ഉം അല്‍ കുവൈനില്‍ ഇപ്പോള്‍ ഇവിടുത്തെ രാജവംശത്തിലെ ഇളം തലമുറ ഭരണത്തില്‍ കൂടുതല്‍ പങ്കാളികളാകുന്നുണ്ട്. പ്രൈവറ്റ് പ്രോപ്പര്‍ട്ടീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല ഷെയ്ഖ് മര്‍വാന്‍ ബിന്‍ റാഷിദ് അല്‍ മൊഅല്ല ഏറ്റെടുത്ത ശേഷം വികസന പദ്ധതികള്‍ക്ക് ഒരു ചുറുചുറുക്ക് വന്നിട്ടുണ്ട്. ഷാര്‍ജ്ജ-റാസ് അല്‍ ഖൈമ റോഡില്‍ നിന്നു ഉം അല്‍ കുവൈനിലേക്ക് തിരിയുന്ന മെയിന്‍ റൌണ്ടെബൌട്ട് മുതല്‍ ഡിഫന്‍സിന്റെ അവിടുത്തെ റൌണ്ട് വരെ കിംങ്ങ് ഫൈസല്‍ റോഡില്‍ റോഡിന്റെ ഇരു വശത്തും 28 ബഹുനില കെട്ടിടങ്ങള്‍ ( 7 നിലയില്‍ കുറയാത്തവ-ഉം അല്‍ കുവൈനിനെ സംബന്ധിച്ച് അവ വല്യ കെട്ടിടങ്ങളാണെന്ന് മറക്കരുത്.) മുനിസിപ്പാലിറ്റി അപ്രൂവ് ചെയ്തു എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ 3-4 ബഹുനില ഫ്ലാറ്റുകളും നാഷണല്‍ ബാങ്ക് ഓഫ് ഉം അല്‍ കുവൈനിന്റെ വല്യ കെട്ടിടവുമാണ് കിംങ്ങ് ഫൈസല്‍ റോഡില്‍ പണി നടന്നോണ്ടിരിക്കുന്നത്. സര്‍ദാര്‍ജിയുടെ അല്‍ ഫാദല്‍ കോണ്ട്രാക്റ്റിങ്ങും രാജകുടുംബാംഗമായ ഷെയ്ഖ് ഫൈസലിന്റെ അല്‍ നീഫാ കോണ്ട്രാക്റ്റിങ്ങും മത്സരിച്ചാണ് അവ പണിയുന്നത്. സര്‍ദാര്‍ജിയെ ഷെയ്ഖിന്റെ കമ്പനി കടത്തിവെട്ടുന്ന ലക്ഷണങ്ങള്‍ കാണുന്നു. ഉം അല്‍ കുവൈന്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു കഴിഞ്ഞു. (റാസ് അല്‍ ഖൈമയുടെ ചുമതല ഇതേ കമ്പനിക്കാണ്)
റാസല്‍ ഖൈമയിലേക്ക് വരുന്ന വഴിയില്‍ ഹൈവേയില്‍ സല്‍മ എന്ന സ്ഥലം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ അടുത്തകാലത്തുണ്ടാക്കിയ റൌണ്ടെബൌട്ടില്‍ ഒരു ഫാല്‍ക്കണിന്റെയും 5 കുതിരകളുടെയും പീരങ്കികളുടെയും ഒക്കെ ശില്‍പ്പങ്ങള്‍ വച്ച് മനോഹരമാക്കിക്കൊണ്ടിരിക്കുന്നു. ഈയിടെ ഷെയ്ഖ് ഖലീഫ (യു.എ.ഈ പ്രസിഡന്റ്) ഉം അല്‍ കുവൈന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇവിടുത്തെ വികസനത്തിനായി 200 മില്യന്‍ ദിറഹം സംഭാവന ചെയ്തു. ആ 200 മില്യനില്‍ 50 മില്യന്‍ ദിറഹം കൊണ്ട് ഒരു 200 ബെഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സല്‍മയില്‍ വരാന്‍ പോകുന്നു. സല്‍മയില്‍ ഒരുപാട് വീടുകളും കടകളും ഒക്കെ വരുന്നു. പുതിയ ഒരു മത്സ്യ-പച്ചക്കറി മാര്‍ക്കറ്റും ട്രാഫിക്ക് പോലീസ് സ്റ്റേഷനും കെട്ടിടങ്ങള്‍ പണികഴിഞ്ഞു കിടക്കുന്നു. സല്‍മ കഴിഞ്ഞ് ഖോര്‍ അല്‍ ബൈദ എത്തുന്നതുവരെയുള്ള റോഡിനരികിലെ മരുഭൂമിയില്‍ നോക്കിയാല്‍ കാണാം എര്‍ത്ത് മൂവറുകള്‍ മരുഭൂമിയിലെ മണല്‍കുന്നുകള്‍ ഇടിച്ച് ലെവല്‍ ചെയ്യുന്നതും വെള്ളം ടാങ്കറുകള്‍ വെള്ളം കൊണ്ടുവന്ന് ആ മണ്ണില്‍ തുടര്‍ച്ചയായി ഒഴിക്കുന്നതും. അവിടെ പുതിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ (അറബിയില്‍ “സനയ്യ” എന്നു പറയും) വരുകയാണ്. വികസനം മടിച്ചു മടിച്ചു നില്‍ക്കുകയായിരുന്നു ഇവിടെ. മരുഭൂമിയിലൂടെ വരുന്ന എമിരേറ്റ്സ് റോഡില്‍ ഫലാജ അല്‍ മൊ അല്ല റോഡില്‍ 2-3 പാലങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അത് തുറക്കപ്പെടും. പിന്നെ ഉം അല്‍ കുവൈന്‍ പിടിച്ചാല്‍ കിട്ടില്ല. എമിരേറ്റ്സ് റോഡ് തുറന്നാല്‍ ഉം അല്‍ കുവൈനില്‍ നിന്ന് വെറും 20 മിനിട്ടുകള്‍ കൊണ്ട് ദുബായിലെത്താം. എമിരേറ്റ്സ് റോഡിന്റെ ഇരുവശങ്ങളും വികസിക്കും. (നമ്മുടെ നാട്ടിലെ എക്സ്പ്രസ്സ് ഹൈവേയുടെ കാര്യം ഞാന്‍ ഓര്‍ത്തുപോകുന്നു!) എമിരേറ്റ്സ് റോഡ് വരുന്നത് പാവം പ്രവാസിക്ക് ഒരര്‍ത്ഥത്തില്‍ തലവേദനയാകും. കെട്ടിട വാടക കുതിച്ചുയരും. കാരണം, ദുബൈയിലും ഷാര്‍ജ്ജയിലും അജുമാനിലും കെട്ടിടങ്ങള്‍ ഇപ്പോള്‍ തന്നെ കിട്ടാനില്ല. ഉള്ളവയുടെ വാടക ഭീകരമാണ്. താരതമ്യേനെ ഉം അല്‍ കുവൈനില്‍ വാടക കുറവാണ്.
ഉം അല്‍ കുവൈനിന്റെ “ബസാര്‍” എന്നറിയപ്പെടുന്ന ഓള്‍ഡ് ടൌണ്‍ ഏരിയയില്‍ ആണ് ഉം അല്‍ കുവൈന്‍ തുറമുഖം. അവിടെ അത്യന്താധുനിക കണ്ടെനര്‍ ടെര്‍മിനല്‍ വരാന്‍ പോകുന്നു. അതിനായി ബസ്സാറിന്റെ പകുതിയോളം സ്ഥലം (ഞാനിപ്പോള്‍ താമസിക്കുന്ന സ്ഥലം ഉള്‍പ്പെടെ) സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നൊക്കെ പറയുന്നു. ഒരുപാട് മലയാളികള്‍ക്കും മറ്റ് പ്രവാസികള്‍ക്കും (കൂടുതലും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും) പുതിയ താമസസ്ഥലം തേടേണ്ടി വരും. വികസനം വരട്ടെ! കൂടുതല്‍ തൊഴിലവസരങ്ങള്‍ വരട്ടെ! മലയാളികള്‍ എല്ലായിടത്തുമുണ്ടെങ്കിലും ബസ്സാറിലാണ് പഴയ ആളുകള്‍ കൂടുതലും താമസ്സിക്കുന്നത്. പഴയ ആളുകള്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത് നാട്ടില്‍ നിന്ന് ഇവിടെ വന്നിട്ട് 20-25 വര്‍ഷത്തോളം ആയവരാണ്. ബസാറില്‍ താമസിച്ചിരുന്ന സ്വദേശി അറബികള്‍ പുതിയ “ഷാബിയ”കളിലോട്ട് (ഹൌസിങ്ങ് കോളനി) മാറിയപ്പോള്‍ ഒഴിഞ്ഞ പഴയ വില്ലകളിലാണ് മലയാളികളും മറ്റ് പ്രവാസികളും ഭൂരിഭാഗവും താമസിക്കുന്നത്.
ലൂലൂ സെന്ററില്‍ ഇപ്പം “സെയില്‍” ആണ്. ഞാന്‍ ഒന്നു രണ്ട് ടീ-ഷര്‍ട്ടുകളും കൈലിയും നാടന്‍ തോര്‍ത്തുമൊക്കെ മേടിച്ചു. മാസാവസാനമായതുകൊണ്ട് തിരക്കധികം ഇല്ലായിരുന്നു. നാളെ ശമ്പള ദിവസമല്ലേ? നല്ല തിരക്കായിരിക്കും ഇനി. പാവപ്പെട്ട ഗ്രോസറിക്കാരും മറ്റു കച്ചവടക്കാരും യൂസഫലിയെ ചീത്ത വിളിക്കുകയാണ് – അവരുടെ കച്ചവടം കുറച്ചതിന്. മുന്‍പ് പച്ചക്കറികള്‍ ഗ്രോസറികളില്‍ നിന്നു വാങ്ങാന്‍ കിട്ടുമായിരുന്നു. ലുലു സെന്റര്‍ വന്നതോടെ മുനിസിപ്പാലിറ്റി അത് നിരോധിച്ചോണ്ട് ഒരു നിയമം കൊണ്ടുവന്നു. ലുലു സെന്ററിന്റെ വരവും ഇതുമായി വല്ല ബന്ധവും ഉണ്ടോ എന്നറിയില്ല. ഇപ്പം പച്ചക്കറി വേണോ? ലുലു സെന്ററിലോ പച്ചക്കറി മാര്‍ക്കറ്റിലോ പോകണം. ലുലു സെന്റര്‍ വരുന്നതിനു മുന്‍പ് ആ സ്ഥലം അറിയപ്പെട്ടിരുന്നത് “മാമു”വിന്റെ ചായക്കടയ്ക്ക് സമീപം എന്നായിരുന്നു. ഇപ്പം ആരും മാമുവിന്റെ ചായക്കടയെകുറിച്ച് പറയില്ല. എല്ലാര്‍ക്കും ലുലു സെന്റര്‍ മതി. എത്ര പെട്ടെന്നാണ് ലുലു ഉം അല്‍ കുവൈനിന്റെ ഭാഗമായി മാറിയത്. ലുലു വരുന്നതിനു മുന്‍പ് അജ്മാന്‍ സിറ്റി സെന്റര്‍ ആയിരുന്നു സകലരുടെയും ഷോപ്പിങ്ങ് ഡെസ്റ്റിനേഷന്‍. ലുലുവിന്റെ ഉത്ഘാടനത്തിന്റെയന്ന് ഞാനും പോയിരുന്നു. ഒരു ഉത്സവത്തിന്റെ ആളുണ്ടായിരുന്നു. ഞാന്‍ അന്തിച്ചു പോയി – ഉം അല്‍ കുവൈനില്‍ ഇത്രയും ആളുകളുണ്ടോയെന്നോര്‍ത്ത്. ഉം അല്‍ കുവൈന്‍ വികസിക്കട്ടെ. ഈ സമയത്ത് ഇവിടെ ഇതിനൊക്കെ സാക്ഷിയാകാന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നു.
വാരാന്ത്യം ചിലവഴിക്കാന്‍ വളരെ നല്ല ഒരു സ്ഥലമാണ് ഉം അല്‍ കുവൈന്‍. അതിനായി ആളുകള്‍ക്ക് ഖോര്‍ അല്‍ ബൈദയിലോ അല്ലേല്‍ ബസ്സാറിലോ പോകാം. ബസ്സാറില്‍ ഹോട്ടലുകളും കോര്‍ണിഷും മ്യൂസിയവും അക്വേറിയവും നല്ലൊരു ബീച്ചും പിന്നെ പഴയ ഒരു പാര്‍ക്കിന്റെ അവശിഷ്ടവുമൊക്കെയുണ്ട്. ഖോര്‍ അല്‍ ബൈദയിലാണേല്‍ ഡ്രീം ലാന്റ് അക്വാപാര്‍ക്ക് ഉണ്ട്, ഉം അല്‍ കുവൈന്‍ ഫ്ലയിങ്ങ് ക്ലബ്ബുണ്ട്, ഉം അല്‍ കുവൈന്‍ ഷൂട്ടിങ്ങ് ക്ലബുണ്ട്, എമിരേറ്റ്സ് കാര്‍ ആന്‍ഡ് മോട്ടോര്‍ റേസിങ്ങ് ക്ലബ്ബുണ്ട്, പിന്നെ ബാരക്കുട ബീച്ച് റിസോര്‍ട്ടുണ്ട്. ഡ്രീം ലാന്റ് അക്വാപാര്‍ക്ക് ഗള്‍ഫിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കാണ്. ഗള്‍ഫിലെ ഏറ്റവും വലുതും ഇതു തന്നെ. ഇപ്പം ദുബൈയില്‍ വൈല്‍ഡ് വാഡിയൊക്കെ വന്നേപിന്നെ ഇതിന്റെ ആ charm പോയി. എന്നാലും അവിടെ നല്ല തിരക്ക് തന്നെ. ഷൂട്ടിങ്ങ് ക്ലബ്ബില്‍ പല ഷൂട്ടിംഗ് സംബന്ധമായ കളികള്‍ ഉണ്ട്. ഫ്ലയിങ്ങ് ക്ലബ്ബില്‍ പാരച്ചൂട്ട് ജമ്പിങ്ങ്, മൈക്രോലൈറ്റ് ഫ്ലൈറ്റ് എന്നിവയുണ്ട്. ബാരക്കുട ബീച്ച് റിസോര്‍ട്ടില്‍ തിന്നാനും കുടിക്കാനും വേണ്ടുന്ന സകല സാധനങ്ങളും ന്യായവിലയ്ക്ക് കിട്ടും (ഉം അല്‍ കുവൈനില്‍ ടാക്സില്ല). ഗള്‍ഫിലെ ഏറ്റവും വല്യ വൈന്‍സ്റ്റോര്‍ ബാരക്കുടയിലാണ്. റൈസിങ്ങ് ക്ലബ്ബില്‍ ജൂണ്‍-ജൂലായ്-ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍ ഒഴിച്ച് എല്ലാ മാസങ്ങളിലെ വാരാന്ത്യങ്ങളിലും കാര്‍ റെയിസുകള്‍ ഉണ്ടാകാറുണ്ട്. നാരായണ്‍ കാര്‍ത്തികേയനൊക്കെ ഇവിടെ വരാറുണ്ടായിരുന്നു പണ്ട്.
ഉം അല്‍ കുവൈനിനെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. ഉം അല്‍ കുവൈനിനെ കുറിച്ചുള്ള ഒരു ഐഡിയ കിട്ടാന്‍ ഇത്രയുമൊക്കെ പോരേ?
പുതിയ അഭിപ്രായങ്ങള്‍