മഴ!!!!

21 06 2005

നാട്ടില്‍ ഇപ്പം ഇടവപ്പാതി കനക്കുന്നുണ്ടാകും… നാട്ടില്‍ പോയി മഴ കാണാനും മഴ നനയാനുമൊക്കെ തോന്നുന്നു. എന്താ നാട്ടില്‍ നിന്നാരും മഴയെകുറിച്ച്‌ ബൂലോഗത്തിലെഴുതാത്തത്‌ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു.

അറബിയിലെ “മോസം” എന്ന വാക്കില്‍ നിന്നാണല്ലോ മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ്‌ വാക്കുണ്ടായത്‌.അറബിനാട്ടില്‍ ഇരുന്നുകൊണ്ട്‌ മഴയെകുറിച്ച്‌ ആലോചിക്കുമ്പം രസം തോന്നുന്നു. ഇവിടെയും മഴ പെയ്തു ഞാന്‍ കണ്ടിട്ടുണ്ട്‌. ഇവിടുത്തെ മഴയും നാട്ടിലെ മഴയും തമ്മില്‍ രാപകല്‍ വ്യത്യാസമുണ്ട്‌. രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനേ കഴിയില്ല. വേനല്‍കാലത്തിന്റെ പൊള്ളുന്ന പിടിയില്‍ നിന്നൊരു അയവായി, നമ്മുടെയുള്ളില്‍ കുളിരായി പെയ്യുന്ന മഴയെവിടെ, ഗള്‍ഫിലെ ഡ്യൂപ്ലിക്കേറ്റ്‌ മഴ എവിടെ?

മഴയും മഴക്കാലവും എനിക്ക്‌ വല്യ ഇഷ്ടമാണ്‌. മഴ പെയ്യുന്നതിനു മുന്‍പുള്ള ആ തണുത്ത കാറ്റ്‌, ആകാശത്ത്‌ ഇരുണ്ട്‌ കൂടുന്ന കാര്‍മേഘങ്ങള്‍, മഴത്തുള്ളികള്‍ മണ്ണില്‍ വീഴുമ്പോഴുണ്ടാകുന്ന ആ മണ്ണിന്റെ ഗന്ധം, ആ മഴ തുള്ളികളുടെ ശബ്ദം – ഇതൊക്കെ ഞാന്‍ ആസ്വദിച്ചത്‌ നാട്ടില്‍ മാത്രമാ. മഴയുടെ താളവും മൂഡുകളും ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ തന്നെ മഴക്കാലത്ത്‌ പോകണം. മഴക്കാലം എന്റെ മനസിലേക്ക്‌ കുട്ടിക്കാലത്തിന്റെയും, അമ്മയുടെയും ഒക്കെ ഓര്‍മ്മകള്‍ കൊണ്ടുവരുന്നു. സ്കൂള്‍ തുറക്കുന്ന സമയം! ഒഴുകിപ്പോകുന്ന വെള്ളത്തില്‍ കടലാസ്സ്‌ തോണികള്‍ ഒഴുക്കാത്തവരായി ആരേലുമുണ്ടോ? ഇടിയും മിന്നലും ഒക്കെ കേട്ട്‌ പേടിച്ച്‌ വിറച്ച്‌ അമ്മയെ കെട്ടിപ്പിടിക്കാത്തവരും ആരും ഉണ്ടാകില്ല. മഴക്കാലത്ത്‌ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്‌ കുട്ടികളാണെന്നും മഴയെ ശപിക്കുന്നവരില്‍ കൂടുതലും മുതിര്‍ന്നവരും ആണെന്നു തോന്നുന്നു..

പണ്ടൊക്കെ കാലവര്‍ഷം എപ്പഴാ വരുക എന്ന് അപ്പൂപ്പന്മാരൊക്കെ കൃത്യമായി പ്രവചിച്ചിരുന്നു. പക്ഷേ, ഗ്ലോബല്‍ വാമിങ്ങിന്റെയും എല്‍ നിനോയുടെയും ഒക്കെ ഈ കാലത്ത്‌ മഴ പ്രവചിക്കാന്‍ അപ്പൂപ്പന്മാരെകൊണ്ട്‌ കഴിയുമെന്ന് തോന്നുന്നില്ല. മഴയെ ഒരുപാട്‌ ആശ്രയിക്കുന്ന ഒരു നാടാണല്ലോ കേരളം. മഴ സമയത്ത്‌ ആവശ്യത്തിന്‌ കിട്ടിയില്ലേല്‍ കാര്യങ്ങള്‍ “കട്ടപ്പുക”യാകും.

മഴയും പ്രണയവും, മഴയും വിരഹവും ഒക്കെ എത്രയോ സിനിമകളിലും സാഹിത്യകൃതികളിലും ഗാനങ്ങളിലും ഒക്കെ വിഷയമായിരിക്കുന്നു!
മഴയുടെ മൂഡുകള്‍ പത്മരാജന്‍ തന്റെ സിനിമകളില്‍ അതിവിദഗ്ദ്ധമായി പകര്‍ത്തിയിട്ടുണ്ട്‌. അതുപോലെ തന്നെ ഭരതന്‍, കമല്‍, ഷാജി.എന്‍.കരുണ്‍… അങ്ങനെ പല പ്രഗത്ഭരായ മറ്റ്‌ സംവിധായകരും. മഴയെകുറിച്ച്‌ എത്രയോ മനോഹരമായ സിനിമാ
പാട്ടുകള്‍ മലയാളത്തിലുണ്ട്‌? മലയാള സാഹിത്യത്തിലും മഴയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്‌ എത്രയോ കൃതികളുണ്ട്‌? തകഴിയുടെ “വെള്ളപ്പൊക്കത്തില്‍”, ബഷീറിന്റെ”പൂവന്‍പഴം” എന്നിവ മഴയുടെ സൌന്ദര്യവും ക്രൂരതയും വരച്ചുകാട്ടുന്നു.

മഴ പലരിലും പല വികാരങ്ങളാണുണര്‍ത്തുക. മഴക്കാലം ചിലര്‍ക്ക്‌ സന്തോഷദായകമാണേല്‍ ചിലര്‍ക്ക്‌ അത്‌ വിഷമത്തിന്റേയും വറുതിയുടേയും ഒക്കെ നാളുകളായിരിക്കും. മഴയ്ക്ക്‌ ശേഷമുണ്ടാകുന്ന മഴവില്ല് വിഷമിച്ചിരിക്കുന്നവര്‍ക്ക്‌ വേണ്ടിയാണ്‌ – മഴവില്ല് പ്രതീക്ഷയുടെ പ്രതീകമാണ്‌.

നാട്ടില്‍ പോയി എന്നാണിനി ഒരു മഴ കാണുക? തല്‍ക്കാലം ഏഷ്യാവലയിലും മറ്റും മഴ പെയ്യുന്നത്‌ കണ്ട്‌ ആശ്വസിക്കാം! മഴയെ കുറിച്ച്‌ എഴുതാന്‍ പറ്റുന്നവര്‍ എന്തേലുമൊക്കെ എഴുതണേ!





അലിയുടെ സര്‍പ്രൈസ്‌ !

18 06 2005

“അലി പോലീസ്‌” എന്ന് എല്ലാവരും വിളിക്കുന്ന അലി റിസാബ്‌ ആള്‍ ഹോട്ടലിലെ സെക്യൂരിറ്റിയാണേലും മഹാ പേടിത്തൊണ്ടനാണ്‌ – ശ്രീലങ്കന്‍ പോലീസിലായിരുന്നു ജോലി എന്നൊക്കെ വീരവാദം മുഴക്കുമെങ്കിലും “അടി” എന്ന് കടലാസ്സില്‍ എഴുതി കാണിച്ചാല്‍ ആ നിമിഷം സ്പോട്ടില്‍ നിന്നു മുങ്ങും അലി.

അലിക്കൊരു ദിവസം ശ്രീലങ്കയില്‍ നിന്ന് ഒരു സ്വന്തക്കാരിയുടെ ഫോണ്‍ വന്നു. റാസല്‍ഖൈമയില്‍ ജോലിക്കായി വരാന്‍ പോകുന്ന തന്റെയൊരു കൂട്ടുകാരി അലിയെ വിളിച്ചേക്കും, എന്തേലും ആവശ്യം വരികയാണേല്‍ സഹായത്തിനു വിളിക്കാനായി അലിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്‌ എന്ന് വിളിച്ച സ്വന്തക്കാരി പറഞ്ഞു. അലിക്ക്‌ സന്തോഷമായി. അവിവാഹിതനായ അലി സ്വപ്നങ്ങള്‍ നെയ്യാന്‍ തുടങ്ങി. “അവള്‍ എങ്ങനെയായിരിക്കും കാഴ്ച്ചയില്‍? സുന്ദരിയായിരിക്കുമോ? വെളുത്തിട്ടായിരിക്കുമോ?സിങ്കളത്തിപ്പെണ്ണായിരിക്കുമോ? അതോ തമിഴത്തിപെണ്ണോ?” ചിന്തകള്‍ അലിയുടെ തലയ്ക്ക്‌ ചുറ്റും വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. അലി ദിനങ്ങളെണ്ണാന്‍ തുടങ്ങി.

ദിനങ്ങള്‍ കടന്നു പോയി. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക്‌, നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ഉറങ്ങുകയായിരുന്ന അലിയെ മൊബൈല്‍ ഫോണിന്റെ ബെല്ലടി ഉണര്‍ത്തി. ഉറക്കച്ചവടോടെ അലി ഫോണെടുത്തപ്പോള്‍ സിംഹളത്തില്‍ കിളിനാദം “ഹലോ… അലി ഇന്നവദ്‌? അലിയിട്ട കത്താകരണ്ണ പുളുവന്തെ?” (“അലിയുണ്ടോ? അലിയോട്‌ സംസാരിക്കാമോ?”) അലിയുടെ മാതൃഭാഷ തമിഴാണ്‌. അലിയോട്‌ സിംഹളത്തില്‍ സംസാരിക്കാന്‍ ഒരു പെണ്ണ്‍! അലിയുടെ കണ്ണുകള്‍ വിടര്‍ന്നു. അതവള്‍ തന്നെ! അലി കട്ടിലില്‍ നിന്ന് ചാടി എഴുന്നേറ്റ്‌ അവളോട്‌ സംസാരിക്കാന്‍ തുടങ്ങി.

അലിക്ക്‌ അവളുടെ ശബ്ദം ഒരുപാടിഷ്ടമായി. അലിയുടെ മനസ്സില്‍ അതിസുന്ദരിയായ ഒരു സിംഹള പെണ്‍കൊടിയുടെ രൂപം വിടര്‍ന്നു. അവളുടെ ശബ്ദം ഇത്ര മനോഹരമാണെങ്കില്‍ അവളെ കാണാന്‍ എന്ത്‌ രസമായിരിക്കും എന്നായി അലിയുടെ ചിന്ത. അലിയുടെ ഊണിലും ഉറക്കത്തിലും അവള്‍ മാത്രമായി. ദിവസവും വിളിക്കും. എപ്പഴും മിസ്‌ കോളുകള്‍ അടിക്കും. അവളുമായി പതുക്കെ ഫോണിലൂടെ അലി അടുത്തു. അലി ജീവിക്കുന്നത്‌ തന്നെ അവള്‍ക്ക്‌ വേണ്ടിയായി.

പ്രേമമങ്ങ്‌ കയറി മൂത്തു. രണ്ടുപേര്‍ക്കും തമ്മില്‍ കാണണം. അലി ഇക്കാര്യം ഏറ്റവുമടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനും പ്രണയ കാര്യങ്ങളില്‍ വിദഗ്ദ്ധനുമായ ചാമിന്തയോട്‌ പറഞ്ഞു. ചാമിന്തയുടെ വിദഗ്ദ്ധോപദേശപ്രകാരം അവളെ കാണാന്‍ പോകുമ്പോള്‍ അവളെ ഒന്ന് “ഇമ്പ്രസ്സ്‌” ചെയ്യാനായി ഒരു ലേഡീസ്‌ വാച്ച്‌ അവള്‍ക്ക്‌ “സര്‍പ്രൈസ്‌” ആയി കൊടുക്കാമെന്ന് അലി തീരുമാനിച്ചു.

മാസാവസാനമാണ്‌. ഒരുമാതിരി ആരുടെ കൈയ്യിലും കാശുണ്ടാകില്ല. അലിയുടെ “പെങ്ങളുടെ കൈയ്യൊടിഞ്ഞു, അത്യാവശ്യമായി നാട്ടില്‍ കാശ്‌ അയക്കണം” എന്നുള്ള ദയനീയമായ അപേക്ഷയില്‍ സഹതാപം തോന്നിയ ഫിലിപ്പൈനി റിസപ്ഷനിസ്റ്റുകളായ കാതറീനും ആന്‍ജിയും ചേര്‍ന്ന് അവന്‌ 150 ദിറഹംസ്‌ കടം കൊടുത്തു.

അലി താമസിക്കുന്നത്‌ ഹോട്ടലിലെ സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്സില്‍ ആയതിനാല്‍ ചാമിന്തയെ കൊണ്ട്‌ ഷാര്‍ജ്ജയില്‍ നിന്ന് 140 ദിറഹംസിന്റെ ഒരു ലേഡീസ്‌ വാച്ച്‌ ഗിഫ്റ്റ്‌ വ്രാപ്പ്‌ ചെയ്ത്‌ വാങ്ങിപ്പിച്ചു. കൈയിലാകെ ബാക്കിയുള്ള പത്ത്‌ ദിറഹംസുമായി അലി ആലോചിച്ചു: ഹോട്ടലില്‍ നിന്ന് റാസ്‌ അല്‍ ഖൈമ വരെ ചെല്ലണമെങ്കില്‍ ടാക്സിക്ക്‌ 10 ദിറഹം കൊടുക്കണം. തിരിച്ചുവരാന്‍ എന്തു ചെയ്യും? അതുകൊണ്ട്‌ ഒന്നാം തീയതി പോകാം എന്ന് അലി തീരുമാനിച്ചു. സാധരണ മുപ്പതാം തീയതിയോ മുപ്പത്തിയൊന്നാം തീയതിയോ ഒക്കെ ശമ്പളം ബാങ്ക്‌ അക്കൌണ്ടില്‍ വരുമല്ലോ. റാസ്‌ അല്‍ ഖൈമയിലെ ഏതേലും ATM-ല്‍ നിന്ന് കാര്‍ഡ്‌ ഇട്ട്‌ പൈസ എടുത്താല്‍ പോരെ? അലിയുടെ ബുദ്ധി പ്രവര്‍ത്തിച്ചു. ഒന്നാം തീയതി റാസ്‌ അല്‍ ഖൈമയില്‍ അവള്‍ താമസിക്കുന്ന വില്ലയുടെയടുത്ത്‌ അലി ചെല്ലുമെന്ന് വിളിച്ചു പറഞ്ഞു. തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാനായി അന്നിടാന്‍ പോകുന്ന വസ്ത്രങ്ങളുടെ നിറമൊക്കെ പരസ്പരം കൈമാറി.

സെക്യുരിറ്റി ഓഫീസിലെ വല്യ കലണ്ടറിലെ താള്‍ രാഘവന്‍ സാര്‍ മാസാവസാനത്തെ ചടങ്ങ്‌ പോലെ കീറി മാറ്റി.ഒന്നാം തീയതി ആയി.

അവള്‍ക്കായി വാങ്ങിയ സമ്മാനവുമായി അലി ടാക്സി പിടിച്ച്‌ റാസ്‌ അല്‍ ഖൈമയില്‍ പറഞ്ഞ സ്ഥലത്തെത്തി.

ടാക്സിക്കാരന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്ന പത്തു ദിറഹംസും കൊടുത്ത്‌ ടാക്സിയില്‍ നിന്നിറങ്ങിയ അലി അവന്റെ വരവും കാത്ത്‌ നില്‍ക്കുന്ന പെണ്ണിനെ കണ്ട്‌ ഞെട്ടിത്തരിച്ച്‌ നിന്നുപോയി. കറുത്ത്‌ കരിവാളിച്ച്‌ മുഖമാകെ വസൂരി കലകള്‍ നിറഞ്ഞ പാടുമായി തടിച്ച്‌ പൊക്കം കുറഞ്ഞ ഒരു മദ്ധ്യവയസ്കയായ സ്ത്രീ. അലിക്കവളെ കണ്ടപ്പോള്‍ ശൂര്‍പ്പണഖയെപ്പോലെ തോന്നി.അലിയുടെ സ്വപ്നങ്ങള്‍ താഴെ വീണുടഞ്ഞു തകര്‍ന്നു.

അലിയിട്ടേക്കുന്ന ഷര്‍ട്ടിന്റെ കളര്‍ കണ്ട്‌ അലിയെ തിരിച്ചറിഞ്ഞ അവള്‍ ഓടി അലിയുടെ അടുത്തേക്ക്‌ വന്നു. അതേ കിളിനാദം. “അലി, എത്ര നാളായി ഞാന്‍ അലിയെ കാണാന്‍ കാത്തിരിക്കുകയാണെന്നറിയാമോ?” അവളുടെ പ്രണയം വാക്കുകളിലൂടെയൊഴുകി.

അലി തിരിച്ച്‌ എന്ത്‌ പറയണമെന്ന് അറിയാതെ നില്‍ക്കുകയാണ്‌. കൈയ്യില്‍ കാശില്ല, അല്ലായിരുന്നേല്‍ റോഡില്‍ ക്കൂടെ പോകുന്ന ഏതേലും ടാക്സിയില്‍ കയറി തിരിച്ച്‌ പോകാമായിരുന്നു. ഒരഞ്ചു മിനിട്ട്‌ മുന്‍പ്‌ വരെ “എല്ലാമെല്ലാമായിരുന്ന” അവളുടെ സാമീപ്യം അലി വെറുക്കാന്‍ തുടങ്ങി. കൈയ്യിലിരിക്കുന്ന സമ്മാനപൊതി കണ്ട്‌ അവള്‍ അതവള്‍ക്കായി കൊണ്ടുവന്നതാണോ എന്ന് ചോദിച്ചു.

“അത്‌ ഹോട്ടലിലെ ഒരു സുഹൃത്തിന്റെ മകളുടെ ജന്മദിനത്തിന്‌ സമ്മാനം കൊടുക്കാന്‍ വേണ്ടി മേടിച്ചതാ”. അലി കള്ളം പറഞ്ഞു. “എനിക്കല്‍പ്പം ധൃതിയുണ്ട്‌ ദീപികാ, ഞാന്‍ പോകട്ടെ….” എന്ന് പറഞ്ഞ്‌ ആ സാഹ്‌യാനം മുഴുവന്‍ അവളുടെകൂടെ ചിലവഴിക്കുന്നതും സ്വപ്നംകണ്ട്‌ വന്ന വന്ന അലി തിരികെ നടക്കാന്‍ തുടങ്ങി.

“അലീ, നില്‍ക്കൂ, എന്താ ഇത്ര ധൃതി? പതുക്കെ പോകാമെന്നേ… അലീ…..” അവള്‍ പുറകേ വിളിച്ചു. അലി കേട്ട ഭാവം നടിക്കാതെ നടപ്പിനു വേഗത കൂട്ടി.

“അലീ, എന്തായിത്‌….”അവള്‍ക്ക്‌ കണ്മുന്നില്‍ നടക്കുന്നത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ചക്കരേ തേനേ എന്നൊക്കെ വിളിച്ച്‌ സംസാരിച്ചിരുന്ന അലിയുടെ പെട്ടന്നുള്ള ഭാവമാറ്റവും പെരുമാറ്റവും കണ്ട്‌ അമ്പരന്ന് എന്ത്‌ പറയണമെന്നറിയാതെ അവള്‍ നടന്നകലുന്ന അവനെ നോക്കി നിന്നു.

അടുത്ത ഗല്ലി എത്തുന്നതു വരെ അലി നടത്തമത്സരക്കാര്‍ നടന്ന്-ഓടുന്നതുപോലെ നടക്കുകയായിരുന്നു. അവള്‍ പുറകേ ഇല്ല എന്ന് ഉറപ്പ്‌ വരുത്തിയ ശേഷം തന്റെ കൈയ്യിലിരുന്ന വാച്ചിനെ നോക്കി അലി ” ഇതെങ്കിലും പോയില്ലല്ലോ” എന്നോര്‍ത്ത്‌ ദീര്‍ഖശ്വാസം വിട്ടു. ഇനി പൈസ എടുക്കണം. തിരിച്ച്‌ പോകണ്ടേ! അലി അടുത്ത ATM കൌണ്ടര്‍ തപ്പി കണ്ടുപിടിച്ചു.

പോക്കറ്റിലെ പഴ്സില്‍ നിന്ന് ATM കാര്‍ഡെടുത്ത്‌ ATMയന്ത്രത്തിലേക്കിട്ടപ്പം അക്കൌണ്ട്‌ ബാലന്‍സ്‌ “AED 0.00″ എന്ന് ഡിസ്പ്ലേ കാണിച്ചു. അക്കൌണ്ടില്‍ കാശില്ല! അത്‌ ഈ ATM ന്റെ തകരാറായിരിക്കുമെന്നും പറഞ്ഞ്‌ അടുത്ത ATM ല്‍ ചെന്നു കാര്‍ഡ്‌ ഇട്ടു നോക്കിയപ്പഴും അതു തന്നെ സ്ഥിതി. ഇതെന്താ ഇങ്ങനെ എന്നും പറഞ്ഞ്‌ ഹോട്ടലില്‍ വിളിച്ച്‌ നോക്കാമെന്നും പറഞ്ഞ്‌ മൊബൈല്‍ എടുത്തത്‌ ഡയല്‍ ചെയ്തതും അതില്‍ നിന്ന് “യൂ ഡോണ്ട്‌ ഹാവ്‌ ഇനഫ്‌ ക്രെഡിറ്റ്‌ റ്റു മെയ്ക്ക്‌ എ കോള്‍, പ്ലീസ്‌ ആഡ്‌ മോര്‍ ക്രെഡിറ്റ്‌ ആന്‍ഡ്‌ ട്രയ്‌ എഗേന്‍” എന്നു കേട്ടു.

അലി റാസ്‌ അല്‍ ഖൈമ ടൌണിലുള്ള എല്ലാ ATMകളും പരിക്ഷിച്ചു നോക്കി. ഒരു രക്ഷയുമില്ല.

തിരിച്ചു പോകാന്‍ കൈയ്യില്‍ കാശുമില്ല, മൊബൈല്‍ ഫോണില്‍ പൈസയുമില്ല, അറബി ഭാഷ വല്യ പിടിയുമില്ല, പരിചയക്കാരായി അവിടെ ആരുമില്ല.

അലിക്ക്‌ തല കറങ്ങുന്നതു പോലെ തോന്നി…

————————————————————————————-

ബാക്കി: അലി ഏതോ ട്രക്കുകാരന്റെ കൈയ്യും കാലും പിടിച്ച്‌ ഹോട്ടലില്‍ തിരിച്ചെത്തി. പിന്നെ അവള്‍ വിളിച്ചപ്പഴൊന്നും അലി ഫോണ്‍ എടുത്തില്ല.അക്കൌണ്ട്സിലുള്ള എന്തോ പ്രശ്നം കൊണ്ട്‌ ആ മാസം അഞ്ചാം തീയതിയാണ്‌ ബാങ്കില്‍ ശമ്പളം വന്നത്‌. ഈ കഥ അലിയുടെ ശത്രുപാളയത്തിലുള്ള ബാസുര എങ്ങനെയോ അറിഞ്ഞു. അവനീ കഥ ഹോട്ടല്‍ മുഴുവന്‍ പാട്ടാക്കി. അലിയെ കാണുമ്പോഴൊക്കെ പെണ്ണിന്റെ സ്വരത്തില്‍ ,”ഹലോ… അലി ഇന്നവദ്‌? അലിയിട്ട കത്താകരണ്ണ പുളുവന്തെ?” എന്ന് പറഞ്ഞ്‌ ബാസുരയും കൂട്ടരും അലിയെ കളിയാക്കി നടന്നു.





പാസ്പോര്‍ട്ടുകള്‍ മേടിച്ചു വയ്ക്കുന്നതെന്തിന്‌?

12 06 2005

ഏവൂരാന്റെ കമന്റ്‌ ഞാന്‍ കണ്ടിരുന്നില്ല. പിന്മൊഴികളില്‍ രാവിലെ ചെന്നപ്പഴാ അത്‌ കണ്ടത്‌. എന്നാല്‍ ഈ വിഷയത്തെ കുറിച്ച്‌ കമന്റ്‌ എഴുതുന്നതിലും നല്ലത്‌ അതെകുറിച്ച്‌ ബൂലോഗത്തില്‍ എഴുതാമെന്നു കരുതി. ശ്രീ. അനില്‍ പോസ്റ്റ്‌ ചെയ്ത ആ ഗള്‍ഫ്‌ ന്യൂസ്‌ പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ കണ്ടുകാണുമല്ലോ. അതില്‍ പറഞ്ഞേക്കുന്നത്‌ 100% ശരിയാണ്‌. മറ്റു രാജ്യങ്ങളിലുള്ളവര്‍ അതിശയിച്ചുപോകുന്ന രിതിയിലാണിവിടുത്തെ ചില നിയമങ്ങളും അലിഖിത നിയമങ്ങളും. അനില്‍ എഴുതിയതിന്‌ അനുബന്ധമായി എനിക്കറിയാവുന്നവ ഞാന്‍ എഴുതാം.

മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും പ്രവാസികളുടെ പാസ്പോര്‍ട്ടുകള്‍ അവരുടെ സ്പോണ്‍സര്‍മാരുടെ കൈവശമായിരിക്കും. ഇവിടെ യു.എ.ഈയില്‍ അത്‌ ശരിക്കും നിയമവിരുദ്ധമാണ്‌. കമ്പനിക്കോ സ്പോണ്‍സര്‍ക്കോ എതിരേ കേസുകൊടുത്താല്‍ കമ്പനിയെയോ സ്പോണ്‍സറെയോ ശിക്ഷിക്കുകയും ചെയ്യും. പക്ഷേ, മിക്ക കമ്പനികളും സ്പോണ്‍സറുമാരും അവരുടെ ജോലിക്കാരുടെ പാസ്പോര്‍ട്ടുകള്‍ എല്ലാം കമ്പനിയിലെ സേഫില്‍ മേടിച്ചു വയ്ക്കുകയാണ്‌ പതിവ്‌. പാസ്പോര്‍ട്ട്‌ മേടിച്ചു വയ്ക്കുന്നതിനു പകരമായി ഒരു ഐഡന്റിറ്റി കാര്‍ഡ്‌ പോലെ ഒരു സാധനം തരും – യു.എ.ഈ യില്‍ അത്‌ “പത്താക്ക” എന്നറിയപ്പെടുന്നു. ലേബര്‍ ഓഫീസ്‌ ഇഷ്യൂ ചെയ്യുന്ന ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലിപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക്ക്‌ ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണത്‌. അത്‌ എപ്പഴും നമ്മുടെ കൈവശം ഉണ്ടാകണം. സൌദിയില്‍ അത്‌ ഒരു ചെറിയ പുസ്തകമാണ്‌ – “ഇക്കാമ” എന്നു പറയും. ഞാന്‍ സൌദിയിലുണ്ടായിരുന്ന സമയത്ത്‌ രണ്ട്‌ നിറത്തിലുള്ള ഇക്കാമയുണ്ടായിരുന്നു – കാപ്പിപൊടി നിറത്തിലും പച്ചനിറത്തിലും ഉള്ളത്‌ (പച്ച നിറത്തിലുള്ളത്‌ ഇസ്ലാം മതവിശ്വാസികള്‍ക്ക്‌ മാത്രം ഉള്ളതാണ്‌). മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍ എങ്ങനെയാണെന്നറിയില്ല. ഈ ലേബര്‍ കാര്‍ഡ്‌ ചില കമ്പനികള്‍ കൊടുക്കില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയതില്‍ ഒരു മുഖ്യപങ്ക്‌ നമ്മുടെ നാട്ടുകാര്‍ക്കും ഉണ്ട്‌ എന്ന് പറയാതെ വയ്യ.

അതിനു മുന്‍പ്‌ ഇവിടെ യു.എ.ഈ യിലെ വിസകളെ കുറിച്ച്‌ ചെറുതായി വിവരിക്കാം. യു.എസ്‌, ക്യാനഡ, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ജപ്പാന്‍, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിങ്ങനെ സമ്പന്ന രാജ്യങ്ങളിലെ പൌരന്മാര്‍ക്ക്‌ വിസ-ഓണ്‍-അറൈവല്‍ ആണ്‌. എയര്‍പോര്‍ട്ട്‌ ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ 30 ദിവസത്തെ വിസ അടിച്ചുകൊടുക്കും. മറ്റ്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ആളുകള്‍ക്ക്‌ ഇവിടെ വരാന്‍ പ്രധാനമായി ആറു തരം വിസകളാണിവിടെയുള്ളത്‌.

1) വിസിറ്റ്‌ വിസ: ഇവിടെ വരുന്ന അന്നു തൊട്ട്‌ 60 ദിവസത്തേക്കാണ്‌ വിസിറ്റ്‌ വിസ അനുവദിക്കുന്നത്‌. 60 ദിവസം ആകാറകുമ്പോള്‍ 500 ദിറഹം അടച്ചാല്‍ അത്‌ 30 ദിവസത്തേക്ക്‌ കൂടെ നീട്ടാന്‍ കഴിയും. കമ്പനികള്‍ക്കും, ഹോട്ടലുകള്‍ക്കും, ഈ രാജ്യത്തെ പൌരന്മാര്‍ക്കും, 4000 ദിറഹംസില്‍ കൂടുതല്‍ ശമ്പളം ഉള്ള പ്രവാസികള്‍ക്കും വിസിറ്റ്‌ വിസ സ്പോണ്‍സര്‍ ചെയ്യാം. (അതിനു വരുന്ന ചിലവ്‌ 200 മുതല്‍ 300 ദിറഹം വരെയാണ്‌). വിസിറ്റ്‌ വിസയില്‍ വന്ന് ജോലി ചെയ്യാന്‍ പാടില്ല. ജോലി തിരക്കാം.

2) എന്ററി സര്‍വീസ്‌ പെര്‍മിറ്റ്‌ വിസ: അത്‌ വന്ന അന്നു തൊട്ട്‌ 14 ദിവസത്തേക്ക്‌ ആണ്‌. കൂടുതലും ടൂറിസ്റ്റുകളും ബിസ്സിനസ്സുകാരുമാണ്‌ ആ വിസയില്‍ വരുക. അത്‌ പുതുക്കാന്‍ കഴിയില്ല.

3) ടൂറിസ്റ്റ്‌ വിസ : അത്‌ വിസിറ്റ്‌ വിസയുടെ കാറ്റഗറിയില്‍ വരുന്ന 30 ദിവസത്തേക്കുള്ള വിസയാണ്‌. അത്‌ പുതുക്കാന്‍ കഴിയില്ല. ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്ററുമാരും മാത്രമാണത്‌ ഇഷ്യൂ ചെയ്യുന്നത്‌.

4) ട്രാന്‍സിറ്റ്‌ വിസ : അത്‌ ദുബായോ അബുദാബിയോ വഴി കടന്നു പോകുന്ന ഫ്ലൈറ്റുകളില്‍ വരുന്നവര്‍ക്ക്‌ വേണ്ടി 96 മണിക്കൂര്‍ വരെ ദൈര്‍ഖ്യം ഉള്ള വിസയാണ്‌. അത്‌ എയര്‍ലൈനുകളാണ്‌ സ്പോണ്‍സര്‍ ചെയ്യുന്നത്‌.

5) മള്‍ട്ടിപ്പിള്‍ എന്ററി വിസ: അത്‌ ബിസ്സിനസ്സ്കാര്‍ക്കുവേണ്ടിയാണ്‌. വിസിറ്റ്‌ വിസയില്‍ ഇവിടെ വന്നിട്ട്‌ അതിനു വേണ്ടി അപേക്ഷിക്കാം. ആറു മാസമാണ്‌ മള്‍ട്ടിപ്പിള്‍ എന്ററി വിസയുടെ കാലാവധി.

6) എമ്പ്ലോയ്‌മന്റ്‌ വിസ: 3 വര്‍ഷം കാലാവധിയുള്ളത്‌. ഈ വിസയില്‍ വരുന്നവര്‍ക്ക്‌ മാത്രമേ നിയമപരമായി ഇവിടെ ജോലി ചെയ്യാന്‍ കഴിയു.എമ്പ്ലോയ്‌മന്റ്‌ വിസയില്‍ വരുന്ന ആള്‍ നിര്‍ബ്ബന്ധമായി ആ സ്പോണ്‍സറുടെ കീഴില്‍ മാത്രം പണിയെടുത്തോണം. വേറെ എങ്ങും പോയി ജോലി ചെയ്യാന്‍ പാടില്ല. (ഫ്രി സോണുകളിലെ എമ്പ്ലോയ്‌മന്റ്‌ വിസക്കാര്‍ക്ക്‌ ആ കരിനിയമം ബാധകമല്ല! )

ഈ വിസകളില്‍ ഏതില്‍ വന്നാലും വരുന്നയാള്‍ എഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഉള്ള ആള്‍ ആണേല്‍ മിക്ക സ്പോണ്‍സര്‍മാരും പാസ്പോര്‍ട്ട്‌ മേടിച്ചു വയ്ക്കും. ചുരുക്കം ചിലര്‍ അത്‌ ചെയ്യില്ല. ആ സാഹചര്യം ഉണ്ടായതിനു കാരണക്കാരില്‍ ഒരു കൂട്ടര്‍ നമ്മുടെ നാട്ടുകാരാണ്‌. ആളുകള്‍ വിസിറ്റ്‌ വിസയിലൊ എന്ററി സര്‍വീസ്‌ പെര്‍മിറ്റിലോ ഒക്കെ വന്നിട്ട്‌ തിരിച്ച്‌ പോകാതെ മുങ്ങും. എന്നിട്ട്‌ വേറെ എവിടെയെങ്കിലും പോയി ഒളിച്ച്‌ പണിയെടുക്കും. ഈ വിസകളില്‍ വരുന്നവര്‍ വിസകളുടെ കാലാവധിക്ക്‌ മുന്നെ തിരിച്ച്‌ പോയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കാണ്‌. ആ സ്പോണ്‍സര്‍ക്ക്‌ അല്ലേല്‍ വിസ സ്പോണ്‍സര്‍ ചെയ്ത കമ്പനിക്ക്‌ പിന്നെ വിസകള്‍ അനുവദിക്കില്ല, മാത്രമല്ല, ഭീമമായ ഫൈനും അടയ്ക്കേണ്ടിവരും അവര്‍. വിസിറ്റ്‌ വിസയിലാണ്‌ നമ്മുടെ നാട്ടുകാര്‍ കൂടുതലും ജോലി തിരക്കി വരുന്നത്‌. വിസിറ്റ്‌ വിസയുടെ പേരില്‍ പല തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്‌.

വിസിറ്റ്‌ വിസ എടുക്കാന്‍ ചിലവ്‌ പരമാവധി 300 ദിറഹം ആണ്‌. നമ്മുടെ ആളുകള്‍ അത്‌ കമ്പനികളെ കൊണ്ടോ അല്ലേല്‍ ഇവിടുത്തെ സ്വദേശികളെക്കൊണ്ടൊ അത്‌ എടുപ്പിക്കും, എന്നിട്ട്‌ അവര്‍ അത്‌ 1200 (തൊട്ട്‌ മേലോട്ട്‌) ദിറഹംസിന്‌ നമ്മുടെ നാട്ടുകാര്‍ക്ക്‌ തന്നെ വില്‍ക്കും. ഇതെഴുതുന്ന ഞാന്‍ ഉള്‍പ്പടെ ഒരുപാട്‌ പേര്‍ വിസിറ്റ്‌ വിസ വിലകൊടുത്ത്‌ മേടിച്ച്‌ ഇവിടെ ജോലി തിരക്കി വരുന്നുണ്ട്‌. ചിലര്‍ക്ക്‌ വിസ കാലാവധിയായ മൂന്ന് മാസത്തിനകത്ത്‌ ജോലി കണ്ടുപിടിക്കാന്‍ കഴിയും. അവര്‍ക്ക്‌ എമ്പ്ലോയ്‌മന്റ്‌ വിസയിലേക്ക്‌ മാറാം. നാട്ടില്‍ തിരിച്ച്‌ പോകാന്‍ കഴിയാത്ത ചില നിര്‍ഭാഗ്യവാന്മാര്‍ ഈ 3 മാസത്തില്‍ ജോലി കിട്ടിയില്ലേല്‍ മുങ്ങും. നാട്ടില്‍ നിന്ന് ചില ഏജന്റുമാര്‍ എമ്പ്ലോയ്‌മന്റ്‌ വിസയാണെന്നും പറഞ്ഞ്‌ ലക്ഷങ്ങള്‍ മേടിച്ചിട്ട്‌ ആളുകളെ ഇവിടെ കൊണ്ടുവരും. അവര്‍ക്കറിയില്ല അവര്‍ വന്നിറങ്ങിയത്‌ വിസിറ്റ്‌ വിസയിലാണെന്ന്. (അങ്ങനത്തെ തട്ടിപ്പുകള്‍ ഇപ്പോള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്‌ യു.എ.ഈയില്‍).

പിന്നെ വേറെയൊരു കൂട്ടരുണ്ട്‌. അറിഞ്ഞോ അറിയാതെയോ വേശ്യാവൃത്തിക്ക്‌ വരുന്നവര്‍. റഷ്യന്‍ ഫെഡറേഷന്‍കാരാണ്‌ ആ വര്‍ഗ്ഗത്തില്‍ കൂടുതല്‍. അവര്‍ വിസിറ്റ്‌ വിസയില്‍ വരും. എന്നിട്ട്‌ മുങ്ങും. നിയമത്തിന്റെ കൈയ്യില്‍ അകപ്പെടുന്നതുവരെ അവരെകൊണ്ട്‌ ഉണ്ടാക്കാവുന്ന കാശ്‌ അവരുണ്ടാക്കും. ഹോട്ടലുകളിലെ നൈറ്റ്‌ ക്ലബ്ബുകളിലും മറ്റും ജോലി ചെയ്യുന്നവരെ ( ഉദ്ദാഹരണത്തിന്‌ കെവിന്റെ കഥയിലെ നായിക) സാധാരണ വിസിറ്റ്‌ വിസകളിലാണ്‌ കൊണ്ടുവരുക. (അവര്‍ക്ക്‌ ഡാന്‍സ്‌ ചെയ്യാന്‍ വേണ്ടി ലേബര്‍ ഓഫീസില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങും) അത്തരക്കാര്‍ ചാടാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

അതുപോലെ തന്നെ എമ്പ്ലോയ്മന്റ്‌ വിസകളില്‍ വന്നിട്ടും ആളുകള്‍ മുങ്ങും. അങ്ങനെ സംഭവിക്കുമ്പോള്‍ സ്പോണ്‍സര്‍ക്ക്‌ ഫൈന്‍ അടപ്പും വിസകിട്ടായ്കയുമൊക്കെ അനുഭവിക്കേണ്ടിവരും . “ചാടി പോകുന്നവര്‍ക്ക്‌” (മുങ്ങുന്നവരെ അങ്ങനെയാണ്‌ വിളിക്കുക) ജോലി കൊടുക്കുന്നതും ഇപ്പോള്‍ ഇവിടെ കുറ്റകരമാണ്‌. ചാടുന്നവര്‍ ചിലപ്പോള്‍ ഗതികെട്ട്‌ ചാടുന്നവരായിരിക്കും – മാസങ്ങളായി ശമ്പളം കിട്ടാതെ പണിയെടുക്കേണ്ട അവസ്ഥയൊക്കെ വരുമ്പോള്‍ ആരും ചാടും – പാസ്പോര്‍ട്ടല്ല, എന്ത്‌ പിടിച്ച്‌ വച്ചാലും. പിന്നെ മോഷണമോ വല്ല ക്രിമിനല്‍ കുറ്റമോ ഒക്കെ നടത്തിയിട്ട്‌ ആളുകള്‍ മുങ്ങും.

ഇത്തരം ചാട്ടങ്ങളും മുങ്ങലുകളും നിയന്ത്രിക്കാനാണ്‌ പാസ്പോര്‍ട്ടുകള്‍ കമ്പനികളും സ്പോണ്‍സറുമാരും പിടിച്ച്‌ വയ്ക്കുന്നത്‌. ആളുകള്‍ ചാടുമ്പോള്‍ ആ ചാട്ടത്തെ കുറിച്ച്‌ എമിഗ്രേഷന്‍ വകുപ്പില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യണം. ആ സമയത്ത്‌ അവരുടെ പാസ്പോര്‍ട്ട്‌ കൂടെ (ഉണ്ടെങ്കില്‍) കൊടുക്കണമെന്നാണ്‌ അലിഖിതമായ നിയമം. അത്യാവശ്യത്തിന്‌ നാട്ടില്‍ പോകേണ്ടി വരുമ്പോള്‍ ആളുകള്‍ക്ക്‌ ഇവിടെ മിക്ക (നല്ല) കമ്പനികളും പാസ്പോര്‍ട്ട്‌ കൊടുക്കാറുണ്ട്‌. നല്ലതും ചീത്തയും എവിടെയും കാണുമല്ലോ. ഇവിടെ ഞാന്‍ ജോലി ചെയ്യുന്നിടത്ത്‌ അത്യാവശ്യത്തിന്‌ ഓഫീസ്‌ സമയം അല്ലേലും ഓഫീസില്‍ ചെന്ന് സേഫ്‌ തുറന്ന് പാസ്പോര്‍ട്ട്‌ എടുത്ത്‌ കൊടുത്തിട്ടുണ്ട്‌ പല തവണ. ഇവിടെ യു.എ.ഈ യിലെ നിയമങ്ങള്‍ സൌദി പോലെയുള്ള മറ്റു ഗള്‍ഫ്‌ രാഷ്ട്രങ്ങളെവച്ച്‌ നോക്കുമ്പോള്‍ വളരെ കടുപ്പം കുറഞ്ഞതും ആധുനികവും മനുഷ്യത്ത്വമുള്ളതും ആണ്‌.

ഞാന്‍ ഇവിടെ വരുന്നതിനു മുന്‍പ്‌ ഞാന്‍ മൂന്ന് വര്‍ഷത്തോളം സൌദി അറേബ്യയില്‍ ആയിരുന്നു. അവിടുത്തെ സ്ഥിതിയാണ്‌ മഹാ കഷ്ടം. ബുധനാഴ്ച്ച ഉച്ചയ്ക്ക്‌ ശേഷം നാട്ടില്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും മരിച്ചുവെന്നു കരുതുക. ശനിയാഴ്ച്ചയേ നാട്ടില്‍ പോകാന്‍ പറ്റു. കാരണം, പാസ്പോര്‍ട്ടില്‍ “എക്സിറ്റ്‌-റീ എന്ററി വിസ” അടിക്കണം. ബുധനാഴ്ച്ച ഉച്ചയ്ക്കു ശേഷം അടയ്ക്കുന്ന ചേമ്പര്‍ ഓഫ്‌ കോമേഴ്സുകളും (അറ്റസ്റ്റേഷന്‌) എമിഗ്രേഷന്‍ ഒോഫീസുകളും പിന്നെ ശനിയാഴ്ച്ചയേ തുറക്കു. ആ എക്സിറ്റ്‌-റീ എന്ററി വിസയില്‍ പറഞ്ഞേക്കുന്ന കാലാവധിക്കകത്ത്‌ തിരിച്ച്‌ എത്തിക്കോണം. അല്ലേല്‍ വിസ ക്യാന്‍സലാകും. . “എക്സിറ്റ്‌-റീ എന്ററി വിസ” ഇവിടെ യു.എ.ഈയില്‍ ഇല്ല. പാസ്പോര്‍ട്ട്‌ കൈയ്യില്‍ ഉണ്ടേല്‍ എപ്പം വേണേലും നാട്ടില്‍ പോകാം. ആറ്‌ മാസമാകുന്നതിനകത്ത്‌ തിരികെ വന്നാല്‍ മതി. അങ്ങനത്തെ ആ ഇളവ്‌ മാറിയേക്കും എന്ന് ഈയ്യിടെ പത്രത്തില്‍ വായിച്ചിരുന്നു. സൌദി പോലെത്തെ നിയമം ഇവിടെയും വന്നേക്കും എന്നൊക്കെ അതില്‍ എഴുതിയിരുന്നു. ഒമാന്‍-ഖത്തര്‍-ബഹറിന്‍-കുവൈറ്റ്‌ എന്നിവിടങ്ങളില്‍ നിയമം എങ്ങനെയാണെന്നറിയില്ല. അവിടങ്ങളില്‍ താമസിക്കുന്നവര്‍ അതെകുറിച്ച്‌ എഴുതാന്‍ അപേക്ഷിക്കുന്നു.

പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നതിലൊന്നും പലയിടങ്ങളിലും യാതൊരു ശ്രദ്ധയുമുണ്ടാകില്ല. ചില കമ്പനികളില്‍ പേഴ്സണല്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഉണ്ടാകും, ചിലയിടത്ത്‌ ഉണ്ടാകില്ല. സൌദിയില്‍ ആയിരുന്നപ്പോള്‍ കേട്ട ഒരു തമാശ ഓര്‍മ്മവരുന്നു. അത്യാവശ്യമായി മലയാളിക്ക്‌ നാട്ടില്‍ പോകണം. പുള്ളി പാസ്പോര്‍ട്ട്‌ തിരക്കി സ്പോണ്‍സറുടെ അടുത്ത്‌ ചെന്നു. സ്പോണ്‍സര്‍ പാസ്പോര്‍ട്ട്‌ സേഫില്‍ തപ്പിയിട്ട്‌ കാണുന്നില്ല. ആകെ ടെന്‍ഷനായി. അപ്പഴാ സ്പോണ്‍സറുടെ അനിയന്‍ വരുന്നത്‌. വിഷമിച്ചു നില്‍ക്കുന്ന രണ്ടുപേരെയും സമാധാനിപ്പിച്ചിട്ട്‌ അയാള്‍ ആ പാസ്പോര്‍ട്ടും, കൂടെ വേറെ അഞ്ചാറ്‌ എണ്ണവും പെട്ടന്നെടുത്തു കൊടുത്തു. എവിടെ നിന്നാണെന്നറിയണ്ടേ? ആ സേഫിന്റെ ഒരു കാലിന്റെ അടിയില്‍ നിന്ന്. സേഫിന്റെ കാലിന്റെ അടിയിലെ ബുഷ്‌ പോയപ്പം അത്‌ ഒരു സൈഡിലോട്ട്‌ ചരിഞ്ഞുവത്രേ! അതിന്റെ പൊക്കം അഡ്ജസ്റ്റ്‌ ചെയ്യാന്‍ വേണ്ടി പുള്ളി ബുദ്ധിപരമായി എടുത്തു വച്ചതാണത്രേ ആ പാസ്പോര്‍ട്ടുകള്‍! ഇത്‌ ചിലപ്പോള്‍ നടന്നതാകാം! സൌദിയില്‍ അതിനുമപ്പുറം നടക്കും. വല്ലോന്റേം പാസ്പോര്‍ട്ടുകളല്ലേ? അവര്‍ക്കെന്താ?

ചോദിക്കാനും പറയാനും അറിയാവുന്ന യൂറോപ്യന്റെയും അമേരിക്കക്കാരന്റെയും ഒക്കെ പാസ്പോര്‍ട്ട്‌ ഒരു കമ്പനിയും സ്പോണ്‍സറും മേടിച്ചു വയ്ക്കില്ല. പാവപ്പെട്ട ഇന്ത്യക്കാരന്റെയോ, ശ്രീലങ്കക്കാരന്റെയോ, പാക്കിസ്ഥാനിയുടേയോ, നേപ്പാളിയുടേയോ, ബംഗ്ലാദേശിയുടേയോ, ഫിലിപൈനിയുടെയോ ഒക്കെ പാസ്പോര്‍ട്ടുകളേ അവര്‍ മേടിച്ച്‌ വയ്ക്കു – എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും. ഇതൊരിക്കലും ഈ രാജ്യത്തിന്റെ കുറ്റമല്ല. സാഹചര്യങ്ങള്‍ കൊണ്ട്‌ സംഭവിക്കുന്നതാണ്‌. തന്ന സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്തതിന്റെ ഫലം!

പിന്മൊഴികള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു….

P.S: ഗള്‍ഫില്‍ പലയിടത്തും ഇതിനെകുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതു തന്നെ നിയമവിരുദ്ധമാണ്‌!





ദുബായില്‍ കറന്റ്‌ പോയി

9 06 2005

ഇവിടെ ദുബായില്‍ (ദുബൈ എമിരേറ്റില്‍ മാത്രം) രാവിലെ പത്ത്‌ മണി മുതല്‍ കറന്റ്‌ പോയി. ഇപ്പം മണി 1:40. ഇതു വരെ കറന്റ്‌ വന്നിട്ടില്ല. മൊബൈല്‍ ടവറുകളും മൊബൈല്‍ ഫോണുകളും നിശ്ചലമായി, ട്രാഫിക്ക്‌ ആകെ കുളമായി, റോഡില്‍ ആക്സിഡന്റുകളുടെ ബഹളം , ഒരുപാട്‌ പേര്‍ ലിഫ്റ്റുകളില്‍ കുടുങ്ങി. ഓഫീസുകള്‍ ഒക്കെ വിടുന്നു…..റോഡുകള്‍ ബ്ലോക്കാണ്‌.

ചുട്‌ കാലമാണ്‌. എ.സീ ഇല്ലാതെ ആളുകള്‍ ആകെ ബുദ്ധിമുട്ടിലാണ്‌. വണ്ടിയുള്ളവരൊക്കെ അടുത്ത എമിരേറ്റുകളിലേക്ക്‌ പോകുന്നു. പവ്വര്‍ ഹൌസില്‍ എന്തോ മേജര്‍ പ്രശ്നമാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. ദുബായുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു സംഭവം.ജനറേറ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആകെ പ്രശ്നങ്ങള്‍ ആണ്‌. എത്തിസലാത്ത്‌ ടെലിഫോണ്‍ സിസ്റ്റംസ്‌ ആകെ ചത്തു. അംബരചുംബികളില്‍ താമസിക്കുന്നവരൊക്കെ ആകെ വിഷമിച്ചുകാണും.

കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനനുസരിച്ച്‌ ഞാന്‍ പോസ്റ്റ്‌ ചെയ്യാം…

മണി 3….

വൈദ്യുതി ബന്ധം പതുക്കെ പുനസ്ഥാപിക്കപ്പെടുന്നു. പല സ്ഥലങ്ങളിലും വൈദ്യുതി വന്നു തുടങ്ങി. വൈകുന്നേരത്തോടെ മൊത്തം സ്ഥലങ്ങളിലും വൈദ്യുതിബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു. 4-5 ലിഫ്റ്റുകള്‍ ഉള്ളിടത്ത്‌ ഒരു ലിഫ്റ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നു. എയര്‍പോര്‍ട്ടിലും മറ്റും പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഈ പ്രശ്നം ദുബായില്‍ മാത്രമേയുള്ളു. മറ്റ്‌ എമിരേറ്റുകളിലൊന്നും യാതൊരു പ്രശ്നങ്ങളുമില്ല. പെട്രോള്‍ ബങ്കുകള്‍ നിശ്ചലമായി. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ട്ടുകളിലെ എ/സീ പ്രവര്‍ത്തിപ്പിക്കാനാകാതെ അവര്‍ സാധനങ്ങള്‍ മറ്റ്‌ എമിരേറ്റുകളിലെ സ്ഥാപനങ്ങളിലേക്ക്‌ മാറ്റി. ആളുകള്‍ ഓഫീസുകളില്‍ നിന്നു ചുട്‌ സഹിക്കാന്‍ വയ്യാതെ പുറത്തേക്കിറങ്ങി. ഇന്ന് 46-47 ഡിഗ്രി സെല്‍ ഷ്യസ്‌ ചൂട്‌ ദുബൈയില്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ജബല്‍ അലി പവര്‍ പ്ലാന്റിലുണ്ടായ പ്രശ്നം ആണത്രേ കാരണം.

കറന്റ്‌ കട്ട്‌ നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക്‌ ദുബൈയിലെ കറന്റ്കട്ടിന്റെ ഭീകരാവസ്ഥ മനസ്സിലാകില്ല. ഇവിടം കറന്റിനെ ഒരുപാട്‌ ആശ്രയിക്കുന്നു. കറന്റ്‌ കട്ടിനെ കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥലമായതുകൊണ്ട്‌ ജനറേറ്ററുകള്‍ സാധാരണയായി ആരും വാങ്ങി വയ്ക്കാറില്ല. അത്‌ കാര്യങ്ങള്‍ വഷളാക്കി. ആധുനിക ടെക്നോളജിയെ അങ്ങേയറ്റം ആശ്രയിച്ച്‌ കഴിയുന്ന ദുബായിക്ക്‌ ഓര്‍ക്കാപ്പുറത്തേറ്റ ഒരു പ്രഹരമായിരുന്നു ഈ കറന്റ്‌ കട്ട്‌. ബാക്കപ്പ്‌ സംവിധാനങ്ങളുടെ അഭാവം കൊണ്ടുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അവര്‍ക്ക്‌ ഇതോടെ മനസ്സിലാകുമെന്ന് കരുതുന്നു. നാളെ അറിയാം ആരുടെയൊക്കെ പണി തെറിക്കുമെന്നും എന്തൊക്കെ അത്യാഹിതങ്ങള്‍ സംഭവിച്ചു എന്ന്.





പഴഞ്ചൊല്ലുകള്‍ (banana talk)

7 06 2005

ഞാന്‍ ഇന്ന് ഓഫീസില്‍ കുറേ നാള്‍ മുന്‍പ്‌ ബാക്കപ്പ്‌ എടുത്ത ഒരു സി.ഡീയിലൂടെ ഒരു ഫയല്‍ കണ്ടുപിടിക്കാന്‍ വേണ്ടി അതിലെ ഫയലുകള്‍ തപ്പുകയായിരുന്നു . അപ്പഴ്‌ കിട്ടിയതാണീ സാധനം. പണ്ട്‌ ആരോ ഫോര്‍വേഡ്‌ ചെയ്ത്‌ തന്നത്‌ ഞാന്‍ സേവ്‌ ചെയ്ത്‌ വച്ചിരുന്നതാണിത്‌. അതെടുത്ത്‌ വായിച്ചപ്പം രസം തോന്നി. അത്‌ ഇംഗ്ലീഷിലും മങ്ങ്ലീഷിലും ആയിരുന്നു. എന്നാ പിന്നെ അതൊന്നു പരിഷ്കരിച്ച്‌ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതി. നിങ്ങളില്‍ പലരും ഇത്‌ കണ്ടിട്ടുണ്ടാകും. ആവര്‍ത്തനവിരസത ക്ഷമിക്കുക.

ഇതൊരു Stress Buster മാത്രമാണ്‌. മലയാളത്തെ വികലമാക്കുകയാണെന്ന് കരുതി ദയവായി ആരും ദേഷ്യപ്പെടരുത്‌. ഇങ്ങനത്തെ കൂടുതല്‍ സംഭവങ്ങള്‍ അറിയാവുന്നവര്‍ ദയവായി അവ പോസ്റ്റ്‌ ചെയ്യുമല്ലോ….

കുറച്ച്‌ ആംഗലേയവും അതിന്റെ പഴഞ്ചൊല്ലുകളും….

പഴഞ്ചൊല്ലുകള്‍ (banana talk)

1. Whitening applied becomes white scars. (വെളുക്കാന്‍ തേച്ചത്‌ പാണ്ടായി)
2. Give elephant, but not hope. (ആന കൊടുത്താലും ആശ കൊടുക്കരുത്‌)
3. If Crow bath, become crane? (കാക്ക കുളിച്ചാല്‍ കൊക്കാകുമോ?)
4. If needed jackfruit on root grow.(വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!)
5. Snake on fence on shoulder no put. (വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളിലിടരുത്‌.)
6. Own baby, for crow, golden baby. (കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌.)
7. Market fail Mother’s back. (അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ പുറത്ത്‌)
8. Silent Cat Breaks Pot. (മിണ്ടാപൂച്ച കലമുടയ്ക്കും.)
9. Sand leaning man took girl. (മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട്‌ പോയി.)
10. Miser hold umbrella at midnight.(അല്‍പന്‍ അര്‍ദ്ധരാത്രിയിലും കുട പിടിക്കും.)
11. Foot wrong elephant will fall. (അടി തെറ്റിയാല്‍ ആനയും വീഴും.)
12. Friend of Eeenaampechi is TreeDog. (ഈനാമ്പേച്ചിക്ക്‌ കൂട്ട്‌ മരപ്പട്ടി.)
13. Different drop big water.(പലതുള്ളി പെരുവെള്ളം.)

ഇനി കുറച്ച്‌ ചൊല്ലുകള്‍:

1. life is licked by dog. (ജീവിതം നായ നക്കി.)
2. Crane, how many ponds see? (കൊക്കെത്ര കുളം കണ്ടതാ?)
3. Don’t want, don’t want thinking, climbing on the head & jumping. (“വേണ്ട,വേണ്ടന്ന് വിചാരിക്കുമ്പം തലയില്‍ കയറിയിരുന്നു ചാടുന്നു”.)
4. Stick gave, beating got. (വടികൊടുത്ത്‌ അടി വാങ്ങി)
5. Open the window, let the air force come in. (“ജനാല തുറക്കൂ, കാറ്റ്‌ ശക്തിയായി വരട്ടെ”)
6. No Grass will walk here. (ഇവിടെ ഒരു പുല്ലും നടക്കില്ല.)
7. Dont Spit, the under standing will suffer (തുപ്പരുത്‌, താഴെ നില്‍ക്കുന്നവര്‍ അനുഭവിക്കും)
8. Both are mathematics. (രണ്ടും കണക്കുതന്നെ)
9. They are in Beauty quarell. (അവര്‍ സൌന്ദര്യപിണക്കത്തിലാ)

ഒരിക്കലെങ്കിലും ചിരിക്കാതിരിക്കല്ലേ, കഷ്ടപ്പെട്ട്‌ ടൈപ്പ്‌ ചെയ്തതല്ലേ? :)





“ചിക്കന്‍ കൊളായി”

4 06 2005

വെള്ളിയാഴ്ച്ച ദിവസം. ചൂടു കാരണം കൂടെയുള്ള ആര്‍ക്കും ഉച്ചയ്ക്ക്‌ ഹോട്ടലില്‍ പോകാന്‍ വയ്യ . എന്നാല്‍ പിന്നെ വല്ലോം അങ്ങ്‌ പാചകിച്ചു കളയാമെന്ന് കരുതി. ഫ്രിഡ്ജ്‌ തുറന്നു. ഇന്നലെത്തെ നരക കോഴിയുടെ (ഗ്രില്‍ഡ്‌ ചിക്കന്‍ – തീയില്‍ കറക്കി ചുടുന്ന കോഴി) ബാക്കി ഇരിക്കുന്നു. അതുവച്ചെന്താ ചെയ്യുക എന്നാലോചിച്ചു.ഇവിടത്തെ മലയാളി ഹോട്ടലുകളില്‍ “ചില്ലി” എന്നും പറഞ്ഞ്‌ ഒരു സാധനം കിട്ടും. അതുണ്ടാക്കുന്നത്‌ കോഴി പുഴുങ്ങി അതിന്റെ മാംസം പിന്നിയിട്ട്‌, അത്‌ ഇത്തിരി മസാലയൊക്കെയിട്ട്‌, അരിഞ്ഞ ഉള്ളിയും പച്ചമുളകുമിട്ട്‌ വഴറ്റി വേവിച്ച്‌ എടുത്താണ്‌. (ഇവിടെ യു.ഇ.ഈയില്‍ മാത്രമേ ഞാനത്‌ കണ്ടിട്ടുള്ളു. നമ്മുടെ ചൈനീസ്‌ ചില്ലി ചിക്കനുമായി ഇതിന്‌ പേരില്‍ മാത്രമേ സാമ്യമുള്ളു.)

കോഴിയിറച്ചി പുഴുങ്ങി പിന്നുന്നതിനു പകരം വേവിച്ച കോഴി ഇരിക്കുകയല്ലേ? അതെടുത്ത്‌ ചില്ലിയുണ്ടാക്കാമെ. ഏതായാലും ചോറിന്റെകൂടെ തിന്നാന്‍ മുദീര്‍ ഇന്നലെ വച്ച മീന്‍ കറി ഇരിപ്പുണ്ട്‌ . ചില്ലി ചീറ്റിയാലും സാരമില്ല.

സവാള ഗിരിഗിരി എന്നും പറഞ്ഞ്‌ സവാളയൊക്കെ അരിഞ്ഞുകൂട്ടി പച്ചമുളകൊക്കെ അരിഞ്ഞ്‌ നരകക്കോഴിയെ എടുത്ത്‌ എല്ലൊക്കെ കളഞ്ഞ്‌ വെന്ത മാംസം ഒരു പാത്രത്തില്‍ പിന്നിയിട്ടു. സവാളയും ഉള്ളിയും ഒരു തവയില്‍ എണ്ണയില്‍ മൂപ്പിച്ചു കൂടെ ഇത്തിരി മോഹന്‍ലാലിന്റെ ചിക്കന്‍ പൊടിയും ഇട്ട്‌ ഇളക്കി, പിന്നിയ ചിക്കനും അതിലിട്ടിളക്കി കുറച്ച്‌ സോയ സോസ്സും റ്റബാസ്കോ സോസുമൊക്കെ ഒഴിച്ച്‌ സാധനം റെഡിയാക്കി.

മുദീര്‍ വന്നു അത്‌ ടെയ്സ്റ്റ്‌ ചെയ്ത്‌ നോക്കിയിട്ട്‌ “കൊള്ളാമെടാ” (വേറെയൊന്നും ഇല്ലേല്‍!) എന്നു പറഞ്ഞിട്ട്‌ പോയി.

അത്‌ കേട്ടപ്പം ഇത്തിരി അഹങ്കാരം തോന്നി. എന്നിലെ ക്രിയേറ്റിവിറ്റി പെട്ടന്ന് ഉണര്‍ന്നു. ചൈനീസ്‌ ചില്ലി ചിക്കന്‍ കോണ്‍ഫ്ലൊറൊക്കെ കോട്ട്‌ ചെയ്ത്‌ പൊരിച്ച്‌, മര്യാദയ്ക്ക്‌ ഞാന്‍ പണ്ട്‌ ഉണ്ടാക്കിയത്‌ മനസ്സില്‍ ധ്യാനിച്ച്‌ അതിലെ ചില അംശങ്ങള്‍ എന്റെ മുന്നിലിരിക്കുന്ന അറബി “ചില്ലി”യില്‍ ഒന്ന് സംയോജിപ്പിച്ചാലോ എന്ന് ആലോചിച്ചു. ഒരു “അറബ്‌-ഓറിയെന്റല്‍ ഫ്യൂഷന്‍” ആയാലെന്താ?!ഈ ചില്ലിയെ എടുത്ത്‌ ഉണ്ടകളാക്കി കോണ്‍ഫ്ലോര്‍+മുട്ട മിക്സില്‍ കോട്ട്‌ ചെയ്ത്‌ മീറ്റ്ബോള്‍ സ്റ്റൈലില്‍ ഫ്രൈ ചെയ്താലോ? ചിന്ത പോയി. മുദീറിനെയും രാജീവണ്ണനെയും ശശിയണ്ണനെയും ഒന്ന് ഞെട്ടിക്കാം. മുദീറിന്റെ വിചാരം മുദീറാണ്‌ ഉം അല്‍ കുവൈനിലെ ഏറ്റവും നല്ല പാചകക്കാരന്‍ എന്നാ!

കോണ്‍ഫ്ലോര്‍ വേണം. എവിടെ? “എടാ, അതാ തട്ടലമാരിയിലുള്ള ഡബ്ബയില്‍ കാണും. നോക്ക്‌.” എന്നു മുദീര്‍ ഉവാച.

ശരി. തട്ടലമാരിയില്‍ നോക്കിയപ്പം 2-3 ഡബ്ബകളിരിക്കുന്നു.എല്ലാത്തിലും വെളുത്ത പൊടികള്‍. ഒരെണ്ണം തുറന്നു നോക്കി. മണത്തുനോക്കിയപ്പം കോണ്‍ഫ്ലോര്‍ ആണെന്നു തോന്നി. കുറച്ച്‌ എടുത്ത്‌ പാത്രത്തിലിട്ടു. 2 മുട്ടയെടുത്ത്‌ അതിന്റെ മേല്‍ പൊട്ടിച്ചൊഴിച്ചു. ഇത്തിരി ചൂടുവെള്ളം ഒഴിച്ച്‌ മിക്സിങ്ങ്‌ തുടങ്ങി.എനിക്കൊരു സംശയം. കോണ്‍ഫ്ലോര്‍ കുഴയുന്നതു പോലെയല്ലല്ലോ ഇത്‌ കുഴയുന്നത്‌. എടുത്തത്‌ കോണ്‍ഫ്ലോര്‍ തന്നെയാണോ?

മുദീറിനെ വിളിക്കാം. “അണ്ണാ, ഇങ്ങോട്ടൊന്നു വന്നേ, ഇതിലേതു ഡബ്ബയിലാ കോണ്‍ഫ്ലോര്‍?”

“നീ ഏതു കോത്താഴത്തെ “ഹോട്ടലീയര്‍” ആടാ? നിനക്ക്‌ കോണ്‍ഫ്ലോര്‍ ഏതാണെന്നറിയില്ലേ?” അഭിമാനക്ഷതം! അകത്ത്‌ കുപ്പികളുടെ കഴുത്ത്‌ ഞെരിഞ്ഞമരുമ്പഴാ അടുക്കളയില്‍ വരാന്‍ സമയം! പോരാഞ്ഞ്‌ എന്നെ കുറ്റവും പറഞ്ഞു. വേണ്ട, ആരുടെയും സഹായം വേണ്ട.

അടുത്ത ഡബ്ബ തുറന്നു. അതിന്റെ പൊടി കുറച്ചൂടെ വെള്ളക്കളറാ. ഇതു തന്നെ കോണ്‍ഫ്ലോര്‍. അപ്പം ആദ്യമെടുത്തത്‌ എന്തായിരുന്നു? ആ പൊടിയെടുത്ത്‌ സ്വല്‍പ്പം നാക്കില്‍ വച്ചുനോക്കി. പാല്‍പ്പൊടി! സാരമില്ല. പാല്‍പ്പൊടി പാചകത്തിനുപയോഗിക്കും. ഐറിഷ്‌ സ്റ്റുവൊക്കെ പാലും മട്ടനും വച്ചല്ലേ ഉണ്ടാക്കുന്നത്‌! ഒരു വറൈറ്റി ആയിക്കോട്ടെ! മിണ്ടണ്ട. രണ്ടാമത്തെ ഡബ്ബയിലിരുന്ന “കോണ്‍ഫ്ലോര്‍” എടുത്തു അതിലോട്ട്‌ തട്ടി. കലക്കാന്‍ തുടങ്ങി.

“എടാ, ആ നീല അടപ്പുള്ള ഡബ്ബയിലാ കോണ്‍ഫ്ലോര്‍”… അകത്തൂന്ന് മുദീര്‍.

ഞാനെടുത്ത ഡബ്ബകളുടെ അടപ്പ്‌ നോക്കി-പച്ച, മഞ്ഞ! നീല ഞാന്‍ തൊട്ടിട്ടില്ല ഇതുവരെ. ഈശ്വരാ…”അപ്പം മറ്റേ ഡബ്ബകളില്‍ എന്താ മുദീറേ?”

“ആ പച്ച ഡബ്ബയില്‍ പാല്‍ പൌഡര്‍, മഞ്ഞ ഡബ്ബയില്‍ തേങ്ങാ പൌഡര്‍”.

തൊലച്ചു. ഇങ്ങേര്‍ക്കിത്‌ നേരത്തെ പറഞ്ഞുകൂടായിരുന്നോ? കുളമായി. ഇനിയിപ്പം എന്താ ചെയ്യുക?

“എന്താടാ, ഒന്നും മിണ്ടാത്തെ? കണ്ടോ?”

“ങ്‌ ഹാ, കണ്ടു”.

“നീ ഉണ്ടാക്കി കഴിഞ്ഞില്ലേ? പെട്ടന്നാകട്ടെ”

“ശരി, ഇപ്പം റെഡിയാക്കാം”. ഇനി ഒറ്റ വഴിയേയുള്ളു. ഇവനെ ഐറിഷ്‌ മട്ടന്‍ സ്റ്റ്യു പോലെയാക്കിക്കളയാം. അത്‌ കോണ്ടിനെന്റല്‍ ഡിഷാ. അതെങ്ങിനെയാ ഉണ്ടാക്കുന്നത്‌? ആരോട്‌ ചോദിക്കും? ഹോട്ടലിലെ ഷെഫ്‌ ജയനെ വിളിക്കാം. ജയനെ വിളിച്ചു. ജയന്‍ ഫോണ്‍ ഓഫ്‌ ചെയ്ത്‌ വച്ചേക്കുകയാ-അതോ കിട്ടാത്തതോ? തോറ്റു പിന്മാറാന്‍ പാടില്ല. വരുന്നത്‌ വരട്ടെ. മുദീറും ബാച്ചും രണ്ടാമത്തെ റൌണ്ടും കഴിഞ്ഞിരിക്കും-ഈ സമയത്ത്‌ എന്തുകൊണ്ട്‌ വച്ചാലും അത്‌ തീരും (“കുല്ലു ഇംഷി” എന്ന് അറബിയില്‍ പറയും)

കുറച്ചൂടെ തേങ്ങാപ്പൊടിയും പാല്‍പ്പൊടിയും ഇട്ട്‌ കലക്കി. വല്യ തവ ചൂടാക്കി നേരത്തെ ബാക്കിയിരുന്ന സവാളയും മുളകും എടുത്ത്‌ വഴറ്റി അതിലോട്ട്‌ “ചില്ലി”യാക്കി വച്ച ചിക്കന്‍ എടുത്ത്‌ തട്ടി. അതിന്റെ കൂടെ ഈ പാലുപോലിരിക്കുന്ന കലക്കിയ സാധനം എടുത്ത്‌ ഒഴിച്ചു. വരുന്നതുപോലെ വരട്ടെ.

കറിപോലെ ഒരു സാധനം അടുപ്പില്‍ കിടന്ന് വേവാന്‍ തുടങ്ങി. എന്നാല്‍ ഇതിനെ ഒന്ന് “തിക്ക്‌” (thick) ആക്കി കളയാം എന്നു കരുതി. കോണ്‍ഫ്ലോറിരിക്കുകയല്ലേ? കോണ്‍ഫ്ലോര്‍ എടുത്ത്‌ തട്ടി. ചക്ക എരിശ്ശേരി പോലെ അത്‌ വെന്ത്‌ തിളയ്ക്കാന്‍ തുടങ്ങി. ഇളക്കി ഇളക്കി. അവസാനം അതൊരു കിണ്ണത്തപ്പം പരുവത്തില്‍ ആയി.

ഇതിനൊരു പേരിടണമല്ലോ. കുളമായ ചിക്കന്‍! ചിന്തിച്ചു.”ചിക്കന്‍ കൊളായി” അങ്ങനെ പിറന്നു.

വാല്‍ക്കഷണം: “ചിക്കന്‍ കൊളായി” യെ അവതരിപ്പിച്ചത്‌ ഒരു മെക്സിക്കന്‍ ഡിഷാണെന്നും പറഞ്ഞാ. അവരത്‌ കഴിച്ചു. ഇതിലെ കഥാപാത്രങ്ങളെ (ചിക്കന്‍ കൊളായി ഒഴിച്ച്‌) ഇവിടെ കാണാം.

സംഭവം തട്ടിപ്പായിരുന്നെന്ന് ഇത്‌ വായിക്കുമ്പോള്‍ അവര്‍ക്ക്‌ മനസ്സിലാകും. ഞാന്‍ ഇത്‌ പോസ്റ്റ്‌ ചെയ്തിട്ട്‌ അവരുടെ (തെറി) വിളി കാത്തിരിക്കുകയാണ്‌. മുദീറേ, രാജീവണ്ണാ, ശശിയണ്ണാ, എന്നോട്‌ ക്ഷമി,ഒന്നും മനഃപൂര്‍വ്വമല്ലായിരുന്നു. ഏതൊരു പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റും.





നാളെ വെള്ളിക്കളമൈ…. ഞാനെന്താ ചെയ്യുക?

2 06 2005

സ്വല്‍പ്പം ഗള്‍ഫ്‌ വിശേഷങ്ങള്‍. ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക്‌ ഇന്നാണ്‌ വാരാന്ത്യം. നാളെ(വെള്ളിയാഴ്ച്ച)യാണ്‌ ഞങ്ങളുടെ ഞായറാഴ്ച്ച. ഇന്നത്തെ പരിപാടികള്‍ പലര്‍ക്കും പല വിധത്തിലായിരിക്കും. ഫാമിലിയായി താമസിക്കുന്നവരെ കുറിച്ച്‌ എനിക്കറിയില്ല. ബാച്ചിലേഴ്സിനെയും, ഫോഴ്സ്ഡ്‌ ബാച്ചിലേഴ്സിനെയും (സാഹചര്യങ്ങള്‍ മൂലം കുടുംബത്തെ കൂടെ നിര്‍ത്താന്‍ പറ്റാത്തവര്‍) കുറിച്ച്‌ ഞാന്‍ എഴുതാം. ഇവിടെ ജോലിക്കാര്‍ പ്രധാനമായി 2 തരമുണ്ട്‌-സര്‍ക്കാര്‍ ജോലിക്കാരും സ്വകാര്യ കമ്പനികളിലെ ജോലിക്കാരും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക്‌ വ്യാഴവും വെള്ളിയും അവധി ദിവസങ്ങളാണേല്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക്‌ വെള്ളിയാഴ്ച്ചയാണവധി-എല്ലാവര്‍ക്കുമല്ല, ഭാഗ്യവാന്മാരായ ചിലര്‍ക്ക്‌. (മറ്റു ചിലര്‍ക്ക്‌ വെള്ളിയാഴ്ച്ചയും ജോലി കാണും). എന്നാലും പൊതുവില്‍, വെള്ളിയാണ്‌ അവധി ദിവസം എന്നു പറയാം.

പൊതുജനം പലവിധം എന്നല്ലേ? ചിലര്‍ വീട്ടില്‍ തന്നെ കിടന്ന് അവധി ഉറങ്ങി തീര്‍ക്കും. വ്യാഴാഴ്ച്ച നേരത്തെ ഭക്ഷണമൊക്കെ കഴിച്ചിട്ട്‌ വെള്ളിയാഴ്ച്ച ഒരു 11 മണി വരെ കിടന്നുറങ്ങും. എന്നിട്ട്‌ ഉച്ച ഭക്ഷണം കഴിഞ്ഞ്‌ വീണ്ടും ഉറങ്ങും. ചിലര്‍ തുണികളെല്ലാം കഴുകിയിടാനും മുറി വൃത്തിയാക്കാനും ഒക്കെയായിരിക്കും അവധി ഉപയോഗിക്കുക . ചിലര്‍ പുറത്തെങ്ങും പോകില്ല. ഒന്നുരണ്ട്‌ ടെലിഫോണ്‍ കാര്‍ഡും മേടിച്ച്‌ വീട്ടുകാരെ വിളിച്ച്‌ സംസാരിച്ച്‌ ടെന്‍ഷനായി അതിനെ കുറിച്ച്‌ തന്നെ ചിന്തിച്ചോണ്ടിരിക്കും. (ടെലിഫോണ്‍ നിരക്കുകള്‍ വെള്ളിയാഴ്ച്ച പകുതിയാണ്‌. എല്ലാവരും നാട്ടില്‍ വിളിക്കുന്നത്‌ വെള്ളിയാഴ്ച്ചകളിലാണ്‌)

ചിലര്‍ സ്വന്തം മുറിയിലും, ചിലര്‍ സുഹൃത്തുക്കളുടെ താമസസ്ഥലത്ത്‌ പോയിയും അവധി ആഘോഷിക്കും. ആഘോഷങ്ങള്‍ പലവിധമുണ്ട്‌. ചിലര്‍ ചന്തയില്‍ പോയി മീനും ഇറച്ചിയും പച്ചക്കറിയുമൊക്കെ മേടിച്ച്‌ “പാചകിച്ച്‌” ആഘോഷിക്കും. ചിലര്‍ മരുന്ന് സേവിച്ച്‌ ആഘോഷിക്കും – കുപ്പികളുടെ കഴുത്ത്‌ ഞെരിച്ചും ഡപ്പകള്‍ പൊട്ടിച്ചും. (ഡബ്ബ=ബിയര്‍)ചിലര്‍ അതോടൊപ്പം ബാര്‍-ബെ-ക്യൂ ചെയ്ത്‌ ചുട്ട സാധനങ്ങള്‍ ഭക്ഷിക്കും. എന്റെയൊരു മുതിര്‍ന്ന സുഹൃത്തുണ്ട്‌, പുള്ളിയുടെ ഇഷ്ടപാനീയം “റ്റെക്ക്വീല” എന്ന മെക്സിക്കന്‍ മദ്യമാണ്‌. പുള്ളി പറയുന്നത്‌ “ഷക്കീല”യുടെ കഴുത്ത്‌ ഞെരിയെടേ! എന്നാണ്‌. പറഞ്ഞുവന്നത്‌ വ്യാഴാഴ്ച്ച വൈകിട്ട്‌ തുടങ്ങും മരുന്നു സേവ. വെള്ളിയാഴ്ച്ച രാവിലെ തലേന്നത്തെ ഹാംഗോവര്‍ തീര്‍ക്കാനായി വീണ്ടും തുടങ്ങി രാത്രി വരെയുണ്ടാകും. മരുന്ന് കിട്ടാത്ത സ്ഥലങ്ങളില്‍ സാധനം എത്തിക്കുന്ന “ഡോക്ടര്‍”മാര്‍ക്ക്‌ ഇന്നും നാളെയും ഓവര്‍ടൈം പണിയായിരിക്കും. മരുന്ന് കടകളിലാണേലോ ഉത്സവത്തിരക്കായിരിക്കും. ചിലര്‍ ചീട്ടുകളിച്ചോണ്ടായിരിക്കും മരുന്നടിക്കുക. ചിലര്‍ കരുണാകരനെയും അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയേയും ഒക്കെ ചീത്ത വിളിച്ചോണ്ടായിരിക്കും മരുന്നടിക്കുക. ചിലര്‍ സ്വന്തം വീട്ടുകാരെ ചീത്തവിളിച്ചോണ്ടായിരിക്കും മരുന്നടിക്കുക. ചിലര്‍ മരുന്നു സേവയോടൊപ്പം മറ്റ്‌ “ഡേര്‍ട്ടി മലബാറീസിന്റെ” കാര്യങ്ങള്‍ കൂലംകഷമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കുകയും പരദൂഷണം പറയുകയും ചെയ്യും. (മലയാളികള്‍ “മലബാരി”കള്‍ എന്നാണ്‌ ഇവിടെ അറിയപ്പെടുന്നത്‌).

ഈ സാധനം നിരോധിച്ചിട്ടുള്ള രാജ്യങ്ങളുമുണ്ട്‌ ഈ ഗള്‍ഫില്‍. അവിടെയും സാധനം കിട്ടും. കുടില്‍ വ്യവസായത്തിലൂടെ ഉത്പാദിപ്പിക്കുന്ന നാടന്‍ ചാ-രാ-യം! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്നത്‌ നമ്മുടെ കൊച്ചു കേരളത്തിലാണല്ലോ. അവിടുന്ന് ഇങ്ങോട്ട്‌ വരുന്ന സാറന്മാര്‍ക്ക്‌ വെറുതെ ഇരിക്കാന്‍ പറ്റുമോ? നാട്ടിലെക്കാളും വിലക്കുറവ്‌, വീട്ടുകാരെയും സ്വന്തക്കരെയും പേടിക്കണ്ട.പിന്നെ ഇരുട്ടെ വെളുക്കെ കുടിച്ചാലെന്താ?

ചിലര്‍ സിനിമ കാണാന്‍ തീയേറ്ററുകളില്‍ പോകും (തീയേറ്റര്‍ ഉള്ള രാജ്യങ്ങളില്‍). തീയേറ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉള്ളവര്‍ ടെലിവിഷം കാണും. (നാട്ടില്‍ സിനിമ ഇറങ്ങിയാലുടന്‍ ഇവിടെ അതിന്റെ VCD കിട്ടില്ലേ-പിന്നെ എന്തിന്‌ തീയേറ്റര്‍?) ചിലര്‍ കൈയ്യില്‍ കാശില്ലേല്‍ കടം മേടിച്ച്‌ ആയാലും നിശാ ക്ലബ്ബുകളിലോ നല്ല ഹോട്ടലുകളിലോ പോകും. ചിലര്‍ ക്യാരംസ്‌ കളിക്കും. ചില ബുദ്ധിയുള്ളവര്‍ ചെസ്സ്‌ കളിക്കും. ചിലര്‍ അവര്‍ മെമ്പര്‍മാരായുള്ള അസ്സോസ്സിയേഷനുകളില്‍ പോകും-അവിടെ വിനോദങ്ങളില്‍ ഏര്‍പ്പെടും. ചിലര്‍ അവരവരുടെ സംഘടനാ പ്രവര്‍ത്തനങ്ങളുമായ്‌ ബന്ധപ്പെട്ട്‌ യോഗങ്ങളിലും മറ്റും പങ്കെടുക്കും. ചിലര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ചിലര്‍ ദുബായ്‌ അമ്പലത്തില്‍ പോകും. ചിലര്‍ പള്ളികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും പോകും. ചിലര്‍ കറങ്ങാന്‍ പോകും. (ചൂട്‌ തുടങ്ങിയതു കൊണ്ട്‌ കറങ്ങാന്‍ പോക്ക്‌ ഇപ്പം കുറവായിരിക്കും)വാരാന്ത്യങ്ങളില്‍ റോഡില്‍ നല്ല ട്രാഫിക്കായിരിക്കും.

ഇനി, ഇതിനൊന്നും പറ്റാതെ, മാസത്തില്‍ ഒരു ദിവസം പോലും അവധി കിട്ടാതെ, മാസം 300-400 ദിറഹംസിന്‌ (അല്ലേല്‍ റിയാലോ, ദിനാറോ ഒക്കെ) ഈ എരിവെയിലത്തും കൊടുംചൂടത്തും പണിയെടുക്കുന്ന, യാതനകളോടെ അവരുടെ യൌവ്വനം തള്ളിനീക്കുന്ന നമ്മുടെ തന്നെ എത്രയോ നാട്ടുകാരുണ്ട്‌ ഈ ഗള്‍ഫില്‍? മാസാവസാനം കിട്ടുന്ന ഈ 300-400 ദിറഹംസില്‍ നിന്ന് ഒരു പങ്ക്‌ നാട്ടില്‍ അയച്ചുകൊടുക്കണം – ഇങ്ങോട്ട്‌ വന്ന കടം വീട്ടാനും അവന്റെ വീട്ടിലെ അടുപ്പില്‍ തീ പുകയാനും, പിന്നെ ബാക്കി വരുന്നത്‌ കൊണ്ട്‌ അവന്റെ സകല ചിലവും കഴിയണം!

എല്ലാവരും ഗള്‍ഫുകാര്‍…………!





ആനയും ഉറുമ്പും

1 06 2005

സു.. വിന്റെ ആന്‍-ഉറുമ്പ്‌ കഥ വായിച്ചു. ഒരുപാട്‌ ആന-ഉറുമ്പ്‌ കഥകള്‍ ഉണ്ടല്ലോ. കുറേയെണ്ണം അറിയാമായിരുന്നു. ഓര്‍മ്മയുള്ളതൊക്കെ ഞാന്‍ കുറിക്കാം. ഒരുപക്ഷേ, ഞാന്‍ എഴുതാന്‍ പോകുന്നവ എല്ലാവര്‍ക്കും അറിയാവുന്നതു തന്നെയായിരിക്കും. ആവര്‍ത്തനവിരസത ക്ഷമിക്കുക.

ആന സ്കൂട്ടര്‍ ഓടിക്കുകയായിരുന്നു പിന്നില്‍ ഉറുമ്പും. ഒരു വല്യ ട്രക്ക്‌ വന്നിടിച്ച്‌ സ്കൂട്ടര്‍ ആക്സിഡന്റില്‍ പെട്ടു. രണ്ടുപേരും തലയും കുത്തി വീണു. ആനയെ ആശുപത്രിയില്‍ കൊണ്ടു പോയി. ഉറുമ്പിനൊന്നും സംഭവിച്ചില്ല. കാരണമെന്താ?
ഉറുമ്പ്‌ ഹെല്‍മെറ്റ്‌ ധരിച്ചിരുന്നു.

ആനയെ ആശുപത്രീലോട്ട്‌ ആംബുലന്‍സില്‍ കൊണ്ടു പോകുകയാണ്‌. ഉറുമ്പും ആനയുടെ ആംബുലന്‍സിന്റെ പിന്നാലെ പോകുകയാണ്‌. പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഉറുമ്പെന്തിനാ ആശുപത്രിയില്‍ പോകുന്നത്‌?
ആനയ്ക്ക്‌ രക്തം ദാനം ചെയ്യാന്‍.

ആനയും ഉറുമ്പും ഒരുമിച്ച്‌ കുളിക്കാന്‍ പോയി. ഉറുമ്പ്‌ കുളിക്കാനിറങ്ങി. ആന കുളിക്കാതെ കരയില്‍ തന്നെയിരുന്നു…. കാരണമെന്താ?
ഉടുത്തു കുളിക്കാന്‍ തോര്‍ത്ത്‌ ഒരെണ്ണമേയുണ്ടായിരുന്നുള്ളു.

ആനയും ഉറുമ്പും തമ്മില്‍ ബോക്സിങ്ങ്‌ മത്സരം! ഉറുമ്പ്‌ ജയിച്ചു. ആന തോറ്റു. അതെങ്ങിനെ?
ആന പേടിച്ച്‌ മത്സരിച്ചില്ല!

ഉറുമ്പ്‌ മരത്തിന്റെ പിന്നില്‍ ഒളിച്ചു. കാരണമെന്ത്‌?
ഉത്തരം 1 : ആനയും ഉറുമ്പും ഒളിച്ചുകളിക്കുകയായിരുന്നു.
ഉത്തരം 2 : ആനയെ കുത്തുകാലടിക്കാന്‍.

ആനയും ഉറുമ്പും കല്യാണം കഴിച്ചു. ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ആന മരിച്ചു. ഉറുമ്പ്‌ വീണ്ടും ഒരു കല്യാണം കഴിക്കുന്നില്ലന്ന് തീരുമാനമെടുത്തു. കാരണമെന്ത്‌?
മരിച്ച ആനയെ കുഴിച്ചിടാനുള്ള കുഴി തോണ്ടി തീരാന്‍ തന്നെ പുള്ളിക്ക്‌ ഒരു ജന്മം വേണം. പിന്നെയല്ലേ രണ്ടാമതൊരു കല്യാണം !

ഇപ്പം ഇത്രയേ ഓര്‍മ്മ വരുന്നുള്ളു. ആന-ഉറുമ്പ്‌ കഥകള്‍ അറിയാവുന്നവര്‍ ദയവായി അവ പോസ്റ്റ്‌ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.