ഉം അല്‍ കുവൈനിനെ കുറിച്ച്‌……

18 05 2005

ഉം അല്‍ കുവൈനിനെ കുറിച്ച്‌……

ഉം അല്‍ കുവൈനിനെ കുറിച്ച്‌ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ വളരെ കുറവാണ്‌ എന്ന് എനിക്ക്‌ മനസ്സിലായി. സെര്‍ച്ച്‌ എഞ്ചിനുകള്‍ വച്ച്‌ സെര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ വളരെ കുറച്ച്‌ വിവരങ്ങളേ കിട്ടു. അതേ സമയം യൂ.എ.ഈ യിലെ മറ്റ്‌ എമിരേറ്റുകളെകുറിച്ച്‌ ധാരാളം വിവരങ്ങള്‍ കിട്ടുന്നതിന്‌ യാതൊരു ബുദ്ധിമുട്ടുമില്ല. ഞാന്‍ ഉം അല്‍ കുവൈനെ കുറിച്ച്‌ പലയിടത്തുനിന്നും ശേഖരിച്ച കുറച്ച്‌ വിവരങ്ങളും, പുതിയതായി കിട്ടുന്നവയും ഒക്കെ ഞാന്‍ ഇവിടെ എന്റെ ഈ ബ്ലോഗില്‍ പല ഭാഗങ്ങളായി പകര്‍ത്താം. അത്ര വല്യ ഇന്ററസ്റ്റിങ്ങ്‌ സംഗതിയൊന്നുമല്ലെങ്കിലും, എനിക്കത്‌ ചെയ്യണമെന്ന് തോന്നുന്നു. കാരണം, ആരെങ്കിലും എപ്പഴെങ്കിലും ഒക്കെ ഇത്‌ ചെയ്യണം. ഉം അല്‍ കുവൈന്‍ കൊണ്ട്‌ ജീവിക്കുന്ന, രക്ഷപ്പെട്ട ഒരുപാട്‌ മലയാളി കുടുംബങ്ങളും ജീവിതങ്ങളും ഉണ്ട്‌. ഈ നാടിന്റെ കാരുണ്യം മറക്കാതിരിക്കാം!

ഉം അല്‍ കുവൈനിനു വേണ്ടി……

പറഞ്ഞ്‌ പറഞ്ഞ്‌ കാടുകയറി. ഉം അല്‍ കുവൈനിനെ കുറിച്ച്‌ ഞാന്‍ എഴുതി തുടങ്ങട്ടെ. ഉം അല്‍ കുവൈന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര കിലോമീറ്റര്‍ ആണ്‌. അതില്‍ എനിക്കറിയാവുന്ന സ്ഥലങ്ങളെകുറിച്ച്‌ ഞാന്‍ എഴുതാം. ഫലാജ്‌ അല്‍ മൊ-അല്ല എന്ന ഫലഭുയിഷ്ടവും മനോഹരവുമായ ഒയാസിസ്‌ (മരുപ്പച്ച?) , അല്‍-ബത്ത valley, കൃഷി തോട്ടങ്ങള്‍ നിറഞ്ഞ കാബര്‍, പുതിയ പാര്‍പ്പിടമേഖലയായി വികസിച്ചുവരുന്ന സല്‍മ, പുതിയ വ്യവസായമേഖല വരുന്ന ബിലാത്ത്‌ അല്‍ അസുബാ, ദേശാടനപക്ഷികള്‍ വരുന്ന ഭാവിയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമായേക്കാവുന്ന ഖോര്‍ അല്‍ ബൈദ, റാസ്‌ അല്‍ ഖൈമയോടടുത്ത്‌ കിടക്കുന്ന റംല, പിന്നെ ഗള്‍ഫില്‍ തന്നെ വളരെ അപൂര്‍വ്വമായ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ കൊച്ച്‌ കൊച്ച്‌ ദ്വീപുകള്‍, 90 ചതുരശ്ര കിലോമീറ്റര്‍ വരുന്ന അല്‍-സിനയ്യ ദ്വീപ്‌ , പിന്നെ ഉം അല്‍ കുവൈനിലെ ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളായ ജമയ്യ, ബസ്സാര്‍ എന്നറിയപ്പെടുന്ന പഴയ ടൌണ്‍ എരിയ, ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച natural തുറമുഖങ്ങളില്‍ ഒന്നായ ഉം അല്‍ കുവൈന്‍ തുറമുഖം – ഇവയൊക്കെ കൂടുന്നതാണ്‌ ഉം അല്‍ കുവൈന്‍. യൂ.എ.ഈയിലെ തന്നെ എറ്റവും പച്ചപ്പ്‌ നിറഞ്ഞ മരുഭൂമികള്‍ കാണപ്പെടുന്നത്‌ ഉം അല്‍ കുവൈനിലാണന്ന് ഇവിടുത്തെ പഴമക്കാര്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇവിടുത്തെ കടല്‍ തീരങ്ങള്‍ മനോഹരമാണ്‌.

ഉം അല്‍ കുവൈനിലെ കണ്ടല്‍ കാടുകള്‍ നിറഞ്ഞ ദ്വീപുകള്‍ ദേശാടനപക്ഷികളുടെയും, മീനുകളെ തിന്നുന്ന Cormorants എന്നയിനം പക്ഷികളുടെയും, ഡുഗോങ്ങ്‌ എന്ന വംശനാശം സംഭവിച്ചോണ്ടിരിക്കുന്ന കടല്‍ പശുക്കളുടെയും ( sea cow), ഞണ്ടുകളുടെയും, കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്‌. ആ ദ്വീപസ്മൂഹത്തില്‍ പെട്ട അകാബ്‌ എന്ന ദ്വീപില്‍ നിന്ന് ഫ്രഞ്ച്‌ ആര്‍ക്കിയോളജിസ്റ്റുകള്‍ 1990കളില്‍ നടത്തിയ പരിവേഷണത്തില്‍ 3700-3500 BC കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ്‌ അറവുശാലയും അതില്‍ ഉപയോഗിച്ചിരുന്ന എല്ലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ഉണ്ടാക്കിയ കത്തിപോലത്തെ ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉം അല്‍ കുവൈനിന്റെ ഇപ്പഴത്തെ രാജവംശം സ്ഥാപിച്ചത്‌ 1768-ല്‍ ആണെന്ന് ചരിത്രപുസ്തകങ്ങള്‍ പറയുന്നു. ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ മജിദ്‌ ബിന്‍ ഖല്‍ഫാന്‍ അല്‍ മൊ അല്ല ആണ്‌ സ്ഥാപകന്‍.(അദ്ദേഹം കെട്ടിയ കോട്ട പിന്നീട്‌ സര്‍ക്കാരിന്റെ ആസ്ഥാനമായും ജയിലായും ഇപ്പോള്‍ ഉം അല്‍ കുവൈന്‍ മ്യൂസിയമായും മാറി). ഇവിടുത്തെ നാട്ടുകാര്‍ മൊ അല്ല (moalla) രാജവംശത്തോട്‌ അങ്ങേയറ്റം കൂറുപുലര്‍ത്തുന്നു. ഇപ്പഴത്തെ ഭരണാധികാരി ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ അഹ്മ്മദ്‌ അല്‍ മൊ-അല്ല 1981ല്‍ ആണ്‌ അധികാരത്തിലേറിയത്‌. യു.എ.ഈ യുടെ പിതാവ്‌ എന്നറിയപ്പെടുന്ന യു.എ.ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ്‌ സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ്‌ റാഷിദ്‌.

സമയംവും സാഹചര്യവും കിട്ടുന്നതനുസരിച്ച്‌ ഞാന്‍ ബാക്കി പോസ്റ്റ്‌ ചെയ്യാം……