ഗള്‍ഫില്‍ നിന്നെന്താ മലയാളത്തില്‍ ബ്ലോഗുകള്‍ കുറവ്‌?

17 05 2005

ഗള്‍ഫില്‍ ഒരുപാട്‌ മലയാളികളുണ്ടല്ലോ. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍, സര്‍ഫ്‌ ചെയ്യാന്‍ കഴിയുന്നവര്‍,അവരില്‍ തന്നെ മലയാള ഭാഷ അതിമനോഹരമായി എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ളവര്‍ ഒരുപാടുണ്ട്‌. പണ്ട്‌ “കഥ” പോലെയുള്ള ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന ആളുകളെയൊക്കെ എനിക്കറിയാം.(ഇപ്പം എന്താ ഒന്നും എഴുതാത്തതെന്ന് ഒരാളോട്‌ ചോദിച്ചപ്പം അദ്ദേഹം എന്നോട്‌ പറഞ്ഞത്‌ കേട്ടെനിക്ക്‌ വിഷമം തോന്നി. അദ്ദേഹത്തിന്റെ മറുപടി “ജീവിത പ്രാരാബ്ദ്ധങ്ങള്‍ കൊണ്ട്‌” എന്നായിരുന്നു).

ജീവിത പ്രാരാബ്ദ്ധങ്ങള്‍ അധികം ഇല്ലാത്ത മലയാളികള്‍ ഇവിടില്ലേ? എന്നിട്ടും എടുത്തുപറയത്തക്കതായി ഞാനിതുവരെ മലയാളത്തില്‍ ബഹറിനില്‍ നിന്നുള്ള കെവിന്‍-സിജി യുടെ ബ്ലോഗും ഷാര്‍ജയില്‍ നിന്നുള്ള നിഷാദ്‌ കൈപ്പള്ളിയുടെ ബ്ലോഗും കുവൈറ്റില്‍ നിന്നുള്ള വിശ്വപ്രഭയുടെ ബ്ലോഗും ദുബൈയിലെ രാജ് നായരുടെ (പെരിങ്ങോടറ്) അല്ലാതെ വേറെ ബ്ലോഗുകള്‍ കണ്ടില്ല. ആനുകാലികങ്ങളില്‍ എഴുതുന്ന ഒരുപാട്‌ ഗള്‍ഫ്‌ മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ ഒരു മലയാളിക്ക്‌ കിട്ടുന്നതിലും ഏറെ സൌകര്യങ്ങള്‍ (ഡി.സീ. ബുക്സോ, പെന്‍ ബുക്സോ പോലെയുള്ള ഒരു പുസ്തകശാലയുടെ അഭാവം ഒഴിച്ച്‌) ഗള്‍ഫില്‍ (ജി.സി.സി രാജ്യങ്ങളില്‍) ഉണ്ട്‌. നാട്ടിലിറങ്ങുന്ന സകല പത്രങ്ങളും സകല വരികകളും ഇവിടെ കിട്ടും. നാല്‌ മലയാളം റേഡിയോ സ്റ്റേഷനുകള്‍ (2 AM , 2 FM). സൌദിയിലൊഴിച്ച്‌, നാട്ടിലിറങ്ങുന്ന സകല സിനിമകളും അതേസമയത്ത്‌ തന്നെ ഇവിടങ്ങളിലെ തിയേറ്ററുകളില്‍ റിലീസാകുന്നു.സകല മലയാളം ചാനലുകളും ഇവിടെ കിട്ടും. ആനന്ദലബ്ദ്ധിക്കിനിയെന്ത്‌ വേണം?

മലയാളികള്‍ക്കെന്താ? സമയക്കുറവാണോ? താല്‍പര്യമില്ലായ്മ മൂലമാണോ? അതോ സാഹചര്യങ്ങള്‍ മൂലമാണോ? പ്രാരാബ്ദ്ധങ്ങള്‍ മൂലമാണോ? ജോലിത്തിരക്കുകള്‍ മൂലമാണോ? അതോ ബ്ലോഗുകളെ കുറിച്ചുള്ള അജ്ഞതമൂലമാണോ?അതോ യൂണിക്കോട്‌ വായിക്കാനുള്ള മടികൊണ്ട്‌ ആരും ബ്ലോഗുകള്‍ വായിക്കാത്തതുകൊണ്ടാണോ? അതോ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാനുള്ള ടെക്നോളജി അറിയാത്തതുകൊണ്ടാണോ? അതോ മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള “മടി” കാരണമാണോ? ഗള്‍ഫില്‍ നിന്നും കൂടുതല്‍ ബ്ലോഗുകള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അതോ മലയാളം ബ്ലോഗറുമാര്‍ “അനോണിമസായിരിക്കാന്‍” ആഗ്രഹിച്ച്‌ അവരുടെ ലൊക്കേഷന്‍ മനപൂര്‍വ്വം ഒളിച്ചുവയ്ക്കുന്നതാണോ? അതോ ഞാന്‍ മറ്റു മലയാളം ബ്ലോഗുകള്‍ കാണാഞ്ഞിട്ടാണോ ഇങ്ങനെ എഴുതിയത്‌?

എനിക്ക്‌ തെറ്റുപറ്റിയതാണോ? എങ്കില്‍ ക്ഷമിക്കുക, എന്നിട്ട്‌ ദയവായി മലയാളം ബ്ലോഗുകളുടെ അഡ്രസ്സ്‌ കമന്റ്സില്‍ പോസ്റ്റ്‌ ചെയ്യുക.മലയാളത്തില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഉണ്ടാകട്ടെ. മലയാളം കൂടുതല്‍ വളരട്ടെ! യുണികോട്‌ വിപ്ലവം ജയിക്കട്ടെ!!!

വാല്‍ കഷണം: ഇതു വായിക്കുന്നവര്‍ വിചാരിക്കും ഇത്‌ എഴുതുന്നവന്‌ ഓഫീസില്‍ കാര്യമായി പണിയൊന്നും ഉണ്ടാകില്ലന്ന്! – പണിയുണ്ട്‌, ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത്‌ തന്നെയാണ്‌ ഞാനിരിക്കുന്നത്‌ – അതിന്റേതായ തിരക്കുകളും ഒക്കെയുണ്ട്‌, പ്രാരാബ്ദ്ധങ്ങളും ഉണ്ട്‌, പക്ഷേ, ഞാന്‍ സമയം കണ്ടെത്തുന്നു – റ്റൈം മാനേജ്‌മന്റ്‌ ! :) ഗള്‍ഫില്‍ വരുന്നത്‌ ബ്ലോഗ്‌ എഴുതാനല്ല, കാശുണ്ടാക്കാനാണെന്നും ചിന്ത പോയേക്കാം! മലയാളികള്‍……