നിഷാദിന്റെ തനിനിറം

15 03 2007

കാലിന് ഗൌട്ടടിച്ച് 2-3 ആഴ്ച്ചകളായി വീട്ടില്‍ കിടക്കുന്ന എന്നെ കാണാന്‍ ഇന്നലെ നിഷാദ് ചേട്ടായി എത്തി. ജി.പി.എസ്സിന്റെ സഹായത്തോടെ ഈസ്റ്റും വെസ്റ്റും ചോയിച്-ചോയിച്ച് ആള്‍ ഇങ്ങ് എത്തി.

ഒരുപാട് സംസാരിച്ചു. കേരളത്തെ കുറിച്ചും, മലയാളികളെക്കുറിച്ചും, ക്ഷമാശീലം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും, മറ്റും. ഡീറ്റെയില്‍‌സ് ഒന്നും ഞാന്‍ പറയുന്നില്ല – കാരണം, ആ വിഷയങ്ങളെക്കുറിച്ച് പുള്ളിയുടേതായി വരാന്‍ പോണ രസികന്‍ പോഡ്കാസ്റ്റുകളുടെയോ പോസ്റ്റുകളുടെയോ രസം കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ആള്‍ വന്നത് സ്ഥിരം ഫുള്‍ കിറ്റുമായിട്ടാണ് (ആള്‍ ബാത്ത് റൂ‍മില്‍ പോകുന്ന സമയത്ത് ഒഴികെ മറ്റ് എല്ലായ്പ്പോഴും സിഗ്മലെന്‍സുകളും കാനോണ്‍ ബോഡിയും കൂടെയുണ്ടാകും).

“ടെയ്, എഴീ! (എഴുന്നേല്‍ക്ക് എന്നര്‍ത്ഥം). നീ വാ, ഒരു സാധനത്തിന്റെ പടം എടുക്കണം – ആ വര്‍ഗ്ഗത്തില്‍ പെട്ട വറൈറ്റികളുടെ പടം – ഒരു സീരിസ്സ് ആയിട്ട് ”. (അതെന്താ സാധനം എന്ന് ഞാന്‍ പറയുന്നില്ല. പുള്ളിക്ക് തോന്നിയാല്‍ അതിന്റെ പടങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ)

“ശരി, വാ, എന്റെ അമ്മച്ചി അതൊക്കെ നട്ടിട്ടുണ്ട്. അതൊന്ന് നോക്ക്” എന്നും പറഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി.
ചേട്ടായി കുറേ പടങ്ങള്‍ എടുത്തു. അതില്‍ കുറച്ച് കഴിഞ്ഞ ദിവസം പോസ്റ്റും ചെയ്തു.

ചേട്ടായി പടമെടുക്കുന്നതിന്റെ ഒരു പടം ഞാനുമെടുത്തു – ദാ:

പടമെടുക്കുന്ന നിഷാദ് ചേട്ടായി

കാടിന്റെയിടയില്‍ കമിഴ്ന്ന് കിടക്കണ കൈപ്പള്ളി!





കന്യാകുമാരി

25 02 2007

സൂര്യോദയം

ഈ കഴിഞ്ഞ ഫെബ്രുവരി 21ന്‍ ഞാനവിടെ പോയിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര! അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന, ഭാരതത്തിന്റെ തെക്കേ അറ്റത്തെ മുനമ്പ്. അവിടെയുള്ള കുമരി ദേവിയുടെ ക്ഷേത്രം, ശിവക്ഷേത്രം, ശങ്കര സ്മാരകം, ഗാന്ധിസ്മാരകം, വിവേകാനന്ദപാറയും സ്മാരകവും, വല്യൊരു കൃസ്തീയദേവാലയവും, പിന്നെ തിരുവള്ളുവര്‍ പ്രതിമയും – ഒക്കെ കാണേണ്ട കാഴ്ച്ചകള്‍ തന്നെ. അവിടുത്തെ സുനാമി സ്മാരകം ആരുടെയുള്ളിലും ഒരു നൊമ്പരമുണര്‍ത്തും.

നാഗര്‍കോവിലില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് കന്യാകുമാരിക്ക്. പരശുരാമന്‍ പ്രതിഷ്ഠിച്ച ശക്തിദേവതാ ക്ഷേത്രമാണ് കന്യാകുമാരി ദേവീക്ഷേത്രം. ശുചീന്ദ്രത്തെ പരമശിവനെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന നിത്യകന്യകയായി തപസ്സനുഷ്ഠിക്കുന്ന ദേവിയെ ആണ് കന്യാകുമാരി ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.

വിവേകാനന്ദകേന്ദ്രത്തിലെ ധ്യാനമണ്ഠപം നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. മുന്‍പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, ഭാഷാ അടിസ്ഥാനത്തില്‍ സ്ഥലങ്ങള്‍ വിഭജനം ചെയ്യപ്പെട്ടപ്പോള്‍ തമിഴ്നാട്ടിലായി.

കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമനവും മനസ്സില്‍ നിന്നൊരിക്കലും മായില്ല.





ബ്ലാങ്ക് നോയിസ് പ്രോജക്റ്റ്

5 03 2006

ബ്ലാങ്ക് നോയിസ് പ്രോജക്റ്റ് ഈ വരുന്ന മാര്‍ച്ച് 7 ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരു Blog-a-thon സംഘടിപ്പിക്കുകയാണ്. ഈവ്‌-ടീസിംഗ് ഒരു ക്രിമിനല്‍ കുറ്റമാണ് , പക്ഷേ, അതിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ സാമൂഹിക സ്ഥിതിമൂലമോ പേടിമൂലമോ അല്ലേല്‍ മാനക്കേടോര്‍ത്തോ പ്രതികരിക്കുന്നില്ല. അതിനെതിരേയുള്ള ബോധവത്കരണം തീര്‍ച്ഛയായും ഈ കുറ്റകൃത്യം കുറയ്ക്കുന്നതിലും അതിലേറെ ഈ സാമൂഹിക വിപത്ത് നേരിടേണ്ടിവന്നവര്‍ സഹിച്ച അനീതിയെക്കുറിച്ച് അവര്‍ ബോധവതികളാ‍കുകയും അവര്‍ അതിനെതിരെ പോരാടാന്‍ കരുത്തുള്ളവരുമാകും.

സമയം കിട്ടുമെങ്കില്‍, ദയവായി ഇതില്‍ പങ്കെടുക്കുക. ഈ വിഷയത്തെ ആസ്പദമാ‍ക്കി ബ്ലോഗ് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ





വിപിന്റെ കൺഫ്യൂഷൻ

21 02 2006

കൊച്ചു വിപിന് ആകെപ്പാടെ കൺഫ്യൂഷനായി!

പത്താംക്ലാസ്സിൽ പഠിക്കുന്ന അയലത്തെ മണികണ്ഠൻ ചേട്ടൻ “ചേച്ചിക്ക് കൊടുക്ക്” എന്നും പറഞ്ഞ് തന്ന എഴുത്ത് ആർക്കാ കൊടുക്കുക? അമ്മച്ചിയെ കമല ചേച്ചീ എന്നല്ലേ മണികണ്ഠൻ ചേട്ടൻ വിളിക്കുന്നത്? ചിലപ്പം അമ്മച്ചിക്കായിരിക്കും. അതോ ഇനി എന്റെ പെങ്ങൾ വിസ്‌മയ ചേച്ചിക്കാണോ? ആയിരിക്കില്ല. അങ്ങനെയെങ്കിൽ വിസ്‌മയയ്ക്ക് കൊട് എന്നല്ലേ മണികണ്ഠൻ ചേട്ടൻ പറയൂ? കൂലിയായി കാഡ്‌ബറീസ് ചോക്കളേറ്റാ മണികണ്ഠൻ ചേട്ടൻ തന്നത്. എഴുത്ത് കൊടുത്തില്ലേൽ മോശമാ. എന്തായാലും എഴുത്ത് അമ്മച്ചിക്ക് തന്നെ കൊടുത്തേക്കാം!

അങ്ങനെ വിസ്‌മയയ്ക്ക് വേണ്ടി മണികണ്ഠൻ എഴുതിയ, “എന്റെ കരളേ” എന്നു തുടങ്ങുന്ന ആദ്യ പ്രേമ ലേഖനം സാങ്കേതിക തകരാറുമൂലം വിലാസം തെറ്റി ആളുമാറി വിസ്‌മയയുടെ അമ്മയുടെ കൈകളിലെത്തി.

പിന്നെയുണ്ടായ പുകില് പറയണോ ? എന്തിനേറെ പറയുന്നു ! വെറുമൊരു നിസ്സാര പ്രേമ ലേഖനത്തിന്റെ ശക്തി മണികണ്ഠനെ ബോംബെ വരെ എത്തിച്ചു!

(ഈ പോസ്റ്റ് സമർപ്പിക്കുന്നത് ഇതെന്നെ എഴുതാൻ പ്രേരിപ്പിച്ച ദുബൈയിലുള്ള എന്റെ പ്രിയപ്പെട്ട ശാന്തി ചേച്ചിക്ക്)





തൊമാൻ

13 02 2006

തിരുവനന്തപുരത്തുകാ‍രൻ രാജൻ അണ്ണൻ ഉം അൽ കുവൈനിൽ വന്നിട്ട് 28 വർഷമായി. ഡ്രൈവർ ആണ്. ആദ്യം സ്വന്തം ടാക്സി ഉണ്ടായിരുന്നു.പിന്നെ അത് വിറ്റിട്ട് ഷെയ്‌ഖിന്റെ കൊട്ടാ‍രത്തിലെ ഡ്രൈവറായി. രാജനണ്ണൻ ടാക്സി ഓടിക്കുന്ന കാലത്താണീ കഥ നടക്കുന്നത്. ഉം അൽ കുവൈനിലെ കടലിനക്കരെയാണ് ഇറാൻ. ഇന്നത്തെ പോലെ നേവിയുടെ പട്രോളിംഗോ മറ്റ് കുടിയേറ്റ നിയമങ്ങളോ ഒന്നും അത്ര ശക്തമല്ലായിരുന്നതിനാൽ ഇറാനിൽ നിന്ന് ആളുകൾ അനധികൃതമായി ലോഞ്ചിലും മറ്റും ഉം അൽ കുവൈൻ തീരത്ത് വരാറുണ്ടായിരുന്നു അന്നൊക്കെ.

വർഷം 1981.

വല്യ പെരുനാൾ ദിവസം വെളുപ്പാങ്കലത്ത് റാസ് അൽ ഖൈമയിൽ നിന്ന് ഒരു ഓട്ടം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് രാജയണ്ണന്റെ ക്രെസിഡ ടാക്സി വണ്ടിക്ക് റാഫ ഭാഗത്തുവച്ച് 4 ഇറാനികൾ വണ്ടിക്ക് കൈ കാണിച്ചു. അവർ അനധികൃതരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രാജയണ്ണന് മനസ്സിലായി.

രാജയണ്ണന്റെ ചിന്തകൾ ഇങ്ങനെ പോയി – “തുണിയാകെ മണൽ കുതിർന്ന് നനഞ്ഞ് ഒട്ടിയിരിക്കുന്നു. റാഫയിൽ തിര കുറവാണ്. നീന്തിക്കയറി മണലിൽ പതുങ്ങിക്കിടന്നതാകും. ഇവന്മാരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു കൊടുത്താൽ ആളൊന്നിന് 500 ദിറഹംസ് വച്ച് പോലീസുകാർ തരും. പക്ഷേ അത് ചതിയല്ലേ? അവരെ കൊണ്ടുപോയാൽ റിസ്കാണ് – പോലീസ് പിടിച്ചാൽ ഉള്ളെയാണ്. എന്താ ഇപ്പം ചെയ്യുക? കുടുംബം പോറ്റാൻ ജോലി തേടി വന്നവരായിരിക്കും – അവരെ എങ്ങനെയാ ചതിക്കുന്നത്?”

വരുന്നത് വരട്ടെയെന്ന് കരുതി അവരെ പുള്ളി വണ്ടിയിൽ കയറ്റി. രാജണ്ണന് ഇറാനി ഭാഷയും അറിയില്ല, ഈ വന്നവർക്ക് അറബിയും അറിയില്ല. ദുബൈ എന്നും ഹമരിയ എന്നും ഒക്കെ അവർ പറഞ്ഞത് കേട്ട് രാജയണ്ണൻ അവരെ ദുബൈ ഹമരിയ മാ‍ർക്കറ്റിൽ ഇറാനികളുള്ളിടത്ത് കൊണ്ട് വിട്ടു. കാറിൽ നിന്ന് ഇറങ്ങാൽ നേരം അവർ കുറച്ച് നോട്ടെടുത്ത് രാജണ്ണന് കൊടുത്തു.

രാജണ്ണൻ തിരിച്ച് മുറിയിൽ വന്ന് ആ‍ നോട്ടുകൾ എടുത്തുനോക്കിയപ്പം അത് ഇറാനിയൻ കറൻസിയാണ്. അതും ഒന്നും രണ്ടുമല്ല പതിനായ്യായിരം ഇറാനിയൻ രൂപയുടെ മൂന്ന് നോട്ടും കുറച്ച് ചില്ലറ നോട്ടുകളും അതിലുണ്ടായിരുന്നു. രാജണ്ണൻ നോട്ട് എണ്ണാൻ തുടങ്ങി. എല്ലാം കൂടെ അമ്പതിനായിരത്തിനടുത്ത് ഇറാനിയൻ രൂപയുണ്ട്! രാജയണ്ണൻ ഉറക്കെ ചിന്തിച്ചു. “ദൈവമേ, ഇനി അവർ പോണ വെപ്രാളത്തിലെങ്ങാനു കൂടുതൽ തന്നിട്ട് പോയതാകുമോ?“

മുറിയിലുണ്ടായിരുന്ന സഹമുറിയൻ അച്ചൻ‌കുഞ്ഞ് ഇത് കണ്ട് ആകെ എക്സൈറ്റഡ് ആയി – “എടാ മോനേ, നമ്മൾ രക്ഷപ്പെട്ടെടാ, നിനക്ക് ലോട്ടറി അടിച്ചു! നിനക്ക് നാട്ടിൽ പോകണ്ടേ? എത്രയുണ്ടത്, അമ്പതിനായിരമോ? മാറുമ്പോൾ എത്ര കുറഞ്ഞായാ‍ലും ശരി പത്ത് പതിനായിരം ദിറഹംസെങ്കിലും കിട്ടാതിരിക്കില്ല. ഈ കാശ് മതിയെടാ! നിന്റെ ജിന്തഗി സെറ്റായെടാ! വാ നമ്മുക്ക് അടിച്ചുപൊളിക്കാം! ഇപ്പം നിന്റെ കൈയ്യിൽ എത്ര ദിറഹംസ് ഉണ്ട്?”

“നൂറ് ”രാജയണ്ണൻ മറുപടി പറഞ്ഞു. “നൂറെങ്കിൽ നൂറ്. വണ്ടി എട്, നേരേ കാസിനോയിലോട്ട് പോട്ട്.“ അച്ചങ്കുഞ്ഞ് പറഞ്ഞു. അവർ നേരെ കാസിനോയിലോട്ട് പോയി (പഴയ ഉം അൽ കുവൈൻ ബീച്ച് ഹോട്ടൽ) “യുനാനി“ എന്ന് വിളിച്ചിരുന്ന “ക്യൂൻ ആൻ” എന്ന ഉടങ്കൊല്ലി വിസ്കി മേടിച്ചു കൊണ്ടുവന്ന് വെള്ളമടി തുടങ്ങി. ടാക്സിക്കാർക്ക് ചാകരയായ പെരുനാൾ ദിവസങ്ങളിലൊന്നിലും രാജയണ്ണൻ വണ്ടി ഓടിച്ചില്ല.സാധാരണ ഗതിയിൽ പത്ത് രണ്ടായിരം രൂപ വീഴുന്നതാണീ പെരുന്നാൾ ദിവസങ്ങളിലെ ഓട്ടത്തിന് മാത്രം. അമ്പതിനായിരം ഇറാനി രൂപ കൈയ്യിലിരിക്കുകയല്ലേ? അടിച്ചു പൊളിച്ച് സുഹൃത്തുക്കൾക്കെല്ലാം പാർട്ടി നൽകി.

പെരുന്നാൾ കഴിഞ്ഞു. ബാങ്കുകൾ തുറന്നു. ഇറാനി പൈസ മാറുന്നത് കണ്ട് പോലീസെങ്ങാനും പിടിച്ചാലോന്ന് പേടിയുള്ളതുകൊണ്ട് രാജയണ്ണൻ അച്ചങ്കുഞ്ഞിനെയും കൂട്ടി കാശ് മാ‍റാൻ ഷാർജ്ജയിൽ പോയി. നാട്ടിൽ പോകാനുള്ള ടിക്കറ്റും തുണി-മണി സാധനങ്ങളൊക്കെയും കാശ് മാറിയിട്ട് മേടിക്കാമെന്ന് കരുതി.

ബാങ്കിലെത്തി രാജയണ്ണൻ കാശ് എണ്ണി കൌണ്ടറിലേക്ക് കൊടുത്തു. കൌണ്ടറിൽ നിന്ന് തിരികെ കിട്ടിയത് 80 ദിറഹംസ്!

അന്തം വിട്ട് അകത്തേക്ക് നോക്കിയ രാജയണ്ണനോട് കൌണ്ടറിലിരുന്ന മലയാളി ടെല്ലർ പറഞ്ഞു – “ഇത് ഇറാ‍നി തൊമാനാണ്. ഇതിന് മൂല്യം കുറവാണ്!“

ഇറാനികൾ കൊടുത്ത പൈസ കറക്ടായിരുന്നു – റാഫയിൽ നിന്ന് ദുബൈ വരെയുള്ള കൂലിയായ, ഒരാൾക്ക് 20 ദിറഹംസ് വച്ച് നാലുപേർക്ക് 80 ദിറഹംസ്!





അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞു!

5 02 2006

പ്രിയരേ, എല്ലാരുടെയും ആശംസകൾക്കും അനുഗ്രഹങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി! സത്യമായും എന്റെ മനസ്സ് നിറഞ്ഞു!

അനിയത്തിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം അച്ഛനും അമ്മച്ചിക്കും എന്നെപിടിച്ച് കെട്ടിച്ചോളാഞ്ഞ് വയ്യായിരുന്നു – പുരനിറഞ്ഞ് നിൽക്കുവല്ലായിരുന്നോ ഞാൻ! കുറേ സ്ഥലത്ത് പെണ്ണുകാണാൻ പോയി അച്ഛനും അമ്മയും. ആദ്യം ജാതകങ്ങൾ ചേരുന്നോന്ന് നോക്കും. ജാതകം ചേരുന്നേൽ ഫോട്ടോ എക്സ്ചേഞ്ച് ചെയ്യും. എന്നിട്ടാ പെണ്ണുകാണൽ. ചില പെണ്ണുങ്ങളെ അച്ഛന് ഇഷ്ടപ്പെടുമ്പോൾ അമ്മയ്ക്ക് ഇഷ്ടപ്പെടില്ല. അമ്മയ്ക്ക് ഇഷ്ടപ്പെടുന്നത് ചിലപ്പം അച്ഛന് ഇഷ്ടപ്പെടില്ല. രണ്ടുപേർക്കും ഇഷ്ടപ്പെടുമ്പോൾ പെണ്ണിന്/പെണ്ണിന്റെ അച്ഛന്/അമ്മയ്ക്ക്/അമ്മാവന് എന്റെ രൂപം ഇഷ്ടപ്പെടില്ല! [ഒരിടത്തുനിന്ന് കേട്ട കമന്റ് - “ചെറുക്കന്റെയും പെണ്ണിന്റെയും “അനാട്ടമി” കമ്പ്യൂട്ടറിൽ മാച്ചാകുന്നില്ലെന്ന് എന്റെ അനന്തിരവൻ (അവൻ ഡോക്ടറാ) പറഞ്ഞു,അതുകൊണ്ട് ഈ കല്യാണം ശരിയാകില്ല“] ഞാനെന്താ അത്ര ബോറനാണോന്ന് എനിക്ക് തോന്നിത്തുടങ്ങിയൊന്നുമില്ല! എന്നെ ഇഷ്ടപ്പെടുന്ന ഒരുത്തി എവിടേലും ഉണ്ടാകുമെന്ന് എനിക്കറിയാ‍മായിരുന്നു. ഏതായാലും അച്ഛന്റെയും അമ്മയുടെയും ആക്രാന്തം മൂലം മാരേജ് ബ്യൂറോക്കാരും ജോത്സ്യന്മാരും ബ്രോക്കറുമ്മാരും കുറേ കാശുണ്ടാക്കി! എനിക്ക് തൽക്കാലം പെണ്ണുകെട്ടേണ്ടന്ന രോദനങ്ങൾ ആരും മൈൻഡ് ചെയ്തില്ല.

….. അങ്ങനെയങ്ങനെയങ്ങനെ എനിക്കുവേണ്ടിയുള്ള പെണ്ണുകാണൽ തുടർന്നുകൊണ്ടേയിരുന്നു. അവസാനം 2-3 എണ്ണം ഷോർട്ട് ലിസ്റ്റഡ് ആയി. അച്ഛനും അമ്മയും നേരത്തെ പോയി ഈ പെണ്ണിനെ (റീമ)കണ്ടിരുന്നു. ഷോർട്ട് ലിസ്റ്റഡ് ആയതിൽ അമ്മച്ചിക്കും അച്ഛനും ഒരുപോലെ ഇഷ്ടപ്പെട്ടത് ഈ പെണ്ണിനെയാ. അവളെ എന്റെ ഫോട്ടോയും വീഡിയോയും (അനിയത്തിയുടെ കല്യാണ ഡി.വി.ഡി) കാണിച്ചു. അവൾ എന്റെ ഫോട്ടോ/വീഡിയോ കണ്ടിട്ട് എന്നെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു (ഈശ്വരാ!) – അവളുടെ അച്ഛനും അമ്മയ്ക്കും വല്യകാരണവർക്കും ഒക്കെ ചെറുക്കനെ ബോധിച്ചുവെന്നറിഞ്ഞു. എന്നാ അവളെ പോയി കണ്ടുകളയാമെന്ന് ഞാനും കരുതി. ഒത്താൽ ഒത്തു, ഇല്ലേൽ അടുത്തത് എന്ന രീതിയിൽ ഞാൻ നാട്ടിലേക്ക് വണ്ടികയറി!

എന്റെ ഓഫീസീന്ന് സാംക്ഷൻ ചെയ്തത് പത്ത് ദിവസത്തെ ലീവാണ്. (അത് പിന്നീട് നീട്ടി 14 ആ‍ക്കി) നാട്ടിലെത്തിയത് ഇരുപതാം തീയതിയാ (വെള്ളിയാഴ്ച്ച). പിറ്റേന്ന് ശനിയാഴ്ച്ചയായതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് പെണ്ണുകാണാൻ പോകാമെന്നാ കരുതിയത്. പെണ്ണിന്റെ വീട്ടിൽ അതു വിളിച്ചു പറഞ്ഞപ്പോൾ അന്നു തന്നെ കാണാൻ ചെല്ലുന്നതായിരിക്കും സൌകര്യം എന്ന് അവർ പറഞ്ഞു. ഞായറാഴ്ച്ച പെണ്ണിന്റെ ഒരു ചിറ്റപ്പന് അസൌകര്യമാണെന്നു പറഞ്ഞു. അധികം നാൾ ലീവുമില്ല, അതുകൊണ്ട് താമസിപ്പിക്കണ്ടെന്ന് അച്ഛൻ തീരുമാനിച്ചു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങിക്കിടന്ന എന്നെ അച്ഛൻ വിളിച്ചെഴുന്നേൽ‌പ്പിച്ച് ചെന്നയന്നു തന്നെ പെണ്ണുകാണാൻ കൊണ്ടുപോയി.

ജീവിതത്തിലാദ്യമായിട്ടാ ഞാൻ പെണ്ണുകാണാൻ പോകുന്നത്. അതിന്റെയൊരു ടെൻഷനും ഉണ്ടായിരുന്നു. കൂട്ടിന് അളിയനെയും ഒരു ചേട്ടനെയും കൂടെ വിളിച്ചോണ്ട് പോയി. (അളിയന്റെ കല്യാണം ഈക്കഴിഞ്ഞ ഫെബ് 2 നു കഴിഞ്ഞു.)വീട്ടിൽ ചെന്നു. പെണ്ണിന്റെ സകല കുടുംബക്കാരും അവിടെയുണ്ടായിരുന്നു. ഞാൻ സ്വീകരണമുറിയിൽ ഇരുന്നു. കുടുംബക്കാ‍രോടൊക്കെ കുശലം പറഞ്ഞു. കുറച്ച് കഴിഞ്ഞ് പെണ്ണു വന്നു. ചായയൊന്നും കൊണ്ടുവന്നില്ല. പിന്നെ ചുറ്റുമിരുന്നവരെല്ലാം പെട്ടന്ന് തന്നെ മാറി തന്നു. റീമയുമായി 10-20 മിനിട്ട് വിശദമായി തന്നെ കാര്യങ്ങൾ സംസാരിച്ചു. എന്റെ തടിയിൽ തുടങ്ങി (ഇത് നടക്കുകയാണേൽ ജീവിതകാലം മുഴുവൻ “അത്“ സഹിക്കേണ്ടിവരും എന്ന വാർണിംഗോടെ) , എന്റെ സ്വഭാവം(പോസിറ്റീവും നെഗറ്റീവും വശങ്ങൾ), എന്റെ രീതികൾ, ഗൾഫുകാരന്റെ അവസ്ഥ (എല്ലാ ഗൾഫന്മാരേയും പോലെ പണിതെറിക്കുന്നതെപ്പഴാന്ന് അറിയില്ലേ!), എന്റെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, എന്റെ വീടും വീട്ടുകാരും ചുറ്റുപാടും… ഒക്കെ തുറന്നുപറഞ്ഞു. ഞാൻ കുറച്ച് കണ്ടീഷൻസ് വച്ചു (ഉദ്ദാ – വയസ്സാങ്കാലത്ത് എന്റെ അച്ഛനെയും അമ്മയേയും നോക്കണം, ആഡംബരജീവിതം ഒന്നും ഉണ്ടാകില്ല… അങ്ങനെ) അവൾ “എന്നെ ജോലിക്ക് വിടുമോ” എന്ന് ചോദിച്ചു. “ജോലിക്ക് പോണോ?” എന്ന് തിരിച്ച് ചോദിച്ചപ്പം “വിട്ടാൽ പോകും” എന്ന് അവൾ മറുപടി പറഞ്ഞു. “നോക്കാം” എന്ന് ഞാനതിന് മറുപടി പറഞ്ഞു. ഈ പട്ടിക്കാട് ഉം അൽ കുവൈനിൽ എം.എസ്.സി ബയോ-ഇൻഫോർമാറ്റിക്സ് പഠിച്ച അവളെ എന്ത് ജോലിക്കാ ഞാ‍ൻ വിടുക? ഞാൻ ഉം അൽ കുവൈനിനെ കുറിച്ച് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല. ഒക്കെ കഴിഞ്ഞിട്ട് ഞാൻ എന്നെ ഇഷ്ടപ്പെട്ടോന്ന് ചോദിച്ചു. “ഉം” എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു,എനിക്ക് പെട്ടന്നുള്ള ഉത്തരമൊന്നും വേണ്ട, ഞാനീ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പതുക്കെ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തിച്ചേർന്നാൽ മതി എന്ന്. അവൾ “ശരി“ എന്ന് പറഞ്ഞു. പിന്നെ അവൾ എന്നോട് ചോദിച്ചു അവളെ ഇഷ്ടമായോന്ന്. അവളുടെ ചിരി എനിക്ക് ഇഷ്ടപ്പെട്ടെന്ന് ഞാൻ പറഞ്ഞു! സമയം കുറേയായെന്ന് തോന്നിയപ്പോൾ ഞാനും അവളും കൂടെ ഡൈനിംഗ് ഹാളിലേക്ക് ചെന്നു. അവിടെ കാപ്പിയും പലഹാരങ്ങളുമൊക്കെ ഒരുക്കിയിരുന്നു.അച്ഛനും അളിയനും ചേട്ടനും ഒക്കെ അവിടെയിരുന്ന് കാപ്പി കുടിക്കുകയായിരുന്നു. ഞാൻ ചെന്നിരുന്ന് ഒരു കപ്പ് കാപ്പിയും ഒരു ലഡ്ഡുവും കഴിച്ചു. അതു കഴിഞ്ഞ് ഞങ്ങൾ തിരികെ വീട്ടിലേക്ക് പോന്നു.

പിറ്റേന്ന് രാവിലെ റീമയുടെ അച്ഛന്റെ വല്യകാരണവർ വിളിച്ചുപറഞ്ഞു ഞായറാഴ്ച്ച വിവാഹ നിശ്ചയത്തിന്റെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി പെണ്ണിന്റെ വീട്ടുകാർ വീട്ടിലേക്ക് വരുന്നുണ്ട് എന്ന്. പെണ്ണിന്റെ ഫൈനൽ അഭിപ്രായം എന്താണെന്ന് ഞാ‍ൻ ചോദിക്കാൻ അച്ഛനോട് പറഞ്ഞു. അത് “ഓക്കേ“ ആണെന്ന് അവിടുന്ന് മറുപടി കിട്ടിയെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ അവസാനം ഒരുത്തിക്ക് എന്നെ ഇഷ്ടപ്പെട്ടു! വിവാഹ നിശ്ചയം (വാക്കുറപ്പീര്) അടുത്ത ശുഭമുഹൂർത്തമായ ജനുവരി 30ന് നടത്താൻ തീരുമാനിച്ചു. ഈ ആലോചന ബ്രോക്കർ വഴി വന്നതല്ലായിരുന്നു. പെണ്ണിന്റെ വല്യകാരണവർ എന്റെ മാമന്റെ പഴയ സുഹൃത്താണ്. അവർ വഴി എന്റെ അളിയന് വന്ന ആലോചനയാ. അത് വീട്ടിലേക്ക് ഡൈവേർട്ട് ചെയ്തതാ. പിന്നെ പെണ്ണ് നമ്മുടെ “മുദീറിന്റെ“ കുടുംബക്കാരിയുമാണ്.

നിശ്ചയം നിശ്ചയിച്ചതറിഞ്ഞ് എന്നെ ഒരുപാടു പേർ വിളിച്ചു… ചിലർ എന്റെ നമ്പർ കിട്ടാതെ മറ്റുപലരെയും വിളിച്ച് നമ്പരെടുത്ത് വിളിച്ചു. ഒരുപാട് പേർ എന്റെ ബ്ലോഗിൽ കമന്റുകൾ ഇട്ടു. ആരുടെയും പേരുകൾ പ്രത്യേകം എടുത്തുപറയുന്നില്ല. എനിക്കൊരുപാട് സന്തോഷം തോന്നി… എല്ലാവർക്കും പ്രത്യേകം പ്രത്യേകം നന്ദി!

റീമ പഠനമൊക്കെ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്നു. നാട്ടിൽ ജോലി കിട്ടാൻ ശ്രമിക്കുന്നു. റീമയ്ക്ക് ഒരു ചേട്ടനും ഒരു അനിയത്തിയും ഉണ്ട്. അച്ഛനും ചേട്ടനും ബിസിനസ്സ് നോക്കുന്നു. അനിയത്തി എഞ്ചിനീയറിംഗിന് പഠിക്കുന്നു. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. വിവാഹം എനിക്ക് ലീവ് കിട്ടുന്നതനുസരിച്ച് തീരുമാനിക്കും. എല്ലാവരെയും അതനുസരിച്ച് കാര്യങ്ങൾ അറിയിക്കുന്നതായിരിക്കും. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി വീണ്ടും!

നിശ്ചയത്തിന്റന്ന് എടുത്ത പടം ദാ ഇവിടെ.





എന്നെ അവസാനം ഒരുത്തിക്ക്‌ ഇഷ്ടപ്പെട്ടു!

23 01 2006

പ്രിയരേ,

എല്ലാം വളരെ പെട്ടന്നായിരുന്നു!

എന്റെ വിവാഹ നിശ്ച്ഛയം ഈ വരുന്ന ജനുവരി ൩൦നു കല്ലമ്പലം ഇര്‍ഫാന്‍ ആഡിറ്റോറിയതില്‍ വച്ചു നടത്താന്‍ എന്റെ അച്ചനും അമ്മയും പെണ്ണിന്റെ അച്ചനും അമ്മയും തീരുമാനിച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിച്ച് കൊള്ളുന്നു .

പെണ്ണിന്റെ പേരു റീമ.
വയസ്സ്‌ ൨൪.
സ്ഥലം കല്ലമ്പലം.

കൂടുതല്‍ വിവരങ്ങള്‍ വിശദമായി പിന്നീടറിയിക്കാം.

(അങ്ങനെ അവസാനം എന്നെ ഒരു പെണ്ണിനു ഇഷ്ടപ്പെട്ടു!
റീമയ്ക്ക്‌ ജാതകവശാല്‍ ഇപ്പം ശനി ദശയാണ്‌! അതാവും അവള്‍ക്ക്‌ എന്നെ ഇഷ്ടപ്പെഡാന്‍ കാരണം!) വിശദമായി ഞാന്‍ പിന്നെ എഴുതാം. ഇത്‌ ഞാന്‍ വരമൊഴി സൈട്ടില്‍ നിന്നാനു ടൈപ്പ്‌ ചെയുന്നത്‌. കേരളത്തില്‍ മലയാളം മര്യാദയ്ക്ക്‌ ടൈപ്പ്‌ ചെയ്യാന്‍ സൌകര്യങ്ങളില്ല!)





ഞാ‍ൻ നാട്ടീ പോണേ….

18 01 2006

ഞാൻ ഒരാഴ്ച്ചത്തേക്ക് നാട്ടിൽ പോണ്.
ഇരുപതാംതീയതി മുതൽ ഇരുപത്തിയേഴാം തീയതി വരെ ഞാൻ നാട്ടിലുണ്ടാകും.
(അത് നീട്ടാൻ ശ്രമിക്കും – നീണ്ടാൽ 3-4 ദിവസം കൂടെ നീട്ടിക്കിട്ടും അവധിക്കാ‍ലം)

നാട്ടിൽ ചെന്നിട്ട് ദൂരോട്ട് എങ്ങും യാത്രപോകാൻ പോകാൻ തൽക്കാലം പ്ലാനില്ല.
വീട്ടിൽ ചെന്നിട്ട് വക്കാരിയെ മനസ്സിൽ ധ്യാനിച്ച് വക്കാരിമന്ത്രം ജപിച്ച് (ഓം വക്കാരിമഷ്ടായ നമ: ഓം ഗൊമ്മന്നെസ്സ്യായ നമ: ഓം ജിടെൻഷായ നമ:) പുള്ളിക്കാരൻ എഴുതിയപോലെയൊക്കെ ചെയ്യണം.
തറവാട്ടിൽ (പത്തനംതിട്ട ജില്ല)പോകും – അമ്മാമ്മയേയും വല്യച്ഛനെയും മാമനെയും മാമിയേയും കാണണം.
അവിടെ ചെന്നിട്ടും വക്കാരിയെ ധ്യാനിക്കും.
പിന്നെ പുതിയ പടങ്ങൾ കാണണം – തന്മാത്ര,രാജമാണിക്യം…
പുതിയ പുസ്തകങ്ങൾ മേടിക്കണം – കറന്റ് ബുക്സിൽ കറങ്ങണം.
അളിയന്റെ കല്യാണം കൂടണം – സദ്യ ആസ്വദിക്കണം.
കഴിയുന്നത്ര ഉത്സവങ്ങൾ കവർ ചെയ്യണം.
വെള്ളിയാഴ്ച്ചക്കാ‍വിലെ ഷാപ്പിൽ പോയി കൾസ് കപ്പാസ് താറാവിറച്ചീസ് ഞണ്ട്സ് ഒക്കെ ശാപ്പിടണം…
ഇതിന്റെയിടയിലെങ്ങാനും സമയം കിട്ടിയാൽ പെണ്ണുകാണണം – വീട്ടുകാരുടെ സമാധാനത്തിന്.
കുമ്പൾ തെറാപ്പിക്ക് ഒരാഴ്ച്ചത്തേക്ക് വിട!!!
അപ്പഴ് ശരി എല്ലാരേം വന്നിട്ടുകാണാം!





ചക്കരയുമ്മ

16 01 2006

“ഹരിമോനേ, നിനക്ക് അച്ഛൻ ഫോണിൽ കൂടെ എന്ത് ഉമ്മയാ തന്നത്?“

“ഉമ്മ. അതെന്താ ചേട്ടാ ചേട്ടൻ അങ്ങനെ ചോദിച്ചത്?”

“എനിക്കച്ഛൻ “ചക്കരയുമ്മ”യാ തന്നത്. നിനക്ക് ചക്കരയുമ്മയാണോ വെറും ഉമ്മയാണോ കിട്ടിയതെന്നറിയാൻ ചോദിച്ചതാ. അച്ഛനെന്നോടാ കൂടുതൽ സ്നേഹം”

നാലു വയസ്സുകാരൻ ഹരിക്ക് അതു കേട്ട് വിഷമമായി. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെയടുത്തേക്ക് ഓടി.“അമ്മേ… അച്ഛനെന്നോട് സ്നേഹമില്ല. ഫോണിൽക്കൂടെ അനന്ദേട്ടന് അച്ഛൻ ചക്കരയുമ്മ കൊടുത്തു, എന്നിട്ട് എനിക്ക് വെറും ഉമ്മയാ തന്നത്…”

“പൊന്നുമോനിങ്ങ് വാ. ആരാ പറഞ്ഞത് അച്ഛന് മക്കളോട് സ്നേഹമില്ലെന്ന്? നീ മണ്ടൂസല്ലേ? ചക്കര പെട്ടന്ന് അലിഞ്ഞുപോകുന്ന സാധനമല്ലേ? അതുപോലെയല്ലേ ചക്കരയുമ്മയും?“ അമ്മ ഹരിയെ ആശ്വസിപ്പിച്ചു.

ഹരിക്കതുകേട്ട് സന്തോഷമായി. ഹരി തിരിച്ച് ആറു വയസ്സുകാരനായ അനന്ദൻചേട്ടന്റെയടുത്തോട്ടോടി.“അനന്ദേട്ടാ, അച്ഛന് ഹരിമോനോടാ കൂടുതൽ സ്നേഹം. എനിക്ക് അച്ഛൻ മനപൂർവ്വം ചക്കരയുമ്മ തരാഞ്ഞതാ. കാരണം അത് ചക്കര പോലെ വേഗം അലിഞ്ഞു പോകും.”





ഷെയ്‌ഖ് മക്തൂം അന്തരിച്ചു.

4 01 2006


ദുബായ് ഭരണാധികാരിയും യു.ഏ.ഈ പ്രധാനമന്ത്രിയും ഉപരാഷ്ടപതിയുമായിരുന്ന ഷെയ്‌ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ (3 ജനുവരി 2006) അന്തരിച്ചു.

ആസ്ത്രേലിയയിലെ ഗോൾഡ് കോസ്റ്റിലെ പാലസ്സോ വെർസേസ്സ് റിസോർട്ടിൽ വച്ചാണ് ഹൃദയാഘാതം മൂലമുള്ള അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

1943ൽ ജനിച്ച അദ്ദേഹം യു.ഏ.ഈ പ്രധാനമന്ത്രിയും ഉപരാഷ്ടപതിയുമായിരുന്ന ഷെയ്‌ഖ് റാഷിദിന്റെ ഏറ്റവും മൂത്ത മകനായിരുന്നു. യു.ഏ.ഈയിൽ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ വരുന്ന 7 ദിവസം അടഞ്ഞുകിടക്കും. റേഡിയോ-ടെലിവിഷൻ പരിപാടികളെല്ലാം നിർത്തിവച്ചു പകരം ഖുർ‌ആൻ പാരായണം തുടങ്ങി.അ

ലോക പ്രശസ്തമായ ഗോഡോൾഫിൻ കുതിരപന്തിയുടെ ഉടമകളിലൊരാളാ‍യിരുന്നു ഷെയ്‌ഖ് മക്തൂം. ദുബൈയുടെ വികസനപ്രവർത്തനങ്ങളിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.

ഷെയ്ഖ് മക്തൂമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ








Follow

Get every new post delivered to your Inbox.