസ്‌ അല്‍ ഖൈമാ?” എന്ന് ചോദിച്ചു.
അവന്‍ കൈയ്യിലിരുന്ന വിസിറ്റിംഗ്‌ കാര്‍ഡെടുത്ത്‌ എന്റെ കൈയ്യില്‍ തന്നിട്ട്‌ അതില്‍ ചൂണ്ടിക്കാണിച്ചിട്ട്‌ പറഞ്ഞു “അപ്പുണ്ടമെന്റോ… അപ്പുണ്ടമെന്റോ… ദൊമാനി…അപ്പുണ്ടമെന്റോ…”

ഞാന്‍ ആകെ വട്ടായി നില്‍ക്കുകയാണ്‌. ഒന്നാമതെ ജി.എമ്മിന്റെ രാവിലത്തെ മൂഡ്‌ ശരിയല്ല. ഒരു മണിക്കൂറിനകം പുള്ളി ആവശ്യപ്പെട്ട റേറ്റ്‌ കാല്‍ക്കുലേഷന്‍ മേശപ്പുറത്ത്‌ എത്തിയില്ലേല്‍ കോളായി. അതിന്റെ ഇടയിലാ ഇവന്റെ ദോമാനി.

ഞാന്‍ ആ കാര്‍ഡ്‌ മേടിച്ച്‌ നോക്കി. റാസ്‌ അല്‍ ഖൈമ ഫ്രീ സോണ്‍ ഡയറക്റ്ററുടെ കാര്‍ഡ്‌ ആണ്‌.
അവന്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞു- “ദൊമാനി” “മീ” “വദാ” “നെ” “റാസ്‌ അല്‍ ഖൈമ”. എന്നിട്ട്‌ ഒരു കഷണം കടലാസ്സ്‌ എടുത്ത്‌ അതില്‍ പേനകൊണ്ട്‌ ഒരു കാറിന്റെ ചിത്രം വരച്ചു. എന്നിട്ട്‌ അവന്റെ നെഞ്ചില്‍ അവന്‍ തൊട്ടു, എന്നിട്ട്‌ കാറിന്റെ ചിത്രത്തില്‍ തൊട്ടു. എന്നിട്ട്‌ റാസ്‌ അല്‍ ഖൈമയുടെ ദിക്കിലേക്ക്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ചുകൊണ്ട്‌ “ശുര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍” എന്നു
പറഞ്ഞു. എന്റെ തലയ്ക്കകത്ത്‌ ബള്‍ബ്‌ കത്തി-ഇവന്‌ റാസ്‌ അല്‍ ഖൈമയില്‍ നാളെ കാറില്‍ പോകണം. അതാണ്‌ കാര്യം.
“ദൊമാനി അപ്പുണ്ടമെന്റോ…” അവന്‍ വീണ്ടും പറയുകയാണ്‌.

ഈ ബഹളമൊക്കെ കേട്ടുകൊണ്ടാകും ജി.എം ഓഫീസിലോട്ട്‌ “വാട്ടീസ്‌ ഹാപ്പനിംഗ്‌ ഹിയര്‍?” എന്നും ചോദിച്ചോണ്ട്‌ കയറി വന്നു. ആള്‍ നല്ല ദേഷ്യത്തിലാ. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

ജി.എം അയാളോട്‌ “സിയോ”,”കൊമേ പൊസ്സോ ഉത്താര്‍ലോ” എന്നൊക്കെ പറഞ്ഞ്‌ സംസാരിക്കാന്‍ തുടങ്ങി – ഇറ്റാലിയനില്‍!
ജി.എമ്മിന്‌ ഇറ്റാലിയന്‍ അറിയാം! എന്തൊക്കെയൊ അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്‌.

പെട്ടന്ന് ജി.എം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി!
ഞാന്‍ എന്താ സംഭവിക്കുന്നതെന്ന് അറിയാതെ അന്തം വിട്ട്‌ നില്‍ക്കുകയാണ്‌.
അയാളും ചിരിക്കുന്നുണ്ട്‌. അവര്‍ സംസാരിച്ച്‌ കഴിഞ്ഞു. ജി.എം അയാള്‍ക്ക്‌ കൈ കൊടുത്തു.
അയാള്‍ എന്നെ നോക്കി “ഗ്രാറ്റ്‌സീ” “ഗ്രാറ്റ്‌സീ” എന്നു പറഞ്ഞു. ജി.എം “നിന്നോട്‌ നന്ദി പറയുകയാ അയാള്‍” എന്നു പറഞ്ഞു. ഞാനും തിരിച്ച്‌ “ഗ്രാറ്റ്‌സീ” എന്നു പറഞ്ഞു. അയാള്‍ പുറത്തിറങ്ങി പോയി.

അയാള്‍ എന്താ പറഞ്ഞത്‌ എന്ന് ഞാന്‍ ജി.എമ്മിനോട്‌ ചോദിച്ചതിനു മറുപടിയായി പൊട്ടിചിരിച്ചോണ്ട്‌ ജി.എം അയാള്‍ പറഞ്ഞത്‌ പറഞ്ഞു തന്നു. കേട്ട്‌ ഞാനും ചിരിച്ചു പോയി.

ഈ ഇറ്റലിക്കാരന്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം വന്ന ഗസ്റ്റാണ്‌. പുള്ളിക്ക്‌ അടുത്ത ദിവസം റാസ്‌ അല്‍ ഖൈമ ഫ്രീ സോണിന്റെ ഡയറക്റ്ററുമായി ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ട്‌. അതിനയാള്‍ അടുത്ത ദിവസം റാസ്‌ അല്‍ ഖൈമയില്‍ ഒരു റ്റാക്സി പിടിച്ച്‌ പോകുന്നുണ്ട്‌. അതാണ്‌ അയാള്‍ പറഞ്ഞത്‌.

ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റില്‍ ചെന്ന അയാള്‍ ഈ കാര്യം അവിടുത്തെ മലയാളി വെയിറ്റര്‍ റ്റോമിനോട്‌ ചുമ്മാതെ ലോഹ്യത്തിന്‌ കുശലമായി പറയാന്‍ പോയതാണ്‌ ഈ പ്രശ്നം എല്ലാം ഉണ്ടാക്കിയത്‌. താന്‍ നാളെ റാസല്‍ ഖൈമയില്‍ പോകുന്നു എന്ന് ഇറ്റലിക്കാരന്‍ ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞത്‌ റ്റോമിന്‌ മനസ്സിലായില്ല. എന്തോ അത്യാവശ്യകാര്യം ഇറ്റലിക്കാരന്‍ പറയുകയാണെന്ന് തെറ്റിദ്ധരിച്ച റ്റോം ഇറ്റലിക്കാരനെ നേരെ ഒരാളെ കൂട്ടി റിസപ്ഷനിലോട്ട്‌ പറഞ്ഞു വിട്ടു. ഇറ്റലിക്കാരന്‍ പാവം എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ നേരെ റിസപ്ഷനില്‍ എത്തി. അവിടുന്ന് എന്റെ മുന്നിലും!

“ദൊമാനി” എന്നു വച്ചാലെന്താ എന്ന് ഞാന്‍ ജി.എമ്മിനോട്‌ ചോദിച്ചു. “നാളെ” എന്നാണത്രേ!
___________________________________________________________________
ഞാന്‍ അന്ന് പഠിച്ച ഇറ്റാലിയന്‍:
1) “ദൊമാനി ദെസിദേറെറോ അന്‍ദാരെ നെ റാസ്‌ അല്‍ ഖൈമാ” – നാളെ എനിക്ക്‌ റാസ്‌ അല്‍ ഖൈമയില്‍ പോകണം.
2) “ദൊമാനി…അപ്പുണ്ടമെന്റോ…” – നാളെ അപ്പോയിന്റ്‌മന്റ്‌…
3) “ദൊമാനി മീ വദാ നെ റാസ്‌ അല്‍ ഖൈമ” – നാളെ, ഞാന്‍ റാസല്‍ ഖൈമയില്‍ പോകുന്നു.
4) “കൊമേ പൊസ്സോ ഉത്താര്‍ലോ” – “how can i assist you?”