ഉം അല്‍ കുവൈനിനെ കുറിച്ച് മലയാളം ഭാഷയില്‍ ഇന്റര്‍നെറ്റില്‍ എന്തേലും ആദ്യമായി വരുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.
ഉം അല്‍ കുവൈനിനെ കുറിച്ച് എന്തറിയാം?
ഉം അല്‍ കുവൈന്‍ എന്ന പല രീതിയിലും മനോഹരമായ എമിരേറ്റിലാണ് ഞാന്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതും. UAEയെ കുറിച്ച് കേള്‍ക്കാത്തവരാരുമുണ്ടാകില്ല. എന്നാല്‍ UAQ എന്നറിയപ്പെടുന്ന ഉം അല്‍ കുവൈനിനെ കുറിച്ച് അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. പലര്‍ക്കും UAE എന്നു പറഞ്ഞാല്‍ ദുബായ് അല്ലേല്‍ അബുദാബി അല്ലേല്‍ ഷാര്‍ജ്ജ – എന്നൊക്കെയാണ്. കുറച്ച് പൊതുവിജ്ഞാനം ഞാന്‍ വിളമ്പാന്‍ ആഗ്രഹിക്കുന്നു. UAE എന്നു പറയുന്നത് 7 എമിരേറ്റുകളുള്ള ഒരു ഫെഡറേഷനാകുന്നു. അബുദാബി, ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍, ഫുജൈറ, ഉം അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നീ എമിരേറ്റുകളാണ് UAEയില്‍ അംഗങ്ങള്‍. എമിരേറ്റ് എന്നു പറഞ്ഞാല്‍ സ്റ്റേറ്റ് എന്നോ അല്ലേല്‍ നാട്ടുരാജ്യമെന്നോ ഒക്കെ വ്യാഖ്യാനിക്കാം. ഓരോ എമിരേറ്റും സ്വതന്ത്രങ്ങളായ രാജ്യങ്ങളായിരുന്നു. 6 രാജ്യങ്ങള്‍ ചേര്‍ന്നാണ് 1971-ല്‍ ഈയിടെ അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്റെ നേത്ര്ത്വത്തില്‍ UAE എന്ന ഫെഡറേഷന്‍ രൂപീകരിച്ചത്. റാസ് അല്‍ ഖൈമ പിന്നീടാണ് ചേര്‍ന്നത്. UAEയില്‍ മറ്റ് എമിരേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉം അല്‍ കുവൈന്‍ പിന്നോക്കമാണ് പല കാര്യങ്ങളിലും. ഈ പിന്നോക്കാവസ്ഥയ്ക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നാട്ടിന്‍പുറത്തെ ഇഷ്ടപ്പെടുന്ന നാടന്മാര്‍ക്ക് ഉം അല്‍ കുവൈന്‍ വളരെയേറെ ഇഷ്ടപ്പെടും. കാരണം, ഉം അല്‍ കുവൈന്‍ ഇപ്പഴും ഒരു നാട്ടിന്‍പുറം പോലെയാണ്. മറ്റ് എമിരേറ്റുകള്‍ വച്ച് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇവിടെ തിരക്ക് കുറവാണ്, വ്യവസായങ്ങള്‍ കുറവാണ്, ജീവിതചിലവ് കുറവാണ്.ഇവിടെയുള്ള മലയാളികള്‍ 80%വും പരസ്പരം അറിയുന്നവരാണ്. പരസ്പരം സഹായിക്കുന്നവരാണ്. ഇതൊക്കെ വേറെ എവിടെയാ കാണുക? ദുബായിലും അബുദാബിയിലും ഷാര്‍ജ്ജയിലുമൊക്കെ ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിരിക്കുമോയെന്നറിയില്ല. ഇവിടെ കെട്ടിട വാടക താരതമ്യേന കുറവാണ് . വാടക വളരെ കുറവായിരുന്നു ഇവിടെ. ദുബായിലും മറ്റും ഒരു bed spaceനു 300 ദിറഹം വാടക കൊടുത്തിരുന്ന സമയത്ത്, ഇവിടെ ഉം അല്‍ കുവൈനില്‍ 300 ദിറഹംസിന് ചെറിയ compoundഓടു കൂടിയ villaകള്‍ കിട്ടുമായിരുന്നു. കെട്ടിട മുതലാളിമാര്‍ ഈ കഴിഞ്ഞ 3-4 മാസങ്ങളായി വാടക കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു – കാരണം, മറ്റ് എമിരേറ്റുകളില്‍ നിന്നും ആളുകള്‍ വാടകകൂടുതല്‍ താങ്ങാനാകാതെ ഇങ്ങോട്ട് താമസം മാറ്റുന്നു. Demand കൂടുമ്പം price കൂടുന്നു! അതോടൊപ്പം supplyയും കുറവാണേലോ? അതാണ് സംഭവിക്കുന്നത്. ഇവിടെ flatകള്‍ കുറവാണ്. പക്ഷേ ഇപ്പം ഒരുപാടെണ്ണം പുതിയതായി കെട്ടിപൊക്കുന്നുണ്ട്. വാടക കൂടുന്നത് സകലരെയും ആശങ്കാകുലരാക്കുന്നു. എന്നിരുന്നാലും, മറ്റ് എമിരേറ്റുകളെക്കാളും വാടക കുറവായിരിക്കും ഇവിടെ. ഉം അല്‍ കുവൈന്‍ പുരോഗതിയുടെ പാതയിലാണിപ്പം. റോഡുകള്‍ മുഴുവനും പൊളിച്ച് റീ-ടാര്‍ ചെയ്യപ്പെട്ടു. റോഡുകളുടെ divider-കളില്‍ ചെടികള്‍ വച്ച് പിടിപ്പിച്ച് മനോഹരമാക്കുന്നു. പുതിയ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നു. പുതിയ industrial area മരുഭൂമിയില്‍ തയാറാകുന്നു. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വരാന്‍ പോകുന്നു, ലൂലൂ സെന്റര്‍ സൂപ്പര്‍ മാര്‍ക്കറ്റ്-കം- ഡിപ്പാര്‍ട്ടുമന്റ് സ്റ്റോര്‍ ഈയിടെ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.(ക്രെഡിറ്റ് കാര്‍ഡ് എന്ന ചെകുത്താനെ വച്ച് ഉം അല്‍ കുവൈനില്‍ യാതൊരു ഉപയോഗവും ഉണ്ടായിരുന്നില്ല-1-2 medical storeകളിലും പിന്നെ മരുന്നു(!)കടകളിലും ഒഴിച്ച് വേറെ എവിടെയും അവ ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സൂപ്പര്‍ മാര്‍ക്കറ്റുകളിലോ അല്ലേല്‍ ഗ്രോസറികളിലോ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മേടിക്കാന്‍ സാധിച്ചിരുന്നില്ല. അത് ലൂലൂ സെന്ററിലൂടെ ആദ്യമായി സാധിച്ചതിന്റെ സന്തോഷവും ഞാന്‍ രേഖപ്പെടുത്തട്ടെ!)ലുലു സെന്റര്‍ തുറന്നത് ഒരു മഹാസംഭവമായിരുന്നു. ഉം അല്‍ കുവൈന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്! മര്യാദയ്ക്ക് സാധനങ്ങള്‍ മേടിക്കണമെങ്കില്‍ അജ്മാനിലെ സിറ്റിസെന്ററിലോ അല്ലേല്‍ ഷാര്‍ജ്ജയിലോ ഒക്കെ പോകേണ്ട ഗതികേടായിരുന്നു ഇവിടെ താമസിച്ചിരുന്നവര്‍ക്ക് – പ്രത്യേകിച്ചും കുടുംബമായി താമസിച്ചിരുന്നവര്‍ക്ക്. ഗ്രോസ്സറിക്കാര്‍ സാധനങ്ങള്‍ക്ക് തോന്നിയ വില ഈടാക്കിയിരുന്നു. ലുലു സെന്റര്‍ വന്നതോടെ ഗ്രോസ്സറിക്കര്‍ കഷ്ടത്തിലായി. എന്തിനു പറയുന്നു, ജമ്മിയ്യ എന്ന തിരക്ക് നല്ല ഉണ്ടായിരുന്ന shopping areaയില്‍ ഇപ്പം ആളില്ലാതായി. ആളുകളെല്ലാം ലുലു സെന്ററിലേ പോകു ഇപ്പം!
പുതിയ അഭിപ്രായങ്ങള്‍